ഇന്ത്യയിലെ സിദ്ദി വംശം

അറിവ് തേടുന്ന പാവം പ്രവാസി

ആഫ്രിക്കൻ അടിമകളുടെ യൂറോപ്പിലേക്കുള്ള യാത്രകളെക്കുറിച്ച് ഒരു ആമുഖത്തിന്റെ ആവശ്യമില്ല. ഇത്തരം യാത്രകളെക്കുറിച്ചുള്ള വിശദമായ പഠനങ്ങൾ ഇന്ന് ലഭ്യമാണ്. എന്നാൽ അടിമകളെ വഹിച്ചുള്ള സഞ്ചാരങ്ങൾ യൂറോപ്പിനെ ലക്ഷ്യമാക്കി മാത്രമായിരുന്നില്ല. ഇന്ത്യൻ സമുദ്രം വഴി കിഴക്ക് ലക്ഷ്യമാക്കി നാല് മില്ല്യനോളം ആഫ്രിക്കൻ അടിമകളെ കയറ്റി കപ്പലുകൾ യാത്ര തിരിച്ചിരുന്നു. അതോടൊപ്പം ആഫ്രിക്കയിൽ നിന്നും ഏഷ്യയിലേക്ക്, പ്രത്യേകിച്ചും ഇന്ത്യ, പാക്കിസ്ഥാൻ മേഖലയിലേക്കുമുള്ള സ്വതന്ത്ര കുടിയേറ്റങ്ങളും നടന്നിരുന്നു. അടിമ വ്യാപാരം നിരോധിച്ചതോടെ സ്വാതന്ത്ര്യം നേടിയവരും അതിന് മുൻപെ അടിമകളക്കപ്പെടാതെ തന്നെ ജീവിച്ചിരുന്നവരും പിന്നീട് സ്വന്തം നാടുകളിലേക്ക് മടങ്ങാതെ ഈ സ്ഥലങ്ങളിൽ തന്നെ സമുദായങ്ങൾ രൂപീകരിച്ച് ജീവിതം തുടരുകയും സൗത്തേഷ്യൻ സാംസ്കാരിക വൈവിധ്യത്തിൻ്റെ ഭാഗമായി മാറുകയും ചെയ്തു.

കിഴക്കൻ ആഫ്രിക്കൻ രാജ്യങ്ങളായ ടാൻസാനിയ, കെനിയ, ഉഗാണ്ട തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് വന്നവരാണ് ഇന്ത്യയിലെ സിദ്ദികൾ. പൊതുവെ ഹബ്ഷി എന്ന അറബി പദത്തിൽ അറിയപ്പെടുന്നവരാണെങ്കിലും പക്കിസ്ഥാനിൽ ശീദി എന്നും , ഇന്ത്യയിൽ സിദ്ധികൾ എന്നും , ശ്രീലങ്കയിൽ കാഫ്ഫിറുകൾ എന്നുമാണ് ഇവർ അറിയപ്പെടുന്നത്.കൃത്യമായ കണക്കുകളുകൾ ഇല്ല എങ്കിലും പാക്കിസ്ഥാനിൽ 50000, ഇന്ത്യയിൽ 25000, ശ്രീലങ്കയിൽ ആയിരത്തിനടുത്തും ആഫ്രിക്കൻ വംശജർ ഉണ്ട് എന്നാണ് കണക്കാക്കപ്പെടുന്നത്. ആഫ്രിക്കക്കാരെ പോലെ തോന്നിക്കുന്ന ഇവരെ കണ്ടാൽ ടൂറിസ്റ്റുകളാണോ എന്നതായിരിക്കും പലരുടെയും സംശയം. ഇന്ത്യയിൽ പ്രധാനമായും 3 പ്രദേശങ്ങളിലാണ് ഇന്നു സിദ്ദികൾ ഉള്ളത്.
⚡1. ഹൈദരാബാദിൽ
⚡2. കർണാടകയിൽ
⚡3. ഗുജറാത്തിലെ ജുനഗഡ്, ജാംനഗർ പ്രദേശങ്ങളിൽ.

സിദ്ധികൾ ഇന്ത്യയിൽ എത്തിയത് പല രീതിയിലാണ് .ചിലർ അടിമകളായി എത്തി ; ചിലർ ഡൽഹി സുൽത്താൻമാരുടെ കാലത്ത് സൈനികരായി എത്തി. എട്ടാം നൂറ്റാണ്ടു മുതൽ സിദ്ദികൾ ഇന്ത്യയിലേക്ക്‌ വരാൻ തുടങ്ങിയിട്ടുണ്ട്. സയ്യിദ് എന്ന വാക്കിൽ നിന്നാണ് അവർക്ക് സിദ്ദി എന്ന പേരു ലഭിച്ചത്. അറബിയിൽ ബഹുമാന സൂചകമായി വിളിക്കുന്ന ഒരു പേരാണിത്. സിദ്ദികളിലെ വലിയൊരു വിഭാഗം മുസ്ലിംകളാണ് എങ്കിലും ഹിന്ദുക്കളും , ക്രിസ്ത്യാനികളും ഉണ്ട് . ഗുജറാത്തിലെ സിദ്ദികൾ മുഴുവൻ മുസ്ലിംകളും , കർണ്ണാടകയിൽ ക്രിസ്ത്യൻ, ഹിന്ദു വിശ്വസികളുമാണ്.

ഇന്ത്യാ ചരിത്രത്തിൽ പ്രശസ്തരായ പല സിദ്ദികളും ഉണ്ട് . റസിയ സുൽത്താനയുടെ വിശ്വസ്തനായ ജമാലുദ്ദിൻ യാക്കുത്, അഹ്മെദ്‌നഗർ സുൽത്താൻമാരുടെ പ്രധാനമന്ത്രിയായ മാലിക്ക് അംബർ തുടങ്ങിയവർ ഉദാഹരണം.ഇന്ത്യയിൽ സിദ്ധികൾ പലപ്പോഴും വളരെ ശക്തമായ അധികാര സ്ഥാനങ്ങളിൽ എത്തിപ്പെട്ടതായി ചരിത്രത്തിൽ കാണാം. ബംഗാൾ മൂന്ന് വർഷത്തോളം ഭരിച്ചിരുന്നത് സിദ്ധികളായി രുന്നു. ആ രാജ കുടുംബത്തിൻ്റെ പിന്തുടർച്ച ക്കാർ ഇന്നും ജീവിച്ചിരിപ്പുണ്ട്. പഴയ കാല പായക്കപ്പലുകളിലായിരുന്നു മിഡിൽ ഈസ്റ്റിലേക്കും , ഇന്ത്യയിലേക്കും അടിമകളെ കൊണ്ടു വന്നിരുന്നത്. ഇന്ത്യയിൽ ജീവിക്കുന്ന ഏറ്റവും ശക്തരായ സിദ്ധി രാജ കുടുംബങ്ങളിൽ ഒന്നാണ് ജാൻജീര.

ഇന്ത്യന്‍ പൗരന്‍മാര്‍ ആയിട്ടുകൂടി അവരെ വംശീയമായി മുറിവേല്‍പ്പിക്കുന്നവര്‍ ധാരാളം ഉണ്ട്. കര്‍ണ്ണാടകയിലെ കാര്‍വാര്‍ മേഖലയില്‍ സമൂഹമായി ജീവിക്കുന്ന ഈ മനുഷ്യര്‍ ഇന്ത്യയെ ആഴത്തില്‍ സ്‌നേഹിക്കുന്നു. കര്‍ണ്ണാടകയിലെ കാര്‍വാര്‍ പ്രദേശത്തെ യെല്ലാപൂരിലാണ് ഇവര്‍ താമസിക്കുന്നത്.
ആഫ്രിക്കന്‍ വേരുകളുള്ള ഈ മനുഷ്യര്‍ക്ക് ഇന്ത്യന്‍ പൗരത്വമുണ്ട്. എല്ലാ ഇന്ത്യക്കാരും തുല്യരാണെന്ന് വിളംബരം ചെയ്യുന്ന ഭരണഘടനയെ പ്രകീര്‍ത്തിക്കുമ്പോഴും നമുക്കിടയിലെ ഈ മനുഷ്യരെ അവരുടെ ആഫ്രിക്കന്‍ വേരുകള്‍ കൊണ്ടു മാത്രം നാം അരികിലേക്ക് മാറ്റി നിര്‍ത്തുന്നു. ബസുകളിലും , ട്രെയിനുകളിലും മറ്റ് പൊതു ഇടങ്ങളിലും അവരെ അപമാനിക്കുന്നു. അവരുടെ മക്കളെ അധിക്ഷേപിക്കുന്നു. നമുക്കിടയില്‍ ഇത്തരം ഒരു സമൂഹം ഉണ്ടെന്നു പോലും മറന്ന്, ഇവിടെ എത്തുന്ന ആഫ്രിക്കന്‍ വന്‍കരയിലുള്ളവരെ വംശീയമായി നാം പീഡിപ്പിക്കുമ്പോള്‍, അത് ഈ മനുഷ്യര്‍ക്ക് കൂടിയുള്ള താക്കീതാണ് എന്ന കാര്യം പോലും നാം തിരിച്ചറിയുന്നില്ല.

ആദ്യ കാലത്തു വിദ്യാഭ്യാസം ഇല്ലാതെയും, നല്ല വരുമാനം ഇല്ലാതെയൊക്കെ സിദ്ധികൾ കഷ്ടപ്പെടുകയായിരുന്നു. സാമൂഹിക പ്രവർത്തകരുടെ ശ്രമഫലമായി സമൂഹത്തിൽ ബഹുഭാര്യത്വം കുറഞ്ഞു.സ്കൂളുകൾ ശുചിയാക്കി സിദ്ധി കുട്ടികളെ സ്കൂളിലെത്തി ക്കാൻ കഴിഞ്ഞു.എല്ലാവർക്കും ബാങ്ക് അക്കൗണ്ടുകൾ എടുത്തു. കമ്പോസ്റ്റ് നിർമാണം, കൃഷി, എംബ്രോയിഡറി തുടങ്ങിയ മേഖലകളിൽ സ്ത്രീകൾക്ക് സ്വയം തൊഴിൽ നേടിക്കൊടുത്തു. ആത്മഹത്യ എന്നത് സിദ്ദികളുടെ ഇടയിൽ ഇല്ലാതായി .അങ്ങനെ എണ്ണിയാലൊടുങ്ങാത്ത സാമുഹ്യ പ്രവർത്തനങ്ങൾ വഴി ഇന്നു മിക്കവരുടെയും ജീവിതത്തിൽ മാറ്റങ്ങൾ വന്നിട്ടുണ്ട്.

കരുത്തുറ്റ ഉടലുകളാണ് സിദ്ധി സമൂഹത്തിന്റെ സവിശേഷത. അവരില്‍ മികച്ച അത്‌ലറ്റുകളു ണ്ട്. ഒളിമ്പിക്‌സ് സ്വപ്‌നങ്ങള്‍ക്ക് നിറം ചാര്‍ത്താന്‍ ഈ കരുത്ത് ഉപയോഗിക്കാമെന്ന് തിരിച്ചറിഞ്ഞ ഭാവനാശാലികളായ ഏതൊക്കെയോ ഭരണാധികാരികള്‍ ഇവര്‍ക്കായി കായികപരിശീലന പദ്ധതി ഏര്‍പ്പെടുത്തിയിരുന്നു. സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ ആരംഭിച്ച ഈ പദ്ധതിക്ക് സ്പെഷ്യല്‍ ഏരിയാ ഗെയിംസ് പ്രൊജക്ട് എന്നായിരുന്നു പേര്. ഇതിലൂടെ നിരവധി സിദ്ധി കുരുന്നുകള്‍ കായിക വേദിയിലേക്ക് വന്നു. സംസ്ഥാന ദേശീയ തലങ്ങളില്‍ നേട്ടങ്ങള്‍ കൊയ്തു. അവരില്‍ ഒരാളായിരുന്നു കമല ബാബു സിദ്ധി എന്ന പെണ്‍കുട്ടി. ജൂനിയര്‍ ഗേള്‍സ് പെന്റാതലണില്‍ ദേശീയ റിക്കോര്‍ഡ് നേടിയ പ്രതിഭ. എന്നാല്‍ 1993ലെ ഒരു സുപ്രഭാതത്തില്‍ കായിക രംഗത്ത് വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമായിരുന്ന ഈ പദ്ധതി അകാരണമായി സായി പിന്‍വലിച്ചു. ആകാശത്തോളം സ്വപ്‌നം കണ്ട കുരുന്നുകള്‍ വേദനയോടെ കായിക പരിശീലന ഇടങ്ങളില്‍ നിന്ന് സ്വന്തം വീടകങ്ങളിലേക്ക് മടങ്ങി. കായിക സ്വപ്നങ്ങള്‍ പാതി വഴിയില്‍ ഇല്ലാതായ കമല ബാബു സിദ്ധി ഇപ്പോള്‍ വീട്ടില്‍ കുട്ടികളെ നോക്കിയിരിക്കുകയാണ്.

ഇപ്പോള്‍, അവിടെയുള്ള മുന്‍ കായിക താരങ്ങള്‍ ഒന്നിച്ച് ചേര്‍ന്ന് അവരുടെ മുന്‍കൈയില്‍ സ്വന്തം സമൂഹത്തിലെ കായിക പ്രതിഭകളെ കണ്ടെത്തി പരിശീലനം നടത്തുക യാണ്. ഒളിമ്പിക് സ്വര്‍ണ്ണമെന്ന ദീര്‍ഘകാലത്തെ ഇന്ത്യന്‍ സ്വപ്‌നം സാക്ഷാത്കരിക്കാന്‍ ഈ കുരുന്നുകള്‍ക്ക് കഴിയുമെന്ന വിശ്വാസത്തോടെ അവര്‍ വിയര്‍പ്പ് ചിന്തുകയാണ്. ഇന്ത്യയ്ക്കു വേണ്ടി ഒളിമ്പിക് മെഡല്‍ നേടാന്‍ തീവ്രമായി യത്‌നിക്കുന്നു. കായിക വേദികള്‍ കറുപ്പിന്റെ കരുത്തിനാല്‍ കീഴടക്കാന്‍ അവര്‍ വിയര്‍പ്പൊഴുക്കുന്നു. ആഫ്രിക്കൻ കരുത്തു കാലുകളിലൊളിപ്പിച്ച ഇവർക്ക് ഇന്ത്യക്ക് വേണ്ടി ഒരുപാട് മെഡലുകൾ നേടാൻ സാധിച്ചേക്കും എന്ന് പല വിദഗ്ധരും പറയുന്നുണ്ട്. ഉസൈൻ ബോൾട്ടിന്റെയും , മുഹമ്മദ് ഫറയുടേയുമൊ ക്കെ റെക്കോർഡുകൾ തകർക്കാൻ കഴിവുള്ളവർ ഇവരുടെ കൂട്ടത്തിൽ ചിലപ്പോൾ കാണാം.

ഗുജറാത്തിലെ ഗിർ വനത്തോട് ചേർന്ന് കിടക്കുന്ന ജംബുർ എന്ന ഗ്രാമത്തിലും ധാരാളം സിദ്ദികളെ കാണാം.ഗിർ വന മേഖലയിൽ 19 ഗ്രാമങ്ങളിലായി ചിതറിക്കിടക്കുകയാണ് സിദ്ദികൾ . അവിടെ സിദ്ദികളും സിംഹങ്ങളും തമ്മിലുള്ള ബന്ധം അവരുടെ രക്തത്തിൽ ഉള്ളതാണ്. ആഫ്രിക്കയിലും പിന്നെ ഏഷ്യയിൽ ആകെ ഗിർ വനത്തിലും മാത്രമാണ് സിംഹങ്ങൾ ഉള്ളത്. അതിനാൽ പല സിദ്ധികളും ഫോറെസ്റ്റ് ഓഫീസർമാരായും , ഗൈഡുകളായും ഒക്കെ ജോലി ചെയ്യുന്നുണ്ട്.

സമൂഹത്തിൽ സിദ്ധികൾ ധാരാളം പ്രശ്നങ്ങൾ നേരിടുന്നുണ്ട്. വിദ്യാഭാസമില്ലായ്മയാണ് സിദ്ധികളുടെ പിന്നോക്കാവസ്ഥക്കു പ്രധാന കാരണം. കറുത്തവന്റെ നേരെയുള്ള തുറിച്ചു നോട്ടവും ചില കമന്റുകളും അവരെ വേദനിപ്പിക്കാറുണ്ട്. വ്യാജ വാറ്റിന്റെ ഉപയോഗവും , കഞ്ചാവും ഗുജറാത്തിലെ മറ്റു യുവാക്കളെ പോലെ തന്നെ സിദ്ധി യുവാക്കളെയും വഴി തെറ്റിക്കുന്നുണ്ട്.ആഫ്രിക്കൻ വംശം എന്നു പറയുമ്പോൾ ഇവരുടെ സാംസ്കാരിക തനിമയെ കുറിച്ച് ധാരാളം ചോദ്യങ്ങൾ ഉയരും. അവരുടെ നൃത്തം , സംഗീതം ഒക്കെ ആഫ്രിക്കൻ രീതിയിൽ ആയിരിക്കും . സിദ്ധികൾ ജന്മാനാ നല്ല സംഗീത വാസന ഉള്ളവരാണ്. സിദ്ദി ധമാൽ എന്ന ഒരു നൃത്തവും ഉണ്ട്. ആഫ്രിക്കൻ ബാണ്ടു പാരമ്പര്യത്തിന്റെ ഭാഗമാണിത്.

മുംബൈയിൽ സിദ്ദികൾക്കായുള്ള‌ പ്രത്യേക ജമാഅത്തും (മത സംഘടന) , ദർഗ്ഗ (ശവകുടീരം) കളുമൊക്കെ ഉണ്ട്. സിദ്ദി മൊഹല്ലകളിലെ ദർഗ്ഗകളിലെ ഖവാലിയും , ആചാരങ്ങളും ബാൻഡ്‌ മേളവുമൊക്കെ ഒരു പ്രത്യേക രീതിയിലാണ് . ആഫ്രിക്കൻ കലാ രീതികളാണ്‌ സിദ്ദികളുടെ ചടങ്ങുകളിൽ ഇന്നും കാണാനാവുന്നത്‌. ചുരുണ്ട മുടിയും , ഇരുണ്ട നിറവും ഇവരെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്ഥാരാക്കുന്നു.സിദ്ദി സമുദായക്കാര്‍ ആഫ്രിക്കന്‍ സംസ്‌ക്കാരവും , പാരമ്പര്യവും ഇപ്പോഴും കാത്തുസൂക്ഷിക്കുന്നു. ഇവരുടെ ജീവിതത്തിലും നൃത്ത രൂപത്തിലും ഇതെല്ലാം പ്രകടമാണ്. ആഫ്രിക്കൻ വംശജരെ പോലെ തോന്നിപ്പിക്കുമെങ്കിലും ഇവർ പ്രാദേശിക ഭാഷകളാണ്‌ സംസാരിക്കുന്നത്‌. കല്ല്യാണ ചടങ്ങുകളിലെ ആഘോഷങ്ങളും , നൃത്തങ്ങളും വേറിട്ട രീതിയിൽ തന്നെ ഇന്നും കൊണ്ടാടുന്ന സിദ്ദികൾ ഭക്ഷണ രീതിയിലും വ്യത്യസ്തത പുലർത്തുന്നു. നാനാത്വത്തിൽ ഏകത്വം കാത്ത്‌ സൂക്ഷിക്കുന്ന നമ്മുടെ രാജ്യത്ത്‌, സിദ്ദികളും അവരുടെ അസ്‌തിത്വം കാത്ത്‌ സൂക്ഷിച്ച്‌ കൊണ്ട്‌ നമ്മുടെ ഇടയിൽ ഇന്ത്യാക്കാരായി ജീവിച്ച്‌ പോരുന്നു.സിദ്ദികളിൽ നിന്നു മടങ്ങുമ്പോൾ ഇന്ത്യയുടെ വൈവിധ്യത്തെ ഓർത്തു അഭിമാനം തോന്നും. ലോകത്തിലുള്ള എല്ലാം ഇന്ത്യയിൽ ഉണ്ട് .ഇന്ത്യയിൽ ഇല്ലാത്തതൊന്നും ലോകത്തില്ല എന്ന വാക്കുകൾ ചിലപ്പോൾ അന്വർത്ഥമാകും.

📌 കടപ്പാട്: സുഹൃത്തും, ട്രാവൽ കോർഡിനേറ്ററുമായ മുഹമ്മദ് അസ്ലം ( കർണാടകയിലെ സിദ്ദികളുടെ ഇടയിലേക്ക് പോയ ചിത്രങ്ങളും ഉൾപ്പെടുത്തുന്നു)..

You May Also Like

ആ തനിയെ സഞ്ചരിക്കുന്ന കുട്ടി അനാഥനല്ല; അത് അമ്പിളിമാമൻ്റെ കുട്ടി; കാമുവലീവ ചന്ദ്രോപരിതലത്തിൽ നിന്നും അടർന്നുമാറിയ പാറയെന്നു നിഗമനം.

കാമുവലീവ സംബന്ധിച്ച് കൂടുതൽ കണ്ടെത്തലുകളുമായി ​ഗവേഷകർ എത്തിയിട്ടുണ്ട്. മറ്റ് ആസ്ട്രോയ്ഡുകളിൽ നിന്നും വ്യത്യസ്തമായ കാമുവലീവ ചന്ദ്രോപരിതലത്തിലെ ജോർദാനോ ബ്രൂണോ എന്ന ഒരു പ്രദേശത്ത് നിന്നും അടർന്നുമാറിയ പാറയാണെന്നാണ് ​ഗവേഷകരുടെ ഇപ്പോഴത്തെ അനുമാനം

‘ഫക്ക് യൂ’ വാക്കിന് പിന്നിലെ ചരിത്രം

‘ഫക്ക് യൂ’ വാക്കിന് പിന്നിലെ ചരിത്രം അറിവ് തേടുന്ന പാവം പ്രവാസി അയ്യൊ!!!! ആരേയും തെറി…

ഫോസിലുകളെ കുറിച്ച് നിങ്ങളറിയാത്ത, അത്ഭുതപ്പെടുത്തുന്ന അറിവുകൾ

ജീവാശ്മം Augustus Morris ( 1 ) ഫോസിലായി തീരുകയെന്നുള്ളത് എളുപ്പമുള്ള കാര്യമല്ല . ദ്രവിച്ച്…

വീട്ടിലെ എർത്തിംഗ് എവിടെയാണെന്ന് ചോദിച്ചാൽ മേലോട്ട് നോക്കുന്നവർ വായിച്ചിരിക്കാൻ

സുജിത് കുമാർ (സോഷ്യൽ മീഡിയയിൽ എഴുതിയത് ) വീട്ടിലെ വാട്ടർ ടാങ്ക് വർഷത്തിലൊരു തവണയെങ്കിലും വൃത്തിയാക്കാത്തവരുണ്ടാകില്ല.…