സിനിമക്കാരും കോവിഡ് 19 ഉം

39

Siddharth Menassery

സിനിമക്കാരും കോവിഡ് 19 ഉം

സിനിമക്ക് ജനങ്ങൾ കാണുന്ന വെള്ളിവെളിച്ചം മാത്രമല്ല ഉള്ളത്. അതിനൊരു മറുപുറം കൂടിയുണ്ട്. വളരെ സെൻസിറ്റിവായ ആളുകളാണ് സിനിമയുടെ ക്രീയേറ്റീവ് സൈഡിൽ വർക്ക് ചെയ്യുന്നവർ. പ്രത്യേകിച്ച് നടൻമാർ. വളരെയധികം വൾണറബിൾ ആയൊരു കൂട്ടർ ആണിവർ. വളരെയധികം ശ്രദ്ധിച്ചു കൈകാര്യം ചെയ്യണ്ടൊരു വിഭാഗം. കൊച്ചുകുട്ടികളുടെ സ്വഭാവമാണ് ഇവരിൽ പലർക്കും. മുഖത്തു ചെറിയൊരു മുറിവായാൽ പോലും ഉറക്കം നഷ്ടപ്പെടും നടന്മാർക്ക്. അങ്ങനെയുള്ള ഇവരെ കോവിടും തന്മൂലമുണ്ടായ ലോക്ക്ടൗണും എല്ലാം നല്ലരീതിയിൽ ഇമോഷണലി ബാധിച്ചിട്ടുണ്ട്. ഇത്രയും കാലം സിനിമയുടെ മായിക ലോകത്ത് വിലസിയിരുന്ന പല നടന്മാർക്കും ഈ ഹാർഷ് റിയാലിറ്റി ആക്‌സെപ്റ്റ് ചെയ്യാൻ പറ്റുന്നില്ല എന്നതാണ് വാസ്തവം. സിനിമയിൽ നിന്ന് വിട്ട് ഐസൊലേറ്റഡ് ആയൊരു ജീവിതം അവരെ വളരെയധികം ഫ്രസ്ട്രേഷനിൽ ആഴ്ത്തിയിരിക്കുന്നു.

മലയാള സിനിമയിലേക്ക് വന്നാൽ പ്രധാനപ്പെട്ട ചില നടന്മാരും, സംവിധായകരും, എഴുത്തുകാരെയും മാറ്റി നിർത്തിയാൽ ബാക്കിയുള്ളവർ അങ്ങനെ കാര്യമായ സാമ്പത്തിക ഭദ്രതയുള്ളവർ അല്ല. ഇന്നല്ലെങ്കിൽ നാളെ ആ സുവർണ്ണസിംഹാസനത്തിൽ താനിരിക്കും എന്ന് സ്വപ്നം കണ്ട് പ്രതീക്ഷയോടെ നടക്കുന്നവർ ആണ് ഈ നടൻമാർ. ഇവരെ ഇന്നത്തെ ഈ സാഹചര്യം മോശമായ രീതിയിൽ തന്നെ ബാധിച്ചിട്ടുണ്ട്. ഇമോഷണലി ആയാലും ഫൈനാൻഷ്യലി ആയാലും.

പിന്നെ സിനിമയുടെ നോൺക്രീയേറ്റീവ് സൈഡിൽ വർക്ക് ചെയ്യുന്നവർ. അതായത് പ്രൊഡക്ഷൻ യൂണിറ്റിൽ ഉള്ളവർ. ലൈറ്റ്ബോയ്സ്, കോസ്റ്റിയൂം സെക്ഷൻ, ഫുഡ് സെക്ഷൻ, സൗണ്ട് ബോയ്സ് തുടങ്ങിയവർ. ഈ കൂട്ടർ ഇല്ലാതെ സിനിമ ഷൂട്ടിംഗ് ചിന്തിക്കാൻ പോലുമാകില്ല. ഒരു ഷോട്ട് സെറ്റപ്പ് ചെയ്യണമെങ്കിൽ ലൈറ്റ് ബോയ്സ് വേണം. ആര്ടിസ്റ്റിനൊരു ചായ വേണമെങ്കിൽ ടീ മാസ്റ്റർ വേണം. ഹോൾ നൈറ്റ് ഷൂട്ട് പോയാലും ആർട്ടിസ്റ്റുകൾക്കൊക്കെ ആവശ്യത്തിന് റസ്റ്റ് കിട്ടും. ഈ കൂട്ടർക്ക് അതുമില്ല. ഡെയിലി ബാറ്റക്ക് വേണ്ടി കഷ്ടപ്പെടുന്നവർ ആണിവർ. മറ്റുള്ളവരൊക്ക നല്ലനല്ല ഹോട്ടലുകളിൽ കഴിയുമ്പോൾ വെറും തുക്കടാ ലോഡ്ജ് ആണ് ഇവർക്കു കിട്ടാറുള്ളത്. അതും ഒരു മുറിയിൽ ഒന്നിലേറെ പേർ ഞെങ്ങി ഞെരുങ്ങിയാണ് താമസിക്കാറ്. ഇക്കണ്ട കോസ്‌റ്റ്യൂംസൊക്കെ ഡെയിലി അലക്കി തേച്ചു ഉണക്കുന്നതും, മെസ്സിലെ പാത്രം കഴുകുന്നതും എല്ലാം ഈ കുടുസ്സ് മുറികളിൽ ഇരുന്നുകൊണ്ടാണ്. ലോക്ക്ഡൗൺ ഇവരുടെയൊക്കെ കുടുംബത്തിന്റെ നട്ടെല്ലൊടിച്ചിട്ടുണ്ട്.

ഏറ്റവും അനുകമ്പ കുറവ് കിട്ടുന്നവർ ആണ് സിനിമാക്കാർ. അത് സർക്കാരിൽ നിന്നായാലും, ജനങ്ങളിൽ നിന്നായാലും. അവരുടെ കഷ്ടപ്പാട് ആരും കാണുന്നില്ല. ഇനിയിപ്പോൾ കോവിഡ്കാലമൊക്കെ കഴിഞ്ഞു സിനിമാലോകം പഴയതുപോലെ ഉണർവ്വിലെത്താൻ വർഷങ്ങൾ വേണ്ടിവരും. അത്കൊണ്ട് കഷ്ടപ്പെടുന്ന സിനിമാക്കാരെ സഹായിക്കാനുള്ള വല്ല പദ്ധതികൂടി കേന്ദ്ര, സംസ്ഥാന സർക്കാരുകൾ കൊണ്ടുവന്നാൽ നന്നായിരിക്കും. സിനിമക്കാരാണ്..അവർക്ക് സിനിമ വിട്ടാൽ മറ്റൊരു തൊഴിൽ അറിയില്ല..!!