മോദിയെ കുറ്റപ്പെടുത്തണ്ട, അവർ ഓക്സിജൻ തരാമെന്നു പറഞ്ഞിട്ടില്ല, രാമക്ഷേത്രം കെട്ടുമെന്നേ പറഞ്ഞിട്ടുള്ളൂ

240

സിബി(Sibi Sathyan)

സത്യത്തില്‍ എന്തിനാണ് രാജ്യത്ത് ഓക്‌സിജന്‍ ഇല്ലാത്തതിനും ആശുപത്രി സൗകര്യങ്ങള്‍ ഇല്ലാത്തതിനും ജനങ്ങളെല്ലാം കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നത് എന്നെനിക്കു മനസിലാകുന്നില്ല. ഈ രാഷ്ട്രീയ പ്രസ്ഥാനം അധികാരത്തിലെത്തുന്നതിനു മുമ്പ് ജനങ്ങള്‍ക്കു മുന്നില്‍ വെച്ച മാനിഫെസ്റ്റോയില്‍, വാഗ്ദാനങ്ങളില്‍ എവിടെയെങ്കിലും നല്ല ആശുപത്രികള്‍ പണിയാമെന്നു വാഗ്ദാനം ചെയ്തിട്ടുണ്ടോ.. എപ്പോഴെങ്കിലും ഓക്‌സിജന്‍ സപ്‌ളൈ മുടക്കം വരാതെ നോക്കുമെന്നു പറഞ്ഞിട്ടുണ്ടോ.. വാക്‌സിന്‍ നല്‍കുമെന്നു പറഞ്ഞിട്ടുണ്ടോ.. ഹെല്‍ത്ത് ഇൻഫ്രാ നന്നാക്കും എന്നു പറഞ്ഞിട്ടുണ്ടോ.ഉത്തരം ഇല്ലെന്നു തന്നെയാണ്.

അവരെന്താണ് പറഞ്ഞത്…അവര്‍ പറഞ്ഞത് ഞങ്ങള്‍ രാമക്ഷേത്രം നിര്‍മ്മിക്കുമെന്നാണ്. അവര്‍ പറഞ്ഞത് ഞങ്ങള്‍ CAA കൊണ്ടുവരുമെന്നാണ്. അവര്‍ പറഞ്ഞത് ഞങ്ങള്‍ NRC കൊണ്ടുവരുമെന്നാണ്. അവര്‍ പറഞ്ഞത് ആര്‍ട്ടിക്കിള്‍ 370 എടുത്തു കളയുമെന്നാണ്. അവരതെല്ലാം ചെയ്തില്ലേ.. അല്ലെങ്കില്‍ ചെയ്യുന്നില്ലേ..ഇന്ത്യയിലെ ജനം അവര്‍ക്ക് വോട്ടു ചെയ്തത് മേല്‍പറഞ്ഞ കാരണങ്ങളാലാണ്. അവരതെല്ലാം സാധിച്ചു തന്നു. അതില്‍ സന്തോഷിക്കാന്‍ പഠിക്കണം. അല്ലാതെ സഹോദരനോ മകളോ ഭാര്യയോ കോവിഡ് ബാധിച്ചു മരിച്ചു പോയതില്‍ കേന്ദ്രസര്‍ക്കാരിനെ കുറ്റം പറയുകയല്ല വേണ്ടത്. ശരിയാണ്. ജനങ്ങള്‍ വീണു മരിക്കുന്നുണ്ട്. ശ്വാസം മുട്ടി മരിക്കുന്നുണ്ട്. വഴിയോരങ്ങളിലും കടത്തിണ്ണകളിലും കിടന്നു മരിക്കുന്നുണ്ട്.

135 കോടി ജനങ്ങളുള്ള ഒരു രാജ്യത്ത് അഞ്ചോ പത്തോ ഇരുപതോ ലക്ഷം മരിച്ചു പോയാല്‍ അത് വെറും രോമമാണ് എന്നു നമുക്കും കേന്ദ്രസര്‍ക്കാരിനും അറിയാം. അത് മനസിലാവാത്ത വിഡ്ഢികളാണ് ചുമ്മാ കിടന്നു ബഹളം വെയ്ക്കുന്നത്. ഇന്ത്യന്‍ ജനാധിപത്യമെന്താണെന്ന് അറിയാന്‍ വയ്യാത്ത വിഡ്ഢികള്‍.

ഇന്ത്യയിലെ ജനത്തിന് വോട്ടു ചെയ്യുമ്പോള്‍ വേറെ ഓപ്ഷനുകളുണ്ടായിരുന്നു. മറ്റു രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ ജനക്ഷേമത്തെക്കുറിച്ച് സംസാരിച്ചു. പക്ഷേ നമുക്ക് കേള്‍ക്കേണ്ടത് വെറുപ്പിന്റെ തത്വശാസ്ത്രമായിരുന്നു. നാം വോട്ടു ചെയ്തത് അതിനു വേണ്ടിയാണ്. നമുക്കത് കിട്ടണം.ഓരോ ജനതയ്ക്കും അര്‍ഹിക്കുന്ന ഭരണാധികാരികളെ കിട്ടുന്നു. നാം വിതച്ചത് നാംതന്നെ കൊയ്യുന്നു. അന്യന്റെ നിലവിളികള്‍ കേള്‍ക്കാന്‍ വോട്ടു ചെയ്തവര്‍ക്ക് നിലവിളികള്‍ തന്നെ കിട്ടുന്നു. ചിലപ്പോള്‍ അതു സ്വന്തം കുടുംബത്തില്‍ നിന്നു തന്നെയാണ് എന്ന വ്യത്യാസം മാത്രമേയുള്ളു.