ഹിന്ദുക്കളെ അധിക്ഷേപിച്ചതിനെ തുടർന്ന് പാകിസ്ഥാനികൾ രാജിവയ്പ്പിച്ചു

557

Shymon Sebastian Parassery എഴുതുന്നു

ഇത് ഫയാസുല്‍ ഹസന്‍ ചോഹാന്‍. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ഇന്‍ഫര്‍മേഷന്‍ ആന്‍റ് കള്‍ച്ചര്‍ വകുപ്പ് മന്ത്രിയായിരുന്നു. കഴിഞ്ഞ മാര്‍ച്ച് അഞ്ചിന് ഇദ്ദേഹം രാജിവെച്ചിരുന്നു (രാജിവെക്കാന്‍ നിര്‍ബന്ധിതനായി). എന്തിനാണെന്ന് അറിയുമോ? ഹിന്ദുക്കളെ അധിക്ഷേപിച്ചതിനെ തുടര്‍ന്ന് ആ നാട്ടില്‍ ഉയര്‍ന്ന രൂക്ഷമായ വിമര്‍ശനങ്ങള്‍ക്കു മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതെയാണ് രാജി. #SackFayyazChohan എന്ന ഹാഷ്ടാഗില്‍ പാക്കിസ്ഥിനില്‍ ട്വിറ്ററിലൂടെ വന്‍ പ്രതിഷേധമാണ് ചോഹാനെതിരെ ഉയര്‍ന്നത്.

പുല്‍വാമയിലെ ഭീകരാക്രമണത്തിലുള്ള ഇന്ത്യയുടെ നിലപാടിനോടുള്ള പ്രതികരണം എന്ന രീതിയില്‍ ചോഹാന്‍ നടത്തിയ പരാമര്‍ശങ്ങളാണ് ഒടുവില്‍ അയാളുടെ രാജിയില്‍ കലാശിച്ചത്. ”പശുമൂത്രം കുടിക്കുന്നവര്‍” എന്നാണ് ഇയാള്‍ ഹിന്ദുക്കളെ അധിക്ഷേപിച്ചത്. ”ഞങ്ങള്‍ മുസ്ലിങ്ങളാണ്, ഞങ്ങളുടെ കൈയ്യില്‍ ഒരു കൊടിയുണ്ട്, മൗലാ അലിയുടെ ധീരതയെ സൂചിപ്പിക്കുന്ന കൊടി. ഹസ്രത് ഉമറിന്‍റെ വീരതയെ സൂചിപ്പിക്കുന്ന കൊടി. നിങ്ങള്‍ക്ക് ആ കൊടിയില്ല. അത് നിങ്ങളുടെ കൈയ്യിലില്ല”, ”നിങ്ങള്‍ ഞങ്ങളേക്കാള്‍ ഏഴു മടങ്ങ് മികച്ചവരാണെന്ന മിഥ്യാധാരണയില്‍ പ്രവര്‍ത്തിക്കരുത്. ഞങ്ങള്‍ക്കുള്ളത് നിങ്ങള്‍ക്ക് നേടാന്‍ കഴിയില്ല വിഗ്രഹാരാധകരേ” എന്നെല്ലാമുള്ള പരാമര്‍ശങ്ങളും വിവാദമായ പ്രസംഗത്തില്‍ ചോഹാന്‍ നടത്തിയിരുന്നു.

പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍റെ തെഹ്രീക്- ഇ-ഇന്‍സാഫാണ് പഞ്ചാബ് പ്രവിശ്യ ഭരിക്കുന്നതും. ആരുടെയും വിശ്വാസത്തെ ആക്രമിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ചോഹാനെ മന്ത്രിസ്ഥാനത്തു നിന്നും പുറത്താക്കിയെന്നുമാണ് വിഷയത്തിലുള്ള പാര്‍ട്ടിയുടെ പ്രതികരണം.

പാക്കിസ്ഥാന്‍ ഇന്ത്യയെ പോലെ ഒരു മതേതര രാജ്യമല്ല. ഇസ്ലാം ഔദ്യോഗിക മതമായിട്ടുള്ള രാജ്യമാണ്. പലപ്പോളും ഹിന്ദു-സിഖ്-ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ മുസ്ലിം മതമൗലികവാദികള്‍ ആക്രമണങ്ങള്‍ നടത്താറുള്ള രാജ്യമാണ്. ഇന്ത്യക്ക് പലപ്പോളും തലവേദന സൃഷ്ടിച്ചിട്ടുള്ള രാജ്യമാണ്. അങ്ങനെയുള്ള അയല്‍ക്കാരില്‍ നിന്നു പോലും ഇവിടെ പലര്‍ക്കും പലതും പഠിക്കാനുണ്ട്. പലരും വിചാരിച്ച അത്രയും മോശമൊന്നുമല്ല അവര്‍.

Advertisements