എത്ര ഗുരുതരമായ പ്രതിസന്ധിയെയാണ് ലോകം അഭിമുഖീകരിക്കുന്നതെന്ന് വ്യക്തം

74
Shymon Sebastian Parassery
നിങ്ങള്‍ അറിഞ്ഞോ? ജര്‍മ്മന്‍ സ്റ്റേറ്റായ ഹെസിലെ ധനകാര്യ മന്ത്രി തോമസ് ഷേഫര്‍ ആത്മഹത്യ ചെയ്തു. കാരണം എന്തെന്ന് അറിയുമോ? കൊറോണ എന്ന പാന്‍ഡെമിക് സൃഷ്ടിച്ച സാമ്പത്തിക തകര്‍ച്ച. പരിഹരിക്കാന്‍ കഴിയാത്ത വിധം സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതില്‍ മനം നൊന്താണ് അദ്ദേഹം ആത്മഹത്യ ചെയ്തതെന്നാണ് ഉന്നതവൃത്തങ്ങള്‍ നല്‍കുന്ന സൂചനകള്‍. റെയില്‍വേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്.
യൂറോപ്പിലെ ഏറ്റവും വലിയ വ്യാവസായിക-സാമ്പത്തിക ശക്തിയാണ് ജര്‍മ്മനി. സമ്പന്ന വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ ജി-7-ല്‍ അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവും പ്രമുഖമായ രാഷ്ട്രം. ആരോഗ്യമേഖലയും ഗതാഗത സൗകര്യങ്ങളും ശാസ്ത്രസാങ്കേതിക രംഗവുമെല്ലാം നമ്മളേക്കാള്‍ എത്രയോ വളര്‍ച്ച പ്രാപിച്ച രാജ്യം. അങ്ങനെയൊരു രാജ്യത്തെ ഒരു സംസ്ഥാനത്തെ മന്ത്രിക്കു പോലും ഈ മഹാമാരി സൃഷ്ടിച്ച മാനസികാഘാതത്തെ അതിജീവിക്കാന്‍ കഴിഞ്ഞില്ല എന്നു പറയുമ്പോള്‍ എത്ര ഗുരുതരമായ പ്രതിസന്ധിയെയാണ് ലോകം അഭിമുഖീകരിക്കുന്നതെന്ന് വ്യക്തം.
നൂറുകണക്കിനാളുകള്‍ ചുറ്റും മരിച്ചുവീഴുമ്പോള്‍, അതിനൊരു പരിഹാരമില്ലാതെ ലോകം വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ ആര്‍ക്കായാലും സമനില തെറ്റിപ്പോയേക്കാം.വികസിത രാജ്യമായ ജര്‍മ്മനിയിലെ ഒരു മന്ത്രിയെ പോലും ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ച ഒരു ഗുരുതരമായ മെഡിക്കല്‍ എമര്‍ജന്‍സിയെ നമ്മുടെ രാഷ്ട്രീയ നേതൃത്വം ചങ്കുറപ്പോടും സമചിത്തതയോടും കൂടി നേരിടുന്നു എന്ന് പറയാന്‍ വേണ്ടിയല്ല ഇത് പറഞ്ഞത്. ചില സാമൂഹിക ദ്രോഹികള്‍ ഇന്ന് പായിപ്പാട് ആസൂത്രണം ചെയ്തു നടപ്പിലാക്കിയ തെമ്മാടിത്തമുണ്ടല്ലോ? അതിന്‍റെ ഗ്രാവിറ്റി എന്താണെന്ന് സൂചിപ്പിക്കാന്‍ വേണ്ടിയാണ്.
ഇറ്റലിയിലോ സ്പെയിനിലോ അമേരിക്കയിലോ ഉണ്ടായതു പോലൊരു കമ്മ്യൂണിറ്റി സ്പ്രെഡ് നമ്മുടെ നാട്ടിലുണ്ടായാല്‍ ഊഹിക്കാന്‍ കഴിയുന്നതിനും അപ്പുറമുള്ള ദുരന്തമായിരിക്കും നമ്മളെ കാത്തിരിക്കുന്നത്. ജീവിച്ചിരുന്നാലേ രാഷ്ട്രീയം കളിക്കാന്‍ നീയൊക്കെ ബാക്കിയുണ്ടാകൂ എന്ന മിനിമം ബോധമെങ്കിലും ഉണ്ടാകണം.