ഭരണകൂടമല്ല, ജനങ്ങളാണ് പരിസ്ഥിതി പ്രസ്ഥാനങ്ങളെ ലോകമെമ്പാടും നയിച്ചത്

0
351

സിൽജ മോഹനം എഴുതുന്നു 

ഇനിയുംപ്രളയ ശേഷമോ അതിനു മുൻപോ
…………………..

നമ്മുടെ കൊച്ചു കേരളത്തിന്റെ അലകും പിടിയും തകർത്തു കൊണ്ടാണ് തുടർച്ചയായ രണ്ടാംവർഷവും ജലം നമ്മുടെ വീട്ടിൽ അതിഥിയായി വന്നത്.
ഇന്നിപ്പോൾ എങ്ങും ജാഗ്രതാ നിർദ്ദേശങ്ങൾ മാത്രം.
എന്നാൽ കെടുതിയ്ക്കു ശേഷമുള്ള കെട്ടിപ്പടുക്കലോ നിലവിലുള്ളതിനെ സംരക്ഷിക്കലോ ഏതാണ് വേണ്ടതെന്ന് തീരുമാനിക്കേണ്ട കാലം അതിക്രമിച്ചു പോയിരിക്കുന്നു.

സിൽജ മോഹനം

ആദ്യമായി നാം ചിന്തിക്കേണ്ടത് ശാസ്ത്രീയമായ അറിവുകൾ പ്രയോഗ തലത്തിലെത്തിക്കാൻ ശ്രമിക്കണ്ടതുണ്ടോ എന്നാണ്. ഉണ്ട് എന്നാണ് മറുപടിയെങ്കിൽ അതു നമ്മുടെ കാഴ്ചയ്ക്ക് ഒത്തിരി വ്യക്തത തരും. അഥവാ ഇല്ല എന്നാണെങ്കിൽ അങ്ങനേയും ജീവിക്കാം.
എന്തിനും രണ്ട് കാഴ്ചപ്പാടുണ്ടല്ലോ.’
പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളെ ലോകമെമ്പാടും നയിച്ചത് ഭരണകൂടമല്ല മറിച്ച് ജനങ്ങളാണെന്നതാണ് അനുഭവസാക്ഷ്യം.
എന്നാൽ പൊതു സമൂഹത്തെ പൊതുവേ മാറ്റി നിർത്തിയാണ് വികസന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യപ്പെടുന്നത്. ഫലമോ ഏറ്റവും താഴെത്തട്ടിലെ നേരനുഭവസ്ഥർ എപ്പോഴും ഇരകളാകുന്നു.
വികസനവും പരിസ്ഥിതി സംരക്ഷണവും കൈകോർത്തു പിടിക്കണം. വികസനത്തിൽ നിന്ന് വേറിട്ടതാണ് പരിസ്ഥിതി സംരക്ഷണമെന്നു വരുമ്പോൾ ഒരു വശത്ത് അനിയന്ത്രിത വികസനം പ്രോത്സാഹിപ്പിക്കപ്പെടുന്നു.മറ്റു ചില മേഖലകളിൽ തത്വദീക്ഷയില്ലാതെ പരിസ്ഥിതി സംരക്ഷണത്തിന് പിന്തുണ നൽകുന്നുവെന്ന് ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് പറയുന്നു.
Dr.TV സജീവ് സാറിന്റെ വാക്കുകളിൽഇന്ന് നിലവിലുള്ള ഭരണരീതിയെന്നത് ഫിനാൻഷ്യലാണ്. അതു മാറി പരിസ്ഥിതി ഭരണരീതിയിലേക്ക് വരണമെന്നതാണ് ആവശ്യം.ഓരോ ഗവൺമെന്റ് പ്രോജക്റ്റും ദീർഘകാലാടിസ്ഥാനത്തിലായിരിക്കണം.

ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് പ്രകാരം പശ്ചിമഘട്ടത്തെ മൂന്നു മേഖലകളായി തിരിച്ചിട്ടുണ്ട്.
മേഖല 1ഏറ്റവും ഉയർന്ന പരിസ്ഥിതി പ്രാധാന്യം
മേഖല 2 ഉയർന്ന പ്രാധാന്യം.
മേഖല 3 സാമാന്യം പ്രാധാന്യം
ഈ മൂന്നു മേഖലകളിലും ചെയ്യേണ്ടതും ചെയ്യാൻ പാടില്ലാത്തതുമായ കാര്യങ്ങൾ വ്യക്തമായി പറയുന്നുണ്ട്. അതിനാൽ തന്നെ ഈ റിപ്പോർട്ടിന് പകരം വെയ്ക്കാൻ മറ്റൊന്നില്ല,

പ്രാദേശിക ജനങ്ങളെ ഏകോപിപ്പിച്ചു കൊണ്ട് അവരുടെ ജീവനും ജീവിതത്തിനും സുരക്ഷ നൽകുന്ന പരിസ്ഥിതി വികസന പദ്ധതികൾ പരിസ്ഥിതി ലോല പ്രദേശങ്ങളിൽ നിലവിൽ വരണം.
അശാസ്ത്രീയമായ കൃഷി രീതികൾ, ഖനനങ്ങൾ, കയ്യേറ്റ നിർമാണ പ്രവർത്തനങ്ങൾ എന്നിവ ഏറ്റവും അടിയന്തിരമായി നിർത്തലാക്കണം.

ക്വാറികൾ ഇല്ലാതായാൽ കരിങ്കല്ലിനെന്തു ചെയ്യും എന്ന ചോദ്യത്തെ മുഖവിലക്കെടുത്തു തന്നെ പറയുന്നു.പെട്രോൾ പോലെ തന്നെ പ്രകൃതിദത്തമല്ലേ കരിങ്കല്ല്. പ്രകൃതിദത്തമായതെന്തും കുറഞ്ഞ പക്ഷം നാഷണലൈസ്ഡ് ആക്കണം.

ക്വാറികളിലെ പാറപൊട്ടുമ്പോൾ ഉണ്ടാകുന്ന പ്രകമ്പനം തരംഗങ്ങളായി കിലോമീറ്ററുകൾ ദൂരത്തിൽ പാറയിലൂടെ കടന്നു പോകും.ഇത് ശാസത്രം. ഈ തരംഗങ്ങളുടെ തുടർച്ചയായ ആവർത്തനം പാറയെ ദുർബലപ്പെടുത്താം. നിരന്തരമാകുമ്പോൾ ഇതും ഉരുൾപൊട്ടലിന്റെ കാരണമാകാം.

കഴിഞ്ഞ പ്രളയകാലത്ത് തൃശൂർ ജില്ലയിൽ ഞാൻ ജോലി ചെയ്തിരുന്ന മരോട്ടിച്ചാൽ സ്കൂളിനു സമീപം പുത്തൻകാട് ഏരിയയിൽ റിപ്പോർട്ട് ചെയ്ത പ്രതിഭാസമായിരുന്നു “സോയിൽ പൈപ്പിങ്ങ് “. മൈലുകൾ ദൂരത്തിൽ ഭൂമി വിണ്ടു കീറി. മണ്ണിന്റെ അടിത്തറ ദുർബലമായ സാഹചര്യം.ഇതിന് കാരണമായി പറഞ്ഞതാണ് സോയിൽ പൈപ്പിങ്ങ്. ഇന്ന് മേപ്പാടിയിലും ഇതേ കാരണമാണ് സോയിൽ സ്ലൈഡിങ്ങിന്റേതായി പറയുന്നത്.
ധാരാളം മരങ്ങൾ ഒരുമിച്ച് മുറിച്ചു മാറ്റപ്പെടുമ്പോൾ ഈ പ്രതിഭാസത്തിന് കാരണമാകുന്നു. മുറിച്ചു മാറ്റപ്പെടുന്ന മരത്തിന്റെ ബാക്കിയാവുന്ന വേരുകൾ കാലാന്തരത്തിൽ ദ്രവിക്കുകയും പൈപ്പുകൾ പോലെ സ്പേസുകൾ മണ്ണിനടിയിൽ രൂപീകരിക്കരിക്കും ചെയ്യും. തുടർച്ചയായ മഴയിൽ ഈ പൈപ്പിലേക്ക് വെള്ളമിറങ്ങും. ജലത്തിന്റെ ശക്തി മൂലം ദുർബലമായ മണ്ണിനുണ്ടായ തള്ളലാണ് മേപ്പാടിയിൽ സംഭവിച്ചത്… പലയിടത്തും ഇനി സംഭവിക്കാനിരിക്കുന്നതും.

പ്രശ്നങ്ങൾ ഒരായിരമാണ്. എന്നാൽ ഉത്തരം ഒന്നു മാത്രമേയുള്ളു.
ഓരോ പ്രദേശത്തേയും തദ്ദേശവാസികളായിരിക്കണം അവരുടെ ഗുണമേന്മാപ്രവർത്തനങ്ങൾ നിശ്ചയിക്കേണ്ടത്. ഇതിനാവശ്യമായ മാർഗനിർദ്ദേശങ്ങൾ ,സാമ്പത്തിക സഹായങ്ങൾ ,സാങ്കേതിക സഹായങ്ങൾ, തുടങ്ങിയവയെല്ലാം ലഭ്യമാക്കേണ്ടത് ഭരണകൂടമാണ്.
ഇവ ജനങ്ങളിൽ എത്തിച്ചേരണം..
അതിനനുസരിച്ച് പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുമ്പോൾ ഓരോ ഘട്ടത്തിലും കൃത്യമായ അവലോകനം ഉണ്ടായിരിക്കണം..
ഓരോ നാടിനെയും അറിയുന്നത് ആ പ്രദേശത്തെ നിവാസികളാണ്. അവരുടെ നിരീക്ഷണത്തിനും അനുഭവങ്ങൾക്കും മുൻതൂക്കം കിട്ടണം.

അതേ ഭരണകൂടമല്ല പരിസ്ഥിതി പ്രസ്ഥാനങ്ങളെ ലോകമെമ്പാടും നയിച്ചത്:
ജനങ്ങളാണ്…

.. കെ.എം.സിൽജ …..