നമുക്ക് പൊതുവായി നിലവിലുള്ള ചില കോസ്മെറ്റിക് /പ്ലാസ്റ്റിക് സർജറികൾ

0
62

Siddharth Menassery

നമുക്ക് പൊതുവായി നിലവിലുള്ള ചില കോസ്മെറ്റിക് സർജറി/പ്ലാസ്റ്റിക് സർജറികളെ കുറിച്ചു പറയാം. കോസ്മറ്റിക് സർജനും, ഓറൽ മാക്സിലോ ഫേഷ്യൽ സർജനുമാണ് ഇത്തരം പ്രൊസിജ്യറുകൾ ചെയ്യുന്നത്. ഞാനൊരു മെഡിക്കൽ എക്സ്പെർട്ട് അല്ലാത്തതുകൊണ്ട് വളരെ ബേസിക് ആയ കാര്യങ്ങൾ മാത്രമേ പറയുന്നുള്ളു.

*ഹെയർ ട്രാൻസ്പ്ലാന്റെഷൻ: പലരുടെയും വിചാരം ഹെയർ ഫിക്‌സിംഗും, ഹെയർ ട്രാൻസ്പ്ലാന്റെഷനും ഒന്നാണെന്ന് ആണ്. എന്നാൽ അങ്ങനെയല്ല. ഹെയർ ഫിക്സിങ്/ഹെയർ പാച്ച് എന്നത് ഇന്നത്തെ വിഗുകൾക്കുള്ള ഓമനപ്പേര് ആണ്. പണ്ടുള്ളത് കാറ്റടിച്ചാൽ പാറിപ്പോവുന്ന വിഗുകൾ ആയിരുന്നെങ്കിൽ, ഇന്നുള്ളത് പശ വെച്ചു ഒട്ടിക്കുന്ന വിഗുകൾ അത്രയേയുള്ളൂ വ്യത്യാസം.
ഹെയർ ട്രാൻസ്പ്ലാന്റെഷൻ ഒരു സർജിക്കൽ പ്രൊസീജ്യർ ആണ്. ഡെർമറ്റോളജിസ്റ്റ് ആണിത് ചെയ്യുന്നത്. നിങ്ങളുടെ തലയുടെ പുറകിൽനിന്ന് ഹെൽത്തി ആയ ഹെയർ ഫോളിക്കിൾസ് എടുത്ത് മുടിപോയ ഭാഗത്തു നട്ട് പിടിപ്പിക്കുകയാണ് ഇവിടെ ചെയ്യുന്നത്. തലയുടെ പുറകിൽ വേണ്ടയത്ര മുടിയില്ലെങ്കിൽ ശരീരത്തിന്റെ മുടിയുള്ള വേറെയേത് ഭാഗത്തു നിന്നും ഫോളിക്കിൾസ് എടുക്കാവുന്നതാണ്.

ഇത്തരത്തിൽ നട്ട് പിടിപ്പിക്കുന്ന മുടിയുടെ കോശങ്ങൾ പിന്നീട് സാധാരണ മുടിപോലെ വളരുകയും ചെയ്യും. ഹെയർ ട്രാൻസ്‌പ്ലാന്റെഷൻ ഒരു പെർമനെന്റ് സൊല്യൂഷൻ ആണ്. ഒരിക്കൽ നട്ടുപിടിപ്പിച്ച മുടിയിഴകൾ പിന്നീട് കഷണ്ടി വന്ന് കൊഴിഞ്ഞു പോകില്ല. എങ്കിലും ഒരു പത്തു പതിനഞ്ചു വർഷം കഴിയുമ്പോൾ വീണ്ടും ഒരിക്കൽ കൂടി ചെയ്യേണ്ടി വന്നേക്കാം. പല പല സെഷൻസിൽ ആയി ഈ പ്രൊസിജ്യർ ചെയ്ത് നിങ്ങൾക്ക് നിങ്ങളുടെ മുടിയുടെ ഡെൻസിറ്റി കൂട്ടാവുന്നതാണ്. ഇതിന്റെ കൂടെ തന്നെ പിആർപി ഇൻജെക്ഷൻസും, മെഡിസിൻസും കുറച്ചുകാലം എടുക്കേണ്ടി വരും. നമ്മുടെ നാട്ടിൽ ഇതിന്റെ ചിലവ് എന്ന് പറയുന്നത് ഒരു ലക്ഷം തൊട്ട് അഞ്ചു ലക്ഷം വരെയാണ്. കവർ ചെയ്യണ്ട ഏരിയ അനുസരിച്ചു ഇരിക്കും റേറ്റ്. ഇപ്പോൾ ചീപ്പ് പ്രൈസിൽ പല ക്ലിനിക്കുകളും ഹെയർ ട്രാൻസ്പ്ലാന്റെഷൻ ഓഫർ ചെയ്യുന്നുണ്ട്.

*റൈനോപ്ലാസ്റ്റി/നോസ് ജോബ്: പേര് സൂചിപ്പിക്കുന്നത് പോലെത്തന്നെ മൂക്കിന് ചെയ്യുന്ന കോസ്മറ്റിക് പ്രൊസിജ്യർ ആണ്. നീണ്ട മൂക്കുകൾ, വളഞ്ഞ മൂക്കുകൾ, തടിച്ച മൂക്കുകൾ, അപകടത്തിൽ തകർന്ന മൂക്കുകളൊക്കെ ഒരു വിദഗ്‌ധ ഡോക്ടർക്ക് സർജറിയിലൂടെ മാറ്റിയെടുക്കാൻ സാധിക്കും. ഇതൊരു പെർമനെന്റ് സൊല്യൂഷൻ ആണ്.

ഓട്ടോപ്ലാസ്റ്റി: ബാറ്റ് ഇയേഴ്സ് അഥവാ ആനച്ചെവി, ജന്മനാ വൈരൂപ്യം ഉള്ള ചെവികൾ, അപകടത്തിൽ തകർന്ന ചെവികൾ, ബോക്സേഴ്സിനും മറ്റുമുള്ള ക്വാലിഫ്‌ളവർ ഇയേഴ്സ് തുടങ്ങിയവ പരിഹരിക്കാനാണ് ഈ സർജിക്കൽ പ്രൊസീജ്യർ. ഇതിൽ ആനച്ചെവി പരിഹരിക്കാൻ സർജൻ നിങ്ങളുടെ ചെവി സ്യൂച്ചേഴ്സ് വെച്ചു തലയോട് കൂടുതൽ അടുപ്പിച്ചു തുന്നിപ്പിടിപ്പിക്കുകയാണ് ചെയ്യുന്നത്. നോൺ സർജിക്കൽ ഓട്ടോപ്ലാസ്റ്റിയും നിലവിലുണ്ടെങ്കിക്കും അതിന് എഫക്ടീവ്‌നെസ്സ് കുറവാണ്. ഓട്ടോപ്ലാസ്റ്റി ഒരു പെർമനെന്റ് സൊല്യൂഷൻ ആണ്.

ഫേസ് ലിഫ്റ്റ് സർജറി: പ്രധാനമായും അറുപത് കഴിഞ്ഞവർ ആണിതിന് വിധേയർ ആവുന്നത്. മുഖത്തെ തൊലിയിലെയും, മാംസ പേശികളിലെയും ചുളിവുകളും, മറ്റും സർജിക്കൽ പ്രൊസീജ്യറിലൂടെ പരിഹരിക്കപ്പെടുകയാണ് ഇവിടെ. പത്തു വർഷം മാത്രമാണ് ഇതിന്റെ കാലാവധി. കൂടുതലും സിനിമ താരങ്ങളാണ് ഈ സർജറിക്ക് വിധേയർ ആവുന്നത്. പത്തു വയസ്സോളം കാഴ്ച്ചയിൽ കുറച്ചെടുക്കാൻ സാധിക്കും ഇതിലൂടെ. കൂടാതെ കഴുത്തിലെ ചുളിവുകൾ പരിഹരിക്കുന്ന നെക്ക് ലിഫ്റ്റ്, കൺപോളകൾ ഉയർത്തുന്ന അയ്ലിഡ് ലിഫ്റ്റ് തുടങ്ങിയ പ്രൊസിജ്യറുകളും നിലവിലുണ്ട്.

സർജറി കൂടാതെ മുഖത്തെ ചുളിവുകൾ പരിഹരിക്കാനും, മാംസ പേശികളെ ഉണർത്താനും ഉള്ളതാണ് ബോട്ടോക്സ് ഇൻജെക്ഷൻ. ഒരു പ്രത്യേക ബാക്ടീരിയ ഉല്പാദിപ്പിക്കുന്ന അതിമാരകമായ പ്രോട്ടീൻ ആണ് ബോട്ടോക്സ്. കൃത്യമായ വളരെ ചെറിയ അളവിൽ ബോട്ടോക്സ് മുഖത്തു കുത്തിവെച്ചാൽ മുഖത്തെ തൊലിയിലെയും, പേശികളിലെയും ചുളിവുകൾ പരിഹരിച്ചു പുത്തൻ ഉണർവ് മുഖത്തിനേകാം. എന്നാൽ ബോട്ടോക്സ് ചെയ്യുന്നതിലെ പിഴവോ, തുടർച്ചയായ ഉപയോഗമോ നിങ്ങളുടെ മുഖത്തെ മാംസ പേശികളുടെ ചലനത്തെ തന്നെ മോശമായ രീതിയിൽ ബാധിച്ചേക്കാം. ധാരാളം സിനിമ താരങ്ങൾ മുഖത്തെ ചുളിവുകൾ ഒഴിവാക്കാൻ ബോട്ടോക്സ് ട്രീറ്റ്‌മെന്റ് ചെയ്യുന്നുണ്ട്.

*ലിപ് ഓഗ്മെന്റെഷന്: സ്വന്തം ചുണ്ടിന്റെ ഷേപ്പും, കട്ടിയും ഇഷ്ടമല്ലാത്തവർക്കുകൾ കോസ്മെറ്റിക് പ്രൊസിജ്യർ ആണിത്. ലിപ് ഫില്ലറുകൾ നിങ്ങളുടെ ചുണ്ടിൽ ഇൻജെക്റ്റ് ചെയ്യപ്പെടുകയാണ് ഇവിടെ സംഭവിക്കുന്നത്. ആറു മാസം മാത്രമാണ് ഇതിന്റെ കാലാവധി. അത്കഴിഞ്ഞാൽ വീണ്ടും ചെയ്യേണ്ടി വരും.

ബ്രെസ്റ്റ്/ബട്ടക്സ് ഓഗ്മെന്റെഷൻ: സ്വന്തം മാറിടത്തിന്റെയും, നിതംബത്തിന്റെയും വലുപ്പം കൂട്ടാൻ ആഗ്രഹിക്കുന്ന സ്ത്രീകളാണ് ഈ പ്രൊസിജ്യറിന് പൊതുവേ വിധേയർ ആവുന്നത്. സർജറിയിലൂടെ മാറിടത്തിലും, നിതംബത്തിലും സിലിക്കൺ ഇമ്പ്ലാന്റ്സ് ഡോക്ടർ ഫിക്സ് ചെയ്യുന്നു. പത്തു വർഷമാണ് ഇതിന്റെ കാലാവധി. കിം കർദാഷിയാൻ, കൈലി ജെന്നർ തുടങ്ങിയ മോഡലുകൾ, സിനിമ നടിമാർ, ചില പോൺ സ്റ്റാറുകൾ തുടങ്ങിയവർ ഇതിന് വിധേയർ ആയിട്ടുണ്ട്. ഇവർ മാത്രമല്ല സാധാരണക്കാരായ സ്ത്രീകളും ഈ രീതി തിരഞ്ഞെടുക്കാറുണ്ട്.