മണിഹെയ്സ്റ്റ് പരമ്പരയിലെ കൊമ്പമീശക്കാരനായ മുഖംമൂടിയിലെ ആള്‍രൂപം അറിയാമോ?

0
115

Sigi G Kunnumpuram

സാൽവദോർ ദാലി

മണിഹെയ്സ്റ്റ് പരമ്പരയിലെ കൊമ്പമീശക്കാരനായ മുഖംമൂടിയിലെ ആള്‍രൂപം അറിയാമോ? സാൽവദോർ ദാലി ചിത്രകലയില്‍ മാത്രമല്ല, ശില്‍പനിര്‍മ്മാണം, ഛായാഗ്രഹണം, സാഹിത്യം, രാഷ്ട്രീയം, ഫാഷന്‍ എന്നിങ്ങനെ വിവിധ രംഗങ്ങളില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭാശാലിയാണ് അദ്ദേഹം.

അഭിഭാഷകനായിരുന്ന സാൽവദോർ ദാലി ഐ കസിയുടെയും,ഫെലിപ്‌ ഡൊമെനെച്‌ ഫെരിസിന്റെയും രണ്ടാമത്തെ പുത്രനായി 1904 മെയ്‌ 11-ന് സാൽവദോർ ദാലി ജനിച്ചു. ഉദരരോഗം വന്ന്‌ ജ്യേഷ്ഠൻ മരിച്ച ശേഷമായിരുന്നു ദാലിയുടെ ജനനം. ദാലിയെക്കാള്‍ മൂന്ന് വയസ്സിന് മൂപ്പുണ്ടായിരുന്ന ഈ സഹോദരന്റെ പേരും സാല്‍വദോര്‍ ദാലി എന്ന് തന്നെ ആയിരുന്നു. ദാലി ജനിക്കുന്നതിന് ഒമ്പത് മാസം മുമ്പ് മാത്രമാണ് ഈ ‘ സാല്‍വദോര്‍ ദാലി ‘ മരിച്ചു പോവുന്നത്.ഈ കുട്ടിയുടെ പുനര്‍ജന്‍മമാണെന്ന് മാതാപിതാക്കള്‍ വിശ്വാസിക്കുകയും കാലക്രമേണ ഈ വിശ്വാസം ദാലിയിലേക്ക് പകരപ്പെടുകയുമായിരുന്നു. തന്റെ മരിച്ചുപോയ മൂത്ത സഹോദരന്റെ പുനര്‍ജന്‍മമാണ് താനെന്ന് ദാലി ഉറച്ചു വിശ്വസിച്ചിരുന്നത്രേ.

Money Heist: Why They Really Wear Salvador Dalí Masks & Red Jumpsuits12-ആം വയസ്സിൽ ദാലി ചിത്രകല്ലപഠനം ആരംഭിച്ചു.ആധുനിക ചിത്രകലാ സങ്കേതങ്ങളെക്കുറിച്ചുള്ള റാമൺ പിച്ചൊയുടെ ക്ലാസ്സുകൾ ആ ബാലന്‌ ആവേശം പകർന്നു.1917ൽ അച്ഛന്റെ സഹായത്തോടെ ബന്ധുക്കൾക്കായി തന്റെ ചാർക്കോൾ ചിത്രങ്ങളുടെ പ്രദർശനവും സംഘടിപ്പിച്ചു.1919ൽ ഫിഗ്വറസിലെ മുനിസിപ്പൽ തീയറ്ററിലായിരുന്നു ആ മഹാനായ കലാകാരന്റെ ആദ്യ ചിത്രപ്രദർശനം.1921 ഫെബ്രുവരിയിൽ സ്തനാർബുദം ബാധിച്ച് അമ്മയെ നഷ്ടപ്പെട്ടപ്പോൾ ദാലിക്ക് 16 വയസ്സായിരുന്നു.
1922-ൽ ദാലി മാഡ്രിഡിലെ റെസിഡെൻസിയ ഡി എസ്റ്റുഡിയന്റ്‌സിലേക്ക് (സ്റ്റുഡന്റ്‌സ് റെസിഡൻസ്)താമസം മാറി അക്കാദമി ഡി സാൻ ഫെർണാണ്ടോയിൽ സ്‌കൂൾ ഓഫ് ഫൈൻ ആർട്സില്‍ പഠനം തുടർന്നു. .ഊർജ്ജസ്വലനായ ആ മെലിഞ്ഞ അഞ്ചരയടിക്കാരൻ ചെറുപ്പക്കാരൻ ,സവിശേഷമായ രചനാശെയിലിയും, വസ്ത്രധാരണവും,വിചിത്രമായ ആശയങ്ങളും കൊണ്ട്‌ പഠനകാലത്തു തന്നെ ശ്രദ്ധേയനായിരുന്നു.ഈ കാലഘട്ടത്തിലാണ്‌ ചിത്രകലയിലെ പുതിയ പരീക്ഷണങ്ങൾക്ക്‌ അദ്ദേഹം തുടക്കം കുറിച്ചത്‌.

Painter and sculptor Salvador Dalíക്യൂബിസമായിരുന്നു (വസ്തുക്കളെ ജ്യാമിതീയാകൃതിയിൽ ചിട്ടപ്പെടുത്തുന്ന ചിത്രകലാസങ്കേതം) അദ്ദേഹത്തെ ഏറ്റവുമധികം ആകർഷിച്ചത്‌.മാഡ്രിഡിലെ ആദ്യത്തെ ക്യൂബിസ്റ്റ്‌ ചിത്രകാരന്മാരിൽ ഒരാളായിരുന്നു സാൽവദോർ ദാലി.പിൽക്കാലത്ത്‌ പല വിചിത്രമായ ആശയങ്ങൾക്കും പിറകെ പോയെങ്കിലും,1920-കളിൽ ,പഠനകാലത്ത്‌ മനസ്സിൽ വേരൂന്നിയ ആശയങ്ങളും സങ്കേതങ്ങളും,ജീവിതാവസാനം വരെ അദ്ദേഹം പിന്തുടർന്നു.1924 ൽ ദാലി ഒരു പുസ്തകത്തിന്റെ ആദ്യ ചിത്രം പുറത്തു വന്നു .

അദ്ദേഹത്തെയും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെയും പരിശോധിക്കാൻ കഴിവുള്ള ആരും ഇല്ലെന്ന് 1926 ൽ ദാലി തന്റെ ആർട്ട് കോളേജിൽ നിന്ന് പുറത്താക്കപ്പെട്ടു.1926 ൽ തന്നെ ദാലി തന്റെ അതിശയകരമായ കലാസൃഷ്ടിയായ ‘ബാസ്കറ്റ് ഓഫ് ബ്രെഡ്’ നിർമ്മിച്ചു, അത് അദ്ദേഹത്തിന്റെ ചിത്രകലയിലെ ഏറ്റവും ഉയർന്ന വൈദഗ്ദ്ധ്യം ഉയർത്തിപ്പിടിച്ചു.1926-ൽ ദാലി പാരീസിലേക്ക് മാറി.പാരീസിലെ അക്കാഡെമിയ ഡി സാൻ ഫെർണാൻഡോ(Academia de Fernando or School of Fine arts)യിലുമായി ദാലി തന്റെ പഠനം പൂർത്തിയാക്കി. ആകാലത്ത്‌ സിനിമയിൽ ആകൃഷ്ടനായ ദാലി,1929ൽ സർറിയലിസ്റ്റിക്‌ സിനിമകളുടെ വക്താവായിരുന്ന സംവിധായകൻ ലൂയിസ്‌ ബ്യൂണലിനൊപ്പം ചലച്ചിത്ര നിർമ്മാണത്തിലും തിരക്കഥാരചനയിലും വ്യാപൃതനായി.

ചിത്രം വരയ്ക്കാന്‍ വിചിത്രമായ മാര്‍ഗ്ഗമാണ് അവലംബിച്ചിരുന്നത്. ഏതെങ്കിലും ഒരു ബിന്ദുവിലേക്കോ വസ്തുവിലേക്കോ ദീര്‍ഘനേരം തുറിച്ചു നോക്കിയിരിക്കലാണ് ദാലി അവംലംബിച്ചിരുന്ന ഒരു മാര്‍ഗം. ഇതിലൂടെ മനസ്സ് ചെന്നെത്തുന്ന കുഴഞ്ഞുമറിയലില്‍ നിന്ന് ദാലി ചില രൂപസങ്കല്‍പ്പങ്ങള്‍ ഉണ്ടാക്കിയെടുക്കുകയും അത് കാന്‍വാസിലേക്ക് പകര്‍ത്തുകയുമാണ് ചെയ്തിരുന്നത്. ഒപ്പം കൈയ്യിലൊരു സ്പൂണുമായി ഉറക്കത്തിനും ഉണര്‍വ്വിനുമിടയില്‍ സ്ഥിതി ചെയ്യാനുള്ള മാര്‍ഗവും അദ്ദേഹം കണ്ടെത്തിയിരുന്നു. ഉറങ്ങിത്തുടങ്ങുമ്പോള്‍ കൈയ്യിലെ സ്പൂണ്‍ മടിയില്‍ വച്ചിരിക്കുന്ന ലോഹപ്പാത്രത്തിലേക്ക് വീഴും. അപ്പോള്‍ ദാലി ഉണരും. പിന്നെയും ഇത് തുടരും. അങ്ങനെ ഒരു സവിശേഷമാനസികാവസ്ഥയിലെത്തിയും ദാലി ഇമേജുകള്‍ മനസ്സില്‍ രൂപപ്പെടുത്തിയെടുത്തിരുന്നു.

1929–ൽ ദാലി ചെയ്ത ഒരു പെയ്ന്റിങ്ങാണു ‘പോൾ എലുവാറിന്റെ ഛായാപടം’. ദാലിയുടെ പ്രക്ഷുബ്ധമായ വൈകാരികാവസ്ഥ ചിത്രീകരിക്കുന്ന ചിത്രം. പോൾ എലുവാർ ഫ്രാൻസിലെ പ്രശസ്തനായ കവിയായിരുന്നു. സറിയലിസ്റ്റ് പ്രസ്ഥാനവുമായി ഇടപഴകി പ്രവർത്തിക്കുന്ന എലുവാർ ദാലി, ബുനുവൽ, ബ്രിട്ടോങ്, ലോർക എന്നിവരുമായി അടുപ്പത്തിലായിരുന്നു. തന്റെ പത്നി ഗാലയോടും മകൾ സെസിലിനോടുമൊപ്പം എലുവാർ ദാലിയെ കാണാനെത്തി. അരാജകമായ ജീവിതം നയിച്ചിരുന്ന ഗാല ദാലിയുമായി പ്രണയത്തിലായി. തുടർന്ന് എലുവാറിനെ വിട്ട് ഗാല ദാലിയോടൊപ്പമായി. വർഷങ്ങളോളം ഒരുമിച്ചു ജീവിച്ച്, എലുവാറിന്റെ മരണശേഷം ദാലിയെ വിവാഹം ചെയ്തു.

1930-കളിലായിരുന്നു ദാലിയിലെ ചിത്രകാരൻ പ്രശസ്തിയിലേക്കുയർന്നതും അക്കാലത്തെ പല ലോകോത്തര ചിത്രപ്രദർശനങ്ങളിലും ദാലിയുടെ ചിത്രങ്ങൾ പ്രദർശിപ്പിയ്ക്കപ്പെട്ടു.പാരീസിലെ സർറിയലിസ്റ്റിക്‌ ചിത്രകാരന്മാരുടെ ഔദ്യോഗിക സംഘടനയായിരുന്ന സർറിയലിസ്റ്റിക്‌ സൊസൈറ്റിയിൽ അദ്ദേഹത്തിന്‌ അംഗത്വം ലഭിച്ചു.1931-ലായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ “ദ പെഴ്സിസ്റ്റൻസ്‌ ഓഫ്‌ മെമ്മറി”(the Persistance Of Memory)യുടെ രചന.ഉരുകിയൊലിയ്ക്കുന്ന പോക്കറ്റ്‌ വാച്ചുകളും പശ്ചാത്തലത്തിലെ വിസ്തൃതമായ ഭൂപ്രകൃതിയും ഘടികാരങ്ങളിലിഴയുന്ന ഉറുമ്പുകളും പ്രാണികളുമെല്ലാം പ്രതീകാത്മകത(symbolism)യുടെ അന്നോളം കണ്ടിട്ടില്ലാത്ത ഭാവതലങ്ങളിലേയ്ക്ക്‌ ചിത്രകലയെ കൊണ്ടെത്തിച്ചു.

1936-ലെ ലണ്ടൻ അന്താരാഷ്ട്ര സർറിയലിസ്റ്റിക്‌ ചിത്രപ്രദർശനത്തിലെ മുഖ്യ ആകർഷണം സാൽവദോർ ദാലിയും അദ്ദേഹത്തിന്റെ ചിത്രങ്ങളുമായിരുന്നു.പ്രസ്തുത വേദിയിൽ,ഒരു സമുദ്രപര്യവേഷകന്റെ വേഷവും, ഹെൽമറ്റും ധരിച്ചാണ്‌ ദാലി പ്രത്യക്ഷപ്പെട്ടത്‌.അന്ന് ഹെൽമറ്റിനുള്ളിൽ ജീവശ്വാസത്തിനായി പിടയുന്ന മുഖഭാവങ്ങളുമായി അദ്ദേഹം പറഞ്ഞു,”ഞാൻ മനുഷ്യമനസ്സിന്റെ ഇരുണ്ട ആഴങ്ങളിലേയ്ക്ക്‌ ഊളിയിടുകയാണ്‌..” സ്പാനിഷ്‌ സിവിൽ വാറിനോടനുബന്ധിച്ച്‌,നവീന ആശയക്കാരോടുള്ള തന്റെ ആഭിമുഖ്യം വെളിവാക്കിയതിനെത്തുടർന്ന്‌ അദ്ദേഹം സർറിയലിസ്റ്റിക്‌ സൊസൈറ്റിയുമായി ഇടഞ്ഞു.ആ അഭിപ്രായ വ്യത്യാസം ഒടുവിൽ,”ഞാൻ തന്നെയാണ്‌ സർറിയലിസം”(“I am the Sarrealism”)എന്ന വിവാദപ്രസ്താവനയിൽ കൊണ്ടെത്തിച്ചു.

1949 മുതൽ ജീവിതാവസാനം വരെ ദാലി തന്റെ ജന്മനാട്ടിൽ ജീവിച്ചു.ഇക്കാലത്ത്‌ എഴുത്തിലും ചിത്രരചനയിയലും രാഷ്ട്രീയത്തിലും അദ്ദേഹം സജീവമായി.രാഷ്ട്രീയ സ്വാധീനം അദ്ദേഹത്തിന്റെ വരകളിലും ദൃശ്യമായി..സിസ്റ്റീൻ മഡോണ(sistene madonna) എന്ന ചിത്രം ന്യൂയോർക്ക്‌ അന്താരാഷ്ട്ര പ്രദർശനത്തിൽ പ്രദർശിപ്പിയ്ക്കപ്പെട്ടു.ബൈബിളും നാചുറൽ സയൻസും കണക്കുമായിരുന്നു മറ്റു പ്രിയപ്പെട്ട വിഷയങ്ങൾ.”കാണ്ടാമൃഗത്തിന്റെ കൊമ്പുകൾ”(Rhinocerous Horns) ഈ കാലഘട്ടത്തിലെ രചനയായിരുന്നു.കാണ്ടാമൃഗത്തിന്റെ കൊമ്പുകൾ വളരുന്ന വിശുദ്ധ ജ്യാമിതിയിൽ ആകൃഷ്ടനായ അദ്ദേഹം കാണ്ടാമൃഗത്തിനും വിശുദ്ധ മറിയത്തിനും സാമ്യം കൽപിയ്ക്കുകയാൺ`പ്രസ്തുത സൃഷ്ടിയിൽ.ഡി.എൻ.എയുടെ ഘടനയും ഹൈപ്പർ ക്യൂബും അദ്ദേഹത്തെ ആകർഷിച്ചു.ക്രിസ്തുവിന്റെ കുരിശുമരണം ചിത്രീകരിയ്ക്കുന്ന ക്രൂസിഫിക്ഷൻ(crucifixion)എന്ന ചിത്രത്തിൽ ഹൈപ്പർ ക്യൂബുകളുടെ വിന്യാസത്തിന്റെ മാസ്മരികത നമുക്കു ദർശിയ്ക്കാം.

വിഖ്യാതമായ ദാലിയുടെ കൊമ്പന്‍മീശ ദാലിച്ചിത്രങ്ങളോളം തന്നെ ലോകത്തിന് സുപരിചിതമാണ്. ദാലിയുടെ രൂപപരമായ കൈയ്യൊപ്പായി ഈ മീശ മാറുകയായിരുന്നു. ഈ മീശയെപ്പറ്റി മാത്രം ഒരു പുസ്തകം പിന്നീട് ദാലി തന്നെ രചിക്കുകയുണ്ടായി !1954ല്‍ ഫോട്ടോഗ്രാഫര്‍ ഫിലിപ്പി ഹാള്‍സ്മാനുമായി ചേര്‍ന്ന് ദാലി പുറത്തിറക്കിയ പുസ്തകത്തിലെ പ്രധാനവിഷയം ഈ മീശയായിരുന്നു. ദാലിയുടെ മീശയുടെ 25 വ്യത്യസ്തചിത്രങ്ങളാണ് ഈ പുസ്തകത്തില്‍ ഉണ്ടായിരുന്നത്. ദാലിയുടെ മീശ : ഒരു ദൃശ്യാഭിമുഖം എന്ന് പേരിട്ട ഈ പുസ്തകം ദാലിയുടെ മീശച്ചിത്രം, ഫോട്ടോഗ്രാഫറുടെ ഒരു ചോദ്യം, അതിന് ദാലിയുടെ ഉത്തരം എന്ന രീതിയിലാണ് സംവിധാനം ചെയ്യപ്പെട്ടിരുന്നത്. വല്ലാത്തൊരു നിഗൂഢത അദ്ദേഹത്തിന്റെ ഓരോ വാക്കിലും പ്രവൃത്തിയിലും നിറഞ്ഞു നിന്നിരുന്നു. എന്തിന്, അദ്ദേഹത്തിന്റെ പിരിയൻ മീശ അന്യഗ്രഹജീവികളിൽ നിന്നും സിഗ്നൽ പിടിച്ചുപറ്റുന്ന ആന്റിനകളാണെന്നുവരെ പൊതുജനം വിശ്വസിച്ചിരുന്നു.

സാധാരണഗതിക്ക് പോറ്റുന്ന വളർത്തുമൃഗങ്ങൾ പൂച്ചയും പട്ടിയുമൊക്കെ അല്ലേ..? ദാലി അവിടെയും തന്റെ പതിവുതെറ്റിച്ചില്ല. ഒരു വന്യമൃഗത്തെയാണ് ദാലി പോറ്റി വളർത്താൻ തീരുമാനിച്ചത്. ഒരു കൊളംബിയൻ ഓസിലോട്ടിനെ. സാധാരണ പൂച്ചകളുടെ ഇരട്ടി വലിപ്പമുള്ള ഒരു കാട്ടുപൂച്ചയാണ് ‘ഓസിലോട്ട് ‘. തന്റെ വളർത്തുപൂച്ചയെ ദാലി വിളിച്ചിരുന്ന പേര് ‘ബബൗ’ എന്നായിരുന്നു. ലെപ്പേഡസ് പാർഡാലിസ് എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഓസിലോട്ട് പൂച്ചയിൽ നിന്നും പുറപ്പെട്ട്, പുള്ളിപ്പുലിയിലെത്താതെ പോയ ഒരു ജന്മമാണ്. കുള്ളൻ പുലി എന്നും, മക്കെനീസ് വൈൽഡ് കാറ്റ് എന്നും ഒക്കെ അതിനു പേരുകളുണ്ട്. ദക്ഷിണ, മധ്യഅമേരിക്കകളിലാണ് ഈ പ്രജാതി പൊതുവേ കാണപ്പെടുന്നത്. മുഖം കാണാൻ ഏറെക്കുറെ നമ്മുടെ നാട്ടിലെ പൂച്ചകളെപ്പോലെ തന്നെ ഇരിക്കുമെങ്കിലും ആകാരവും രോമങ്ങളും ഒരു പുള്ളിപ്പുലിയെ ഓർമ്മിപ്പിക്കുന്നതാണ്.

ഇത് കൂടാതെ ദാലി ഒരു പാചകപുസ്തവും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.ലെ ഡൈനേഴ്സ് ഡി ഗാല എന്നാണീ പുസ്തകത്തിന്റെ പേര്. 1973ല്‍ ദാലിയും ഭാര്യ ഗാലയും ചേര്‍ന്ന് തയാറാക്കിയ പാചകപുസ്തകമാണ് ‘ലെ ഡൈനേഴ്സ് ദ ഗാല’.കടുത്ത ചീരവിരോധിയായ ദാലി അതിന് പറയുന്ന കാരണം വളരെ രസകരമാണ് സ്വാതന്ത്ര്യംപോലെ സ്വന്തമായ ഒരു രൂപമില്ലാത്ത വസ്തുവാണ് ചീര എന്നാണ്. തവളവിഭവങ്ങ ളോടും ഷെല്‍ ഫിഷുകളോടുമുള്ള ദാലിയുടെ പ്രിയം ലെ ഡൈനേഴ്സ് ദ ഗാല’ എന്നാ പുസ്തകത്തില്‍ പറയുന്നുണ്ട്. 12 അധ്യായങ്ങളിലായി, 136 റസിപ്പിയാണ് ദാലിയും ഗാലയും തയാറാക്കിയിരിക്കുന്നത്. ! അതുപോലെ വൈനുകളെപ്പറ്റിയും ദാലി ഒരു പുസ്തകമെഴുതിയിട്ടുണ്ട്. പേര് ദി വൈന്‍സ് ഓഫ് ഗാല !

ഫാഷന്‍മേഖലയിലും ദാലി കൈയ്യൊപ്പ് പതിപ്പിച്ചിരുന്നു. ഒരു ഫാഷന്‍ ഡിസൈനര്‍ എന്ന നിലയില്‍ ദാലി രൂപകല്‍പന ചെയ്ത സ്ത്രീകകളുടെ സ്വിസ്യൂട്ടുകള്‍ പ്രശസ്തങ്ങളാണ്. ഒരു ഇറ്റാലിയന്‍ ഫാഷന്‍ ഡിസൈനറുമായി സഹകരിച്ചാണ് ദാലി തന്റെ ചിത്രങ്ങളുടെ മാതൃകയെ ആധാരമാക്കി സ്ത്രീകളുടെ നീന്തല്‍ വസ്ത്രങ്ങള്‍ രൂപപ്പെടുത്താനുള്ള പദ്ധതി മുന്നോട്ട് കൊണ്ടുപോയത്. വോഗ് അടക്കമുള്ള പ്രശസ്ത ഫാഷന്‍ മാസികകളില്‍ ദാലിയുടെ സ്വിംസ്യൂട്ട് ധരിച്ചുള്ള മോഡലുകളുടെ ചിത്രങ്ങള്‍ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ച് വന്നിട്ടുണ്ട്.

ഒരിക്കല്‍ ദാലിയുടെ ജന്‍മനാട്ടിലെ മേയര്‍ ദാലിയോട് കുറച്ചു ചിത്രങ്ങള്‍ ആവശ്യപ്പെട്ടു. പട്ടണത്തിലെ മ്യൂസിയം പുനരുദ്ധരിക്കുന്നതിന് വേണ്ടിയായിരുന്നു അത്. എന്നാല്‍ ദാലി ചിത്രങ്ങള്‍ നല്‍കുക മാത്രമല്ല ചെയ്തത്. മുന്‍സിപ്പല്‍ തിയേറ്റര്‍ മൊത്തമായി പൊളിച്ചുപണിത് പുതിയൊരു മ്യൂസിയമാക്കി മാറ്റിത്തീര്‍ത്തു അദ്ദേഹം. തനിക്കും തന്റെ ചിത്രങ്ങള്‍ക്കുമായി പൂര്‍ണമായും സമര്‍പ്പിക്കപ്പെട്ട ആദ്യ മ്യൂസിയമായി അദ്ദേഹമതിനെ മാറ്റുകയും സ്വന്തം ചിത്രങ്ങളുടെ അപൂര്‍വപ്രദര്‍ശനത്താലത് പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുക്കുകയും ചെയ്തു.1980കളിൽ അമിതമായ മദ്യപാനം അദ്ദേഹത്തിന്റെ ആരോഗ്യത്തെ ബാധിച്ചു.1982 ജൂൺ 10-ന്‌ ഭാര്യ ഗല മരിച്ചതോടെ തീവ്രമായ നിരാശാബോധം അദ്ദേഹത്തെ കീഴ്പ്പെടുത്തി.1982-ൽ മരണക്കിടക്കയിൽ തന്നെ സന്ദർശിച്ച ഫ്രഞ്ച്‌ ഭരണാധികാരിയ്ക്ക്‌ സമ്മാനിച്ച “ഹെഡ്‌ ഓഫ്‌ യൂറോപ്പ്‌”(The Head Of Europe)ആണ്‌ അദ്ദേഹത്തിന്റെ അവസാന രചനയെന്നു വിശ്വസിയ്ക്കപ്പെടുന്നു.

ഗലയുടെ മരണമുയർത്തിയ നിരാശാബോധം പലതവണ ദാലിയെ ആത്മഹത്യാ ശ്രമത്തിൽ കൊണ്ടെത്തിച്ചു .പട്ടിണി കിടന്നും, തീകൊളുത്തിയും ജീവനൊടുക്കാൻ ശ്രമിച്ച അദ്ദേഹം അവസാന കാലം തന്റെ തീയറ്ററിൽ കഴിച്ചുകൂട്ടാൻ തീരുമാനിച്ചു.ഒടുവിൽ, 1989 ജനുവരി 23-ന്‌ തന്റെ പ്രിയപ്പെട്ട സംഗീതം കേട്ട്‌,84-അം വയസ്സിൽ ആ മഹാപ്രതിഭ ഓർമ്മയായി.2015ല്‍ ദാലി തന്റെ അമ്മ അന്റോണിയയുടെ കാമുകനായിരുന്നുവെന്നും ആ ബന്ധത്തിലുണ്ടായ മകളാണ് താനെന്നുമാണ് സ്പാനിഷുകാരിയായ മരിയ പിലര്‍ ആബേല്‍ മാര്‍ടിനസിന്റെ ആരോപണം.പിന്തുടര്‍ച്ചാവകശി ഇല്ലാത്തതിനാല്‍ സ്പെയിന്‍ കൈവശം വയ്ക്കുന്ന ദാലി എസ്റ്റേറ്റില്‍ തനിക്കും അവകാശമുണ്ടെന്ന് മരിയ അവകാശപ്പെട്ടിരുന്നു. വാദം ശക്തമായതോടെ മാഡ്രിഡ് കോടതിയായിരുന്നു 2017 ജൂലൈയിൽ കുഴിമാടം തുറന്ന് ഡിഎന്‍എ പരിശോധന നടത്താന്‍ ഉത്തരവിട്ടത്. മരിച്ച് 28വര്‍ഷത്തിന് ശേഷം സാല്‍വദോര്‍ ദാലിയുടെകുഴിമാടം തുറന്ന് പല്ല്, എല്ലുകള്‍,നഖം എന്നിവയുടെ സാമ്പിളുകള്‍ ശേഖരിച്ച് ഡിഎന്‍എ പരിശോധന നടത്തുക വരെ ചെയ്തിരുന്നു.

ടാരറ്റ് കാർഡ് റീഡറും ജിറോണയിൽ നിന്നുള്ള മനോരോഗിയുമായ ആബെൽ ദാലി തന്‍റെ പിതാവാണെന്ന് ഉറച്ചു വിശ്വസിക്കുന്നു. എന്നാല്‍ ഡിഎൻ‌എ പരിശോധനയിൽ അത് തെറ്റാണെന്ന് തെളിയിക്കപ്പെട്ടു. അതോടെ കേസിന്റെ ഭാഗമായി ഇതുവരെ ഉണ്ടായ വിവിധ ചിലവുകള്‍കൂടെ പരാതിക്കാരിയില്‍നിന്നും ഇടാക്കാനും കോടതി വിധിച്ചു.ചിത്രകാരനും റഷ്യക്കാരിയായ ഭാര്യയ്ക്കും മക്കളില്ല. സ്പാനിഷ് സർക്കാർ ഏറ്റെടുത്ത വസ്തുവകകളുടെയും മ്യൂസിയങ്ങളുടെയും പരിപാലനച്ചുമതല ഫൗണ്ടേഷനാണ്. ദാലി 1989ൽ മരിക്കുമ്പോൾ അദ്ദേഹത്തിന്റെ ചിത്രങ്ങളുടെയും മറ്റു ജംഗമ വസ്തുക്കളുടെയും മൂല്യം 13.6 കോടി ഡോളറെന്നു (870 കോടി രൂപ) കണക്കാക്കിയത് ഇപ്പോൾ പല മടങ്ങു വർധിച്ചു.