ഹവാലയും കുഴൽ പണവും ഹുണ്ടിയും

0
194

സിദ്ദീഖ് പടപ്പിൽ

ഹവാലയും കുഴൽ പണവും ഹുണ്ടിയും

ഹുണ്ടി എന്ന വാക്ക് ആദ്യമായി കേൾക്കുന്നത് രവി മാഷില് നിന്നാണ്. ബി കോമിന് IOU യും പ്രോമിസ്സറി നോട്ടും പഠിപ്പിക്കുന്ന ക്ലാസ്സിലാണ് ഹുണ്ടിയെ പറ്റിയും മാഷ് വിശദീകരിച്ചു തന്നത്. കടിച്ചാല് പൊട്ടാത്ത കന്നഡ കലർന്ന ഇംഗ്ളീഷിലുള്ള ക്ലാസ്സിൽ പ്രോമിസ്സറി നോട്ട് പോലുള്ള ഒരു വാഗ്ദാനമാണ് ഹുണ്ടി എന്ന് മാത്രമാണ് അന്ന് മനസ്സിലാക്കിയത്. എന്നാല് പഴയ ഹുണ്ടിക്ക് പുതിയ അർത്ഥമാനങ്ങൾ ഉണ്ടെന്ന് മനസ്സിലാക്കിയത് കോളേജിന് പുറത്ത് നിന്നാണ്.

എന്താണ് ഹവാല, അത് എങ്ങനെ പ്രവർത്തിക്കുന്നു എന്ന് നമ്മിൽ പലർക്കും അറിയില്ല എന്ന് തോന്നുന്നു. ഹവാല അഥവാ കുഴൽ പണത്തെ കുറിച്ചു സാധാരണക്കാർക്ക് മനസ്സിലാവുന്ന രീതിയിൽ പറഞ്ഞു തരാൻ ശ്രമിക്കാം. ഇന്ന് മലയാളികൾ ഉപയോഗിക്കുന്ന കുഴൽ പണത്തിനാണ് ഞങ്ങൾ കാസർഗോടുകാർ കാലങ്ങളായി ഹുണ്ടി എന്ന് പറഞ്ഞിരുന്നത്. യഥാർത്ഥത്തിൽ പതിനെട്ടാം നൂറ്റാണ്ടിലും മറ്റും ഇന്ത്യയിൽ നിലനിന്നിരുന്ന ഒരു പണമിടപാട് വ്യവസ്ഥയായിരുന്നു ഹുണ്ടി എന്നത്. കടം വാങ്ങുമ്പോഴോ, പണ ബാധ്യത എഴുതി കുറിക്കുന്നതോ ആയ കുറിപ്പ് ആയിരുന്നു ഹുണ്ടി. കടം വാങ്ങുമ്പോൾ പലിശ ചേർത്തുള്ള തുക ഞാൻ, പണം നൽകിയ വ്യക്തിക്ക് കടപ്പെട്ടിരിക്കുന്നുവെന്നും അത് ഇത്ര നാളുകൾക്ക് ശേഷം വീട്ടിക്കൊള്ളാമെന്നുമാവും ഹുണ്ടിയിൽ സാക്ഷികൾ സഹിതം രേഖപ്പെടുത്തിയിരുന്നത്. അത് പോലെ മറ്റു തരത്തിലുള്ള വ്യാപാരം വഴി കിട്ടാനുള്ള തുകയ്ക്കും ഇങ്ങനെ ഹുണ്ടി എഴുതി വാങ്ങിച്ചിരുന്നു. ഇത് കൂടാതെ ഒരു നാട്ടില് നിന്ന് മറ്റൊരു നാട്ടിലേക്ക് പോകുമ്പോൾ അവിടത്തെ ആവശ്യത്തിനായി പണം ആവശ്യമായി വരുന്ന തുക നാട്ടിലെ പണമിടപാടുകാരനെ ഏല്പിച്ചു ഹുണ്ടി പത്രം വാങ്ങി, മറുനാട്ടിൽ ഇടപാടുകാരന്റെ ഏജന്റില് നിന്ന് കാശ് കൈപ്പറ്റുന്ന രീതിക്കും ഹുണ്ടി എന്ന് പറഞ്ഞു വന്നു. ഇതിന് ചെറിയൊരു രൂപ കമ്മീഷനായി അവർ ഈടാക്കിയിരുന്നു.

Hawala Transactions : Amazing facts to know about it - iPleadersഹുണ്ടിയുടെ ഈ ഇടപാട് രീതിയിൽ നിന്നാണ് ഹവാല അല്ലെങ്കിൽ കുഴൽ പണ ഇടപാടിന് ഹുണ്ടി എന്ന വാക്ക് വരുന്നത്. ബാങ്കിംഗ് മേഖല വ്യാപകമാവുകയും രാജ്യത്തെ കുഗ്രാമങ്ങളിൽ പോലും ബാങ്ക് ശാഖകൾ ആരംഭിക്കുകയും ചെയ്തതോടെ IOU, പ്രോമിസ്സറി നോട്ട്,ഹുണ്ടിക്കുമൊക്കെ പ്രസക്തി നഷ്ടപ്പെട്ടുവെങ്കിലും കള്ളപ്പണം വെളുപ്പിക്കാൻ ശ്രമിക്കുന്നവർ ഹവാല പണമിടപാടുകൾ നിർലോഭം പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു. പണമിടപാട് മേഖലയിൽ പ്രവർത്തിക്കുന്നവരിൽ കൂടുതലും ഗുജറാത്തിലെ സിന്ധികളും മാർവാഡികളുമാണെന്ന് അറിയാമല്ലോ. ഇവരുടെ കേന്ദ്രം മുംബൈയും.

ഹവാല എന്ന വാക്ക് അറബിയിൽ നിന്ന് ഉണ്ടായതെന്ന് പറയപ്പെടുന്നു. എന്നാൽ ഇന്നത്തെ അറബികൾക്കിടയിൽ ഇത്താരമൊരു പണമിടപാട് രീതിയില്ല. എന്നാല് ഗൾഫിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരാണ് ഹവാല അല്ലെങ്കിൽ കുഴൽ പണത്തിനെ ആശ്രയിക്കുന്നവർ എന്നത് യാഥാർഥ്യമാണ്. കുഴലിലൂടെ ഒഴുകി വരുന്നത് പോലെ എന്താണ്, എവിടെ നിന്നാണ് എന്ന് അറിയാതെയുള്ള പണത്തെ കുഴൽ പണമെന്ന് ആരെങ്കിലും വിളിച്ചതാവാം. മറിച്ചു, ഹവാല അല്ലെങ്കിൽ ഹുണ്ടി എന്ന് വിളിച്ചിരുന്ന ഈ പണമിടപാടിന് കുഴലുമായി യാതൊരു ബന്ധവുമില്ല. ഹവാല എന്ന വാക്കിന് കൈമാറ്റം അല്ലെങ്കിൽ വിശ്വാസം എന്ന് അർത്ഥമുണ്ടെന്ന് പറയുന്നു.

ഹവാല വഴി നേട്ടം ആർക്ക്?

നികുതി നൽകാത്ത പണത്തിനെയാണല്ലോ കള്ളപ്പണം എന്ന് പറയുന്നത്. അനധികൃത മാർഗ്ഗത്തിലൂടെ സാമ്പാദിച്ച പണം വെളിപ്പെടുത്താനോ നികുതി അടച്ചു വൈറ്റ് മണിയാക്കാനോ സാധിച്ചില്ല എന്ന് വരാം. കൈക്കൂലിയിലൂടെയും രാജ്യത്തെ കൊള്ളയടിക്കുന്നതിലൂടെയും ഇത്തരക്കാർ നേടുന്ന ഭീമൻ തുകകൾ വിദേശത്തേക്ക് കടത്താനുള്ള എളുപ്പ മാർഗമാണ് ഹവാല.

അപ്പോൾ ഗൾഫിൽ നിന്ന് നാട്ടിലേക്ക് പണം അയക്കുന്ന ഇടപാട് ആണ് ഹവാല എന്ന് പറഞ്ഞിട്ട് ഇപ്പോൾ പറയുന്നു നാട്ടിലെ കള്ളപ്പണം വിദേശത്തേക്ക് അയക്കുന്നതാണ് ഹവാല എന്ന്. പറഞ്ഞു തരാം

വിദേശത്ത് ജോലി ചെയ്യുന്ന ഇന്ത്യക്കാർ നാട്ടിലേക്ക് കാശ് അയക്കാനുള്ള രണ്ട് പ്രധാന മാർഗ്ഗങ്ങളിൽ ഒന്ന് ബാങ്കിലെ അക്കൗണ്ട്ലേക്ക് ട്രാൻസ്ഫർ ചെയ്യലാണ്. മറ്റൊന്ന് ഗൾഫിലെ മണി എക്സ്ചേഞ്ച്ല് ഏല്പിച്ചു നാട്ടിലെ അവരുടെ ബ്രാഞ്ചിൽ നിന്ന് കൈപ്പറ്റുക എന്നാണ്. ഇത് രണ്ടിനും രാജ്യത്ത് നിലവിലുള്ള എക്സ്ചേഞ്ച് റേറ്റ് വെച്ചാണ് കറൻസിയുടെ വില കണക്ക് കൂട്ടുന്നത്. കൂടെ ഏകദേശം 200 മുതൽ 300 രൂപ വരെ കമ്മീഷനും നൽകണം. ഇത്തരത്തിൽ കാശ് അയക്കുമ്പോൾ കാശ് അയക്കുന്ന വ്യക്തി തന്റെ ജോലിസ്ഥലത്ത് നിന്നോ താമസസ്ഥലത്ത് നിന്നോ മണി എക്സ്ചേഞ്ച് വരെ പോകേണ്ടതുണ്ട്. സ്വന്തം വാഹനമില്ലാത്തവർ യാത്ര കൂലി ചിലവിടണം. ഈ കാശ് നാട്ടില് നിന്ന് എടുക്കണമെങ്കിൽ ബാങ്കിലോ എക്സ്ചേഞ്ച്ലോ വീട്ടിലുള്ളവർക്ക് പോകേണ്ടതായി വരും. അതും ഒരു ചിലവും മെനക്കേടുമാണ്. ഇതിൽ നിന്ന് രക്ഷപെടാനായി ചിലരെങ്കിലും നാട്ടിലേക്ക് കാശ് കൊടുത്തയാക്കുന്നത് ഹവാല വഴിയാണ്.

ഹവാല എന്ന് കേൾക്കുമ്പോൾ ഭീമൻ തുക എന്ന് കരുതേണ്ട. വീട്ടിലെ ചിലവിന് ആവശ്യമുള്ള അഞ്ചോ ഇരുപതോ ആയിരം രൂപയാണെങ്കിലും അതിനെയും ഹവാല എന്ന് തന്നെയാണ് പറയാറ്. പൊതുവേ ബാങ്ക് റേറ്റ്നേക്കാൾ നല്ല ഓഫർ ഹവാല ഏജന്റ് തരുമെന്നത് കൊണ്ട് തന്നെ മൊത്തത്തിൽ ഒരു മാസ വീട്ട് ചിലവിനുള്ള കാശ് അയക്കുമ്പോൾ അയക്കുന്ന ആൾക്ക് പത്ത് മുന്നൂർ രൂപയുടെ ലാഭം കാണും. കാശ് അയക്കാൻ ഉണ്ടെങ്കിൽ അവരോട് വിളിച്ചു പറഞ്ഞാല് മതി. ഉടൻ കാശ് നാട്ടില് കൊടുക്കും. ഇവിടെ കൊടുക്കേണ്ട കാശ് പിറ്റേ ദിവസമോ അതിന്റെ പിറ്റേ ദിവസമോ ഏജന്റ് നമ്മുടെ അടുത്ത് വന്ന് കൈപ്പറ്റിക്കോളും. അടുത്തറിയുന്ന ഏജന്റ് ആണെങ്കിൽ ഒരാഴ്ച്ച കഴിഞ്ഞ് ശമ്പളം കിട്ടിമ്പോൾ തരാമെന്ന വ്യവസ്ഥയിലും സമ്മതിക്കും. കൂടാതെ നാട്ടിലെ ഏജന്റ് നമ്മുടെ വീട്ടിന്റെ ഉമ്മറപ്പടിയിൽ വന്ന് ഈ കാശ് നൽകുമെന്നത് കൊണ്ട് വീട്ടില് സ്ത്രീകൾ മാത്രമുള്ള പലരും മുൻകാലങ്ങളിൽ ഹവാലയെ ആശ്രയിച്ചിരുന്നു. ഇത്രയൊക്കെ സൗകര്യമുള്ളത് കൊണ്ടാണ് ഹവാല ഇത്രയും വ്യാപകമാവാൻ ഒരു കാരണം.

ഇനി, ഇതിലെ ഹവാല ഏജന്റുമാർക്ക് ഇതിൽ എന്ത്‌ നേട്ടമെന്നായിരിക്കും നിങ്ങൾ ആലോചിക്കുന്നത്. നേരത്തേ പറഞ്ഞല്ലോ, ഇന്ത്യയിലെ ചില കുത്തക മുതലാളിമാരുടെ അടുത്തും സെലിബ്രിറ്റികളുടെ അടുത്തും കണക്കിൽ പെടാത്ത കോടിക്കണക്കിനു പണം കെട്ടിക്കിടക്കുകയാണ്. കള്ളപ്പണം എന്ന് ചാർത്തപ്പെട്ട ഈ വലിയ തുക കൊണ്ട് അവർക്ക് ഇടപാടുകൾ നടത്താൻ സാധിക്കില്ല. അത് കൊണ്ട് ഈ പണത്തെ വിദേശ പണമാക്കി മാറ്റേണ്ടത് അവരുടെ ആവശ്യമാണ്‌. അതിനുള്ള കുറുക്ക് വഴിയാണ് ഈ ഹവാല. ഉത്തരേന്ത്യയിൽ നിന്ന് ഇത്തരം കള്ളപ്പണത്തിന്റെ ഒരു ഓഹരി ഗൾഫിൽ നിന്ന് ഹവാല വഴി പണം അയക്കുന്നവന്റെ വീട്ടിലെത്തും. അങ്ങനെ നാട്ടില് ലക്ഷങ്ങളും കോടികളും പലയിടത്തായി ഏജന്റ് ചിലവഴിക്കുമ്പോൾ തതുല്യമായ തുക വിദേശത്തെ ഏജന്റിന്റെ കയ്യില് വിദേശ നാണ്യമായി എത്തിയിരിക്കുമല്ലോ. ഈ തുക കൊണ്ട് അതിന്റെ ഉടമയ്ക്ക് വിദേശത്ത് വ്യാപാരം ആരംഭിക്കാനായി ഉപയോഗിക്കാം. അവിടെ റിയൽ എസ്റ്റേറ്റ് മേഖലയിൽ ഇൻവെസ്റ്റ് ചെയ്യാം. സ്വിസ്സ് ബാങ്കുകളിലേക്ക് ട്രാൻസ്ഫർ ചെയ്യാം. അത് കൂടാതെ സ്വർണം വാങ്ങി വീണ്ടും അത് നാട്ടിലേക്ക് എത്തിച്ചും ഇത്തരം കാശ് ഇടപാട് നിലനിർത്തുന്ന കച്ചവടക്കാരും ഇവർക്കിടയിൽ ഉണ്ട്‌. കള്ളപ്പണം വെളുപ്പിക്കാൻ സഹായിക്കുന്നത് കൊണ്ട് നല്ലൊരു കമ്മീഷൻ തുക ഹവാല ഏജന്റമാർക്ക് ലഭിക്കും.

ഓർക്കുക, പണമിടപാടുകൾ ബാങ്ക് വഴി മാത്രം ചെയ്യുക. ചെറിയൊരു നേട്ടത്തിന് വേണ്ടി ഹവാലയെ സമീപിക്കുന്നവർ ഇന്ത്യയിലെ കള്ളന്മാർക്കും അനധികൃത മാർഗ്ഗത്തിലൂടെ കോടികൾ സാമ്പാദിച്ചവരെയുമാണ് സഹായിക്കുന്നത്. ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥ അവതാളത്തിലാവാൻ ഇത് കാരണമാവും. രാജ്യത്തിന്റെ പുരോഗതിയെ തുരങ്കം വെയ്ക്കുന്ന ചിതലശക്തികളെ നമുക്ക് ദൂരത്ത് നിർത്താം.