നമ്മുടെ ശരീരത്തിലെ ജനിതകം മുഴുവനായും മനുഷ്യന്റെ അല്ല എന്ന് പറഞ്ഞാൽ ഒരു പക്ഷെ നിങ്ങൾ വിശ്വസിക്കാൻ ഇടയില്ല

115

Sidhan Varkala

എന്റെ ശരീരത്തിലെ ജനിതകം മുഴുവനായും മനുഷ്യന്റെ അല്ല എന്ന് പറഞ്ഞാൽ ഒരു പക്ഷെ നിങ്ങൾ വിശ്വസിക്കാൻ ഇടയില്ല, പക്ഷെ സത്യമാണ്. എന്റെ ഏതാണ്ട് രണ്ടു ശതമാനത്തോളം ജീനുകൾ നിയാണ്ടെർത്തൽ മനുഷ്യരുടേതാണ്, നമ്മൾ മനുഷ്യർ എന്ന് ഇന്ന് വിളിക്കുന്ന ഹോമോ സാപിയൻസ് ജീനുകൾ ബാക്കി 98 ശതമാനമേ ഉള്ളൂ.

ജർമനിയിലെ നിയാണ്ടെർത്തൽ താഴ്‌വരയിലെ ഒരു ചുണ്ണാമ്പ് കല്ല് ക്വാറിയിൽ നിന്നും മനുഷ്യന്റെ അസ്ഥികൂടത്തിൽ നിന്നും വലിപ്പമുള്ള അസ്ഥികൂടങ്ങൾ കണ്ടെത്തുകയും ക്വാറി മുതലാളി സംശയം തോന്നി ഇക്കാര്യത്തിൽ അറിവുണ്ടായിരുന്ന ഒരു ലോക്കൽ സ്കൂൾ അദ്ധ്യാപകന് ഈ എല്ലുകൾ കൈമാറുകയും അദ്ദേഹം ഇത് മനുഷ്യരോട് സാമ്യമുള്ള എന്നാൽ മനുഷ്യരുടേതിൽ നിന്നും വ്യത്യസ്‍തമായ ഒരു സ്പീഷീസ് ആണെന്നും കണ്ടുപിടിച്ചതോടെയാണ് നിയാണ്ടെർത്തൽ വാർത്താപ്രാധാന്യം നേടുന്നത്.

പിന്നീട് ഫ്രാൻസിലെയും ഇറാഖിലെയും ഗുഹകളിൽ നിന്ന് കൂടുതൽ നാശം സംഭവിക്കാത്ത അസ്ഥികൂടങ്ങൾ കണ്ടെടുക്കപെട്ടു. അഞ്ചു ലക്ഷത്തി അൻപതിനായിരം വർഷങ്ങൾ മുതൽ ഏതാണ്ട് നാല്പതിനായിരം വർഷങ്ങൾക്ക് മുൻപ് വരെ യൂറോപ്പിലും ഏഷ്യയിലും ഹോമോ സെപിയൻസ് എന്ന മനുഷ്യരുടെ കൂടെ ഇടപഴകി ജീവിച്ച ആളുകളാണ് നിയാണ്ടെർത്തൽ എന്ന് കണ്ടെത്തി. നമ്മൾക്കും നിയാണ്ടെർത്തൽ മനുഷ്യർക്കും ഒരു പൊതു മുൻഗാമി ഉണ്ടായിരുന്നു.

ഏതാണ്ട് മനുഷ്യരെ പോലെ തന്നെ ഇരിക്കുന്ന നിയാണ്ടെർത്തൽ മനുഷ്യർ ഇന്നുണ്ടായിരുന്നു എങ്കിൽ ഒരാൾക്കൂട്ടത്തിൽ വച്ച് കണ്ടാൽ പെട്ടെന്ന് വേറെ ഒരു സ്പീഷിസ് ആണെന്ന് കണ്ടെത്താൻ കഴിയാത്ത വിധം മനുഷ്യരും ആയി സാദൃശ്യം ഉണ്ടായിരുന്നു. അവർ സംസാരിക്കുമായിരുന്നു എന്ന് ചില താടിയെല്ലുകളുടെ പഠനത്തിന്റെ അടിസ്ഥാനത്തിൽ ശാസ്ത്രജ്ഞർ അഭിപ്രയപെട്ടിട്ടുണ്ട്.
നിയാണ്ടെർത്തൽ മനുഷ്യന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് DNA വേർതിരിച്ചെടുത്ത് നടത്തിയ ഒരു പഠനമാണ് നിയാണ്ടെർത്തലും മനുഷ്യരും തമ്മിലുള്ള കൂടുതൽ ബന്ധം പുറത്തേക്ക് കൊണ്ടുവന്നത്. Who We Are and How We Got Here എന്ന പുസ്തകം എഴുതിയ David Reich ആണ് അദ്ദേഹത്തിന്റെ റിസേർച്ചിന്റെ ഭാഗമായി നിയാണ്ടെർത്തൽ ഡിഎൻഎ യും മനുഷ്യന്റെ ഡിഎൻഎ യും തമ്മിൽ താരതമ്യം ചെയ്‍തത്. പഠനഫലം കാണിച്ചത് നിയാണ്ടെർത്തൽ DNA യിൽ ഉള്ള ചില സ്ട്രാന്റുകൾ ആധുനിക മനുഷ്യന്റെ DNA യിലും ഉണ്ടെന്നാണ്.

പക്ഷെ യൂറോപ്പിലെയും ഏഷ്യയിലെയും ആളുകളുടെ DNA യിൽ മാത്രമാണ് നിയാണ്ടെർത്തൽ ജീനുകൾ ഉള്ളത്. ആഫ്രിക്കയിലെ ആളുകളുടെ DNA യിൽ ഈ ഭാഗങ്ങൾ ഇല്ല. ഇതിന്റെ അടിസ്ഥാനത്തിൽ അവർ വന്നെത്തിയ അനുമാനം ആഫ്രിക്കയിൽ നിന്ന് ആധുനിക മനുഷ്യൻ ഏഷ്യയിലേക്കും യൂറോപ്പിലേക്ക് കുടിയേറ്റം നടത്തുന്ന സമയത്തത്‍ യൂറോപ്പിലും ഏഷ്യയിലും നിയാണ്ടെർത്തൽ മനുഷ്യർ ജീവിച്ചിരുന്നു. ആധുനിക മനുഷ്യരും നിയാണ്ടെർത്തൽ മനുഷ്യരും തമ്മിൽ ലൈംഗിക ബന്ധവും ഉണ്ടായിരുന്നു. അങ്ങിനെ ഉണ്ടായ കുട്ടികളുടെ പിന്ഗാമികളാണ് ഇന്ന് യൂറോപ്പിലും ഏഷ്യയിലെ ചില ആളുകളും. അതുകൊണ്ടാണ് എന്റെ ശരീരത്തിൽ (രണ്ടു ശതമാനനത്തിൽ താഴെ) നിയാണ്ടെർത്തൽ ജീനുകൾ ഉള്ളത്. നുണക്കുഴി ഇല്ലാത്തതും, ഡാർക്ക് ചോക്ലേറ്റ് എനിക്ക് ഇഷ്ടമുള്ളതും എല്ലാം എന്റെ നിയാണ്ടെർത്തൽ ജീനിന്റെ ഫലമാണ് എന്ന് എന്റെ ജീൻ ടെസ്റ്റ് ചെയ്തവർ പറയുന്നു.

എന്തായാലും നിയാണ്ടെർത്തൽ മനുഷ്യർ നാമാവശേഷം ആകാനുള്ള കാരണങ്ങൾ ആയി കാലാവസ്ഥ വ്യത്യാസം മുതൽ ആധുനിക മനുഷ്യരുടെ ഇടപെടൽ വരെ കാരണങ്ങളായി പറയുന്നുണ്ട്. ഏതാണ്ട് അറുപതിനായിരത്തോളം വർഷങ്ങൾക്ക് മുൻപാണ് നമ്മൾ ആഫ്രിക്കയിൽ നിന്ന് പുറത്തേക്ക് യാത്ര തുടങ്ങിയത്. നമ്മൾ നിയാണ്ടെർത്തൽ മനുഷ്യരെ കണ്ടെത്തി ഇരുപതിനായിരം വർഷങ്ങൾക്ക് ശേഷം നിയാണ്ടെർത്തൽ മനുഷ്യർ നന്മവശേഷം ആയി പോവുകയും ചെയ്തു. (നിയാണ്ടെർത്തൽ മനുഷ്യരുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയതിനടുത്ത് ഉള്ള ആധുനിക മനുഷ്യർ താമസിച്ച ഗുഹകളിൽ ഉള്ള ചില ഗുഹാചിത്രങ്ങളിൽ അന്ന് അവിടെ സുലഭമായി ഉണ്ടായിരുന്നു മാമത്ത് എന്ന ആനയുടെ ചിത്രങ്ങളും ഉണ്ട്. മാമത്ത് നാമാവശേഷം ആയതും മനുഷ്യർ വന്നു കുറച്ചു കഴിഞ്ഞതിനു ശേഷം ആണ്). എന്തായാലും നിയാണ്ടെർത്തൽ പൂർണമായും നാമാവശേഷമായിട്ടില്ല എന്നും ചില സവിശേഷതകൾ നമ്മിലൂടെ ജീവിക്കുന്നു എന്നും വേണമെങ്കിൽ പറയാം.

നിയാണ്ടെർത്തൽ മാത്രമല്ല ഇതുപോലെ നമ്മിൽ നിന്നും വ്യത്യസ്‍തർ ആയ മനുഷ്യരായി ഉണ്ടായിരുന്നത്. തെക്കൻ സൈബീരിയയിൽ ഡെനിസോവൻ എന്ന മനുഷ്യരും വേറെ സ്പീഷീസ് ആയിരുന്നു. അവരും ആധുനിക മനുഷ്യരും ആയി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ട്. പാപുവ ന്യൂ ഗിനിയയിൽ മനുഷ്യരിൽ ഇവരുടെ ജീനുകളുടെ ബാക്കിപത്രം കാണാം.
“നീയൊക്ക ഒരു മനുഷ്യനാണോടാ” എന്നാരെങ്കിലും ഇനിയെന്നോട് ചോദിച്ചാൽ ഉത്തരം പറയാൻ കുറച്ചാലോചിക്കേണ്ടി വരും