നമ്മുടെ രാജ്യത്തെ എല്ലാ സ്ഥാപനങ്ങളെയും മോദി-അമിത് ഷാ കൂട്ടുകെട്ടിന്‍റെ പ്രഭാവം സ്വാധീനിച്ചിട്ടുണ്ട്

0
356

Shymon Sebastian Parassery

രാമക്ഷേത്രം പണിയാന്‍ സുപ്രീം കോടതി ഉത്തരവിട്ട തര്‍ക്കഭൂമിയില്‍ പണ്ടൊരു മുസ്ലിം പള്ളി ഉണ്ടായിരുന്നു എന്നതും അത് തകര്‍ക്കപ്പെട്ടുവെന്നതും ഒരു വസ്തുതയാണ്. അപ്പോള്‍ ആ പള്ളി അവിടെ പുനഃസ്ഥാപിക്കാന്‍ ഉത്തരവിടുകയായിരുന്നു സുപ്രീം കോടതി ചെയ്യേണ്ടിയിരുന്നത്. എങ്കില്‍ മാത്രമേ ഈ വിഷയത്തില്‍ നീതി നടപ്പിലാക്കപ്പെട്ടു എന്നു പറയാന്‍ സാധിക്കുകയുള്ളൂ. നമ്മുടെ രാജ്യത്തെ എല്ലാ സ്ഥാപനങ്ങളെയും മോദി-അമിത് ഷാ കൂട്ടുകെട്ടിന്‍റെ പ്രഭാവം സ്വാധീനിച്ചിട്ടുണ്ടെന്ന് ഇന്നലത്തെ ഏഷ്യാനെറ്റ് അന്തിച്ചര്‍ച്ചയില്‍ ‘ദ ഹിന്ദു’ ദിനപ്പത്രത്തിന്‍റെ ഡല്‍ഹി ബ്യൂറോ ചീഫായ വെങ്കിടേഷ് രാമകൃഷ്ണന്‍ പറയുന്നതു കേട്ടു. അതു ശരിയാണു താനും. അയോദ്ധ്യ കേസിലെ വിധിയില്‍ ഭൂരിപക്ഷത്തിന്‍റെ വികാരം, പൊതുബോധം എന്നിവയൊക്കെ തന്നെയാണ് കോടതിയുടെ തീരുമാനത്തെ സ്വാധീനിച്ചതെന്ന് നിസംശയം പറയാം. മറിച്ചൊരു വിധിയാണ് പുറപ്പെടുവിക്കുന്നതെങ്കില്‍ ഈ രാജ്യത്ത് ചോരപ്പുഴ ഒഴുകുമെന്നും കോടതിക്ക് നന്നായറിയാം. രാജ്യത്ത് സമാധാനം നിലനില്‍ക്കാന്‍ അല്‍പ്പം നീതികേടൊക്കെ ആകാം എന്ന രീതിയിലാണ് കോടതി വിധി പറഞ്ഞെന്ന് വിധിന്യായത്തിലെ ചില വരികള്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. ബാബ്റി മസ്ജിദ് പൊളിച്ചത് നിയമവിരുദ്ധമായ കാര്യമാണെന്ന കാര്യത്തില്‍ കോടതിക്കും സംശയമില്ല. ”The demolition of Babri Masjid is an egregious violation of the rule of law” and “a calculated act of destroying a place of public worship” എന്ന വരിയില്‍ നിന്നും അത് വളരെ സ്പഷ്ടമാണ് താനും. എന്നിട്ടും മറിച്ചൊരു വിധി പറയാന്‍ പരമോന്നത കോടതിക്കു പോലും കഴിയുന്നില്ലെങ്കില്‍ വര്‍ത്തമാനകാല ഇന്ത്യ എവിടെ എത്തിനില്‍ക്കുന്നു എന്ന് ഊഹിക്കാവുന്നതേയുള്ളൂ.

Related imageഈ വിധിയില്‍ സംഘ്പരിവാറിനും അവരുടെ രാഷ്ട്രീയത്തിനും നേട്ടവും കോട്ടവുമുണ്ട്. രാമക്ഷേത്രം പണിയുന്നതിലൂടെ കണ്‍സോളിഡേറ്റ് ചെയ്യപ്പെടുന്ന ഹിന്ദു വോട്ടുകളാണ് നേട്ടം. ക്ഷേത്രം ഉടനൊന്നും പണിയാന്‍ സാധ്യതയില്ല. മിക്കവാറും അടുത്ത പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായിട്ടായിരിക്കാം അത് സംഭവിക്കുക. തുടര്‍ന്ന് മോദി മൂന്നാം തവണയും മൃഗീയ ഭൂരിപക്ഷത്തോടെ അധികാരത്തില്‍. ഇങ്ങനെയായിരിക്കും നാഗ്പൂരിലെ ബുദ്ധികേന്ദ്രങ്ങള്‍ ആസൂത്രണം ചെയ്തിട്ടുണ്ടാകുക. പക്ഷേ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഈ വിധി സംഘ്പരിവാറിന്‍റെ രാഷ്ട്രീയ പ്രചരണങ്ങളെ ദോഷകരമായി ബാധിക്കാനാണ് സാധ്യത. പ്രധാനമായും അയോദ്ധ്യയിലെ രാമക്ഷേത്രം എന്ന ഒരൊറ്റ വിഷയം ഉയര്‍ത്തിയാണ് എണ്‍പതുകളുടെ തുടക്കത്തില്‍ ലോക്സഭയില്‍ വെറും രണ്ടംഗങ്ങളുമായി ഇരുന്ന ബി.ജെ.പി ഉത്തരേന്ത്യയെ കാവിയണിയിച്ചതും ഒറ്റക്ക് ഭൂരിപക്ഷമില്ലാത്ത വാജ്പേയി സഖ്യകക്ഷികളുടെ സഹായത്തോടെ 1998-ല്‍ സര്‍ക്കാരുണ്ടാക്കിയതും. 2014-ലും ഏതാനും മാസങ്ങള്‍ക്കു മുന്‍പു നടന്ന തിരഞ്ഞെടുപ്പിലും മോദി മൃഗീയ ഭൂരിപക്ഷത്തോടു കൂടി പ്രധാനമന്ത്രി ആയതു വരെയുള്ള സംഘ്പരിവാറിന്‍റെ പടയോട്ടത്തിന്‍റെ തുടക്കം അവിടെ നിന്നാണ്. അയോദ്ധ്യയില്‍ രാമക്ഷേത്രം പണിയുന്നതിലൂടെ ആ വിഷയം ഉയര്‍ത്തിക്കൊണ്ടുള്ള വിദ്വേഷജനകമായ പ്രചരണങ്ങള്‍ അവര്‍ക്ക് അസാധ്യമായിത്തീരും. പക്ഷേ അപ്പോളേക്കും ഡിവൈസീവ് പൊളിറ്റിക്സിനുള്ള മറ്റൊരു വഴി അവര്‍ കണ്ടുപിടിക്കാതിരിക്കില്ല.

ഈ കേസിലെ കോടതി വിധി മറിച്ചായിരുന്നുവെങ്കില്‍ ഈ രാജ്യം ഇതിനകം കലാപത്തിന്‍റെ പിടിയില്‍ അമര്‍ന്നുകഴിഞ്ഞേനെ.