സിബി മലയിലിന്റെ സംവിധാനത്തിൽ മോഹൻലാൽ, മുരളി, ജനാർദ്ദനൻ, ജയപ്രദ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2000-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ദേവദൂതൻ. കോക്കേഴ്സ് ഫിലിംസിന്റെ ബാനറിൽ സിയാദ് കോക്കർ നിർമ്മിച്ച ഈ ചിത്രം കോക്കേഴ്സ് ഫിലിംസ് ആണ് വിതരണം ചെയ്തത്. കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് രഘുനാഥ് പലേരി ആണ്
മലയാളത്തിൽ ഇറങ്ങിയ നല്ല സിനിമകളിൽ ഒന്നായിരുന്നു സിബിമലയിൽ മോഹൻലാൽ ടീം ഒന്നിച്ച ദേവദൂതൻ. കാലംതെറ്റിവന്ന മനോഹരമായൊരു സിനിമ എന്നായിരുന്നു ഇപ്പോൾ അതിനെക്കുറിച്ചുള്ള പ്രേക്ഷക-നിരൂപക അഭിപ്രായങ്ങൾ. തിയേറ്ററിൽ ചലനം ഉണ്ടാക്കിയില്ലെങ്കിലും യുട്യൂബിൽ പലരും ഇന്നും കാണുന്നൊരു സിനിമയാണ് ദേവദൂതൻ. മനോഹരമായൊരു പ്രണയകഥ വളരെ വ്യത്യസ്തമായ രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു. ആ ചിത്രത്തെ കുറിച്ച് പറയുകയാണ് സിബിമലയിൽ. അദ്ദേഹത്തിന്റെ വാക്കുകൾ
“ഞാൻ ഉദ്ദേശിച്ച സിനിമ എടുക്കാന്‍ കഴിഞ്ഞില്ലെന്നത് ഒരു നിരാശയാണ്. മോഹന്‍ലാലിനെയൊന്നും അതിനകത്ത് ഉദ്ദേശിച്ചിട്ടേ ഇല്ല. ഒരു യംഗ് ഹീറോയെയാണ് കണക്കാക്കിയത്. കോളേജ് സ്റ്റുഡന്റ് ആയിരുന്നു അതിലെ ഹീറോ. ഒരു പാരലല്‍ ലവ് സ്റ്റോറി ആയിരുന്നു അത്.ക്യാംപസിലെ ലവ് സ്റ്റോറിയും കഴിഞ്ഞ കാലത്തെ ലവ് സ്റ്റോറിയും പാരലല്‍ ആയിട്ട് പോവുന്ന കഥ. മരിച്ചു പോയ കാമുകന്‍ അയാളെ കാത്തിരിക്കുന്ന സ്ത്രീക്ക് മെസേജ് കമ്മ്യൂണിക്കേറ്റ് ചെയ്യുന്ന ഒരു കഥയായിരുന്നു അത്. അത് നല്ലൊരു ഫോര്‍മാറ്റ് ആയിരുന്നു. മോഹന്‍ലാല്‍ വന്നപ്പോഴേക്കും ആ ഫോര്‍മാറ്റിനെ മൊത്തം മാറ്റേണ്ടി വന്നു.”
“ആ സിനിമ അത്രമാത്രം റിജക്ട് ചെയ്യപ്പെടാനുള്ള കാരണം എനിക്ക് തോന്നുന്നത് മോഹന്‍ലാല്‍ എന്ന സ്റ്റാര്‍ ആക്ടര്‍ അതില്‍ വന്നത് തന്നെയാണ്. കാരണം അന്ന് മോഹന്‍ലാല്‍ സൂപ്പര്‍ ഹ്യൂമണ്‍ കഥാപാത്രങ്ങള്‍ ചെയ്യുകയാണ്. ആക്ഷനും മറ്റും അദ്ദേഹത്തില്‍ നിന്ന് ആളുകള്‍ പ്രതീക്ഷിച്ചപ്പോള്‍ ഒരു സിംപിള്‍ ആയ കഥാപാത്രം ചെയ്തത് കൊണ്ടായിരിക്കാം ആള്‍ക്കാര്‍ അന്നത് തിരസ്‌കരിച്ചത്.ദേവദൂതന്‍ എന്ന പേരൊക്കെ കേള്‍ക്കുമ്പോള്‍ അങ്ങനെയൊരു സിനിമയാണെന്ന് തോന്നി അവര്‍ വന്നപ്പോള്‍ അവര്‍ പ്രതീക്ഷിച്ചത് ആള്‍ക്കാരില്‍ നിന്ന് കിട്ടിയില്ല. ദശരഥവും തിയറ്ററില്‍ ആവറേജ് സിനിമയായിരുന്നു. അതും പിന്നീടാണ് ആഘോഷിക്കപ്പെട്ടത്. സംവിധായകനെന്ന നിലയില്‍ തന്റെ ഏറ്റവും നല്ല സിനിമയായാണ് സദയത്തെ കാണുന്നത്.”
“എന്നെ കൊണ്ടാവുന്ന വിധത്തില്‍ ഏറ്റവും നല്ല രീതിയില്‍ ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്. പക്ഷെ അത് തിയറ്ററുകളില്‍ റിജക്ട് ചെയ്യപ്പെട്ടു. യുവനിരയിലെ പല നടന്‍മാരും സദയം പോലൊരു സിനിമ ചെയ്യുകയാണെങ്കില്‍ ഞങ്ങളെയും കൂടി ചിന്തിക്കണേ എന്ന് പറയാറുണ്ട്. പക്ഷെ അന്നത് സ്വീകരിക്കപ്പെടാതെ പോയത് ഇപ്പോഴും വേദനിപ്പിക്കുന്നുണ്ട് ” – സിബി മലയില്‍ പറയുന്നു.
***