കാണാതെ പോകരുത്, ജീവിതത്തിലെ ഏറ്റവും മനോഹരമായ കാഴ്ചകളിലൊന്നാണിത്

110

ഷൈമോൻ സെബാസ്റ്റ്യൻ പാറശ്ശേരി

കാണാതെ പോകരുത്. ജീവിതത്തിലെ ഏറ്റവും മനോഹരമായ കാഴ്ചകളിലൊന്നാണിത്.
തെരുവ് നായ. മലയാളിയുടെ തെറി വൊക്കാബുലറിയിലെ പ്രധാന വാക്കുകളിലൊന്ന്. ജര്‍മ്മന്‍ ഷെപ്പേര്‍ഡ് മുതല്‍ സൈബീരിയന്‍ ഹസ്കി വരെയുള്ള ‘ഉന്നതകുലജാതരാ’യ വിദേശ ബ്രീഡുകള്‍ എത്തിയതോടെ വിലയിടിഞ്ഞവന്‍. ദേശി കുത്ത എന്ന് ഹിന്ദിയിലും ഇന്‍ഡ്യന്‍ പറയ ഡോഗ് (Indian pariah dog) എന്ന് ഇംഗ്ലീഷിലും അറിയപ്പെടുന്ന ഇന്ത്യയുടെ സ്വന്തം നായ. ഒരു landrace ആയതിനാല്‍ ബ്രീഡായി പാശ്ചാത്യ കെന്നല്‍ ക്ലബ്ബുകള്‍ അംഗീകരിക്കാത്ത നാടന്‍ നായ്ക്കള്‍ ലോകത്തെ തന്നെ ഏറ്റവും പഴക്കമേറിയ നായ ഇനങ്ങളിലൊന്നാണ്. ജര്‍മ്മന്‍ ഷെപ്പേര്‍ഡ്, ലാബ്രഡോര്‍, റോട്ട്വെയ്ലര്‍, ഹസ്കി എന്നിങ്ങനെയുള്ള എല്ലാ ബ്രീഡുകളെയും മനുഷ്യന്‍ സിലക്റ്റീവ് ബ്രീഡിങ്ങിലൂടെ സൃഷ്ടിച്ചതാണെങ്കില്‍ നാടന്‍ നായ്ക്കള്‍ നാച്ചുറല്‍ ബ്രീഡിങ്ങിലൂടെ ഉരുത്തിരിഞ്ഞുവന്നവയാണ്.

ആയതിനാല്‍ തന്നെ അതിജീവിക്കാന്‍ നാടന്‍ തെരുവു നായയെ പോലെ ശേഷിയുള്ള മറ്റൊരു ബ്രീഡും ലോകത്ത് വേറെയില്ല.എത്ര കൊന്നൊടുക്കാന്‍ ശ്രമിച്ചിട്ടും അവ നമ്മുടെ തെരുവുകളില്‍ നിന്നും അപ്രത്യക്ഷമാകാത്തത് എന്തുകൊണ്ടാണെന്ന് അറിയുമോ? അതിജീവിക്കാനുള്ള എല്ലാ ജനിതക സവിശേഷതകളോടും കൂടിയാണ് പ്രകൃതി അവയെ നിര്‍ദ്ധാരണം ചെയ്തിരിക്കുന്നത് എന്നതാണ് കാരണം. പോമറേനിയനും ഗോള്‍ഡന്‍ റിട്രീവറുമൊക്കെ മനുഷ്യന്‍റെ ലാളനകളേറ്റ് വീടുകള്‍ക്കകത്ത് കഴിയുമ്പോള്‍ അതേ മനുഷ്യന്‍റെ കല്ലേറും തെറിവാക്കുകളും സഹിച്ച് അവ നമ്മുടെ തെരുവുകളില്‍ ജീവിക്കുന്നു. നന്ദിയുള്ളവര്‍, കൂറുള്ളവര്‍, ഉണ്ട ചോറിന് ഉപകാരസ്മരണ കാണിക്കുന്നവര്‍. കൂട്ടത്തിലൊരാളെ തൊടാന്‍ അനുവദിക്കാതെ തങ്ങളുടെ പൂര്‍വ്വികരായ ചെന്നായ്ക്കളെ പോലെ ഇന്നും സംഘം (pack) ചേര്‍ന്നു ജീവിക്കുന്നവര്‍. മഹാമാരിയുടെ ഈ കാലത്ത് അവ അവയുടെ ഡിഗ്നിറ്റിയെ വീണ്ടെടുക്കുകയാണ്. തെരുവു നായ്ക്കള്‍ക്കും ഭക്ഷണം നല്‍കണമെന്ന മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന മാനിച്ച് പലരും അങ്ങനെ ചെയ്യുന്നുണ്ട്. ഗുരുവായൂര്‍ ടെമ്പിള്‍ പൊലീസ് സ്റ്റേഷനിലെ പൊലീസ് ഓഫീസര്‍ വിനീത് ഒരു തെരുവു നായക്കു ഭക്ഷണം നല്‍കിയ ശേഷം വിശപ്പ് മാറിയ നായ അദ്ദേഹത്തോടു നന്ദി പ്രകടിപ്പിക്കുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങളാണിത്. ഗുരുവായൂരിലെ ഫോട്ടോഗ്രാഫര്‍ കിഷോര്‍ ഗുരുവായൂര്‍ പകര്‍ത്തിയതാണിത്. എത്ര സുന്ദരമായ കാഴ്ച! ‘ഉണ്ട ചോറിന് നന്ദിയില്ലാത്ത നായേ’ എന്ന് ഇനിയാരും ആരെയും വിളിക്കരുത്. നായ്ക്കളോളം നന്ദിയുള്ള മറ്റൊരു സ്പീഷിസും ലോകത്തില്ല. ഡാ നിന്‍റെ കാര്യം കൂടി ശ്രദ്ധിക്കണമെന്ന് നമ്മുടെ മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്.

വീഡിയോക്ക് കടപ്പാട്: Via Kannan PK