2013 തൊട്ട് ഹിറ്റായി മാറുന്ന പൃഥ്വിരാജ് സിനിമകള്‍ക്കെല്ലാം ഒരു പാറ്റേണ്‍ ഉണ്ട്, വളരെ വലിയ സാമ്യത ഈ സിനിമകളെല്ലാം തമ്മില്‍ ഉണ്ട്

0
168

Sidharth M എഴുതുന്നു 

എനിക്ക് മാത്രം തോന്നിയതാണോ എന്നറിയില്ല !
2013 തൊട്ട് ഹിറ്റായി മാറുന്ന പൃഥ്വിരാജ് സിനിമകള്‍ക്കെല്ലാം ഒരു പാറ്റേണ്‍ ഉണ്ട് . യാദൃശ്ചികമാണെങ്കില്‍ പോലും , വളരെ വലിയ സാമ്യത ഈ സിനിമകളെല്ലാം തമ്മില്‍ ഉണ്ട് .
2013ല്‍ ആദ്യം പുറത്തിറങ്ങിയ റോഷന്‍ ആന്‍ഡ്രൂസ് – ബോബിസഞ്ജയ് -പൃഥ്വി കൂട്ടുകെട്ടിലൊരുങ്ങിയ മുംബൈ പോലീസ് ,
2013 ഓണം റിലീസ് ആയി എത്തിയ ജീത്തു ജോസഫ് – പൃഥ്വി കൂട്ടുകെട്ടിലെ മെമ്മറീസ് ,
ഈ രണ്ട് സിനിമകളും മലയാള സിനിമാ ചരിത്രത്തിലെ തന്നെ എണ്ണംപറഞ്ഞ ത്രില്ലറുകളാണ്. അതാത് രീതിയില്‍ ക്ലീഷേകളെ പൊളിച്ചെഴുതിയ രണ്ട് മികച്ച സിനിമകള്‍ . മലയാള സിനിമയില്‍ നിര്‍മ്മിക്കപ്പെട്ട ത്രില്ലറുകളിലെ ആദ്യ പത്ത് മികച്ച ചിത്രങ്ങളില്‍ വരെ ഉള്‍പ്പെടുത്താന്‍ കഴിയുന്ന ഏറെ നിലവാരം പുലര്‍ത്തിയ വളരെ മികച്ച രണ്ട് സൃഷ്ടികള്‍. രണ്ട് സിനിമകളും ബോക്സോഫീസില്‍ വന്‍ വിജയമായി മാറി
രണ്ടും സംഭവിക്കുന്നത് പൃഥ്വിക്ക് വിജയം ഏറെ അനിവാര്യമിയിരുന്ന സമയത്ത് . വരിവരിയായ് നാല് ഹിറ്റുകള്‍ അയാളും ഞാനും തമ്മില്‍ , സെല്ലുലോയിഡ് , മുംബൈ പോലീസ് ,മെമ്മറീസ്. അഞ്ചാം ചിത്രം പരാജയം !! ഇതില്‍ പ്രമേയപരമായ് മുംബൈ പോലീസും മെമ്മറീസും അടുത്തടുത്ത് നില്‍ക്കുന്നു
ശേഷം വീണ്ടും രണ്ട് വര്‍ഷങ്ങള്‍ക്കപ്പുറം 2015ല്‍ ഏറെ പ്രതീക്ഷയുണ്ടായിരുന്ന രണ്ട്‌ ബിഗ് ബഡ്ജറ്റ് സിനിമകള്‍ ദാരുണമായ് ബോക്സോഫീസില്‍ തകര്‍ന്നടിഞ്ഞു (ഇവിടെ, ഡബിള്‍ ബാരല്‍) . വാണിജ്യപരമായ് നോക്കിയാല്‍ ഡബിള്‍ ബാരല്‍ മലയാളത്തിലെ എക്കാലത്തെയും വലിയ ബോക്സോഫീസ് ദുരന്തങ്ങളിലൊന്നാണ് . വീണ്ടും ഒരു വിജയം അനിവാര്യമായിരുന്നപ്പോഴാണ് വിമര്‍ശകരെയും പ്രേക്ഷകരെയും ഒരേ പോലെ ഞെട്ടിച്ച്കൊണ്‌ട് വരി വരിയായ് നാല് സൂപ്പര്‍ഹിറ്റുകള്‍ . മൊയ്തീന്‍ കരിയറിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായപ്പോള്‍ , പിന്നാലെയെത്തിയ അമര്‍ അക്ബര്‍ അന്തോണി രണ്ടാം സ്ഥാനത്തെത്തി , രണ്ട് ബ്ലോക്ക്ബസ്റ്ററുകള്‍ . മൂന്നാമതായി ഇറങ്ങിയ അനാര്‍ക്കലിയും സൂപ്പര്‍ഹിറ്റായി മാറി . ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം പുറത്തിറങ്ങിയ പാവാടയും മറ്റൊരു സൂപ്പര്‍ഹിറ്റ് !!
ഈ കൂട്ടത്തില്‍ R S വിമല്‍ സംവിധാനം ചെയ്ത എന്ന് നിന്റെ മൊയ്തീനും , സച്ചി സംവിധാനം ചെയ്ത അനാര്‍ക്കലിയുടെയും പ്രധാന കഥാതന്തു ഒന്ന് തന്നെയാണ്. ”പ്രണയ സാക്ഷാത്കാരത്തിന് വേണ്ടി നീണ്ട കാത്തിരിപ്പു തുടരുന്ന രണ്ട് പേര്‍.” ഒന്ന് ശുഭപര്യവസായി ആയെങ്കില്‍ മറ്റത് ദുരന്തപര്യവസായി ആയിരുന്നു. 2012-2013ന് ശേഷം വീണ്ടും വരിവരിയായ് നാല് ചിത്രങ്ങള്‍ അഞ്ചാം ചിത്രം പരാജയവും !! പ്രമേയപരമായ് അനാര്‍ക്കലിയും മൊയ്തീനും പുലര്‍ത്തുന്ന സാമ്യതയാണ് ഇവിടെയും അത്ഭുതം ഉളവാക്കുന്നത്
വീണ്ടും ഒരു വലിയ ഗ്യാപ്പിന് ശേഷം 2019ല്‍ പൃഥ്വിരാജിന് വീണ്ടും ഒരു ഹിറ്റ് അനിവാര്യമാവുന്ന അവസ്ഥ ഉണ്ടാകുന്നു. ലൂസിഫര്‍ സമ്മാനിച്ച വിജയവും 9ന്റെ പരാജയവും കൊണ്‌ട് സൃഷ്ടിക്കപ്പെട്ട ബാധ്യതയായിരുന്നു പൃഥ്വിരാജ് എന്ന ‘നടന്റെ’ ലേബലില്‍ കിട്ടേണ്ട ഒരു സൂപ്പര്‍ ഹിറ്റ്. പരീക്ഷണങ്ങള്‍ ചെയ്ത് ചെയ്ത് ന്യൂട്രല്‍ ഓഡിയന്‍സിന് വരെ അമര്‍ഷം തോന്നിതുടങ്ങിയ സമയത്താണ് ഫാന്‍സിന് പോലും പ്രതീക്ഷയില്ലാതിരുന്ന ഡ്രൈവിംഗ് ലൈസന്‍സ് പുറത്തിറങ്ങിയതും . സൂപ്പര്‍ഹിറ്റായി മാറിയതും!! ഒരു മാസത്തിന് ശേഷം ഈ പതിറ്റാണ്ടിലെ ആദ്യ പൃഥ്വി ചിത്രം പുറത്തിറങ്ങി, pre release ഹൈപ്പിനോട് നൂറ് ശതമാനം നീതി പുലര്‍ത്തിയ അയ്യപ്പനും കോശിയും പൃഥ്വിയുടെ കരിയറിലെ സര്‍വ്വകാല വിജയങ്ങളിലൊന്നായി മാറാന്‍ പോവുകയാണ് .
ഇവിടെയാണ് ഒരു പക്ഷെ ഈ പാറ്റേണിലെ ഏറ്റവും അദ്ഭുതകരമായ റിപ്പറ്റീഷന്‍ വരുന്നത് , വളരെ unusual plot ആയ ഒരു ചെറിയ ത്രെഡ് . രണ്ട് പേര്‍ക്കിടയില്‍ ഉടലെടുക്കുന്ന ഈഗോ ക്ലാഷ് , ആ ക്ലാഷില്‍ നിന്നും വികസിക്കുന്ന കഥാപരിസരവും കഥാപാത്രങ്ങളും !!!
രണ്ടിന്റെയും തിരക്കഥാകൃത്ത് സച്ചിയും !!
ഇനി ഈ വര്‍ഷത്തിന്റെ അടുത്ത പകുതിയിലെ ബാക്കി റിലീസുകള്‍ ഉള്ളു. അത് കൊണ്ട് ഇവിടെയും നാല് എന്ന മാന്ത്രികസംഖ്യ ആവര്‍ത്തിക്കുമോയെന്ന് കണ്ടറിയണം . എന്നാലും എങ്ങിനെയാണ് ഇത്രയധികം സാമ്യതകള്‍ ? ഒന്നുകില്‍ ആശാന്റെ നെഞ്ചത്ത് അല്ലെങ്കില്‍ കളരിക്ക് പുറത്ത് എന്ന് പറയുന്നത് പോലെ തീര്‍ത്തും unpredictable ആയ മനുഷ്യന്‍. ഒന്നുകില്‍ ഹിറ്റേ ഇല്ല , അല്ലെങ്കില്‍ പുള്ളിക്ക് മാത്രേ ഹിറ്റ് ഉള്ളു എന്ന അവസ്ഥ ! അതില്‍ തന്നെ ഡ്രൈവിംഗ് ലൈസന്‍സിന്റെയും , അയ്യപ്പനും കോശിയിലെയും unusual plot ആണ് ഏറ്റവും വലിയ അത്ഭുതം ! എന്ത് തന്നെ ആയാലും , പാവാട ഒഴികെ ബാക്കിയെല്ലാ ചിത്രങ്ങളും നല്ല നിലവാരവും പുലര്‍ത്തുന്നുണ്ട്
നബി : ലാസ്റ്റ് ബട് നോട് ലീസ്റ്റ് ഇനി ശെരിക്കും ഇതിയാന്‍ ഇല്ല്യൂമിനാറ്റി വല്ലോം ആണോ ??