ചില ഗൂഢാലോചന തിയറികള്‍, ചിന്തകള്‍, ചോദ്യങ്ങള്‍

181

” അഭിനയം മാത്രമേ ഇപ്പോള്‍ എനിക്ക് അറിയൂ, വിലക്ക് എന്നാല്‍ എന്‍റെ കയ്യും കാലും കെട്ടിയിടാന്‍ കഴിയില്ലല്ലോ, ഇത് മാത്രമല്ലല്ലോ, നിരവധി പ്ളാറ്റ് ഫോമുകള്‍ ഉളള കാലമാണ്. ഞാന്‍ എല്ലാം വിളിച്ചുപറയുന്നു എന്നേയുളളൂ, സിനിമയില്‍ ശബ്ദം ഉയര്‍ത്താന്‍ കഴിയാത്ത നിരവധി പേരുണ്ട്; ഷെയ്ന്‍ നിഗം.”

Sikesh Gopinath എഴുതുന്നു 

ചില ഗൂഢാലോചന തിയറികള്‍, ചിന്തകള്‍, ചോദ്യങ്ങള്‍

 1. ഒരു സിനിമയുടെ ടൈറ്റില്‍ ക്രെഡിറ്റ്സില്‍ ഓണ്‍ലൈന്‍ മീഡിയക്ക് നന്ദി രേഖപ്പെടുത്തുന്ന മുഴുവന്‍ പേരുകള്‍ ശ്രദ്ധിക്കാറുണ്ടോ, പുതിയ ചിത്രങ്ങളില്‍ ഒന്നുപോലും അത് മൊത്തമായി വായിച്ച് തീര്‍ക്കാനാവില്ല. അത്രത്തോളമാണ് പ്രമോഷന്‍റെ ഡിജിറ്റല്‍ മീഡിയ പ്ളാറ്റ് ഫോമുകള്‍. ഓരോന്നിനും എത്ര തുക വീതം കിട്ടുന്നുവെന്നത് അവരുടെ റീച്ചും സ്വഭാവവും അനുസരിച്ചാണ്. കഴിഞ്ഞ കാലത്ത് ഏറ്റവും കൂടുതല്‍ പടങ്ങള്‍ നിര്‍മ്മിക്കുകയും ഏറ്റവും അധികം പടങ്ങള്‍ പുതിയതായി അനൗണ്‍സ് ചെയ്യുകയും ചെയ്ത നിര്‍മ്മാതാവാണ് ജോബി ജോര്‍ജ്.

മമ്മുട്ടിയുടെ നിരവധി ചിത്രങ്ങളാണ് ജോബിയുടെ ഗുഡ്വില്‍ നിര്‍മ്മിച്ചത്. ഇനി റിലീസ് ചെയ്യുന്നത് അടക്കമുളള സിനിമകള്‍ക്കായി ഓണ്‍ലൈന്‍ പ്രമോഷനും മറ്റ് പരസ്യത്തിനും ജോബി നീക്കിവെക്കുന്ന തുക ഊഹിക്കുക. ഇതില്‍ എത്ര കച്ചവടം മുന്‍കൂറായി ഇപ്പോഴേ നടന്നൂ എന്നും ആലോചിക്കുക.

 1. ഇങ്ങനെ പറഞ്ഞത് വെറുതെയല്ലാ, ഷെയ്ന്‍ മുടി മുറിച്ച ദിവസം മുതല്‍ ഇന്നുവരെ ഷെയ്ന് ധിക്കാരം,അഹങ്കാരം എന്ന രീതിയില്‍ റിപ്പോര്‍ട്ട് ചെയ്തവരുണ്ട്. മുഖ്യധാര മുതല്‍ സൈബര്‍ ക്വട്ടേഷന്‍ വരെ നടപ്പാക്കുന്ന വലിയ റീച്ചുളള എഫ്ബി പേജുകളുമുണ്ട്. ഷെയ്നെ പിന്തുണച്ചുളള പരാമര്‍ശങ്ങള്‍ പോലും നെഗറ്റീവായി പടച്ചുവിടുന്ന ഓണ്‍ലൈന്‍ സൈറ്റുകള്‍ നിരവധിയാണ്.
  കൂടാതെ വാര്‍ത്താസമ്മേളനത്തില്‍ പോലും ഷെയ്ന്‍ കഞ്ചാവാണോ മയക്കുമരുന്നാണോ എന്ന് നിര്‍മ്മാതാക്കളെ കൊണ്ട് പറയിക്കാനായി മാത്രം ബദ്ധപ്പെട്ട് ചോദിക്കുന്ന ചോദ്യങ്ങള്‍ കേള്‍ക്കാം. ആര്‍ക്കുവേണ്ടിയാണോ ഇങ്ങനെ ചെയ്യുന്നത് അവരുടെ സിനിമകളുടെ പ്രമോഷനായി ഈ കൂലി എത്തുന്ന കാലമാണ്.
 2. മാതൃഭൂമി പത്രത്തിലെ കഴിഞ്ഞ വര്‍ഷത്തെ റിവ്യൂസും മോഹന്‍ലാലിനെതിരെ അടക്കം വന്ന വാര്‍ത്തകളും ഓര്‍ക്കുക. അധികം വൈകാതെ ആ ക്രിട്ടിക്കല്‍ റിവ്യൂസ് എല്ലാം ലൂസിഫറിന് മുന്‍പായി നിര്‍ത്തിയതും സിനിമാ പരസ്യങ്ങള്‍ പത്രത്തില്‍ വീണ്ടും വന്ന് തുടങ്ങിയതും വെറുതെ മനസില്‍ വെക്കുക. അപ്പോള്‍ ഇത്തരം കച്ചവടങ്ങളുടെ വ്യാപ്തി എത്ര വലുതാണെന്ന് പിടികിട്ടും.
 3. ഷെയ്ന്‍ പറഞ്ഞത് വെച്ചും പുറത്തുവന്ന വാര്‍ത്തകള്‍ പ്രകാരവും കുര്‍ബാനി, വെയില്‍ ചിത്രങ്ങളുടെ സംവിധായകര്‍ ഷെയ്ന്‍റെ ഈ ലുക്കില്‍ അഡ്ജസ്റ്റ്മെന്‍റുകള്‍ വെച്ച് ഷൂട്ടിങ്ങ് തുടങ്ങാമെന്ന് അറിയിച്ചതാണ്. അഭിനയിക്കാം എന്ന് ഷെയ്നും. പടങ്ങള്‍ ഇത്രയും തുക മുടക്കിയിട്ടും ഉപേക്ഷിക്കാന്‍ തീരുമാനിച്ചതില്‍ നവാഗതരുടെയോ, ഷെയ്ന്‍റെയോ അഭിപ്രായം ബി. ഉണ്ണിക്കൃഷ്ണന്‍റെ ഭാഷയില്‍ സിനിമയിലെ ‘തൊഴിലാളി വര്‍ഗമായ’ നിര്‍മ്മാതാക്കള്‍ കേട്ടുകാണുമോ?
 4. ജോബി ജോര്‍ജിന് പുറമെ മമ്മൂട്ടിയെ വെച്ച് ഏറ്റവും അധികം ചിത്രങ്ങള്‍ എടുക്കുന്ന മറ്റൊരാള്‍ ആന്‍റോ ജോസഫാണ്. പരസ്യ പ്രതികരണം പാടില്ലെന്നും ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഡിലീറ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട ആന്‍റോ അടക്കമുളള നിര്‍മ്മാതാക്കള്‍ വിലക്ക് ഉണ്ടാകില്ലെന്നാണ് ഷെയ്നോടും വീട്ടുകാരോടും അറിയിച്ചിരുന്നത്. അതെങ്ങനെ വിലക്കിലെത്തി എന്നത് ആലോചിക്കാം.
 5. അമ്മയില്‍ മെംബര്‍ഷിപ്പ് എടുക്കാന്‍ മടിക്കുന്ന യുവതാരങ്ങള്‍, അച്ചടക്കം പാലിക്കാത്തവര്‍ ഇങ്ങനെയാണ് ലഹരി ഉപയോഗിക്കുന്നവരെന്ന് ആരോപിച്ച് സിനിമയിലെ പുതിയ താരങ്ങളെ നിര്‍മ്മാതാക്കളുടെ സംഘടന വിശേഷിപ്പിച്ചത്. ആരെയാണ് ഈ സംഘം ലക്ഷ്യമിടുന്നതെന്ന് വ്യക്തമല്ലേ?
 6. ജോബിയുടെ മുന്‍ തട്ടിപ്പുകേസുകളും പാര്‍വതി വിഷയത്തിലെ ജോലി വാഗ്ദാനം അടക്കം നിരവധി വിവാദങ്ങള്‍ ഉണ്ടായിട്ടും ഭൂരിപക്ഷം മാധ്യമങ്ങള്‍ക്കും സൂപ്പര്‍താരങ്ങള്‍ക്കും ഇപ്പോഴും ജോബി വിശുദ്ധപശുവാണ്. അതെങ്ങനെയാകും?
 7. പ്രമോഷന്‍റെ ഭാഗമായുളള പോസീറ്റീവ് റിവ്യു, അഭിമുഖങ്ങള്‍ എന്നീ കലാപരിപാടികള്‍ ഇന്ന് സര്‍വ സാധാരണമാണ്. (സുഹൃത്തുക്കളുടെ പുസ്തകങ്ങളെ കുറിച്ച് മറ്റുളളവര്‍ നല്ലത് എഴുതുന്ന അതേ പരിപാടി) ആ പോസിറ്റീവ് റിവ്യൂവില്‍ വരെ ഒന്നോ രണ്ടോ വാക്കുകളോ വാചകങ്ങളോ നെഗറ്റീവ് അര്‍ത്ഥം ദ്യോതിപ്പിച്ചാല്‍ വരെ ചാനല്‍, പത്രം ഓഫിസുകളിലേക്ക് നായക നടന്മാര്‍ അടക്കം പ്രമോഷന്‍ ടീം നേരിട്ട് വിളിക്കുന്ന കാലമാണിത്. അത്തരം വസ്തുതകളെ പരിഗണിച്ചാല്‍ മാധ്യമ-സിനിമ കൂട്ടുകെട്ട് അറിയാം. ജോബിയ്ക്കാണോ, ഷെയ്നാണോ ആവശ്യമുളളവരെ വിലയ്ക്ക് എടുക്കാന്‍ കഴിയുക?
 8. റിലീസിനിരിയ്ക്കുന്ന വലിയ പെരുന്നാള്‍ തിയറ്റര്‍ കാണിക്കില്ലെന്നാണ് മറ്റൊരു ഭീഷണി കേട്ടതെന്ന് ഷെയ്ന്‍. ആ പടത്തിന്‍റെ റിലീസിനൊപ്പം വരുന്ന മറ്റ് ചിത്രങ്ങള്‍, അല്ലേല്‍ ഷെയ്ന് ചുരുക്കകാലം കൊണ്ടുണ്ടായ ഫാന്‍സ് എങ്ങോട്ടാകും ചിതറുക എന്നതൊക്കെ ആലോചിക്കാവുന്നതാണ്.
 9. ഫാന്‍സിനെ വിട്ട് തിയറ്ററില്‍ മറ്റൊരു നടന്‍റെ പടത്തെ കേരളത്തില്‍ ഉടനീളം കൂവിവിളിപ്പിച്ച ചരിത്രമുളളതാണ്. അപ്പോള്‍ പിന്നെ നിവിന്‍റെ മങ്ങല്‍ ടൊവീനോയ്ക്ക് ഗുണകരമാകും എന്ന കിംവദന്തി പോലെ, ഷെയ്ന്‍റെ മങ്ങല്‍ ആര്‍ക്കാണ് നേട്ടം എന്ന തരത്തിലും ആലോചിക്കാം.
 10. ഫേസ്ബുക്ക് അടക്കം സോഷ്യല്‍മീഡിയയുടെ അല്‍ഗോരിതം ചെയ്ഞ്ചായ കാലത്ത് കൂടുതല്‍ റീച്ച് കിട്ടുന്ന വകകളാണ് ഇത്തരം സിനിമാവിവാദങ്ങള്‍. അതും മനസില്‍ വെക്കുക.
 11. പണം മുടക്കി അത് നഷ്ടമാകുന്നവരുടെ സങ്കടം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍റെ വാര്‍ത്താസമ്മേളനത്തില്‍ ആരിലും കണ്ടില്ല. ഏഴ് കോടി രൂപയോളം, അതേ ഏഴ് കോടി, മുടക്കിയ പടങ്ങള്‍ അങ്ങ് ഉപേക്ഷിച്ചേക്കാന്‍ എത്ര പെട്ടെന്നാണ് തീരുമാനം വന്നത്. പണം മുടക്കിയ ബിസിനസ് പൂട്ടാതെ, മുടക്കുമുതല്‍ എങ്കിലും തിരിച്ച് പിടിക്കാനാണ് ഏവരും ശ്രമിക്കുക. അത് ഇവിടെ വൈരാഗ്യമെന്ന പോലെ ഷെയ്ന്‍ തരണം. അല്ലേല്‍ നീ അഭിനയിക്കേണ്ടാ എന്ന ധാര്‍ഷ്യട്മാണ് പുലര്‍ത്തിയത്.
 12. സംവിധായകനോ, അഭിനേതാക്കളോ, വേറാരും അല്ലാ, പണം മുടക്കുന്ന ഞങ്ങള്‍ പറയും, നീയൊക്കെ അനുസരിച്ചില്ലേല്‍ ഇതാകും ഗതി എന്നൊരു ഭീഷണി പോലെ വാര്‍ത്താസമ്മേളനം ഉടനീളം തോന്നിയോ, എനിക്ക് തോന്നീ.
 13. ഈഗോ ഹര്‍ട്ടായ പോലെയാണ് ആന്‍റോ ജോസഫ് അടക്കമുളള നിര്‍മ്മാതാക്കള്‍ പ്രതികരിച്ചത്. അതിനുളള ഉദാഹരണങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ നിന്നുളളത്

a. മാമാങ്കത്തില്‍ വരെ രാത്രി വൈകി മമ്മൂട്ടി അടക്കം ഷൂട്ടിനെത്തി, ഒരു ദിവസം രാത്രിഷൂട്ട് കഴിഞ്ഞാ ഇവന് കിളിപോയ അവസ്ഥ എന്ന് പരാമര്‍ശത്തിലെ പരിഹാസം.

b. കോടിക്കണക്കിന് കാശ് മുടക്കിയവരെ കളിയാക്കുകയാണ് ചെയ്തേ, മലയാള സിനിമേല്‍ അച്ചടക്കം ഇല്ലായ്മ അനുവദിക്കില്ല

c. പ്രായത്തിന്‍റേതായ ഇളവ് ഷെയ്ന് നല്‍കുമോ എന്ന് ,മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍, പ്രായത്തിന് അനുസരിച്ചുളള പ്രതിഫലമല്ലല്ലോ വാങ്ങുന്നത് എന്നായിരുന്നു നിര്‍മ്മാതാക്കളുടെ പ്രതികരണം.

d. ഷെയ്ന്‍ 45 ലക്ഷം ചോദിച്ചതിന് വേറൊരു കഥ, 25-30 കൊല്ലത്തോളം മോഹന്‍ലാലും മമ്മൂട്ടിയും 50 ലക്ഷം രൂപയായിരുന്നു വാങ്ങിയത്, അവരെ കണ്ട് പുതിയ തലമുറ പഠിക്കണമെന്ന ഉപദേശവും ഒപ്പം. ഏത് കാലത്ത്, എപ്പോഴാണ് 50 ലക്ഷം വാങ്ങിയതെന്നും അന്നത്തെ ഇന്‍ഡസ്ട്രിയല്ലാ ഇന്നത്തേത് എന്നും മനസിലാക്കാന്‍ സിംപിള്‍ ലോജിക്ക് മതി.

 1. ഇതൊന്ന് കൊണ്ടും മനസിലായില്ലേല്‍ നടി ആക്രമിക്കപ്പെട്ട ശേഷം കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട നടന്‍ ദിലീപിനെ അനുകൂലിച്ച് അന്ന് പ്രശസ്തമായ ആ പോര്‍ട്ടലില്‍ ആ എഡിറ്റര്‍ എഴുതിയ ആ ലേഖനം ഓര്‍മ്മിക്കുക. ശേഷം ഇതുവരെ ദിലീപ് സിനിമകളുമായി ബന്ധപ്പെട്ട് അതില്‍ വന്ന വാര്‍ത്തകള്‍, റിവ്യൂസ് എല്ലാം നോക്കുക. കാര്യങ്ങള്‍ ഇങ്ങനൊക്കെയാണ് ഭായീ…

#ഷെയ്നൊപ്പം