📸 Sijo Edakkattu
ഇന്നസെന്റ് മാവേലിയും ജഗതി ഡ്യൂപ്പും
ശ്രീ വി ഡി രാജപ്പന്റെ ഹാസ്യ കഥാപ്രസംഗ കാസറ്റുകൾ മലയാളി മനസ്സും വിപണിയും അടക്കി വാണിരുന്ന കാലഘട്ടത്തിൽ നിന്ന് കൃത്യമായി പറഞ്ഞാൽ 1991 മുതൽ ഓണത്തിന് ഇറങ്ങിയ കാസറ്റ് ആയിരുന്നു ഓണത്തിനിടയ്ക്ക് പൂട്ട് കച്ചവടം.നാദിർഷാ അഭി ദിലീപ് കൂട്ട് കെട്ടലിൽ പിറന്ന കാസറ്റുകൾ മലയാളക്കര ഏറ്റുവാങ്ങി.. പിന്നീട് 1994 മുതൽ ദിലീപ് നാദിർഷയുടെ കൂട്ടുകെട്ടിന്റെ പേരുകളുടെ ആദ്യക്ഷരങ്ങളിൽ നിന്നും പിറന്ന ” നാദ് ” ഗ്രൂപ്പിന്റെ ബാനറിൽ കാസറ്റ് ഇറക്കി ശ്രദ്ധനേടി.. ആക്ഷേപ ഹാസ്യത്തിന് മുൻതൂക്കം നൽകിയ കാസറ്റ് ആനുകാലിക വിഷയങ്ങളിലും ഇടപെട്ടൂ രാഷ്ട്രീയക്കാരടക്കം ആരെയും വെറുതേ വിട്ടില്ല.
തേൻമാവിൻ കൊമ്പത്ത് സിനിമ ഹിറ്റായി ഓടികൊണ്ടിരിക്കുന്ന സമയമായതിനാൽ “ദേ മാവേലി കൊമ്പത്ത്” എന്ന പേരിൽ വന്ന കാസറ്റ് അവതരണ ശൈലി കൊണ്ടും പാട്ടുകൾ കൊണ്ടും ജനപ്രിയമായിരുന്നു.
മറ്റു സിനിമാഗാനങ്ങൾ എല്ലാം റേഡിയോയിൽ കേൾക്കാമെങ്കിലും ഇന്നത്തെ പോലെ കോമഡി പരിപാടികൾ ടിവിയിലും മറ്റും ഇല്ലാത്തതിനാൽ ഓണത്തിനിറങ്ങുന്ന ഈ കാസറ്റുകൾ വാങ്ങാൻ പലരും പൈസ കൂട്ടി വെയ്ക്കുമായിരുന്നു.കൂട്ടുകാർ ആരെങ്കിലും ഈ കാസറ്റ് വാങ്ങുകയോ അതോ 10 രൂപയും പഴയ കാസറ്റും കൊടുത്ത് പകർത്തി വാങ്ങുകയോ ആണ് ചെയ്യാറ്.. അയൽവക്കങ്ങളിൽ ഒരാൾക്ക് കാസറ്റ് കിട്ടിയാൽ പിന്നേ അടുത്തുള്ളവർ എല്ലാം കടം വാങ്ങിയും കേൾക്കും…ചിലരാകട്ടെ കോമഡി സ്കിറ്റിനും പാരഡി ഗാനങ്ങൾ പാടാനുമായി വീണ്ടും വീണ്ടും കേട്ട് കാസറ്റിന്റെ പരിപ്പെടുത്ത ചരിത്രവുമുണ്ട്.
അങ്ങനെ മാവേലി കൊമ്പത്തിലെ പാട്ടുകളും ഡയലോഗുകളും മിക്കവർക്കും കാണാപാഠമായിരുന്നു.. ഇന്നും ആ കാസറ്റുകളിലെ തമാശയും പാട്ടുകളും പലരും മൂളുന്നത് കേൾക്കാം.. പ്രധാന കഥാപാത്രങ്ങളായ ഇന്നസെന്റ് മാവേലിക്കും ജഗതി ഡ്യൂപ്പിനും ശബ്ദം നൽകിയത് ദിലീപ് തന്നെയായിരുന്നു, കലാഭവൻ മണി ആദ്യമായി ഒരു നാടൻ പാട്ട് പാടുന്നതും ഈ കാസററിലൂടെയാണ്.ആമിനാ താത്ത, ബീരാനിക്ക, കമ്മത്ത്, നായനാർ സഖാവ്, ലീഡർ കരുണാകരൻ, പള്ളീലച്ചൻ എന്നീ കഥാ പാത്രങ്ങൾ എല്ലാ കാസ്സറ്റുകളിലും ഏതെങ്കിലുമൊക്കെ കഥാപത്രമായി എന്നുമുണ്ടായിരുന്നു.
ദിലീപ്, നാദിര്‍ഷ എന്നിവരെകൂടാതെ കലാഭവന്‍ മണി, അബി, എന്‍. എഫ് വര്‍ഗീസ്, ഹരിശ്രീ അശോകന്‍, സലീംകുമാര്‍, മച്ചാന്‍ വര്‍ഗീസ്, സാഗര്‍ ഷിയാസ്, കോട്ടയം നസീര്‍, കോട്ടയം വില്യംസ്, സാജു കൊടിയന്‍, നന്ദുപൊതുവാള്‍, ജോര്‍ജ് എന്നിങ്ങനെ പ്രതിഭകളുടെ സമൃദ്ധമായ ഓണവിരുന്നായിരുന്നു ‘ദേ മാവേലി കൊമ്പത്ത്’. പില്‍ക്കാലത്ത് ഇവരൊക്കെ സിനിമകളില്‍ സജീവമാകുമ്പോഴും ഓണക്കാലത്ത് ‘ദേ മാവേലി കൊമ്പത്തി’നുവേണ്ടി വീണ്ടും ഒന്നിച്ചിരുന്നു.ഓണത്തിനിടയ്ക്ക് പൂട്ടുകച്ചവടവും ശക്തമായി തന്നെ മുൻ നിരയിൽ ഉണ്ടായിരുന്നു രണ്ടിന്റെയും ശൈലി ഒന്ന് തന്നെയായിരുന്നു ആക്ഷേപ ഹാസ്യം.
ഇപ്പോഴത്തെ ജനറേഷൻ സോഷ്യൽ മീഡിയ വഴി ട്രോൾ ഉണ്ടാക്കുമ്പോൾ ആ വർഷം നടന്ന പ്രധാന സംഭവങ്ങളെ ഉൾകൊള്ളിച്ചു കൊണ്ട് പാരഡി ഗാനങ്ങളിലൂടെയായിരുന്നു അവർ ട്രോളികൊണ്ടിരുന്നത്.
18 വർഷത്തെ അരങ്ങു വാഴലിന് ശേഷം 2009 ൽ അവസാനത്തെ ദേ മാവേലി കൊമ്പത്ത് CD യും ഇറങ്ങിയതോടെ അത് വരെ ഓണത്തിന് നമ്മളെ രസിപ്പിച്ച, ചിന്തിപ്പിച്ച ആ കൂട്ടായ്മയ്ക്ക് വിരാമമായി.
ഇപ്പോഴും മാവേലി കൊമ്പത്തിനെ കുറിച്ചോർക്കുമ്പോൾ പഴയ പാട്ടുകളും കോമഡി സംഭാഷണങ്ങളുമാണ് ആദ്യം ഓർമ്മ വരിക.. ഒപ്പം പേനയിട്ട് തിരിച്ച് റീവൈൻഡ് ചെയ്തിരുന്ന…. ഇടയ്ക്കിടെ ടേപ്പ് റെക്കോർഡറിൽ കുരുങ്ങിയിരുന്ന പൊട്ടിയാൽ പാലയുടെ പശ വെച്ച് ഒട്ടിച്ചിരുന്ന കാസറ്റുകളുടെ ആ കാലത്തേയും.