സ്ത്രീകള്‍ക്ക് ശനി ശിംഘ്നാപൂര്‍ ക്ഷേത്രത്തില്‍ പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് തൃപ്തി ദേശായി നടത്തിയ നീക്കങ്ങള്‍ക്ക് ആര്‍.എസ്.എസിന്‍റെ പൂര്‍ണ പിന്തുണയുണ്ടായിരുന്നു

158

Shymon Sebastian Parassery

തൃപ്തി ദേശായി സാങ്കേതികമായി തന്നെയും ഒരു സംഘ്പരിവാര്‍ പ്രവര്‍ത്തകയോ അനുഭാവിയോ ആണെന്ന് ഉറപ്പിച്ചു പറയുന്നില്ല. രേഖാപരമായി അവര്‍ ഒരു കോണ്‍ഗ്രസുകാരി ആയിരുന്നു. 2012-ല്‍ പൂനെ നഗരസഭയിലേക്ക് ബാലാജി നഗറില്‍ നിന്നും കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ചിരുന്നു ഇവര്‍. ആ തിരഞ്ഞെടുപ്പില്‍ തൃപ്തി പരാജയപ്പെട്ടു.

2014-ല്‍ മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗറിലെ ശനി ശിംഘ്‌നാപൂര്‍ ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കാന്‍ നടത്തിയ പ്രക്ഷോഭങ്ങളിലൂടെയാണ് തൃപ്തി ദേശായി എന്ന പേര് രാജ്യം ശ്രദ്ധിച്ചു തുടങ്ങിയത്. കൂടെ അവര്‍ സ്ഥാപിച്ച ഭൂമാതാ റാന്‍രാഗിണി ബ്രിഗേഡ് എന്ന സംഘടനയും. ശനി ശിംഘ്‌നാപൂര്‍ ക്ഷേത്രത്തില്‍ 400 കൊല്ലം നിലനിന്നിരുന്ന സ്ത്രീപ്രവേശന വിലക്കാണ് മുംബൈ ഹൈക്കോടതി വിധിയുടെ പിന്‍ബലത്തോടെ തൃപ്തിയും സംഘവും മറികടന്നത്. ശനി ശിംഘ്നാപൂര്‍ ക്ഷേത്രത്തിലെ സ്ത്രീപ്രവേശന വിലക്ക് നീക്കിക്കൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കിയത് മഹാരാഷ്ട്രയിലെ ദേവേന്ദ്ര ഫട്നാവിസിന്‍റെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാരാണ്. ഇന്ന് കേരളത്തില്‍ നടക്കുന്നതിന്‍റെ പത്തിലൊന്ന് പ്രതിഷേധം പോലും അന്ന് അവിടെ നടന്നില്ല. പുതിയ കാലത്തിന്‍റെ നവോത്ഥാന മൂല്യങ്ങള്‍ നടപ്പില്‍ വരുത്തുന്നതിന്‍റെ യാതൊരു പേറ്റുനോവും അന്ന് ദേവേന്ദ്ര ഫട്നാവിസിന് അനുഭവപ്പെട്ടില്ല. പിണറായി വിജയനെ പോലെ നാടു നീളെ നവോത്ഥാന മൂല്യങ്ങളെ കുറിച്ച് ജനങ്ങള്‍ക്ക് ക്ലാസെടുക്കേണ്ട ആവശ്യം ഫട്നാവിസിന് ഉണ്ടായിരുന്നില്ല.

ഫട്നാവിസിന്‍റെ പാര്‍ട്ടിയായ ബി.ജെ.പി.യും ആര്‍.എസ്.എസും എക്കാലത്തും നവോത്ഥാനത്തിന് പിന്‍തിരിഞ്ഞു നിന്നിട്ടുള്ള സംഘടനകളാണെങ്കിലും സ്ത്രീകള്‍ ക്ഷേത്രങ്ങളില്‍ പ്രവേശിക്കുന്നതിനെതിരെയൊരു സമീപനം നിലവില്‍ പിന്തുടരുന്നില്ല.കാരണം ഹിന്ദുമത വിശ്വാസികള്‍ (ആണും പെണ്ണും) സെമിറ്റിക് മതവിശ്വാസികളെ പോലെ ആചാരപരതയിലും വിശ്വാസപരതയിലും അഭിരമിക്കണമെന്നത് സംഘ്പരിവാറിന്‍റെ ആവശ്യമാണ്. പുരുഷന്‍മാരും സ്ത്രീകളും മതാത്മകതയിലേക്കും ക്ഷേത്രങ്ങളിലേക്കും ചുരുങ്ങുന്നൊരു കാലാവസ്ഥ സംജാതമാകണമെന്നത് അവരുടെ രാഷ്ട്രീയ വളര്‍ച്ചക്ക് അത്യന്താപേക്ഷിതമാണ്. കാരണം അങ്ങനെ മാത്രമേ ഹിന്ദു സ്വത്വബോധം നിര്‍മ്മിച്ചെടുക്കാന്‍ കഴിയൂവെന്ന് അവര്‍ കണക്കുക്കൂട്ടൂന്നു. മുസ്ലിങ്ങള്‍ അഞ്ചു നേരം നിസ്ക്കരിക്കുന്നതു പോലെ, ക്രിസ്ത്യാനികള്‍ എല്ലാ ഞായറാഴ്ചകളിലും പള്ളിയില്‍ പോകുന്നതു പോലെ ഹിന്ദുമത വിശ്വാസികളും കൂടുതല്‍ മതാത്മകമായ ജീവിതത്തെ പുണരണമെന്ന് സംഘ്പരിവാര്‍ ആഗ്രഹിക്കുന്നു. എന്നാല്‍ മാത്രമേ ‘ഉറങ്ങുന്ന’ ഹിന്ദുവിനെ. ‘ഉണര്‍ത്തിയെടുക്കാന്‍’ കഴിയൂ എന്നാണവര്‍ കരുതുന്നത്. ശനി ശിംഘ്നാപൂര്‍ ക്ഷേതത്തിലെ സ്ത്രീവിലക്ക് നീക്കിക്കൊണ്ടുള്ള മുംബൈ ഹൈക്കോടതി ഉത്തരവ് യാതൊരു വിധ പുനരാലോചനകളുമില്ലാതെ മഹാരാഷ്ട്രയിലെ ബി.ജെ.പി സര്‍ക്കാര്‍ നടപ്പിലാക്കിയതിനു പിന്നില്‍ ലിംഗസമത്വമെന്ന പരിഷ്കൃത ലോകത്തിന്‍റെ കാഴ്ചപ്പാടിനോടുള്ള യോജിപ്പല്ല, മറിച്ച് രാഷ്ട്രീയമാണെന്നു ചുരുക്കം.

കേരളത്തില്‍ സംഘ്പരിവാര്‍ ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം നടത്തുന്നത് രാഷ്ട്രീയ ലാഭം കൊയ്യാം എന്ന കണക്കുക്കൂട്ടലിലാണ്. അല്ലാതെ അയ്യപ്പന്‍റെ ‘നൈഷ്ഠിക ബ്രഹ്മചര്യം’ നഷ്ടപ്പെടുമെന്ന ആകുലത കൊണ്ടൊന്നുമല്ല. കേരളത്തില്‍ തന്നെ ടി.ജി. മോഹന്‍ദാസും സഞ്ജയനും അടക്കമുള്ള ആര്‍.എസ്.എസ് നേതാക്കള്‍ ശബരിമലയിലെ സ്ത്രീപ്രവേനനത്തിന് അനുകൂലമായി പരസ്യമായി നിലപാട് സ്വീകരിച്ചവരാണ്. ഇവിടെയുള്ള ഹൈന്ദവരുടെ വൈകാരികതയെ മുതലെടുക്കുക എന്നത് മാത്രമാണ് തെറിജപ യാത്ര നടത്തുന്നതിനു പിന്നിലെ ബി.ജെ.പി.യുടെ motive. ശനി ശിംഘ്നാപൂര്‍ ക്ഷേത്രത്തില്‍ 400 വര്‍ഷം നിലവിലുണ്ടായിരുന്നൊരു ആചാരം ലംഘിക്കപ്പെട്ടപ്പോള്‍ യാതൊരു പ്രതിഷേധവും ഉയര്‍ത്താതിരുന്ന ‘ഹിന്ദുവിനെ ഉണര്‍ത്തുന്ന’ പാര്‍ട്ടിക്ക് ശബരിമലയില്‍ നിയമപരമായി വെറും 27 വര്‍ഷങ്ങള്‍ നിലനിന്നിരുന്ന ഒരു ആചാരം ലംഘിക്കപ്പെടുന്നതിലുള്ള ഇത്ര വലിയ പ്രതിഷേധത്തിന്‍റെ കാരണം മനസിലാക്കാന്‍ പാഴൂര്‍പടി വരെ പോകേണ്ടതില്ല.

ഇനി തൃപ്തിയിലേക്ക് വരാം. സ്ത്രീകള്‍ക്ക് ശനി ശിംഘ്നാപൂര്‍ ക്ഷേത്രത്തില്‍ പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് തൃപ്തി ദേശായി നടത്തിയ നീക്കങ്ങള്‍ക്ക് ആര്‍.എസ്.എസിന്‍റെ പൂര്‍ണ പിന്തുണയുണ്ടായിരുന്നു. തനിക്കും തന്‍റെ സംഘടനയായ ഭൂമാതാ ബ്രിഗേഡിനും ആര്‍.എസ്.എസ് നല്‍കിയ പിന്തുണയെ കുറിച്ച് ഒരു ടെലിവിഷന്‍ ചര്‍ച്ചയില്‍ തൃപ്തി തന്നെ സാക്ഷ്യപ്പെടുത്തുന്നതിന്‍റെ വീഡിയോ ആണിത്. നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ ഉള്ളൊരു ‘ആക്റ്റിവിസ്റ്റ്’ തന്നെയാണ് തൃപ്തിയും. അല്ലെങ്കില്‍ ശബരിമല സന്ദര്‍ശിച്ചു മടങ്ങുന്നതു വരെയുള്ള എല്ലാ ചിലവുകളും കേരള സര്‍ക്കാര്‍ വഹിക്കണമെന്നൊക്കെ മികച്ച മാനസികാരോഗ്യമുള്ള ആരും തന്നെ ആവശ്യപ്പെടില്ല.