സംഘര്‍ഷഭരിതമായ കരിയര്‍, ജീവിതം, ഒടുവില്‍ എല്ലാ ജീവിതഭാരങ്ങളേയും താങ്ങിയ ആ ഹൃദയം നിലച്ചിരിക്കുന്നു

109

Sigi G Kunnumpuram

തൂത്തുക്കുടിയിലെ കോവിൽപട്ടിയിൽ അംഗയ്യയുടെയും മണിയമ്മയുടെയും മകനായി 1961 നവംബർ 19 നാണ് വിവേകാനന്ദൻ എന്ന വിവേക് ജനിച്ചത്. മധുരയിലെ അമേരിക്കൻ കോളജിൽ നിന്നു കൊമേഴ്സിൽ ബിരുദമെടുത്ത വിവേക് ചെന്നൈയിൽ സെക്രട്ടറിയേറ്റ് ജീവനക്കാരനായി ജോലി ചെയ്യുന്ന കാലത്ത്  ഒഴിവുസമയങ്ങളിൽ മദ്രാസ് ഹ്യൂമർ ക്ലബിൽ സ്റ്റാൻറ്റപ്പ് കൊമേഡിയനായാണ് കലാജീവിതത്തിന് തുടക്കമിടുന്നത്. ക്ലബ് പ്രസിഡൻ്റ് ഗോവിന്ദ രാജു പ്രമുഖ സംവിധായകൻ കെ. ബാലചന്ദ്രറിനു പരിചയപ്പെടുത്തി.

Veteran South Indian actor Vivek passes awayപിന്നീട് ആറു വർഷത്തോളം ബാലചന്ദറിൻ്റെ തിരക്കഥാ രചനയിലും മറ്റും ബാലചന്ദറിന്റെ സഹായിയായി. 1987-ൽ ബാലചന്ദറിൻ്റെ മനതിൽ ഉറുതി വേണ്ടും എന്ന സിനിമയിൽ സുഹാസിനിയുടെ സഹോദര വേഷമിട്ടാണ് വെള്ളിത്തിരയിലേക്ക് എത്തുന്നത്. 1993-ൽ പുറത്തിറങ്ങിയ പുതുപുതു പയനത്തിലൂടെയാണ് നടന്നെ പേരിൽ ശ്രദ്ധിക്കപ്പെടുന്നത്. 1996-ൽ പുറത്തിറക്കിയ കാതൽ മന്നനിലൂടെ ഹാസ്യതാരം എന്ന നിലയിൽ സിനിമ ലോകത്തു സ്ഥാനം ഉറപ്പിച്ചു.

വിവേകിന്റ കോമഡികള്‍ക്ക് വിമര്‍ശിക്കാന്‍ വിശാലമായ ചുറ്റുപാടുകള്‍ തമിഴ് മണ്ണില്‍ ഉണ്ടായിരുന്നു. സംസ്‌കാരത്തിലെ, പാരമ്പര്യത്തിലെ ജീര്‍ണ്ണതകളും ന്യൂനതകളും,രാഷ്ട്രീയത്തെയും-ജാതി രാഷ്ട്രീയത്തെയും കുറിച്ചുള്ള വ്യക്തമായ കാഴ്ചപ്പാടുകള്‍, അങ്ങനെ വിമര്‍ശിക്കാന്‍ സമ്പന്നമായ ചുറ്റുപാടുകളില്‍ നിന്ന് കൗണ്ടര്‍ അടിക്കാന്‍ അദ്ദേഹത്തിനുള്ള കഴിവുകളെ പറ്റി സംവിധായകര്‍ക്ക് ഉണ്ടായിരുന്ന മതിപ്പാണ് വിവേകിനെ തമിഴ് സിനിമയിലെ വിലപിടിപ്പുള്ള കോമേഡിയനാക്കിയത്. പിന്നിടുള്ള ഒരു പതിറ്റാണ്ട് കാലം വിവേകിൻ്റേ സുവർണ കാലമായിരുന്നു.

നായകന്റെ സുഹൃത്തായി മുഴുനീള വേഷങ്ങളിലെത്തിയ വിവേക് അജിത്ത്, വിക്രം, രജനീകാന്ത്, വിജയ്, സൂര്യ, പ്രശാന്ത് തുടങ്ങി എല്ലാ ഹീറോകള്‍ക്കൊപ്പവും അഭിനയിച്ചു. 2000, 2001 വര്‍ഷങ്ങളില്‍ അന്‍പതിലേറെ ചിത്രങ്ങളില്‍ അഭിനയിച്ച വിവേക് തമിഴിലെ ഏറ്റവും തിരക്കേറിയ താരങ്ങളിലൊരാളായിരുന്നു. സെന്തില്‍ – ഗൗണ്ടമണി എന്നിവര്‍ തമിഴ് സിനിമയില്‍ നിറഞ്ഞു നിന്ന കാലത്താണ് പതിയെ കടന്നുവന്ന് വടിവേലുവിനൊപ്പം വിവേകും ഹാസ്യലോകം കീഴടക്കിയത്.

എണ്‍പതുകളില്‍ തുടങ്ങി, തൊണ്ണൂറുകളില്‍ വളര്‍ന്ന്, രണ്ടായിരങ്ങളില്‍ ഏറ്റവും ഉയരത്തില്‍ എത്തിയ വിവേകിന്റ കരിയര്‍ ഗ്രാഫ് പെട്ടെന്ന് നിശ്ചലമാവുകയും, ഒരു സമയം അപ്രത്യക്ഷമാവുകയും ചെയ്തതില്‍ സിനിമക്കകത്തും പുറത്തും അദ്ദേഹത്തിനെതിരെ നടന്ന ഉപചാപങ്ങള്‍ക്ക് കൃത്യമായ പങ്ക് ഉണ്ടായിരുന്നു. കഴിയുന്നത്ര വിവാദങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറാന്‍ ശ്രമിച്ചിട്ടും, കരിയറില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന കാലത്ത് അദ്ദേഹത്തെ പാപ്പരാസികള്‍ വേട്ടയാടിക്കൊണ്ടേയിരുന്നു.

പിന്നീട് തഴയപ്പെടലുകളുടെ ചരിത്രം ആരംഭിക്കുന്നു. വിവേകിനായി രൂപകല്പന ചെയ്യപ്പെട്ട വേഷങ്ങളിലൂടെയാണ് സന്താനം തമിഴ് സിനിമയില്‍ ഒരു ശ്രദ്ധേയമായ സാന്നിധ്യമായി മാറുന്നത്. പതിയെ പതിയെ തമിഴ് തിറൈ ഉലകില്‍ നിന്നും വിവേക് അപ്രത്യക്ഷമായി. ആ ഇടയ്ക്കുണ്ടായ മകന്റെ അകാലമരണവും അദ്ദേഹത്തെ കൂടുതല്‍ തളര്‍ത്തി. മാസങ്ങൾക്കുശേഷം മകനെക്കുറിച്ച് വിവേക് എഴുതിയ ഓർമക്കുറിപ്പ് ഹൃദയഭേദകമായിരുന്നു. മകന്റെ സ്മരണയ്ക്കായി സായി പ്രസന്ന ഫൗണ്ടേഷനും സ്ഥാപിച്ചു. ഈ കാലയളവില്‍ ചില സിനിമകളുടെ ഭാഗമായെങ്കിലും അദ്ദേഹം പിന്നീട് ഒരിക്കലും അത്രകണ്ട് സിനിമയില്‍ സജീവമായില്ല.

ഖുഷി, മിന്നലേ, അലൈപായുതേ തുടങ്ങി ആ കാലത്തിറങ്ങിയ തമിഴ് സിനിമകളിലെല്ലാം വിവേക്അനിവാര്യഘടകമായിരുന്നു. റൺ‌, ധൂൾ, ബോയ്സ്, സാമി, ആദി, പേരഴഗൻ, എം. കുമരൻ സൺ ഓഫ് മഹാലക്ഷ്മി, അന്യൻ, വാലി, ശിവാജി, സിങ്കം, അഴഗി, വേലയില്ലാ പട്ടതാരി, എന്നൈ അറിന്താൽ, ഷാജഹാന്‍ തുടങ്ങി 220തോളം സിനിമകളിൽ സാന്നിധ്യമായി. ബിഗള്‍, ധാരാള, പ്രഭു എന്നിവയാണ് അവസാനം അഭിനയിച്ച സിനിമകള്‍. ഒ​രു നു​ണ​ക്ക​ഥ എ​ന്ന മ​ല​യാ​ള ചി​ത്ര​ത്തി​ലും അ​ഭി​ന​യി​ച്ചിട്ടുണ്ട്. ജോണ്‍സണ്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ പോലീസ് ഓഫീസറായാണ് താരമെത്തിയത്.മലയാളത്തിലെ ഹാസ്യസാമ്രാട്ടായ ജ​ഗതി ശ്രീകുമാറിനൊപ്പം അന്ന് വിവേക് ഒന്നിച്ചത്.ഹിന്ദി ചിത്രമായ വിക്കി ഡോണറിന്റെ തമിഴ് റീമേക്കായ ധാരാള പ്രഭുവിലാണ് വിവേക് ​​അവസാനമായി അഭിനയിച്ചത്.കമൽ ഹാസൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സംവിധായകൻ ശങ്കറിന്റെ വരാനിരിക്കുന്ന ഇന്ത്യൻ 2 എന്ന ചിത്രത്തിലും അദ്ദേഹമുണ്ട്.

3 തവണ മികച്ച ഹാസ്യതാരത്തിനുള്ള ഫിലിം ഫെയർഅവാർഡ് റൺ, സാമി, പേരഴഗൻ, ശിവാജി എന്നീ ചിത്രങ്ങളിലെ അഭിനയത്തിനായിരുന്നു.ഉന്നരുഗേ നാന്‍ ഇരുന്താല്‍, റണ്‍, പാര്‍ത്ഥിപന്‍ കനവ്,അന്യന്‍,ശിവാജി എന്നീ ചിത്രങ്ങള്‍ക്ക് അ‍ഞ്ചുതവണ മികച്ച ഹാസ്യതാരത്തിനുള്ള തമിഴ്നാട് സംസ്ഥാന ചലച്ചിത്ര അവാർഡ് നേടി.തമിഴ് സിനിമ കണ്ടുപരിചയിച്ചതിൽനിന്നു വ്യത്യസ്തമായി, സാമൂഹിക വിമർശനം കൂടി ഉൾക്കൊള്ളുന്നതായിരുന്നു വിവേകിന്റെ തമാശകൾ.

നടന് എന്നതിലുപരി മികച്ച ടിവി അവതാരകനുമായിരുന്നു. ടെലിവിഷൻ അവതാരകനായിരിക്കെ മുൻ രാഷ്ട്രപതി എപിജെ അബ്ദുൽ കലാം, രജനികാന്ത് അടക്കമുള്ള പ്രമുഖരുമായി നടത്തിയ അഭിമുഖങ്ങൾ ശ്രദ്ധേയമായിരുന്നു. സിനിമയ്ക്കപ്പുറമുള്ള ആത്മബന്ധമായിരുന്നു എ.പി.ജെ. അബ്ദുൽ കലാമുമായി വിവേകിന് ഉണ്ടായിരുന്നത്. കലാം അയ്യാ എന്ന് എപ്പോഴും ആദരവോടെ അദ്ദേഹത്തെ അഭിസംബോധന ചെയ്ത വിവേക്, തമിഴ്നാട്ടിലുടനീളം ഒരു കോടി മരങ്ങൾ നടണമെന്ന അബ്ദുൽ കലാമിന്റെ ഉപദേശം യാഥാർഥ്യമാക്കുന്നതിനുള്ള പരിശ്രമങ്ങളിലായിരുന്നു വിവേക്. ‘ഗ്രീൻ കലാം’ എന്ന പേരിൽ ഈ ദൗത്യത്തിന്റെ ഭാഗമായി 37 ലക്ഷത്തിലധികം മരങ്ങളാണ് വിവേകിന്റെ നേതൃത്വത്തിൽ തമിഴ്നാട്ടിലുടനീളം നട്ടത്. 2009 ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു.

തമിഴ് സിനിമാ താരങ്ങളുടെ പതിവു ശൈലി വിട്ട് രാഷ്ട്രീയത്തിന്റെ ഭാഗമാകാതെയായിരുന്നു വിവേകിന്റെ സാമൂഹിക പ്രവർത്തനം.സിനിമയിലാകട്ടെ പരമ്പരാഗത ഹാസ്യത്തിൽ നിന്നു മാറിച്ചിന്തിക്കാനും അദ്ദേഹം ശ്രമം നടത്തി.നെഗറ്റീവ് കഥാപാത്രങ്ങൾ ഉൾപ്പെടെ വ്യസ്ത്യസ്തമായ വേഷങ്ങൾ അവതരിപ്പിക്കാനുള്ള ആഗ്രഹം അദ്ദേഹം പലപ്പോഴും വെളിപ്പെടുത്തിയിരുന്നു.നാൻ താൻ ബാല,ബൃന്ദാവനം, വെള്ളൈ പൂക്കൾ പോലുള്ള സമീപകാല സിനിമകളിലെ സീരിയസ് കഥാപാത്രങ്ങൾ അദ്ദേഹത്തിലെ അഭിനേതാവിന്റെ റേഞ്ച് വെളിപ്പെടുത്തുന്നവയായിരുന്നു.

കഴിഞ്ഞ ദിവസം തമിഴ്നാട്ടിലെ കോവിഡ് വാക്സിനേഷൻ്റെ അംബാസിഡറായി വിവേക് ചുമതലയേറ്റിയിരുന്നു. വാക്സിൻ സ്വീകരിച്ച് ഷൂട്ടിങ് സ്ഥലത്ത് എത്തി ജോലി തുടരുന്നതിനിടെയാണ് കുഴഞ്ഞു വീണത്. വാക്സിനേഷനും മരണവും തമ്മിൽ ബന്ധം ഇല്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഹൃദയത്തിലേക്കുള പ്രധാന രക്തകുഴൽ പൂർണമായി അടഞ്ഞു പോയതാണ് മരണ കാരണം. ഭാര്യ: അരുൾസെൽവി. മക്കൾ: അമൃതനന്ദിനി, തേജസ്വിനി, പരേതനായ പ്രസന്നകുമാർ.ഒരു കാലഘട്ടത്തെ വെള്ളിത്തിരയിലൂടെ കുടുകുടെ ചിരിപ്പിച്ചതമിഴ് മക്കൾക്ക് അദ്ദേഹം ചിന്ന കലൈവാണർ, ജനഗളിൻ കലൈഗ്നൻ എന്നി വിശേഷങ്ങള്‍ നല്‍കി, വിവേക് ക്യാമറകള്‍ക്ക് പുറത്ത് പലപ്പോഴും മുനിയെപ്പോലെ മൗനം ആചരിച്ചു. സംഘര്‍ഷഭരിതമായ കരിയര്‍, ജീവിതം…ഏറ്റവും ഒടുവില്‍ എല്ലാ ജീവിതഭാരങ്ങളേയും താങ്ങിയ ആ ഹൃദയം നിലച്ചിരിക്കുന്നു. ആദരാഞ്ജലികള്‍.