വിജയ് വർണ്ണവെറിയുടെ പേരിൽ അധിക്ഷേപിക്കപ്പെട്ടവരുടെ ചെറുത്തുനിൽപ്പിന്റെ പ്രതീകം

48

Siddharth Menassery

അമേരിക്കയിൽ വർണ്ണവെറിയുടെ പേരിൽ ജോർജ് ഫ്ലോയ്ഡ് എന്നൊരു ചെറുപ്പക്കാരൻ അതിദാരുണമായി കൊല്ലപ്പെട്ടു. ലോകത്തിന്റെ നാനാ ഭാഗങ്ങളിൽ നിന്ന് പ്രതിഷേധം അലയടിക്കുകയാണ്. കൂട്ടത്തിൽ ഇന്ത്യയിൽ നിന്നും ഇന്ത്യയിലെ ഈ കൊച്ചു കേരളത്തിൽ നിന്നും.ജോർജ് ഫ്ലോയ്ഡ്മാരെ തേടി അമേരിക്ക വരെയൊന്നും നമ്മൾ മലയാളികൾ പോകണം എന്നിൽ. നമുക്ക് ചുറ്റുമുണ്ട് അനേകം ജോർജ് ഫ്ലോയ്ഡ്മാർ. സ്കൂളിലും കോളേജിലും പഠിക്കുമ്പോൾ നിറം കുറഞ്ഞുപോയ സഹപാഠിയെ തമാശയ്ക്ക് എങ്കിലും കളിയാക്കാത്ത എത്രപേരുണ്ട് ഇവിടെ. ഒരു പക്ഷെ അത് ഒരു വെർബൽ, ഫിസിക്കൽ അഭ്യൂസിലേക്ക്‌ പോയിക്കാണില്ല എന്നെ ഉള്ളു. അധിക്ഷേപം അധിക്ഷേപം തന്നെയാണ്. അത് നർമ്മത്തിൽ ചലിച്ചു ആയാൽപോലും. സമൂഹത്തിന്റെ നാനാ തുറയിൽപെട്ടവരും ഈ വേട്ടയാടൽ അനുഭവിക്കുന്നുണ്ട്. പണ്ഡിതനെന്നോ പാമരനെന്നോ ഇല്ല. ഞങ്ങളുടെ നാട്ടിൽ നിറം കറുത്ത് പോയൊരു നമ്പൂതിരി ഉണ്ടായിരുന്നു, പാവം മരിച്ചുപോയി. ഇന്നും അദ്ദേഹത്തെ മെൻഷൻ ചെയ്യുമ്പോൾ ആളുകൾ കറുത്ത നമ്പൂതിരി എന്നാണ് പറയുക. സിനിമയിലും ഈ വർണ്ണവെറി അതിന്റെ ഉച്ചസ്ഥായിയിൽ നിൽക്കുന്നുണ്ട്. അതിൽനിന്ന് സൂപ്പർസ്റ്റാറുകൾക്ക് പോലും രക്ഷയില്ല എന്നതാണ് ഞെട്ടിപ്പിക്കുന്ന ഭയപ്പെടുത്തുന്ന വസ്തുത. ആ വർണ്ണ വെറി ഒരുപക്ഷെ ഏറ്റവും കൂടുതൽ അനുഭവിച്ച, ഇന്നും അനുഭവിക്കുന്ന ആളാണ് വിജയ്.

ആദ്യമേ പറഞ്ഞു കൊള്ളട്ടെ ഞാനൊരു വിജയ് ആരാധകനൊന്നുമല്ല. തമിഴിൽ അജിത്താണ് എന്റെ ഇഷ്ടനടൻ. എങ്കിലും ചില കാര്യങ്ങൾ പറയാതെ വയ്യ. വിജയ് സിനിമ ഫീൽഡിൽ കാലെടുത്തുവച്ച അന്നുമുതൽ കേൾക്കുന്നതാണ് തൊലി കറുത്തുപോയതിന്റെ പേരിലുള്ള ഈ ആക്ഷേപം. “ഈ മുഖമൊക്കെ കാണാൻ ആളുകൾ ടിക്കറ്റ്എടുക്കുമോ” എന്നായിരുന്നു ഒരു പ്രമുഖ തമിഴ് മാഗസിനിൽ തുടക്കകാലത് വിജയെ കുറിച്ചു വന്ന തലക്കെട്ട്. അവിടുന്നങ്ങോട്ട് അയാൾ ഇന്നീ കാണുന്ന സൂപ്പർതാരം വിജയ് ആയി മാറിയെങ്കിലും ഇന്നും അയാളെ നിറത്തിന്റെ പേരിൽ വേട്ടയാടുന്നുണ്ട് ഇങ്ങു കേരളത്തിലും തമിഴ്‌നാട്ടിലും. ഒരു നടനെ വേണമെങ്കിൽ അഭിനയത്തിന്റെ പേരിൽ കളിയാക്കാം, കുറ്റപ്പെടുത്താം. പക്ഷെ നിറത്തിന്റെ പേരിലൊക്കെ ഒരു നടനെ പച്ചക്ക് അധിക്ഷേപിക്കുന്നത് നമ്മുടെ സമൂഹത്തിന്റെ അഗാധമായ മൂല്യച്യുതിയിലേക്കാണ് വിരൽ ചൂണ്ടുന്നത്. എത്രത്തോളം റിഗ്രസിവ് ആയിട്ടുള്ളൊരു മൈൻഡ്‌സെറ്റ് ആണെന്ന് നോക്കിക്കേ.

നിറം അൽപം കുറവാണെങ്കിൽ ഇപ്പോൾ എന്ത് സംഭവിക്കാനാ. നിറം കൂടിയത് പോലെയല്ലേ കുറഞ്ഞാലും. ഒരു ആക്ടറെ അത് ഒരു തരത്തിലും ബാധിക്കുന്ന ഒന്നല്ല. പിന്നെ വിജയുടെ അഭിനയം, അയാൾ അഭിനയകുലപതി ഒന്നുമല്ലെങ്കിലും സാമാന്യം നല്ല നടൻ തന്നെയാണ്. അത് വിജയുടെ സിനിമകൾ മറ്റു ഭാഷയിലേക്ക് റീമേക് ചെയ്തത് കണ്ടാൽ മനസ്സിലാവും. ഒരു നടനും വിജയ് ചെയ്തതിന്റെ ഏഴ് അയലത്ത് വന്നിട്ടില്ല ഇതുവരെ. വിജയ് സിനിമകൾ ഫുൾ പാക്കഡ്‌ തിയേറ്ററിൽനിന്ന് കാണുമ്പോൾ കിട്ടുന്ന അഡ്രെനാലിന് റഷ് ഒന്നുവേറെ തന്നെയാണ്. പിന്നെ സാമാന്യം നല്ല ഭംഗിയുള്ള നടൻ തന്നെയാണ് വിജയ്. അയാളുടെ കണ്ണുകളുടെയും ചിരിയുടെയും വശ്യത ഒന്നുവേറെ തന്നെയാണ്. വിജയിയെ നിറത്തിന്റെ പേരിൽ കളിയാക്കുന്നവന്മാരൊക്കെ ഹൃതിക് റോഷൻമാർ ആണെന്നതാണ് പിന്നെയുള്ള ഏക ആശ്വാസം. വിജയ് ഒരു ചെറുത്തുനിൽപ്പിന്റെ പ്രതീകം ആണ്. വര്ണവെറിയുടെ പേരിൽ അധിക്ഷേപിക്കപെട്ടവനും അടിച്ചമർത്തപ്പെട്ടവനും തന്റെ മേഖലയിൽ വെന്നിക്കൊടി പാറിച്ചു രാജാവാവാം എന്നതിന്റെ ഉത്തമോദാഹരണമാണ് ജോസഫ് വിജയ് ചന്ദ്രശേഖർ.

NB: ഇവിടെ പൊളിറ്റിക്കൽ കറക്ട്നെസ്സ് ഒന്നുവീതം നാലുനേരം വിഴുങ്ങുന്ന ഒരു അഭിനവ ബുദ്ധിജീവിയും വിജയിയെ സപ്പോർട്ട് ചെയ്യുന്നത് ഇതുവരെ കണ്ടിട്ടില്ല. അത് വിജയ് സൊ കാൾഡ് റിയലിസ്റ്റിക് പടങ്ങൾ ചെയ്യാതെ സമൂഹത്തിലെ വലിയൊരു ശതമാനം പ്രേക്ഷകന് ഇഷ്ടപ്പെടുന്ന മാസ്സ് മസാല പടങ്ങൾ ചെയ്യുന്നത് കൊണ്ടാണോ എന്ന് അറിയില്ല..!!