സിദ്ധീക്കിനെ കാണാനില്ല. ഇന്ന് വരും നാളെ വരും എന്ന പ്രതീക്ഷയോടെ കാത്തിരുന്ന് ദിവസങ്ങള്‍ പലത് കഴിഞ്ഞിട്ടും അവന്‍ വന്നുമില്ല, അവനെ പറ്റി ഒരു വിവരവും ലഭിച്ചുമില്ല. അവന്‍ ഒരിക്കലും ഇപ്രകാരം ഞങ്ങളെ വിട്ട് നില്‍ക്കുന്ന പതിവില്ലായിരുന്നല്ലോ . എവിടെ പോയാലും നേരം പുലര്‍ച്ചക്ക് അവന്‍ ഞങ്ങളെ വിളിച്ചുണര്‍ത്തുമായിരുന്നു. അവന്റെ ശബ്ദമാണ് ഞങ്ങളുടെ പുലരി.

എന്റെ ഭാര്യ അസ്വസ്ഥയാണ്.

”അവനു എന്തോ സംഭവിച്ച് കാണും. ഇല്ലങ്കില്‍ അവന്‍ എപ്പോഴേ വരുമായിരുന്നു.‘’ അവള്‍ പറഞ്ഞു.

“താന്‍ വിഷമിക്കാതെടോ, അവന്‍ ഏതോ പെണ്ണുങ്ങളുടെ പുറകേ പോയിക്കാണും, അവള്‍ അവനെയും കൊണ്ട് കടന്നും കാണും” ഞാന്‍ അവളെ സമാശ്വസിപ്പിച്ചു.

“ഛേ, അവന്‍ അങ്ങിനെയൊന്നും പോകൂലാ, ഒരിക്കലും നമ്മളെ വിട്ട് നില്‍ക്കാന്‍ അവനു കഴിയില്ലാന്ന് അറിയില്ലേ?“ അവള്‍ നിരാശയോടെ പറഞ്ഞു.

ശരിയാണ്, അവനു അത് കഴിയില്ല. ജനിച്ച അന്നു മുതല്‍ അവന്‍ ഞങ്ങളുടെ സാമീപ്യം അനുഭവിച്ച് കഴിയുകയായിരുന്നല്ലോ. അവന്‍ ജനിച്ചതിന്റെ പിറ്റേ ദിവസം അവന്റെ അമ്മ മരിച്ചു. കണ്ണ് പോലും വിരിയാത്ത അവനെ ഫില്ലറില്‍ പാല്‍ എടുത്ത് വായില്‍ ഇറ്റിച്ച് വളര്‍ത്തിയത് ഭാര്യയാണ്. ഹാ! ഞാന്‍ പറഞ്ഞില്ല സിദ്ധീക്ക് ആരാണെന്ന്. അവനെ പറ്റിയുള്ള ചരിത്രം ഞാന്‍ നിങ്ങളോട് പറഞ്ഞിട്ടുണ്ട്. അതില്‍ അവന്റെ പേരു ചങ്കരന്‍ എന്നാണ് ഞാന്‍ കാണിച്ചിരുന്നത്. പിന്നീട് കുട്ടികള്‍ അവനെ സിദ്ധീക്ക് എന്ന് വിളീച്ച് തുടങ്ങി. നമ്മുടെ പ്രമുഖ ബ്ലോഗര്‍ ശ്രീമാന്‍ കൊട്ടോട്ടി ഇവിടെ എന്റെ വീട്ടില്‍ വന്നപ്പോള്‍ അവനെ കണ്ടിട്ടുണ്ട്.

ദേ ! ഇവിടെയും അവിടെയും പോയാല്‍ നിങ്ങള്‍ക്ക് അവനെ കാണാം അവന്റെ ചരിത്രം വായിക്കാം. എലിയെ കാണുമ്പോല്‍ പേടിച്ച് മാറുന്ന ഒരു പൂച്ച ആയിരുന്നു അവന്‍ . അവന്‍ ജനിച്ച പിറ്റേന്ന് അവന്റെ അമ്മയെ പട്ടികള്‍ കടിച്ച് കൊന്നു. അവന്റെ കൂടപ്പിറപ്പിനെയും പിന്നീട് അവര്‍ തന്നെ കടിച്ച് കൊന്നു. അവനെ അവന്റെ ജീവിത യോധനത്തിനു പരിശീലനം നല്‍കാന്‍ ആരുമില്ലാതായി. മനുഷ്യരായ ഞങ്ങള്‍ സംരക്ഷിച്ച അവന്‍ വളര്‍ന്ന് വന്നപ്പോള്‍ ഒരു പരീക്ഷണത്തിനായി യാദൃശ്ചികമായി വീട്ടിലെത്തപ്പെട്ട എലിയെ കെണിയില്‍ പെടുത്തി ഒരു ചരട് കുരുക്കില്‍ പെടുത്തി അവന്റെ മുമ്പില്‍ കടത്തി വിട്ടു. എലിയെ കണ്ട നിമിഷം അവന്‍ ഞങ്ങളുടെ സമീപത്തേക്ക് തിരികെ പാഞ്ഞു. എന്നിട്ട് അതിനെ സാകൂതം നോക്കി ഇരുന്നു. എലി വര്‍ഗ ശത്രുവിനെ കണ്ട് വിറക്കാന്‍ തുടങ്ങി. അപ്പോള്‍ ഞങ്ങള്‍ ആ അതിശയം കണ്ടു. സിദ്ധീക്കിന്റെ വാല്‍ വണ്ണം വെക്കുന്നു. ഈ ജീവിയെ അവന്‍ ആദ്യം കാണുകയാണ്, പക്ഷേ അത് തന്റെ ആജന്മ ശത്രുവാണെന്നും അതിനെ കണ്ട മാത്രയില്‍ ചാടി വീഴണമെന്നും അവന്റെ ശരീരത്തില്‍ അന്തര്‍ലീനമായിരിക്കുന്ന ജീന്‍ അവനെ ഉപദേശിച്ച് കാണണം. അവന്‍ മുരളാനും മുറു മുറുക്കാനും തുടങ്ങി. ഇടക്ക് ഞങ്ങളെ തല തിരിച്ച് നോക്കും. എന്താ ചെയ്യേണ്ടതെന്ന സംശയത്താല്‍. “നിന്റെ വജീനമാണു (ആഹാരം) മോനേ അത്, തട്ടിക്കോ” എന്ന് ഭാര്യ പറഞ്ഞിട്ടും അവന്‍ മുമ്പോട്ട് കുതിക്കാന്‍ ഒരുങ്ങുമെങ്കിലും പിന്നീട് ഏതോ അറപ്പ് പോലെ തോന്നിച്ച് പിന്‍ വാങ്ങും. അവന്‍ എലിയെ വിട്ട് പോയി.

മറ്റ് ചില പ്രത്യേകതകളും അവനുണ്ട്. എച്ചില്‍ കഴിക്കില്ല. മത്സ്യത്തിന്റെ തല തുടങ്ങിയ അവശിഷ്ടങ്ങള്‍ തൊടില്ല. മീന്‍ ചെതുമ്പലുകള്‍ നീക്കം ചെയ്ത് ശുദ്ധിയാക്കി മുറിച്ച് കൊടുത്താല്‍ –അതും നല്ല മീന്‍ ആയിരിക്കണം മത്തി നെത്തോലി തുടങ്ങിയവ തൊടില്ല- ചിലപ്പോള്‍ കഴിച്ചേക്കാം. പാചകം ചെയ്തത് മാത്രമേ കഴിക്കൂ. മാംസവും അത് പോലെ തന്നെ. പാല്‍ ഇഷ്ടമാണ്. മീന്‍ മുറിക്കുന്നിടത്ത് പോയി ഇരിക്കുമെന്നല്ലാതെ അത് മോഷ്ടിക്കില്ല, കരയില്ല. മേല്‍ പറഞ്ഞ വിധത്തില്‍ ശുദ്ധിയാക്കി കൊടുത്താല്‍ പരിഗണിച്ചേക്കാം. ആഹാരം കഴിക്കുന്നവരുടെ സമീപം പോയി ഇരുന്ന് കരയുന്ന സ്വഭാവം അവനില്ല. ഞാനോ ഭാര്യയോ ആഹാരം കഴിക്കുമ്പോള്‍ മാത്രം അടുത്ത് വന്നിരിക്കും. കരയില്ല, ആവശ്യമുണ്ടെങ്കില്‍ ഞങ്ങളെ നോക്കും , അത്രമാത്രം.

ഈ പ്രത്യേകതകളാല്‍ മറ്റ് പൂച്ചകളില്‍ നിന്നും അവന്‍ വേര്‍പെട്ടു. യൌവനം ആയപ്പോല്‍ പ്രകൃതി അവനില്‍ വരുത്തിയ മാറ്റത്താല്‍ , പെണ്‍ പൂച്ചകളുടെ സമീപം അവന്‍ പോകുന്നത് ഞങ്ങള്‍ കണ്ടു. പക്ഷേ വര്‍ഗ സ്വാഭാവത്താല്‍ അരികെ വരുന്ന പുരുഷന്റെ നേരെ ആദ്യം മുറുമുറുക്കുകയും ചീത്ത വിളിക്കുകയും ചെയ്യുന്ന പെണ്ണുങ്ങളെ പോലെ ആ പെണ്‍ പൂച്ചയും അവന്റെ നേരെ ക്ഷോഭിച്ചപ്പോള്‍ “ ഓ! പിന്നേയ്! പോടീ അവിടന്ന്…എന്ന ഭാവത്തില്‍ അവന്‍ തിരികെ വരുന്നത് ഞാന്‍ കണ്ടു. “എടാ, അവളുമാര്‍ അങ്ങിനെയാ, നീ കേറി അറ്റാക്കണം” എന്ന് ഞാന്‍ അവനോട് പറഞ്ഞപ്പോള്‍ “ഓ! അതൊന്നും എന്നെക്കൊണ്ട് പറ്റില്ല” എന്നവന്‍ മുരള്‍ച്ചയിലൂടെ എന്നോട് പറഞ്ഞിട്ട് തല എന്റെ കാലില്‍ ഉരസി അവന്റെ സ്നേഹം പ്രകടിപ്പിച്ചു. മറ്റ് കണ്ടന്‍ പൂച്ചകളെയും അവനു ഭയമായിരുന്നു. അവന്റെ സുരക്ഷയെ കരുതി അവരെ പറമ്പില്‍ നിന്നും പായിച്ച് കളയേണ്ട ജോലിയും എന്റേതായി.

രാത്രിയില്‍ ഞങ്ങള്‍ അവനെ വീടിനു പുറത്താക്കും. അപ്പോള്‍ ഭാര്യ അവനോട് സഹതാപത്തോടെ പറയുമായിരുന്നു “ മോന്‍ വിറക് പുരയില്‍ പോയി ഉറങ്ങ്, സുബഹിക്ക്(പുലര്‍ കാലം) നിന്നെ വിളിക്കാം” പുലര്‍ച്ചയിലെ പ്രാര്‍ത്ഥനക്ക് ശരീര ശുദ്ധിക്കായി പുറത്തിറങ്ങാന്‍ വാതില്‍ തുറക്കുന്ന ശബ്ദം കേള്‍ക്കുമ്പോള്‍ അവന്‍ രംഗത്ത് വരും. അഥവാ ഞങ്ങള്‍ അല്‍പ്പം താമസിച്ചാല്‍ അവന്‍ കതകില്‍ തല ഇടിക്കുകയും മുരളുകയും ചെയ്ത് ശബ്ദമുണ്ടാക്കി ഞങ്ങളെ ഉണര്‍ത്തും.

കാലം ചെന്നപ്പോള്‍ അവന്‍ ബലവാനായെങ്കിലും ശീലങ്ങള്‍ക്ക് മാറ്റമില്ലായിരുന്നു. പക്ഷേ അവനെ ഇഷ്ടപ്പെട്ട സ്ത്രീകളുമായി അവന്‍ ഔട്ടിംഗ് തുടങ്ങി. ചിലപ്പോള്‍ ഒന്നു രണ്ട് ദിവസത്തേക്ക് കാണാതായി തിരികെ വരുമ്പോള്‍ ഭാര്യ പറയും” സിദ്ധീക്കേ ആഹാരം കഴിക്കാതെയുള്ള നിന്റെ ഈ പോക്ക് അത്ര ശരിയല്ല” കാരണം അവന്‍ മറ്റെവിടെ നിന്നും ആഹാരം കഴിക്കില്ല എന്നവള്‍ക്കറിയാമായിരുന്നല്ലോ. അവന്റെ നിഷ്ഠകള്‍ അനുസരിച്ചുള്ള ആഹാരം ആരു നല്‍കാനാണ്. ശീലങ്ങള്‍ മാറ്റാന്‍ അവന്‍ ഒരുക്കമല്ലായിരുന്നു എന്നും അതിനാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ അവന്‍ പട്ടിണി ആയിരുന്നു എന്നും തിരികെ വരുമ്പോഴുള്ള അവന്റെ ക്ഷീണാവസ്ഥയും ഞങ്ങള്‍ നല്‍കുന്ന ആഹാരം കഴിക്കുമ്പോഴുള്ള അവന്റെ വെപ്രാളവും ഞങ്ങളെ ബോദ്ധ്യപ്പെടുത്തിയിരുന്നു.

ഈ തവണ അവന്‍ പോയിട്ട് ദിവസങ്ങള്‍ കഴിഞ്ഞിരിക്കുന്നു. പ്രഭാതങ്ങളില്‍ അവന്റെ ശബ്ദം കേള്‍ക്കാതായി. ഞങ്ങളുടെ പാദങ്ങളില്‍ അവന്‍ തല മുട്ടിച്ച് ഉരക്കാന്‍ വരാതായി . കുടുംബാംഗം പോലെ ആയിരുന്നു അവന്‍ . അവനെയാണ് കാണതായിരിക്കുന്നത്.

ഇപ്പോള്‍ ഈ കുറിപ്പുകള്‍ ഞാന്‍ ഇവിടെ കുത്തിക്കുറിക്കാന്‍ കാരണം കുറച്ച് മണിക്കൂറുകള്‍ക്ക് മുമ്പ് നാലഞ്ച് വീടുകള്‍ക്കപ്പുറം താമസിക്കുന്ന ഒരു പയ്യന്‍ ഏതോ ആവശ്യത്തിനു ഇവിടെ വന്നപ്പോള്‍ ഭാര്യ അവനോട് ചോദിച്ചു” മോനേ! ഇവിടത്തെ പൂച്ചയെ കണ്ടോ?

അവന്‍ പറഞ്ഞു” ഇവിടത്തെ പൂച്ചയാണോ എന്നറിയില്ല ഒരു ആണ്‍ പൂച്ചയും ഞങ്ങളുടെ വീട്ടിലെ പെണ്‍ പൂച്ചയും മൂന്ന് നാലു ദിവസങ്ങള്‍ക്ക് മുമ്പ് പറമ്പില്‍ ചത്ത് കിടക്കുന്നത് കണ്ടു. വിഷം തീണ്ടിയതായിരിക്കാം”

ഭാര്യയുടെ മുഖത്ത് കരച്ചില്‍ പടര്‍ന്ന് വരുന്നത് കണ്ടപ്പോള്‍ ഞാന്‍ പറഞ്ഞു “ ഹേയ്! അത് അവനായിരിക്കില്ല. അവന്‍ വരും, തീര്‍ച്ചയായും വരും”

ഭാര്യ പതുക്കെ പറയുന്നത് ഞാന്‍ കേട്ടു.” അതേ അത് അവനായിരിക്കില്ല, അവന്‍ തിരികെ വരും….”

ഞാനും അങ്ങിനെ വിശ്വസിക്കാന്‍ ശ്രമിക്കുന്നു” അവന്‍ തിരികെ വരും…തീര്‍ച്ചയായും വരും”

 

 

You May Also Like

ബിഗ്‌ബോസ് സമൂഹത്തിന് ആപത്തോ? ഒരവലോകനം !

ബിഗ്‌ബോസ് സമൂഹത്തിന് ആപത്തോ? : ഒരവലോകനം…!! നാരായണൻ ഞാൻ കഴിഞ്ഞ 4 തവണയും ബിഗ് ബോസ്…

പറൂദീസയിലേയ്ക്കൊരു വിസ

അകത്താക്കിയ നാല് പെഗ് തണുപ്പിനെ പ്രതിരോധിക്കുമെന്നു മനസിലായപ്പോള്‍ ഡേവിഡ്‌ മെല്ലെ പുറത്തേക്കു ഇറങ്ങി ആലിപ്പഴങ്ങള്‍ മുടിയ പൈന്‍ മരങ്ങളും വിജനമായ റോഡും കടന്നു നഗര പ്രാന്തം ലക്ഷ്യമാക്കി നടന്നു .കടുത്ത നിരാശയും അന്യതാ ബോധവും അലട്ടാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി ഫിലോസഫിയില്‍ ബിരുദാനന്തര ബിരുദം കഴിഞ്ഞു തൊഴില്‍ അന്വേഷകന്‍ ആയി അലയുംമ്പോഴാണ് തിരുവല്ലയില്‍ നിന്നും സുസിയുടെ വിവാഹ പരസ്യം കണ്ടു പ്രലോഭിതനായത്. ചങ്ങനാശ്ശേരി രൂപതയില്‍ പെട്ട പുരാതന കുടുംബത്തിലെ ദൈവഭയമുള്ള യുവതി വരനെ തേടുന്നു ലണ്ടനില്‍ നേഴ്സ്( BSC )വെളുത്ത നിറം സാമാന്യം സൌന്ദര്യം വരനെ കൊണ്ട് പോകും ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ള കുടുംബ മഹിമയുള്ള വരനെ തേടുന്നു .

ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ തമിഴിൽ ‘കൂഗിൾ കുട്ടപ്പ’ , ട്രെയ്‌ലർ കാണാം

മലയാളത്തിൽ വൻ വിജയം നേടിയ സിനിമയാണ് ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ. രതീഷ് പൊതുവാൾ സംവിധാനം ചെയ്ത സിനിമയിൽ…

ഈ ഭൂമി നിന്നെ സ്നേഹിക്കുന്നു നിലാവേ

രാത്രി മുഴുവന്‍ പ്രിയതമനോട് കുശലം പറഞ്ഞു,അവന്റെതണുത്ത നിലാവാലുള്ള ആ കൈകളില്‍ കിടന്നു മയങ്ങി പോയി ഞാന്‍.. രാത്രിയുടെ അവസാന യാമത്തില്‍ എപ്പോഴോ..അവളുടെ സുന്ദരമായ ആ മയക്കം കണ്ടു… ആ നിദ്രയുടെ സൌന്ദര്യം ആ ശാന്തത കണ്ടിട്ടെന്നോണം …നിദ്രയെ ഭംഗം വരുത്താതെ .. ഒരു യാത്ര പറയാതെ അവന്‍ മടങ്ങി….