ഇന്ത്യക്ക് രാഷ്‌ട്രഭാഷ ഇല്ല, ഉണ്ട് എന്നത് വലിയൊരു നുണയും തെറ്റിദ്ധാരണയുമാണ്

0
737

Shymon Sebastian Parassery

ഇന്ത്യക്ക് രാഷ്‌ട്രഭാഷ ഇല്ല. ഉണ്ട് എന്നത് വലിയൊരു നുണയും തെറ്റിദ്ധാരണയുമാണ്. ഹിന്ദി ഇന്ത്യയുടെ ദേശീയ ഭാഷ/രാഷ്ട്രഭാഷ ആണെന്നുള്ളത് ഒരു നുണയാണ്. ഭരണഘടന പ്രകാരം ഗവണ്‍മെന്‍റ് ഓഫ് ഇന്ത്യയുടെ രണ്ട് ഔദ്യോഗിക ഭാഷകളില്‍ (മറ്റൊന്ന് ഇംഗ്ലീഷാണ്) ഒന്നു മാത്രമാണ് ഹിന്ദി. മലയാളം പോലെ, തമിഴ് പോലെ, മറാഠി പോലെ ഇന്ത്യയിലെ 22 ഷെഡ്യൂള്‍ഡ് ലാംഗ്വേജസില്‍ ഒന്നു മാത്രം. അല്ലാതെ രാഷ്ട്രഭാഷയല്ല. ഇന്ത്യ എന്നത് ജര്‍മ്മനിയെ പോലെയോ ലെബനോനെ പോലെയോ ജപ്പാനെ പോലെയോ കൊറിയകളെ പോലെയോ ഒരു ദേശരാഷ്ട്രം (nation state) അല്ല. മുഴുവന്‍ പൗരന്‍മാരും അല്ലെങ്കില്‍ മൃഗീയ ഭൂരിപക്ഷം ആളുകളും ഒരു ഭാഷയും സംസ്ക്കാരവും പിന്തുടരുന്ന പൊതു വംശാവലിയും പാരമ്പര്യവുമുള്ള രാജ്യങ്ങളെയാണ് ദേശരാഷ്ട്രങ്ങള്‍ എന്നു പറയുക. ഇന്ത്യ അത്തരമൊരു രാജ്യമല്ല. വിവിധ ഭാഷകള്‍ സംസാരിക്കുന്ന സംസ്ഥാനങ്ങളുടെ ഒരു യൂണിയനാണ് ഇന്ത്യ. ഇന്‍ഡ്യന്‍ യൂണിയന്‍ എന്നാണ് പറയുക. ആയതിനാല്‍ തന്നെ ഒരു പൊതുഭാഷയെ അടിച്ചേല്‍പ്പിക്കാനുള്ള ഏതൊരു ശ്രമവും ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. ഈ വിഷയത്തില്‍ മുന്‍പ് എഴുതിയത് റീപോസ്റ്റ് ചെയ്യുന്നു.

”ഹിന്ദി ഇന്ത്യയുടെ രാഷ്ട്രഭാഷയാണ് എന്നു തന്നെയാണോ ഇപ്പോളും നമ്മുടെ സ്ക്കൂളുകളില്‍ പഠിപ്പിക്കുന്നത്? ഞാനൊക്കെ ആ വലിയ നുണ പാഠപുസ്തകങ്ങളില്‍ നിന്നു തന്നെ പഠിച്ചു വളര്‍ന്ന തലമുറയില്‍ പെട്ടതാണ്‌ ഏതു വകുപ്പിലാണ് ഹിന്ദി ഇന്ത്യയുടെ ദേശീയ ഭാഷ/രാഷ്ട്രഭാഷ (national language) ആകുന്നതെന്ന് എനിക്കു മനസിലാകുന്നില്ല. ഇന്ത്യയുടെ ഭരണഘടന അനുസരിച്ച് ഇന്ത്യക്ക് ഒരു രാഷ്ട്രഭാഷ ഇല്ല. കേന്ദ്ര സര്‍ക്കാരിന്‍റെ രണ്ട് ഔദ്യോഗിക ഭാഷകളില്‍ ഒന്ന് എന്നത് മാത്രമാണ് ഈ രാജ്യത്ത് ഹിന്ദിക്കുള്ള സ്ഥാനം (മറ്റൊന്ന് ഇംഗ്ലീഷാണ്). സംസ്ഥാനങ്ങള്‍ക്ക് അവയുടേതായ ഔദ്യോഗിക ഭാഷകള്‍ ആകാം. പാക്കിസ്ഥാനില്‍ ഉര്‍ദു ദേശീയ ഭാഷയും ഔദ്യോഗിക ഭാഷയുമാണ്. ഇന്ത്യയില്‍ ഹിന്ദിക്ക് അത്തരമൊരു പദവിയില്ല. ബ്രിട്ടനില്‍ ഇംഗ്ലീഷ് ദേശീയ ഭാഷയും ഔദ്യോഗിക ഭാഷയുമാണ്. ലോകത്ത് ഏറ്റവുമധികം ആളുകള്‍ ഇംഗ്ലീഷ് മാതൃഭാഷയായി ഉപയോഗിക്കുന്ന അമേരിക്കയില്‍ ആ ഭാഷക്ക് ഔദ്യോഗിക ഭാഷയെന്നോ ദേശീയ ഭാഷയെന്നോ ഉള്ള പദവിയില്ല. 80 ശതമാനത്തിലധികം ആളുകള്‍ ഇംഗ്ലീഷ് മാതൃഭാഷയായി ഉപയോഗിക്കുന്ന അമേരിക്കയില്‍ ഇംഗ്ലീഷിന്‍റെ സ്ഥാനം de facto official language (ഔദ്യോഗികമല്ലെങ്കിലും പൊതുവെ അങ്ങനെ കരുതപ്പെടുന്നത്) എന്നത് മാത്രമാണ്. അപ്പോളാണ് ജനസംഖ്യയില്‍ വെറും 30 ശതമാനത്തോളം മാത്രം ആളുകള്‍ മാതൃഭാഷയായി ഉപയോഗിക്കുന്ന ഹിന്ദി ഇന്ത്യയുടെ രാഷ്ട്രഭാഷ ആണെന്ന കള്ളം ബോധപൂര്‍വ്വം പ്രചരിപ്പിക്കപ്പെടുന്നത്.

സ്വാതന്ത്ര്യാനന്തരം ഹിന്ദിയെ ദേശീയ ഭാഷയാക്കാനുള്ള ശ്രമങ്ങള്‍ നടന്നിരുന്നുവെങ്കിലും ഹിന്ദി സംസാരിക്കാത്ത വിവിധ സംസ്ഥാനങ്ങളുടെ, പ്രത്യേകിച്ചും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ രൂക്ഷമായ എതിര്‍പ്പ് മൂലം ആ നീക്കം ഉപേക്ഷിക്കുകയായിരുന്നു. തമിഴ്നാടാണ് ഈ ഹിന്ദിവിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. നിരവധി പേര്‍ തമിഴ്നാട്ടിലെ ഹിന്ദി വിരുദ്ധ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്ത് പൊലീസ് വെടിവെപ്പില്‍ രക്തസാക്ഷികളായി. ഈ ഹിന്ദിവിരുദ്ധ പ്രക്ഷോഭങ്ങളില്‍ നിന്നുമാണ് പ്രാദേശിക ദ്രാവിഡ പാര്‍ട്ടികള്‍ തമിഴ്നാട്ടില്‍ ശക്തിയാര്‍ജ്ജിച്ചതും കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള ദേശീയ പാര്‍ട്ടികള്‍ അവിടെ ദുര്‍ബലമായതും. ഹിന്ദിവിരുദ്ധ പ്രക്ഷോഭത്തിനു ശേഷം 1967-ല്‍ കോണ്‍ഗ്രസിന് അവിടെ അധികാരം നഷ്ടപ്പെടുകയും (അന്ന് മദ്രാസ് സംസ്ഥാനമാണ്) തുടര്‍ന്ന് സി.എന്‍. അണ്ണാദുരൈയുടെ നേതൃത്വത്തില്‍ ഡി.എം.കെ അധികാരത്തില്‍ വരുകയും ചെയ്തു. തുടര്‍ന്നിങ്ങോട്ട് ഡി.എം.കെ അല്ലെങ്കില്‍ എ.ഐ.എ.ഡി.എം.കെ എന്നീ ദ്രാവിഡ പാര്‍ട്ടികള്‍ മാത്രമേ തമിഴ്നാട് ഭരിച്ചിട്ടുള്ളൂ.

ഹിന്ദു-ഹിന്ദി-ഹിന്ദുസ്ഥാന്‍ എന്ന മുദ്രാവാക്യം ഉയര്‍ത്തുന്ന സംഘ്പരിവാര്‍ ഹിന്ദിയെ രാഷ്ട്രഭാഷയാക്കാനും ആ ഭാഷയെ ഹിന്ദിയിതര സംസ്ഥാനങ്ങള്‍ക്കു മേല്‍ അടിച്ചേല്‍പ്പിക്കാനുമുള്ള ശ്രമങ്ങള്‍ വീണ്ടും ആരംഭിച്ചിരിക്കുന്നത് ആശങ്കാജനകമാണ്. പതിവു പോലെ തമിഴ്നാട്ടില്‍ ഹിന്ദിവിരുദ്ധ വികാരം പുകഞ്ഞു തുടങ്ങിയിട്ടുണ്ട്. പരസ്പരം കലഹിക്കുന്ന ഡി.എം.കെ.യും എ.ഐ.എ.ഡി.എം.കെ.യുമെല്ലാം ഈ വിഷയത്തില്‍ ശക്തമായ പ്രതിഷേധം അറിയിച്ചു കഴിഞ്ഞു.

NB: ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് മനസിലാകുന്ന ഭാഷ ഹിന്ദി തന്നെയാണ്. ആയതിനാല്‍ തന്നെ ആ ഭാഷ അറിഞ്ഞിരിക്കുന്നത് നല്ലതാണു താനും. പക്ഷേ ഹിന്ദിയെ രാഷ്ട്രഭാഷയായി അടിച്ചേല്‍പ്പിക്കാനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയരണം.”

#StopHindiImposition