രാകേഷ് ജുൻജുൻവാല
ആദരാഞ്ജലികള്‍
Sigi G Kunnumpuram
ആദായ നികുതി വകുപ്പിലെ ജീവനക്കാരനായിരുന്ന രാധേശ്യാംജി ജുൻജുൻവാലയുടേയും ഊർമ്മിള ജുൻജുൻവാലയുടേയും മകനായിട്ടായിരുന്നു 1960 ജൂലൈ അഞ്ചിന് ഹൈദരാബാദിലാണ് ജുൻജുൻവാല ജനിച്ചത്.രാജസ്ഥാനിലെ ജുൻജുനു സ്വദേശിയായതിനാലാണ് പേരിനൊപ്പം അദ്ദേഹം സ്ഥലനാമവും ഒപ്പം കൂട്ടിയത്. രാജസ്ഥാനിലെ ഒരു കുടുംബത്തിലാണ് ജനനമെങ്കിലും അദ്ദേഹം വളർന്നത് ബോംബെയിൽ ആയിരുന്നു.അച്ചന്റെ സ്റ്റോക്ക് മാർക്കറ്റിലുള്ള ഇടപെടലുകൾ കണ്ടാണ് ജുൻജുൻവാല വളർന്നത്. വീട്ടിലും അഛന്റെ കൂട്ടുക്കാർക്കിടയിലും സ്റ്റോക്ക് മാർക്കറ്റ് ചർച്ചകൾ നടക്കുമ്പോൾ ജുൻജുൻവാലയും അത് ശ്രദ്ധിച്ച് പോന്നു. ചെറിയ പ്രായത്തിൽ തന്നെ അദ്ദേഹത്തിനു സ്റ്റോക്ക് മാർക്കറ്റിൽ താൽപര്യം വന്നു തുടങ്ങി.
ചെറിയ പ്രായത്തിൽ തന്നെ അദ്ദേഹത്തിന്റെ അഛനാണ് സ്റ്റോക്ക് മാർക്കറ്റിന്റെ പാഠങ്ങൾ പറഞ്ഞു കൊടുത്തത്. അഛനോട് മാർക്കറ്റിനെ പറ്റി സംശയങ്ങൾ ചോദിച്ച് പഠിച്ചു കൊണ്ടിരുന്നു. എന്താണ് സ്റ്റോക്ക് മാർക്കറ്റ് എന്നും, എങ്ങനെയാണ് കമ്പനികൾ ലിസ്റ്റഡ് ആവുന്നതെന്നും, എങ്ങനെയാണ് പ്രൈസസ് ചേഞ്ചാവുന്നത് എന്നൊക്കെ മനസ്സിലാക്കി. ഉപരി പഠനത്തിന് പോവും മുന്നേ സ്റ്റോക്ക് മാർക്കറ്റിനെ കുറിച്ച് മനസിലാക്കി കഴിഞ്ഞിരുന്നു. 1978ൽ അദ്ദേഹത്തിന്റെ പതിനെട്ടാമത്തെ വയസിൽ, അദ്ദേഹം അഛനോട് പറഞ്ഞു സ്റ്റേക്ക് മാർക്കറ്റിൽ കരിയർ ഉണ്ടാക്കാനും അതുമായി മുന്നോട്ട് പോവാനുമാണ് തനിക്ക് താൽപര്യം എന്ന്. അദ്ദേഹത്തിന്റെ ആഗ്രഹം ശരിവെച്ചു കൊണ്ട് തന്നെ ആ ആഗ്രഹവുമായി മുന്നോട്ട് പോകാൻ അഛൻ പറഞ്ഞു. ഏതെങ്കിലും ഒരു ഡിഗ്രി എടുത്ത് പഠനം പൂർത്തിയാക്കാനും അഛൻ നിർദേശിച്ചു. സൈധനം കോളേജ് ഓഫ് കോമേഴ്സ് ആൻഡ് എക്കണോമിക്സ് മുംബൈയിൽ നിന്ന് ബിരുദം നേടിയ ശേഷം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയിൽ ഉപരിപഠനത്തിനു ചേർന്നു.1985 ൽ 25ആം വയസ്സിൽ അദ്ദേഹം സി.എ പഠനം പൂർത്തിയാക്കി.
പഠന ശേഷം അദ്ദേഹം നേരെ ഇറങ്ങിയത് സ്റ്റോക്ക് മാർക്കറ്റിലാണ്. ചെറുപം മുതലുള്ള തന്റെ ആഗ്രഹം നിറവേറ്റാൻ. അപ്പൊൾ കയ്യിൽ ഉണ്ടായിരുന്നത് ആകെ 5000 രൂപയാണ്. അഛൻ ആദ്യമേ പറഞ്ഞിരുന്നത് കൊണ്ട് അഛന്റെ അടുത്തോ, അഛന്റെ സുഹൃത്തുക്കളുടെ അടുത്തോ പൈസ ചോദിക്കാൻ ജുൻജുൻവാലയക്ക് കഴിഞ്ഞില്ല. എന്നാൽ 5000 രൂപ ഇറക്കി ഒരു വർഷത്തിനുള്ളിൽ, 26ആമത്തെ വയസ്സിൽ തന്നെ നല്ലൊരു ലാഭം അദ്ദേഹത്തിന് കിട്ടി. സ്റ്റോക്ക് മാർക്കറ്റിലൂടെ തന്റെ കരിയർ വളർത്താൻ പറ്റുമെന്നും നല്ല നേട്ടം കിട്ടുമെന്നും അദ്ദേഹത്തിന് വിശ്വാസം വന്നു.
എന്നാൽ നിക്ഷേപിക്കുവാൻ വേണ്ടി കയ്യിൽ പണമില്ല എന്നതായിരുന്നു അപ്പോഴത്തെ വെല്ലുവിളി. തന്റെ പരിചയത്തിൽ ഉള്ളവരിൽ നിന്നും പണം സ്വരൂപിക്കുവാൻ തീരുമാനിച്ചു. എഴര ലക്ഷത്തോളം രൂപ പലരിൽ നിന്നായി ശേഖരിക്കുകയും, ബാങ്കിൽ നിന്നും ലഭിക്കുന്നതിന്റെ ഇരട്ടി പ്രോഫിറ്റ് അവർക്ക് കൊടുക്കാമെന്നും പറഞ്ഞു. ആ പണം കൊണ്ട് അദ്ദേഹത്തിന് നല്ല രീതിയിൽ ഇൻവെസ്റ്റ് ചെയ്യാൻ പറ്റി. 43 രൂപക്ക് വാങ്ങിച്ച ടാറ്റ ടി ഒരു വർഷം കൊണ്ട് അതിന്റെ പ്രൈസ് 143 രൂപയായി. അഞ്ച് ലക്ഷം രൂപയുടെ പ്രോഫിറ്റ് അതിൽ നിന്നും ജുൻജുൻവാല ഉണ്ടാക്കി എടുത്തു. പിന്നീടങ്ങോട്ട് 29 വയസ് വരെ മറ്റു പല അവസരങ്ങളിലും നിക്ഷേപിക്കുവാൻ പറ്റി. അതിന്റെ കൂടെ തന്നെ ട്രേഡിങ്ങും അദ്ദേഹം ചെയ്തു. അവയിൽ നിന്നെല്ലാം ജുൻജുൻവാലക്ക് 50 ലക്ഷം പ്രോഫിറ്റ് ഉണ്ടാക്കാൻ സാധിച്ചു.
1986-1990 കാലഘട്ടത്തിൽ യൂനിയൻ ബഡ്ജറ്റ് അനൗൺസ് ചെയ്തപോൾ മറ്റും പലരും പേടിച്ച് പ്രതീക്ഷ തെറ്റിയിരുന്നപോൾ ജുൻജുൻവാല അതിനെ പറ്റി പഠിച്ച് മനസിലാക്കി, തന്റെ കയ്യിലുള്ള കാപിറ്റൽ മുഴുവൻ ഉപയോഗിച്ച് കൊണ്ട് വലിയ രീതിയിൽ ദീർഘ കാലത്തേക്ക് നിക്ഷേപങ്ങൾ ചെയ്തു. അദ്ദേഹം പ്രതീക്ഷിച്ചത് പോലെ തന്നെ 1990ൽ ബഡ്ജറ്റ് വലിയ രീതിയിൽ നേട്ടങ്ങൾ കൊണ്ടു വന്നു. ആ വർഷം ജുൻജുൻവാലക്ക് രണ്ടരകോടിയുടെ ലാഭം നേടുവാൻ കഴിഞ്ഞു. ഇത് അദ്ദേഹത്തിന്റെ ജീവിതത്തിലെ വലിയൊരു മുന്നേറ്റം തന്നെയായിരുന്നു.
അഞ്ച് വർഷം കൊണ്ട് 5000 രൂപയിൽ നിന്നും 2.5 കോടിയിൽ ജുൻജുൻവാലയ്ക്ക് എത്താൻ കഴിഞ്ഞത് അദ്ദേഹത്തിന്റെ മിടുക്കുകൊണ്ട് മാത്രമാണ്. 1992 ൽ ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റ് താഴേക്കു വന്നപോഴും അദ്ദേഹം പിടിച്ചു നിന്നു. അങ്ങനെ അദ്ദേഹത്തിന്റെ 32 മത്തെ വയസിൽ തന്റെ കയ്യിലുള്ള കാപിറ്റൽ വെച്ച് ജുൻജുൻവാല സ്വന്തം കമ്പനി തുടങ്ങി. തന്റെയും ഭാര്യയുടെയും ആദ്യാക്ഷരങ്ങൾ വെച്ച് “റെയർ എന്റർപ്രൈസ്” എന്നാണ് കമ്പനിക്ക് പേര് നൽകിയത്. സ്വന്തം ആവശ്യങ്ങൾക്ക് വേണ്ടിയാണ് അദ്ദേഹം കമ്പനി തുടങ്ങിയത്. ക്രമേണ അദ്ദേഹം തന്റെ കാപിറ്റൽ ആ കമ്പനിയിലൂടെ നിക്ഷേപിക്കുവാൻ തുടങ്ങി.
അദ്ദേഹത്തിന്റെ ജീവിതത്തിലെ ഉയരങ്ങളിലേക്കുള്ള വളർച്ച ആയിരുന്നു റെയർ കമ്പനി. പല തവണ അദ്ദേഹത്തിന് മൾട്ടി ബാഗർ സ്റ്റോക്കുകൾ കണ്ടെത്തി അവയിലെ നിക്ഷേപങ്ങളിലൂടെ അനേകമിരട്ടി ലാഭം നേടുവാൻ സാധിച്ചു. അദ്ദേഹത്തിന്റെ ആസ്തി ഇരുപതിനായിരം കോടിയിലെത്തി. 2002ൽ അദ്ദേഹത്തിന്റെ 42 വയസിൽ ടാറ്റയുടെ തന്നെ ടൈടൻ കമ്പനിയിൽ ഇൻവെസ്റ്റ് ചെയ്തു. വെറും 3 രൂപ മാത്രം ഷെയർ വിലയുള്ള ചെറിയ കമ്പനിയായിരുന്നു ടൈറ്റാൻ അന്ന്. 6 കോടി ഷെയറുകൾക്കായി 18 കോടി അദ്ദേഹം നിക്ഷേപിച്ചു. ടൈറ്റാന്റെ ഷെയർ ഇപ്പോൾ 900 രൂപയിൽ എത്തിനിൽക്കുന്നു! ആരെയും ഞെട്ടിക്കുന്ന ലാഭം! ഇതുപോലെ തന്നെ അദ്ദേഹം നിക്ഷേപിച്ച ലൂപിൻ കമ്പനിയും അനേകമിരട്ടി ലാഭം അദ്ദേഹത്തിന് നൽകി.
2000 ന്റെ തുടക്കത്തിൽ വാങ്ങിയ ക്രിസിൽ ഓഹരിയും അദ്ദേഹത്തിന് വലിയ സമ്പത്തു നേടിക്കൊടുത്തു. 2003ൽ ആണ് അദ്ദേഹം ക്രിസിൽ വാങ്ങിയത്. ആകെ ഓഹരിയുടെ 8 ശതമാനവും അദ്ദേഹം കൈക്കലാക്കി. ക്രെഡിറ്റ് റേറ്റിങ് ഏജൻസിയിൽ അദ്ദേഹം വലിയ ഭാവി കണ്ടു. ഇപ്പോൾ 1300 കോടി മൂല്യമുണ്ട് ഇദ്ദേഹത്തിന്റെ പോർട്ട്ഫോളിയോയിലുള്ള ക്രിസിൽ ഓഹരികൾക്ക്. നസാറ ടെക്നോളജിയുടെ ഓഹരിയും അദ്ദേഹത്തിന്റെ പോർട്ട്ഫോളിയോയിൽ മിന്നും പ്രകടനം കാഴ്ചവച്ചു. ഗെയിമിങ് കമ്പനിയുടെ നല്ലൊരു ശതമാനം ഓഹരികൾ 2017 ൽ അദ്ദേഹം സ്വന്തമാക്കി. കോവിഡ് മഹാമാരിയുടെ സമയത്ത് ഗെയിമിങ് കമ്പനികളുടെ മൂല്യം വളരെയേറെ ഉയർന്നു. നസാറ ടെക്നോളജീസ് കമ്പനിയുടെ ഓഹരിമൂല്യത്തിൽ 3 മടങ്ങ് വളർച്ചയുണ്ടായി. മെട്രോ ബാൻഡ് ഓഹരിയിൽ ജുൻജുൻവാലയും ഭാര്യ രേഖ ജുൻജുൻവാലയും നിക്ഷേപം നടത്തിയത് 2007ൽ ആണ്. രാജ്യത്തെ ആളുകളുടെ പ്രതിശീർഷ വരുമാനം ഉയർന്നതോടെ ഇന്ത്യയുടെ ബ്രാൻഡഡ് പദരക്ഷാ വ്യവസായം വൻതോതിൽ ഉയർന്നു. 3348 കോടി മൂല്യമുള്ള മെട്രോ ബ്രാൻഡ് ഓഹരികൾ ഇപ്പോൾ ഇദ്ദേഹത്തിന്റെ പോർട്ട്ഫോളിയോയിലുണ്ട്.
ക്രിസിലിന്റെ 5.48 ശതമാനം ഓഹരികളും ഫെഡറൽ ബാങ്കിന്റെ 3.64 ശതമാനം ഓഹരികളുമുണ്ട്. ജുൻജുൻവാലയുടെ പോർട്ട് ഫോളിയോയിൽ 13 ശതമാനം റിയൽ എസ്റ്റേറ്റ് ആൻഡ് കൺസ്ട്രക്‌ഷൻ മേഖലയിൽ നിന്നുള്ള ഓഹരികളാണ്. ഫിനാൻസ് മേഖലയിലെ കമ്പനികളുടെ ഓഹരികളിൽ 6 ശതമാനം നിക്ഷേപമാണുള്ളത്. ഫാർമ കമ്പനികളിൽ 6 ശതമാനം, ബാങ്കിങ് മേഖലയിൽ 6 ശതമാനം. കൺസ്ട്രക്‌ഷൻ ആൻഡ് കോൺട്രാക്ടിങ് മേഖലയിൽ 6 ശതമാനം. കംപ്യൂട്ടർ, ഫുട്‌വെയർ, സോഫ്ട്‌വെയർ, ഇൻഫ്രാസ്ട്രക്ചർ, ഓട്ടോ, പാക്കേജിങ് മേഖലയിലെ ഓഹരികളിൽ 3 ശതമാനം എന്നിങ്ങനെയാണ് നിക്ഷേപം. സ്റ്റാർ ഹെൽത്ത്, റാലീസ് ഇന്ത്യ, എസ്കോർട്സ്, ഇന്ത്യൻ ഹോട്ടൽ കമ്പനി, കാനറ ബാങ്ക്, അഗ്രോ ടെക് ഫുഡ്സ് തുടങ്ങിയ ഓഹരികളും അദ്ദേഹത്തിന്റെ പോർട്ട്ഫോളിയോയിലുണ്ട്. ജൂണിൽ അവസാനിച്ച പാദത്തിലെ കണക്കു പ്രകാരം 47 കമ്പനികളാണ് അദ്ദേഹത്തിന് നിക്ഷേപമുള്ളത്.
വലിയ മത്സരമുള്ള ഇന്ത്യയുടെ ആകാശത്തേക്കു കാലടെത്തുവയ്ക്കുമ്പോൾ പരാജയപ്പെടാനുള്ള സാധ്യതയുണ്ടെന്നു ജുൻജുൻവാല പറഞ്ഞിരുന്നു. എങ്കിലും തന്റെ വലിയ സ്വപ്നമാണിതെന്നും പരാജയപ്പെടുമെന്നു ഭയപ്പെട്ടു ഞാൻ പിന്തിരിയില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. പരാജയം മുന്നിൽക്കണ്ടുകൊണ്ടു തന്നെ ഇതു നേരിടാനുള്ള മുൻകരുതലും സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. ടിക്കറ്റ് നിരക്കിൽ അതിശയിപ്പിക്കുന്ന കുറവുകളോടെയാണ് ജുൻജുൻവാല രാജ്യത്തെ ഏറ്റവും പുതിയ വിമാന കമ്പനി തുടങ്ങിയത്. വലിയ സ്വപ്നമായിരുന്ന ആകാശ എയർ, ഇന്ത്യയുടെ ആകാശത്ത് ചിറകുവിരിച്ചതു കണ്ടതിന്റെ ചാരിതാർഥ്യത്തോടെയാണ് ജുൻജുൻവാലയുടെ മടക്കം.
ലാഭം മാത്രമല്ല, നഷ്ടങ്ങളും ഓഹരി നിക്ഷേപത്തിൽ ജുൻജുൻവാലയ്ക്ക് സംഭവിച്ചിട്ടുണ്ട്. ദേവൻ ഹൗസിങ് ഫിനാൻസാണ് ഇതിലൊന്ന്. 2013ൽ അദ്ദേഹം 25 ലക്ഷം ഓഹരികൾ വാങ്ങി. 135 രൂപയ്ക്ക് 34 കോടി രൂപ മുടക്കിയായിരുന്നു എൻട്രി. എന്നാൽ റിയൽ എസ്റ്റേറ്റ് മേഖലയിലെ മാന്ദ്യം ഓഹരികളുടെ മൂല്യം വല്ലാതെ ഇടിച്ചു. കമ്പനി പിന്നീട് അടച്ചുപൂട്ടുന്ന സ്ഥിതിയിലെത്തി. സൽമാൻ ഖാന്റെ ബീയിങ് ഹ്യൂമൻ ബ്രാൻഡിന്റെ മന്ദാന റീടെയ്ൽസും അദ്ദേഹത്തിനു നഷ്ടമുണ്ടാക്കിയ ഓഹരിയാണ്. 247 രൂപയ്ക്ക് കമ്പനിയുടെ 12.7 ശതമാനം ഓഹരികൾ 2016 ൽ അദ്ദേഹം വാങ്ങി. എന്നാൽ 2021 ഒക്ടോബർ–ഡിസംബറിൽ ഓഹരിയുടെ മൂല്യം 16 രൂപയിലേക്ക് ഇടിഞ്ഞു. ഡിബി റിയൽറ്റിയും അദ്ദേഹത്തിനു പറ്റിയ അബദ്ധമായാണു കണക്കാക്കുന്നത്.
പലപ്പോഴും അദ്ദേഹത്തിനു തിരിച്ചടികളും നേരിടേണ്ടി വന്നിട്ടുണ്ട്. 2011 ൽ തന്റെ 50 മത്തെ വയസിൽ 33% പ്രോഫിറ്റ് താഴേക്ക് വന്നു. അതൊരു വലിയ താഴ്ച്ച തന്നെയായിരുന്നു. എന്നാൽ ഒരു വർഷം കൊണ്ട് തന്റെ കമ്പനിയിൽ മാറ്റം വരുത്തി തന്റെ ലാഭം തിരിച്ച് പിടിച്ചു. ഇതിനിടക്ക് അദ്ദേഹം 3 ഹിന്ദി സിനിമകളും നിർമിച്ചു. കുറേ കമ്പനികളുടെ ബോർഡ് ഓഫ് ഡയറക്ടേസിലും ജുൻജുൻ വാലയുണ്ട്. 2019 ൽ ഇന്ത്യയിലെ ടോപ് റിച്ചസ്റ്റ് 50 ആൾക്കരുടെ ലിസ്റ്റിൽ 49 റാങ്ക് ആയിരുന്നു അദ്ദേഹത്തിന്. 60 മത്തെ വയസിൽ തന്റെ സമ്പാദ്യത്തിന്റെ 20% ഡൊണേറ്റ് ചെയ്യുമെന്നു പ്രഖ്യാപിച്ചു.2022 ലെ കണക്കുകൾ പ്രകാരം 5.5 ബില്യൺ ഡോളറിന്റെ ആസ്തിയാണ് അദ്ദേഹത്തിനുള്ളത്. ഇന്ത്യയിലെ സമ്പന്നരിൽ 36ാം സ്ഥാനമാണ് ഉണ്ടായിരുന്നത്. ആകാശ് എയർ എന്ന ഇന്ത്യൻ എയർലൈൻ കമ്പനി, ജെറ്റ് എയർവേയ്സ് മുൻ സിഇഒ വിനയ് ദുബയോട് ഒന്നിച്ച് അദ്ദേഹം സ്ഥാപിച്ചതാണ്.’ബിഗ്ബുൾ ഓഫ് ദലാൽ സ്ട്രീറ്റ് ‘ എന്ന വിളിപ്പേരിലും, ‘വാറൻ ബഫറ്റ് ഓഫ് ഇന്ത്യ’ എന്ന പേരിലും അദ്ദേഹം ലോക പ്രശസ്തനായിരുന്നു.
ഞായറാഴ്ച രാവിലെ 6:45 ന് കാൻഡി ബ്രീച്ച് ഹോസ്പിറ്റലിൽ നെഞ്ചുവേദനയെ തുടര്‍ന്ന് ഇദ്ദേഹത്തെ എത്തിക്കുകയായിരുന്നു, തുടര്‍ന്ന് മരിച്ചതായി പ്രഖ്യാപിച്ചു. വൃക്ക സംബന്ധമായ അസുഖങ്ങൾ ഉൾപ്പെടെ ഒന്നിലധികം ആരോഗ്യപ്രശ്നങ്ങളാൽ ബുദ്ധിമുട്ടുന്ന അദ്ദേഹം ഏതാനും ആഴ്ചകൾക്ക് മുമ്പ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യപ്പെട്ടത് .