സാറേ ഇപ്രാവശ്യം ജോർജ്ജ്കുട്ടിയുടെ കേസ് വന്ന് കഴിഞ്ഞപ്പോൾ.. എനിക്ക് ചില കാര്യങ്ങൾ തോന്നി

64

സാറേ ഇപ്രാവശ്യം ജോർജ്ജ്കുട്ടിയുടെ കേസ് വന്ന് കഴിഞ്ഞപ്പോൾ.. എനിക്ക് ചില കാര്യങ്ങൾ തോന്നി

Written by..
ശിഖിൽ .എസ്. ദാസ്. ചെറുപൊയ്ക

IG ഓഫീസ്.തോമസ് ബാസ്റ്റിന്റെ റൂം..ഒരു സിവിൽ പൊലീസ് ഓഫീസർ കടന്നു വരുന്നു…

CPO : സർ; ആ വരുണ് കേസിൽ സസ്‌പെൻഷനിലായ സഹദേവൻ കാണാൻ വന്നിരിക്കുന്നു..
IG : മ്.. വരാൻ പറ.
( സഹദേവൻ റൂമിലേക്ക് വരുന്നു..
വന്ന ഉടനെ സിവിൽ ഡ്രെസ്സിൽ ഉയർന്ന ഉദ്യോഗസ്‌ഥനു നൽകുന്ന അഭിവാദ്യം നൽകുന്നു..)
IG : (മുന്നിലെ കസേര ചൂണ്ടി കാണിച്ചുകൊണ്ട്.) മ്.. ഇരിക്ക്..
സഹദേവൻ : (കസേരയിലിരുന്നുകൊണ്ട്) ഗുഡ് മോർണിംഗ് സാർ..
IG : മ്.. മോർണിംഗ്..എന്താടോ,, എന്താ കാര്യം..??
സഹ : സാറെ…ആ വരുണ് കേസുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ പറയാനുണ്ടായിരുന്നു..
I G : ആ.. അതാണോ കാര്യം; സഹാദേവാ താൻ ഇപ്പോഴും അതിന്റെ പിറകിലാണോ,, തനിക്ക് കിട്ടിയതോന്നും പോരേടോ..??
സഹ : സാറേ ഈ കേസിൽ എന്റെ ജീവിതം ആകെ തകർന്ന് നിൽക്കുവാ… ഞാൻ ഒരു കള്ളവും പറഞ്ഞിട്ടില്ല,, ആഗസ്റ്റ് മൂന്നാം തീയതി ഞാൻ ജോർജ്ജ്കുട്ടിയെ കണ്ടതാ സാറേ..
IG : ടോ താനത് പറഞ്ഞതുകൊണ്ടു മാത്രം കാര്യമുണ്ടോ..? തെളിയിക്കാൻ കഴിഞ്ഞില്ലല്ലോ… അവസാനം നാട്ടുകാരുടെ തല്ലും കിട്ടി, സസ്‌പെൻഷനിലുമായില്ലേ… തന്റെ കേസ് ഇപ്പോൾ എന്തായി..??
സഹ : വകുപ്പുതല അന്വേഷണമല്ലേ സാറേ.. ഒന്നു ഒതുക്കി തീർക്കാൻ നോക്കുമ്പോഴേക്കും സാറിപ്പോൾ ചെയ്തതുപോലെ ആവേശം മൂത്തു ഏതെങ്കിലും സാറുമ്മാരു ഈ കേസ് വീണ്ടും കുത്തിപ്പോക്കും.. വീണ്ടും എന്റെ കേസ് നീണ്ടു പോകും..ഞാനാകെ ഒരു തെറ്റേ ചെയ്തിട്ടുള്ളൂ .. ആ കൊച്ചിനെ തല്ലിയത്… ഒന്നു പേടിപ്പിച്ചാൽ സത്യം പറയും എന്നു കരുതി ആ ആവേശത്തിൽ തല്ലി പോയതാണ്‌,,, ജോർജ്ജ്കുട്ടിയെ തല്ലിയത് IG ഗീതസാർ പറഞ്ഞിട്ടാ…
IG : സഹാദേവാ ഈ പ്രാവശ്യം അവനെ നമ്മൾ പൂട്ടിയേനെ തെളിവുണ്ടായിരുന്നു, പക്ഷേ അവൻ വീണ്ടും ഊരിപ്പോയി…
May be an image of 2 people and textസഹ : സാറെ നമുക്കിത് വീണ്ടും അന്വേഷിക്കണം.. അവനെ പോക്കണം സാറെ..
IG : ടോ ഫോഴ്സിന് ഈ കേസ്സിപ്പോൾ തൊടാൻ പോലും പേടിയാണ്… മാധ്യമങ്ങളും, സോഷ്യൽ മീഡിയയും നമ്മളെ അത്രയ്ക്ക് നാറ്റിയ കേസാണിത്…
സഹ : ഈ കേസ് അന്വേഷിച്ച മറ്റാർക്കും ഒന്നും നഷ്ടപ്പെട്ടിട്ടില്ല സാറെ…എന്റെ ജോലിയാ പോയത്.. സസ്‌പെൻഷൻ കാലത്തെ പകുതി ശമ്പളം കൊണ്ട് എങ്ങനെ ജീവിക്കാനാ സാറെ..? ഇവിടെ മുഴുവൻ ശമ്പളവും കൈക്കൂലിയും വാങ്ങിയിട്ട് ജീവിക്കാൻ പറ്റുന്നില്ല..
(തല കുനിച്ച് പതുക്കെയാണ് കൈക്കൂലിയുടെ കാര്യം പറഞ്ഞത്)
സാറെ ഇപ്രാവശ്യം ജോർജ്ജ്കുട്ടിയുടെ കേസ് വന്ന് കഴിഞ്ഞപ്പോൾ.. എനിക്ക് ചില കാര്യങ്ങൾ തോന്നി.. അതു സാറൊന്ന് കേൾക്കണം..
I G : സഹദേവാ എനിക്ക് ഇവിടെ വേറെ ഒരുപാട് പണിയുണ്ട്.. ഇനി ഇതെടുത്ത് തലയിൽ വയ്ക്കാൻ വയ്യ..
സഹ : അതല്ല സാറേ…ജോർജ്ജ്കുട്ടി കേരളാ പോലീസിനെ ആകെ നാണം കെടുത്തിയതാ… അവന്റെ കുടുംബം തന്നെയാണ് ഇത് ചെയ്തത്…
IG : സഹാദേവാ നമ്മുടെ കയ്യിൽ മൂന്നു മൊഴികളാണ് ഉള്ളത്, ഒന്ന്‌ ആ കൊച്ചിന്റെ അതായത് ജോർജ്ജുകുട്ടിയുടെ ഇളയ മകളുടെ, പിന്നെ തന്റെ, മൂന്നാമത്തേത് ആ പ്രതി ജോസിന്റെ; മൂന്നും കോടതിയിൽ നില നിൽക്കില്ല… അല്ലെങ്കിൽ ആ പയ്യന്റെ ബോഡി കിട്ടണം..
ആ എഴുത്തുകാരൻ വിനയചന്ദ്രൻ പറഞ്ഞതു വച്ചു നോക്കുകയാണെങ്കിൽ; ജോർജ്ജ്കുട്ടി അത് മറ്റെവിടെയോ വച്ചു നശിപ്പിച്ചിട്ടുണ്ടാകും…
സഹ : അവിടെയാണ് സാറെ നമുക്ക് പിന്നെയും തെറ്റിയത്.. ജോർജ്ജ്കുട്ടി വിനയചന്ദ്രനോട് പറഞ്ഞ സിനിമാക്കഥ; അയാൾ സാറിനോട് പറഞ്ഞപ്പോൾ സാറും മറ്റുള്ളവരും അതാണ് ശരിയെന്നു വിശ്വസിച്ചു….
സാറെ… വിനയചന്ദ്രൻ പറഞ്ഞതു പോലെ ജോർജ്ജ്കുട്ടിക്ക്‌ ഫോറൻസിക് ഡിപ്പാർട്ട്‌മെന്റിലെ സെക്യൂരിറ്റിയുമായി ബന്ധമുണ്ടോ എന്നറിയാൻ അയാളുടെ കാൾ ലിസ്റ്റ് പരിശോധിച്ചാൽ പോരെ..?അല്ലെങ്കിൽ സ്റ്റേഷനിൽ നിന്നും അസ്ഥികൂടം കിട്ടിയതിന്റെ അന്നും, പിറ്റേന്നുമുള്ള ജോർജ്ജ്കുട്ടിയുടെ ടവർ ലൊക്കേഷൻ നോക്കിയാൽ പോരേ…?
നമ്മുടെ കയ്യിൽ ഇപ്പോൾ ശക്തമായ ഒരു തെളിവില്ലേ സാർ; നമുക്ക് അവിടെ നിന്നും തുടങ്ങിക്കൂടെ…??
IG : തനെന്താ ഉദ്ദേശിക്കുന്നത്..?
സഹ : സാറേ… നമ്മുടെ കയ്യിൽ ഇപ്പോൾ ഒരു അസ്ഥികൂടം ഇല്ലേ… ഫോറൻസിക് പരിശോധനയിൽ അതു ഒരു പുരുഷനാണെന്ന് തെളിഞ്ഞിട്ടുണ്ട് അതിന്റെ പ്രായം 14 നും 20 നും ഇടയിലാണ്‌,, മരണ കാരണം തലയ്ക്കേറ്റ അടിയാണ്,,ഈ അസ്ഥികൂടത്തിനു 6 വർഷത്തെ കാലപ്പഴക്കം ഉണ്ട്…
ഇതിന്റെ DNA ഗീതസാറുമായി മാച്ച് ആകുന്നുമില്ല… ഇനിയാണ് സാർ നമ്മൾ തുടങ്ങേണ്ടത്…
6 വർഷം മുൻപ്‌ അതായത്‌ 2013 ആഗസ്റ്റ് മുതൽ 2014 ആഗസ്റ്റ് വരെ,,, കേരളത്തിൽ തലയ്ക്ക് അടിയേറ്റ് മരിച്ച 14 നും 20 നും ഇടയിലുള്ള പുരുഷന്മാരുടെ ലിസ്റ്റ് എടുക്കണം സാറെ… അതു വളരെ കുറവായിരിക്കും.. ഇടുക്കിയിലേത് പ്രത്യേകം പരിഗണിക്കണം..
അങ്ങനെ മരണപ്പെട്ടവരുടെ ബന്ധുക്കളുടെ DNA യുമായി നമ്മുടെ കയ്യിലുള്ള DNA ക്രോസ്സ് മാച്ച് ചെയ്തു നോക്കണം… ഉറപ്പായും ഏതെങ്കിലും ഒന്നു മാച്ച് ആകും…
അങ്ങനെ ആയാൽ ആ ബോഡി അടക്കം ചെയ്ത സെമിത്തേരി സൂക്ഷിപ്പുകാരനെ പോക്കണം..അവനും ജോർജ്ജ്‌കുട്ടിയുമായി ബന്ധമുണ്ടെങ്കിൽ അവനാണ് സാറേ നമ്മുടെ ഒരു സാക്ഷി…
IG : ബന്ധമില്ലെങ്കിലോ…?
സഹ : ബന്ധമില്ലെങ്കിൽ ഒരു കാര്യം ഉറപ്പിക്കാം സാറേ… ജോർജ്ജ്കുട്ടി രാജാക്കാട് സ്റ്റേഷനിൽ കുഴിച്ചിട്ടത് വരുണിന്റെ ബോഡി അല്ല…
IG : താനെന്താടോ ഈ പറയുന്നത്…???
സഹ : ഫേസ്ബുക്കിൽ റിവ്യു എഴുതുന്ന പിള്ളേരുടെ ബുദ്ധിയല്ല സാറെ ജോർജ്ജ്‌കുട്ടിക്കുള്ളത്… അയാൾ ഒരു റിസ്കും എടുക്കില്ല…
ഫോറൻസിക് ഡിപ്പാർട്ട്‌മെന്റിലെ സെക്യൂരിറ്റി അന്നവിടെ ഇല്ലെങ്കിൽ തകർന്നു പോകുന്ന പ്ലാനുമായി അയാൾ വർഷങ്ങൾ കാത്തിരിക്കുമെന്ന് സാർ വിശ്വസിക്കുന്നുണ്ടോ…??
IG : മ്.. അതില്ല,, പിന്നെങ്ങനെ..??
സഹ : സാറേ.. ഫിലിപ്പ് സാർ പറഞ്ഞു സാറോരു സമയത്തിന്റെ കണക്ക് പറഞ്ഞിരുന്നെന്ന്..
IG : അതേ..
സഹ : സാറിന്റെ കണക്ക്‌ പ്രകാരം ജോർജ്ജ്‌കുട്ടി തന്റെ വീട്ടിൽ നിന്നും 12 മണിക്ക് വരുണിന്റെ ബോഡി കുഴിച്ചെടുക്കുന്നു,,, 1 മണിക്കു ബോഡിയുമായി പുറപ്പെട്ട് 2 മണിക്ക് പണി നടക്കുന്ന സ്റ്റേഷനിലെത്തി,, ഒന്നര മണിക്കൂർ സമയമെടുത്ത് കുഴികുത്തി ബോഡി മറവ് ചെയ്യുന്നു.. അപ്പോൾ സമയം 3.30..തിരികെ പുറപ്പെട്ട് 4.30 ന് വീട്ടിൽ തിരിച്ചെത്തുന്നു… ശരിയല്ലേ..??
IG : അതേ കറക്റ്റാണ്‌… 3.30 നാണ് ജോർജ്ജ്കുട്ടി കൈക്കോട്ടുമായി സ്റ്റേഷനിൽ നിന്നും ഇറങ്ങി വരുന്നത് നമ്മുടെ വിറ്റ്നെസ് ജോസ് കാണുന്നത്…
സഹ : അതേ സർ,, പക്ഷെ അവിടെ ഒരു കുഴപ്പമുണ്ട്.. 4 മണിക്ക് ജോർജ്ജ്കുട്ടി ജീപ്പിൽ അയാളുടെ വീട്ടിലേക്ക് കയറിപ്പോകുന്നത് അയൽക്കാരൻ ‘രമേശ് ‘ കണ്ടു എന്നൊരു മൊഴി കൂടി ഉണ്ട്..
അപ്പോൾ; ബോഡി മറവ് ചെയ്തതിനു ശേഷം തിരികെ വീട്ടിലെത്താൻ അയാൾ അര മണിക്കൂർ മാത്രമാണ് എടുത്തത്…അങ്ങനെയെങ്കിൽ അങ്ങോട്ട് പോകാനും അയാൾ ആ സമയമേ എടുത്തിട്ടുണ്ടാകു…അപ്പോൾ അയാളുടെ ആകെ യാത്രാ സമയം 1 മണിക്കൂറാണ്..
IG : മ്… Ok
സഹ : സാറിന്റെ നിഗമനം പോലെ ജോർജ്ജ്കുട്ടി 12 മണിക്ക് ആയിരിക്കില്ല വരുണിന്റെ ബോഡി കുഴിച്ചെടുക്കാൻ തുടങ്ങിയിരിക്കുക; കാരണം അന്ന് അവിടുത്തെ ക്ലബിലെ നാടകം തീരാൻ 12 മണി ആകും അത് കാണാൻ പോയി തിരികെ വരുന്നവർ പറമ്പിൽ കുഴിക്കുന്നത്ത് കാണാൻ സാധ്യത ഉണ്ട്… അതുകൊണ്ട് അയാൾ 12 മണിക്ക്
മുൻപേ ബോഡി കുഴിച്ചെടുത്ത് ജീപ്പിൽ കയറ്റി 12.30 വരെ കാത്തിരുന്നു …
12.30 വരെ കാത്തിരുന്നു എന്ന നിഗമനത്തിൽ ഞാനെത്താൻ കാരണം 12 മണിക്ക് നാടകം കഴിഞ്ഞാലും അരമണിക്കൂറെങ്കിലും എടുക്കും ആളുകൾ നടന്നു വീടുകളിലെത്താൻ…
അങ്ങനെയാണെങ്കിൽ 12.30 ന് ബോഡിയുമായി പുറപ്പെടുന്ന ജോർജ്ജ്കുട്ടി അരമണിക്കൂർ യാത്ര ചെയ്ത് 1 മണിക്ക് സ്റ്റേഷനിൽ എത്തുന്നു…ഒന്നര മണിക്കൂർ കൊണ്ട്‌ കുഴിയെടുത്ത് ബോഡി മറവുചെയ്യുന്നു അപ്പോൾ സമയം 2.30; അര മണിക്കൂർ തിരികെ യാത്ര ചെയ്ത് ജോർജ്ജ്കുട്ടിക്ക് 3 മണിക്ക് വീട്ടിലെത്താം…
IG : അങ്ങനെയാണെങ്കിൽ ജോസ് 3.30 ന് ജോർജ്ജ്കുട്ടിയെ സ്റ്റേഷനിൽ കാണില്ലല്ലോ…?
സഹ : അവിടെയാണ് സർ നമ്മൾ കൂടുതൽ അന്വേഷിക്കേണ്ടത്…..ഈ യാത്രയ്ക്കിടയിൽ എവിടെയാണ് ജോർജ്ജ്കുട്ടി ഒരു മണിക്കൂർ ചിലവഴിച്ചിട്ടുണ്ടാവുക…?? യാത്രയിലെ സമയം ലഭിക്കാൻ അയാൾ ഏത് വഴിയായിരിക്കും സഞ്ചരിച്ചിട്ടുണ്ടാവുക…???
IG : യാത്രയിലെ സമയം ലഭിക്കാൻ ഉറപ്പായും ആയാളുടെ വീടിനടുത്തുകൂടി കേബിൾ ടി വി ഓഫീസിലെത്താവുന്ന കുറുക്കു വഴി ആയിരിക്കും ഉപയോഗിച്ചിട്ടുണ്ടാവുക… അതാവുമ്പോൾ 8 കിലോമീറ്റർ ദൂരമേ ഉള്ളു.. 8 കിലോമീറ്റർ സഞ്ചരിക്കാൻ അര മണിക്കൂർ ധാരാളമാണ്…ആ സമയത്ത്‌ ആ റോഡ് മോശമായിരുന്നെങ്കിലും ജോർജ്ജ്കുട്ടിയുടെ വണ്ടി ജീപ്പാണ് ; വഴി ഒരു പ്രശ്നമല്ല…
സഹ : അത് കറക്ടാണ് സർ… എന്നാലും എവിടെയായിരിക്കും സർ അയാൾ ആ രാത്രിയിൽ ഡെഡ് ബോഡിയുമായി സമയം ചിലവഴിച്ചിരിക്കുക… സാറിനെന്തെങ്കിലും ഐഡിയ ഉണ്ടോ..??
IG : എനിക്ക് മനസ്സിലാവുന്നില്ലടോ…
സഹ : ഞാൻ പറയട്ടെ… അയാൾ തന്റെ വീടിനടുത്തുള്ള സെന്റ് തോമസ് പള്ളി സെമിത്തേരിയിലെ ഒരു ശവകുഴി തോണ്ടുകയായിരുന്നു…
IG : ആരുടെ…?? എന്തിന്…??
സഹ : നമുക്ക് മൊഴിതന്ന ജോസിന്റെ അളിയന്റെ ശവക്കുഴി…. വരുണിനെ കുഴിച്ചിടാൻ….
IG : ഡാമിറ്റ്…
സഹ : അതേ സാർ… സെന്റ്‌ തോമസ് പള്ളി സെമിത്തേരിയിൽ ജോസിന്റെ അളിയന്റെ ശവക്കുഴിക്കുള്ളിൽ വരുണ് കിടപ്പുണ്ട്… നമ്മൾ പോലീസ് സ്റ്റേഷനിൽ നിന്നും കുഴിച്ചെടുത്തത് ജോസിന്റെ അളിയന്റെ ബോഡിയാണ്…
IG : സഹാദേവാ അതെങ്ങനെ സംഭവിക്കും; ജോസിന്റെ അളിയൻ കൊല്ലപ്പെടുന്നത് ആഗസ്റ്റ് 4 ന് രാത്രി 12 മണിക്കല്ലേ..? അന്ന് പുലർച്ചെ 3.30 തിനല്ലെ സാക്ഷി ജോസ് ജോർജ്ജ്കുട്ടിയെ സ്റ്റേഷനിൽ നിന്നും ഇറങ്ങി വരുന്നത് കാണുന്നത്…??
സഹ : അല്ല സാർ…..ജോസിന്റെ കേസ് ഡീറ്റൈൽസ് പരിശോധിച്ചതിൽ നിന്നും എനിക്ക് മനസിലായത് കൊലപാതകം നടക്കുന്നത്… മൂന്നാം തീയതിയാണ്; ഒരു ദിവസം ഒളിവിലായിരുന്ന പ്രതിയെ പിറ്റേന്ന് അതായത് നാലാം തീയതി രാവിലെ നാലു മണിക്കാണ് അറസ്റ്റ് ചെയ്യുന്നത്…
IG : എങ്കിൽ പിടിക്കപ്പെടും എന്നുറപ്പുള്ള ഈ ഡേറ്റിന്റെ കാര്യം ജോസ് കള്ളം പറയുന്നത്..??
സഹ : എന്നിട്ട് നിങ്ങൾ അവനെ പിടിച്ചോ..? ഇല്ലല്ലോ…?
സറൊന്ന് ചിന്തിച്ചു നോക്കിയേ….ജയിലിൽ നിന്നും വന്ന ജോസിന് പണത്തിന്റെ ആവശ്യമുണ്ട്,,, അവൻ നമ്മുടെ അടുത്ത് വന്നത് എന്തിന് വേണ്ടിയാണ്…സത്യം പറയാനുള്ള കൊതികൊണ്ടൊന്നുമല്ല.. പണത്തിനു വേണ്ടിയാണ്…അഞ്ച് ലക്ഷം ചോദിച്ച അവനു അത് കിട്ടില്ലെന്നു ബോധ്യപ്പെട്ടപ്പോൾ അവനെന്താ പറഞ്ഞത്..? ജോർജ്ജ്കുട്ടിയുടെ അടുത്തു ചോദിച്ചിരുന്നെങ്കിൽ ഇതിൽ കൂടുതൽ കിട്ടുമായിരുന്നെന്ന്‌… അങ്ങനെയെങ്കിൽ അവൻ ആദ്യം ജോർജ്ജ്കുട്ടിയുടെ അടുത്തായിരിക്കില്ലേ പോയിട്ടുണ്ടാകുക…?
ഉറപ്പായിട്ടും പോയിട്ടിട്ടുണ്ടാകും സാർ… കാരണം പണത്തിനു വേണ്ടി വഴക്കിട്ട് 19 വയസുള്ള സ്വന്തം അളിയനെ കൊന്നവനാണ് അവൻ…
അത്‌ മാത്രമല്ല 5 ലക്ഷം രൂപ അവൻ ചോദിച്ചപ്പോൾ ഫിലിപ്പ് സാർ പതിനായിരം രൂപ കൊടുക്കാമെന്നാണ് പറഞ്ഞത്… 6 വർഷം പോലീസുകാരുടെ കൂടെ ജീവിച്ചവനല്ലേ അവൻ; അവനറിയില്ലേ സാറെ നമ്മളെ….
IG : ഈ കാര്യം പറഞ്ഞു ജോർജ്ജ്കുട്ടിയുടെ കയ്യിൽ നിന്നും പണം ചോദിച്ചാൽ അയാൾ ഉറപ്പായും കൊടുക്കുമല്ലോ..??
സഹ : കൊടുക്കും.
IG : പിന്നെന്തിനാണ് അവൻ വീണ്ടും അയാളെ ഒറ്റിയത്…
സഹ : അവിടെയാണ് സാറെ ജോർജ്ജ്കുട്ടി വീണ്ടും ഡേറ്റ്‌ കൊണ്ടു കളിച്ചത്…
അയാൾ ജോസിനെക്കൊണ്ട് സാറിന്റെ മുന്നിൽ സത്യം പറയിക്കുകയായിരുന്നു…
സാറിനെ അത്ഭുതപ്പെടുത്തുന്ന ഒരു കാര്യം പറയുകയും, അത് സത്യമാവുകയും ചെയ്തപ്പോൾ,, അവൻ പറഞ്ഞ ഡേറ്റ് നിങ്ങൾ അന്വേഷിച്ചില്ല,, അതിന്റെ ആവശ്യം വന്നില്ല,,, അവനെ പൂർണമായും വിശ്വസിച്ചു..
സ്റ്റേഷനിൽ നിന്നും ബോഡി കണ്ടെതുന്നത് വഴി ജോർജ്ജ്‌കുട്ടി നേടിയ രണ്ട് കാര്യങ്ങൾ ഉണ്ട്.
1. കേസ്സ് വീണ്ടും കോടതിയിൽ വന്നപ്പോൾ കേരളാ പോലീസിന്റെ നെഞ്ചത്ത് വീണ്ടും ഒരാണി അടിക്കാൻ പറ്റി…അതുവഴി നിയമപരമായി അവൻ കൂടുതൽ സുരക്ഷിതനായി…
2. ജോർജ്ജ്കുട്ടി പറഞ്ഞിട്ടാണ് ജോസ് ഡേറ്റ് മാറ്റിപ്പറഞ്ഞതെന്നു പറഞ്ഞാൽ ഇനി ആരും വിശ്വസിക്കില്ല…
IG : സഹദേവാ.. എന്താടോ ഇത്‌..??
സഹ : കൂടുതൽ പണം കിട്ടും എന്ന ജോർജ്ജ്കുട്ടിയുടെ വാക്കും കേട്ട് നമ്മുടെ അടുത്തേക്ക് വന്ന ജോസിന് നഷ്ടമായത്…ജോർജ്ജ്കുട്ടി എന്ന പൊന്മുട്ടയിടുന്ന താറാവിനെയാണ്..
ജോസിന് അറിയില്ലല്ലോ സാർ… അവൻ കൊന്ന അവന്റെ അളിയന്റെ കുഴി അവനെക്കൊണ്ട് വെട്ടിച്ചെന്ന്…
IG : എന്തൊരു ക്രിമിനൽ ബുദ്ധിയാടോ ഈ ജോർജ്ജ്കുട്ടിയുടെ…?
സഹ : ഏതൊരു ബുദ്ധിമാനായ കുറ്റവാളിക്കും ഒരു അബദ്ധം പറ്റും സാർ… ജോർജ്ജ്കുട്ടിയുടെ ആ കൈപ്പിഴയിലൂടെയാണ് ഞാൻ ഇവിടെയെത്തിയത്…
IG : എന്താണത്…??
സഹ : വരുണ് മരിച്ചത് എങ്ങനെയാണെന്ന് നമുക്കറിയില്ലായിരുന്നു..അത് ആ കുടുംബത്തിന് മാത്രം അറിയുന്ന ഒന്നാണ്…
അവിടെയാണ് ജോർജ്ജ്കുട്ടിക്ക്‌ അബദ്ധം പറ്റിയത്… തലയ്ക്കു അടിയേറ്റു മരിച്ച ഒരാളുടെ ബോഡി തന്നതിലൂടെ
നമുക്ക് അവനിലേക്ക് എത്താനുള്ള വേഗത കൂടി… അതിനു പകരം തൂങ്ങി മരിച്ച ഒരാളുടെ ബോഡിയായിരുന്നെങ്കിൽ നമ്മൾ ബുദ്ധിമുട്ടിയേനെ…
ചിലപ്പോൾ ആ രാത്രിയിൽ വരുണിന്റെ പ്രായത്തിലുള്ള മറ്റൊരു ബോഡി സെമിത്തേരിയിൽ നിന്നും കുഴിച്ചെടുക്കാൻ കഴിയാത്തത് കൊണ്ടാകാം അങ്ങനെ ചെയ്തത്…
IG : മ്.. ശരിയാണ്..
സഹ : മറ്റൊരു കാര്യം കൂടിയുണ്ട് സാർ… ജോസ് അല്ലാത്ത മറ്റാരെങ്കിലും ആ രാത്രിയിൽ ജോർജ്ജ്കുട്ടിയെ കണ്ടിട്ടുണ്ടോ എന്ന അന്വേഷണം എന്തായി സാർ…?
IG : ജോസ് വിറ്റ്നെസ് ആയി വന്നതുകൊണ്ട് പിന്നീടത് കണ്ടിന്യൂ ചെയ്തില്ല..
സഹ : ഞാൻ ആ വഴിക്കോരു അന്വേഷണം നടത്തിയിരുന്നു…. ആഗസ്റ്റ് 4 രാവിലെ ഒരു ആക്സിഡന്റ് നടന്നിരുന്നു..സൈക്കിളിൽ പത്രമിടാൻ പോകുന്ന ‘ പത്രോസ് ‘ എന്ന് വിളിക്കുന്ന പുരുഷോത്തമൻ എന്നൊരാളെ ഒരു വണ്ടി ഇടിച്ചിട്ടിട്ട് നിർത്താതെ പോയി..സമയം ഏകദേശം 3 നും 4നും ഇടയിൽ… സെന്റ് തോമസ് പള്ളിക്കു സമീപം..
നാട്ടുകാരാണ് അയാളെ ഹോസ്പിറ്റലിൽ എത്തിച്ചത്‌… ആ സമയം പോലീസുകാർ മുഴുവനും ജോസിനെ അറസ്റ്റ് ചെയ്യാൻ അവന്റെ വീട്ടിൽ ആയതുകൊണ്ട്… നേരം പുലർന്നതിന് ശേഷമാണ് ആക്സിഡന്റ് സ്പോട്ടിൽ പോലീസ് എത്തിയത്… അന്വേഷണം എങ്ങും എത്തിയില്ല.. ഈ പത്രോസിന്റെ ഭാഗത്തുനിന്നും വലിയ താല്പര്യവും ഉണ്ടായില്ല…
IG : അതും ഈ കേസും തമ്മിൽ എന്താ ബന്ധം..???
സഹ : അല്ല സർ ഒരു സംശയം…ഇനി ജോർജ്ജ്‌കുട്ടിയുടെ ജീപ്പാകുമോ അയാളെ ഇടിച്ചത്..?? ഇപ്പോൾ അയാൾക്ക്‌ ആ ജീപ്പില്ല സാറെ… ഇടുക്കി പോലൊരു മലയോര ഭൂപ്രദേശത്തു ഇപ്പോഴും റബ്ബറും, മറ്റ് കൃഷികളുമുള്ള അയാൾ ആ ജീപ്പ് വിൽക്കുമോ..??
IG : ഇത് ജോർജ്ജ്കുട്ടിയാണ് ഒന്നും പറയാൻ പറ്റില്ല… അവനൊരു ‘ക്ലാസിക്’ ക്രിമിനലാണടോ… ഫോഴ്‌സിന് മുഴുവൻ നാണക്കേടുണ്ടാക്കിയ കേസണിത്.. നമ്മളെത്ര കൂട്ടിയിട്ടും കൂടുന്നില്ലല്ലോ….??
സഹ : എല്ലാ നാണക്കേടും മാറ്റാനുള്ള അവസാനത്തെ കളിയാണ് സാറെ ഇത്‌…
“കേരളാ പൊലീസെന്നാ സുമ്മാവാ…”
IG : സഹാദേവാ.. താൻ പറയുന്നതെല്ലാം തന്റെ തോന്നലുകലാണെങ്കിലോ…?
സഹ : ഈ രണ്ട് ഘട്ടത്തിലും ജോർജ്ജ്കുട്ടി പറഞ്ഞ കള്ള കഥകൾ വിശ്വസിച്ച നിങ്ങൾ,, ഞാൻ പറഞ്ഞതൊക്കെ ഒന്നന്വേഷിച്ചു നോക്കാനെങ്കിലും തയ്യാറാകണം.
IG : കോടതിയിൽ തോറ്റ് തലകുനിച്ചു ഇറങ്ങിവന്നവനാ ഞാൻ… ഇനിയും തോൽക്കേണ്ടി വന്നാലോ..
സഹ : സാറേ… ജോർജ്ജ്കുട്ടിയുടെ പ്ലാൻ B യാണ് സാറിനോട് കഥയായി പറഞ്ഞത്…?? അയാൾക്കത് ജീവിതത്തിൽ ഇതുവരെ ഉപയോഗിക്കേണ്ടി വന്നില്ല..
IG : സഹദേവാ ഈ കഥയുടെയെല്ലാം അവസാനം നമുക്ക് പരാജയമാണെങ്കിലോ സംഭവിക്കുന്നത്..?
സഹ : എന്നാൽ ഞാൻ ഈ കഥയുടെ അവസാനം കൂടി പറയട്ടെ……..?????