കഴിഞ്ഞ ദിവസം അന്തരിച്ച വിദ്യാഭ്യാസ വിദഗ്ധയും പ്രശസ്ത വനിതാ ക്ഷേമ പ്രവർത്തകയുമായ മേരി റോയ് വിദ്യാഭ്യാസരംഗത്തും വനിതാക്ഷേമ രംഗത്തുമൊക്കെ അക്ഷരാർത്ഥത്തിൽ വിപ്ലവം തന്നെയാണ് സൃഷ്ടിച്ചത് . കോട്ടയത്തെ പ്രശസ്തമായ പള്ളിക്കൂടം സ്കൂളിന്റെ സ്ഥാപകയായ മേരി റോയിയാണ് ക്രിസ്‌ത്യൻ പിന്തുടർച്ചാവകാശ നിയമപ്രകാരം പിതൃസ്വത്തിൽ പെൺമക്കൾക്കും തുല്യാവകാശമുണ്ടെന്ന സുപ്രീംകോടതി വിധിക്കു വഴിയൊരുക്കിയത്. പരേതനായ രാജീബ് റോയ് ആണ് ഭർത്താവ്. പ്രശസ്ത എഴുത്തുകാരിയും ബുക്കർ പ്രൈസ് ജേതാവുമായ അരുന്ധതി റോയിയും ലളിത് റോയിയും മക്കളാണ്. വായിക്കാം മേരിറോയിയുടെ ചരിത്രം.

Sigi G Kunnumpuram
കോട്ടയത്തെ ആദ്യകാല സ്കൂളുകളില്‍ ഒന്നായ റവ. റാവു ബഹദൂർ ജോൺ കുര്യൻ സ്കൂളിന്റെ സ്ഥാപകൻ ജോൺ കുര്യന്റെ പേരക്കുട്ടിയും പി.വി. ഐസക്കിന്റെ നാലു മക്കളില്‍ ഏറ്റവും ഇളയവളായി 1933 ൽ കോട്ടയം അയ്മനത്താണ് മേരി റോയിയുടെ ജനനം. മേരിക്കു നാലു വയസുളളപ്പോള്‍ വിദേശ വിദ്യാഭ്യാസം കഴിഞ്ഞ് കൃഷിവകുപ്പില്‍ ഉന്നത ഉദ്യോഗസ്ഥനായി നിയമിതനായ അച്ഛനുമൊത്ത് കുടുംബം 1937–ല്‍ അയ്മനത്തുനിന്ന് ഡല്‍ഹിയിലെത്തി. അവിടെ ജീസസ് മേരി കോണ്‍വെന്റിലും കുറച്ചുകാലം മദ്രാസിലെ ഒരു ബോര്‍ഡിംഗ് സ്കൂളിലും പഠിച്ചു. പെന്‍ഷനായി ഡല്‍ഹിയില്‍ നിന്നു മടങ്ങിയെത്തിയപ്പോള്‍ അച്ഛന്‍ ഊട്ടിയില്‍ ഒരു വീടു വാങ്ങി. തുടര്‍ന്ന് മേരി പഠിച്ചത് ഊട്ടിയിലെ നസ്രേത്ത് കോണ്‍വെന്റിലാണ്.
പ്രതിഭാശാലിയായിരുന്നു മേരിയുടെ അമ്മ. നല്ലതുപോലെ പാടുമായിരുന്നു അവര്‍. വയലിനും വായിച്ചിരുന്നു. ടെന്നീസ് കളിച്ചിരുന്നു. തന്നേക്കാള്‍ 18 വയസു കൂടുതലുണ്ടായിരുന്ന ഭര്‍ത്താവുമായുളള അവരുടെ ബന്ധം തികച്ചും പരിതാപകരമായിരുന്നു. സുമുഖനും വിദ്യാസമ്പന്നനുമായിരുന്ന ആ ഭര്‍ത്താവ് ഭാര്യയേയും കുട്ടികളെയും മര്‍ദ്ദിക്കുന്നതില്‍ ആനന്ദം കണ്ടെത്തി. ഊട്ടിയില്‍ വാസം തുടങ്ങി അധികനാള്‍ കഴിഞ്ഞില്ല. കൊടുംതണുപ്പുളള ഒരു രാത്രിയില്‍ മേരിയുടെ അമ്മയെ ഭീകരമായി മര്‍ദ്ദിച്ച്, വാതില്‍ തുറന്നു പുറത്തേക്ക് തളളി. ഇതൊക്കെ കണ്ടുകൊണ്ടിരുന്ന മേരി മറ്റൊരു വാതിലിലൂടെ പുറത്തു ചാടി,കുന്നിന്റെ മുകളില്‍ ഒരു കെട്ടിടത്തില്‍ മാത്രം വെളിച്ചം കാണാം. അമ്മയും മകളും അങ്ങോട്ടു നടന്നു. ജനറല്‍ പോസ്റ്റ് ഓഫീസായിരുന്നു അത്. വിവരങ്ങള്‍ ചോദിച്ചു മനസിലാക്കിയ പോസ്റ്റ് മാസ്റ്റര്‍, മുകളിലത്തെ നിലയിലുളള തന്റെ ക്വാര്‍ട്ടേഴ്‌സിലേക്ക് കൂട്ടിക്കൊണ്ടുപോയി. അമ്മയുടെ അച്ഛന് ടെലിഗ്രാം അയച്ചു. മുത്തച്ഛന്റെ വീട്ടില്‍നിന്നും ആളെത്തുന്നതുവരെ മേരിയും അമ്മയും പോസ്റ്റ് മാസ്റ്ററുടെ വീട്ടില്‍ കഴിഞ്ഞു. അയ്മനത്തുനിന്നും വന്ന ആളോടൊപ്പം അവര്‍ കേരളത്തിലേക്ക് പോയി.
ബിരുദ പഠനത്തിനായി മദ്രാസിലെ ക്വീന്‍ മേരീസ് കോളജിലാണ് മേരി ചേര്‍ന്നത്.പഠനത്തില്‍ മേരിക്ക് വലിയ താല്‍പര്യമുണ്ടായിരുന്നില്ല. എല്ലാ വിഷയങ്ങള്‍ക്കും കഷ്ടിച്ചു ജയിച്ചു. സാമ്പത്തികമായി വല്ലാതെ ഞെരുക്കം അനുഭവിച്ച കാലമായിരുന്നു അത്. ബി.എ ബിരുദ സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കാനുളള പണം പോലും ഉണ്ടായിരുന്നില്ല. കോട്ടയത്ത് തിരിച്ചെത്തിയിട്ടും ഇല്ലായ്മ തുടര്‍ന്നു. അച്ഛന്റെ പാട്ടക്കാര്‍ എത്തിച്ചു കൊടുക്കാറുണ്ടായിരുന്ന നെല്ലു മാത്രമായിരുന്നു ആകെ വരുമാനം. കറി വയ്ക്കാന്‍ പറമ്പില്‍ വളര്‍ന്നു നില്‍ക്കുന്ന പച്ചച്ചീരയും. വിധവയായില്ലെങ്കിലും വിധവയെപ്പോലെ കഴിയുന്ന അമ്മയുമൊത്ത് മേരി പ്രത്യേകിച്ച് യാതൊന്നും ചെയ്യാതെ ഒരു വര്‍ഷം തളളിനീക്കി. അപ്പോഴേയ്ക്കും ഓക്‌സ്‌ഫോര്‍ഡില്‍ നിന്ന് ബിരുദവുമെടുത്ത് മൂത്ത ജ്യേഷ്ഠന്‍ ജോര്‍ജ് കല്‍ക്കത്തയില്‍ ജോലിയില്‍ പ്രവേശിച്ചിരുന്നു. മേരി അങ്ങോട്ടു പോയി. ടൈപ്പ്‌റൈറ്റിംഗും ഷോര്‍ട്ട്ഹാന്‍ഡും പഠിച്ചു. മെറ്റല്‍ ബോക്‌സ് എന്ന കമ്പനിയില്‍ സെക്രട്ടറിയായി ജോലി ലഭിച്ചു. ഒരു ചണമില്ലില്‍ ഉയര്‍ന്ന ഉദ്യോഗം, ധാരാളം പണം. തന്നെ വിവാഹം കഴിക്കുമോ എന്ന് അയാള്‍ ചോദിച്ചപ്പോള്‍ മേരിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. തന്റെ കുടുംബമെന്ന നരകത്തില്‍ നിന്നു രക്ഷപ്പെടുക മാത്രമായിരുന്നു ലക്ഷ്യം. മേരി ഒരു ബംഗാളി ബ്രാഹ്മണനെ വിവാഹം കഴിക്കുന്നതില്‍ കുടുംബക്കാര്‍ക്കും കാര്യമായ എതിര്‍പ്പുണ്ടായിരുന്നില്ല. സ്ത്രീധനം കൊടുക്കേണ്ടല്ലോ!
പണം, ജോലിക്കാര്‍, കാറുകള്‍… മേരി റോയ് ആയിത്തീര്‍ന്ന മേരിക്ക് പുതിയ ജീവിതം ഇഷ്ടപ്പെട്ടു. ചണമില്ലില്‍നിന്നു പുറത്താക്കപ്പെട്ടപ്പോള്‍ രാജീബ് റോയി ആസാമില്‍ ഒരു തേയിലത്തോട്ടത്തില്‍ മാനേജരായി. അവിടുത്തെ ജീവിതം കുറേക്കൂടി രാജകീയമായിരുന്നു. വീട്ടുജോലിക്കു തന്നെയുണ്ടായിരുന്നു മുപ്പതുപേര്‍. എന്നാല്‍ റോയി ഒരു ആല്‍ക്കഹോളിക് ആയിരുന്നെന്ന കാര്യം മേരി അറിഞ്ഞിരുന്നില്ല. വിവാഹത്തിന്റെ ദിവസവും മൂക്കറ്റം കുടിച്ചിരുന്നു. “എന്റെ ഭര്‍ത്താവ് ഒരു നല്ല മനുഷ്യനായിരുന്നു. എന്നാല്‍, അദ്ദേഹം മദ്യത്തിന്റെ അടിമയായിരുന്നു. അങ്ങനെയല്ലെന്ന് സ്വയം ചിത്രീകരിക്കാന്‍ അദ്ദേഹം ശ്രമിച്ചിരുന്നുമില്ല. അദ്ദേഹത്തെ വിവാഹം കഴിച്ചത് എന്റെ തെറ്റായിരുന്നു. ഞാന്‍ അദ്ദേഹത്തിനോ അദ്ദേഹം എനിക്കോ വേണ്ടി സൃഷ്ടിക്കപ്പെട്ടിരുന്നവരല്ല. രക്ഷപ്പെടാന്‍ കഴിയാത്ത ഒരവസ്ഥയില്‍ എത്തുന്നതിനു മുന്‍പ് അദ്ദേഹത്തെ വിട്ടുപോകണമെന്ന് മേരി റോയ്ക്ക് മനസിലായി. മദ്യപാനസ്വഭാവം മൂലം ഒരു ജോലിയിലും സ്ഥിരമായി നില്‍ക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞിരുന്നില്ല. മേരി കുട്ടികളുമായി സ്ഥലം വിട്ടു. അവര്‍ക്ക്മുപ്പതു വയസ്. ലളിതും അരുന്ധതിയുമൊത്ത് ഊട്ടിയില്‍ പൂട്ടിക്കിടന്ന അച്ഛന്റെ വീട്ടിലേക്കാണ് അവര്‍ പോയത്. 350 രൂപ ശമ്പളത്തില്‍ ഒരു ജോലിയും ലഭിച്ചു. എന്നാല്‍ അധികകാലം ഊട്ടിയിലെ വീട്ടില്‍ താമസിക്കാന്‍ കഴിഞ്ഞില്ല. അവിടെനിന്നും ഇറങ്ങിക്കൊടുക്കണമെന്ന് മറ്റു കുടുംബാംഗങ്ങള്‍ ആവശ്യപ്പെട്ടു. മേരി റോയി വീടു സ്വന്തമാക്കിയാലോ എന്നായിരുന്നു അവരുടെ ഭയം. ജോര്‍ജ് ഗുണ്ടകളുമായെത്തി, കതകു ചവിട്ടിപ്പൊളിച്ചു മേരി റോയിയെയും കുട്ടികളെയും പുറത്താക്കി.
1916 ന് നിലവില്‍ വന്ന തിരുവിതാംകൂര്‍ ക്രിസ്തീയ പിന്‍തുടര്‍ച്ചാ നിയമ പ്രകാരം കുടുംബ സ്വത്തില്‍ പെണ്‍മക്കള്‍ക്ക് തുല്യ അവകാശമുണ്ടായിരുന്നില്ല. മകന് ലഭിക്കുന്ന വീതത്തിന്‍റെ നാലിലൊന്നോ അയ്യായിരും രൂപയോ ഏതാണ് കുറവ് അതായിരുന്ന നിയമ പ്രകാരം പെണ്‍മക്കള്‍ക്ക് ലഭിക്കുമായിരുന്ന ഓഹരി. വില്‍പ്പത്രം എഴുതാതെ പിതാവ് മരിച്ചാല്‍ പെണ്‍മക്കള്‍ക്ക് കുടുംബ സ്വത്തില്‍ നാമ മാത്ര അവകാശം മാത്രം നല്‍കിയിരുന്ന നിയമത്തിനെതിരായായിരുന്നു മേരി റോയിയുടെ പോരാട്ടം. സമ്പന്നമായ സിറിയന്‍ ക്രൈസ്തവ കുടുംബത്തില്‍ ജനിച്ച മേരി വിവാഹ ജീവിതത്തിലുണ്ടായ താളപ്പിഴയെ തുടര്‍ന്നാണ് കുടുംബ സ്വത്തിന്‍റെ അവകാശത്തിനായി ശ്രമിച്ചത്. കുടുംബ വീട്ടില്‍ താമസിക്കാനുള്ള അവകാശത്തിന് വേണ്ടിയുള്ള മേരിയുടെ പോരാട്ടമാണ് പിന്നീട് അനവധി ക്രൈസ്തവ വനിതകളുടെ സംരക്ഷണത്തിന് വഴിയൊരുക്കിയ നിര്‍ണ്ണായക കോടതി തീരുമാനത്തിലേക്ക് എത്തിയത്.
മേരി റോയിയുടെ നിയമപോരാട്ടത്തിനൊടുവിൽ, 1916 ലെ തിരുവിതാംകൂർ ക്രിസ്തീയ പിന്തുടർച്ചാ അവകാശ നിയമം അസാധുവാണെന്നും വിൽപത്രമെഴുതാതെ മരിക്കുന്ന പിതാവിന്റെ സ്വത്തിൽ ആൺമക്കൾക്കും പെൺമക്കൾക്കും തുല്യ അവകാശമാണെന്നുമുള്ള സുപ്രധാന വിധി സുപ്രീം കോടതി പുറപ്പെടുവിച്ചു. തുല്യതാ അവകാശം സുപ്രിം കോടതി വിധിച്ചുവെങ്കിലും ആ വിധി നടപ്പാക്കി കിട്ടുവാനും മേരി റോയ്ക്ക് കോടതികള്‍ കയറി ഇറങ്ങേണ്ടി വന്നു. കേസിലൂടെ അവകാശം നേടിയ വീട് മേരി റോയ് പിൽക്കാലത്തു സഹോദരനുതന്നെ തിരിച്ചുനൽകി. സഹോദരന് എതിരെയല്ല കോടതിയിൽ പോയതെന്നും നീതി തേടിയാണെന്നും മക്കൾ തുല്യരാണ്, പെൺകുട്ടി രണ്ടാം കിടക്കാരിയാണെന്ന ചിന്ത മാറണം, അതിനുവേണ്ടിയുള്ള യുദ്ധം മാത്രമായിരുന്നു അതെന്നും പിന്നീട് മേരി റോയ് വ്യക്തമാക്കി.
ഊട്ടിയിലെ ജീവിതം മടുത്ത് കോട്ടയത്തെത്തിയ മേരി റോയിക്ക് ജീവിക്കാനും ജോലി ചെയ്യാനും വളരാനും ആരും സുവർണ പരവതാനി വിരിച്ചിരുന്നില്ല. സാഹചര്യങ്ങളോട് പടവെട്ടിയാണ് അവർ വളർന്നത്. റോട്ടറി ക്ലബിന്റെ വാടയ്‌ക്കെടുത്ത ഹാളിലായിരുന്നു ഇന്നത്തെ പള്ളിക്കൂടത്തിന്റെ എളിയ തുടക്കം. 1969 ൽ സ്‌കൂൾ തുടങ്ങി. ഒന്നു മുതൽ 5 വരെയുള്ള ക്ലാസ്സിലെ കുട്ടികൾ. എല്ലാവരെയും ഒന്നിച്ചിരുത്തി പുതിയ വിദ്യാഭ്യാസ സമ്പ്രദായത്തിലേക്ക് മേരി റോയ് ആദ്യത്തെ ചുവടുവച്ചു. ധനികരായ ബന്ധുക്കൾ പുച്ഛിച്ചു. നഴ്‌സറി ടീച്ചർ എന്നു വിളിച്ചു കളിയാക്കി. മേരി റോയ് തളർന്നില്ല. നഴ്‌സറി ടീച്ചർ എന്ന പദവി ഒരു കുറവല്ലെന്ന് അവർക്ക് അറിയാമായിരുന്നു. അതു സമൂഹത്തെ ബോധ്യപ്പെടുത്തുമെന്നും തീരുമാനിച്ചു. ആ ദൃഢനിശ്ചയം പിന്നീട് അവരുടെ ഓരോ ചുവടിലും കരുത്ത് പകർന്നു. കുട്ടികൾ നന്നായി കാര്യങ്ങൾ മനസ്സിലാക്കാൻ തുടങ്ങിയതോടെ രക്ഷകർത്താക്കൾക്കും സംഭവം ഇഷ്ടപ്പെട്ടു. ഇന്നലെ വരെ പഠിച്ച രീതിയിൽനിന്നു വ്യത്യസ്തമായി മികച്ച ഒരു അധ്യാപിക പുതിയൊരു വിദ്യാഭ്യാസ സമ്പ്രദായത്തിലൂടെ പുതിയൊരു തലമുറയെ പുത്തൻ ഭാവിയിലേക്കു നയിക്കുന്നു. അതാണു പിന്നീട് ലോകം കണ്ടത്.കലാകായിക രംഗത്തെ മികവുകൾ എത്ര പറഞ്ഞാലും തീരില്ല. അറിവു സ്വന്തമാക്കുക മാത്രമല്ല, വ്യക്തി എന്ന നിലയിൽ സമഗ്ര വളർച്ചയിലേക്കുള്ള ആദ്യത്തെ പടവുകളിലേക്ക് ധീരമായി നയിക്കുന്ന യഥാർഥ വിദ്യാഭ്യാസ സ്ഥാപനം.
കുട്ടികൾ കൂടാൻ തുടങ്ങി. സ്ഥലം തികയാതെ വന്നു.1966–ല്‍ അമ്മയും സഹോദരങ്ങളും ചേര്‍ന്ന് ഊട്ടിയിലെ വീട് ഇഷ്ടദാനമായി തന്നു. അത് വിറ്റുകിട്ടിയ പണത്തില്‍ ഒരു ലക്ഷം രൂപകൊണ്ടാണ് കോട്ടയത്ത് കളത്തിപ്പടിയിൽ കുന്നിൽ അഞ്ചേക്കർ സ്ഥലം സ്വന്തമാക്കി. നിയോഗം പോലെ ലാറി ബേക്കർ എത്തി. സ്‌കൂൾ ഉയർന്നു. (പിന്നീടത് 10 ഏക്കറിലായി).
താഴന്ന ക്ലാസ് മുതലേ ഏറ്റവും മികച്ച അധ്യാപകരാണ് കുട്ടികളെ നയിക്കുന്നത്. താഴ്ന്ന ക്ലാസ്സിൽ നിലവാരം കുറഞ്ഞ അധ്യാപകർ എന്ന രീതിയില്ല. അടിസ്ഥാനം നന്നായാൽ കെട്ടിടം ഉറപ്പോടെ നിൽക്കും എന്നതുപോലെ തുടക്കം നന്നാകുന്ന കുട്ടികൾ മികച്ച ഭാവിലേക്കു മുന്നേറും എന്ന് അവർക്ക് ഉറപ്പായിരുന്നു. പള്ളിക്കൂടത്തിൽനിന്ന് മികച്ച നിലയിൽ പുറത്തിറങ്ങുകയും ജീവിതത്തിന്റെ വ്യത്യസ്ത വഴികളിലൂടെ മുന്നേറുകയും ചെയ്ത ഓരോ കുട്ടിയും ഈ വിദ്യാഭ്യാസ രീതിയുടെ ഗുണഭോക്താവാണ്. അവർ ഒരിക്കലും അറച്ചു നിൽക്കുന്നില്ല. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അവർക്ക് പ്രവേശനം ലഭിച്ചിട്ടുണ്ട്. ഉയർന്ന നിലകളിൽ എത്തി ജീവിക്കുന്നുണ്ട്. അവരുടെ മക്കൾ പള്ളിക്കൂടത്തിലേക്കു തന്നെ വരുന്നുമുണ്ട്.
42 വർഷം പ്രിൻസിപ്പൽ സ്ഥാനത്തു നിന്നു മേരി റോയ് നയിച്ച, ഒട്ടേറെത്തവണ മികച്ച സ്‌കൂളിനുള്ള അംഗീകാരം നേടിയ പള്ളിക്കൂടം.കലാകായിക രംഗത്തെ മികവുകൾ എത്ര പറഞ്ഞാലും തീരില്ല. അറിവു സ്വന്തമാക്കുക മാത്രമല്ല, വ്യക്തി എന്ന നിലയിൽ സമഗ്ര വളർച്ചയിലേക്കുള്ള ആദ്യത്തെ പടവുകളിലേക്ക് ധീരമായി നയിക്കുന്ന യഥാർഥ വിദ്യാഭ്യാസ സ്ഥാപനം
മേരി റോയ് പകർന്ന ബദൽ വിദ്യാഭ്യാസത്തിന്റെ വെളിച്ചം പിൽക്കാലത്ത് ഒട്ടേറെപ്പേർ ഏറിയും കുറഞ്ഞും പകർത്തി. അപ്പോഴും ഉയർന്നുതന്നെ നിന്നു പള്ളിക്കൂടം; ശിൽപിയായ മേരി റോയിയും.പരേതനായ രാജീബ് റോയ് ആണ് ഭര്‍ത്താവ്. പ്രശസ്ത എഴുത്തുകാരി അരുന്ധതി റോയ്‌യും ലളിത് റോയ്‌യും മക്കളാണ്.
ബുക്കർ സമ്മാനം നേടിയ ആദ്യ നോവൽ ‘ഗോഡ് ഓഫ് സ്മോൾ തിങ്സ്’ അരുന്ധതി റോയ് സമർപ്പിച്ചിരിക്കുന്നത് അമ്മയ്ക്കാണ്