ഇന്ന് സിൽക്ക് സ്മിതയുടെ ജന്മവാർഷികദിനം….

Muhammed Sageer Pandarathil

ആന്ധ്രാപ്രദേശിലെ ഏലൂരിനടുത്ത തേവാലി എന്ന ഗ്രാമത്തിൽ 1960 ഡിസംബർ 2 ആം തിയതി ജനിച്ചു. കുട്ടിക്കാലത്ത് തന്നെ അച്ഛനുപേക്ഷിച്ച് പോയിരുന്നതിനാൽ അമ്മ സരസമ്മയോടും അനുജനോടുമൊപ്പമാണ് ദരിദ്രമായ കുടുംബപശ്ചാത്തലത്തിൽ വിജയലക്ഷ്മി ബാല്യകാലം ചിലവഴിച്ചത്. നാലാം ക്ലാസ്സിൽ പഠനമുപേക്ഷിക്കേണ്ടി വന്നു. അമ്മ കൂലിപ്പണിക്ക് പോകുമ്പോൾ അനുജനേയും വിജയലക്ഷ്മിയേയും അയൽക്കാരിയായ അന്നപൂർണ്ണിമാളുടെ അടുത്താക്കും. സിനിമാ പ്രേമിയായിരുന്ന അന്നപൂർണ്ണിമാളുടെ സിനിമാക്കാഴ്ചകളാണ് വിജയലക്ഷ്മിക്ക് മദിരാശി എന്ന പട്ടണവും അവിടുത്തെ സിനിമയുടെ അത്ഭുതലോകത്തേക്കുറിച്ച് അറിയാനും അവിടെത്തിപ്പെട്ടാൽ കഷ്ടപ്പാടുകൾ മാറാൻ സാധ്യതയുണ്ട് എന്നുമൊക്കെ മനസിലാകാൻ കാരണമായത്.

കൗമാരത്തിയപ്പോഴേക്കും സ്മിതയുടെ വിവാഹം കഴിഞ്ഞുവെങ്കിലും ദാരിദ്ര്യത്തിന് മാറ്റമുണ്ടായില്ല. താമസിയാതെ പതിനാറാം വയസ്സിൽ അന്നപൂർണ്ണിമാൾക്കൊപ്പം വിജയലക്ഷ്മി മദിരാശിയിലേക്കെത്തപ്പെട്ടു. 1977 ൽ മദ്രാസിലെത്തിയ വിജയലക്ഷ്മി അപർണ്ണയെന്ന ബി ഗ്രേഡ് നടിയുടെ വീട്ടുജോലിക്കാരിയായും ടച്ചപ്പ് ഗേളുമായി മാറി. മദ്രാസിലെ മുരുകൻ കോവിലിനടുത്ത അപർണ്ണയുടെ വീടിന്റെ ഒരു മൂലക്ക് താമസവുമായി.1979 ൽ മലയാളിയായ ആന്റണി ഈസ്റ്റ്മാൻ സംവിധാനം ചെയ്ത ‘ഇണയെത്തേടി’യിലൂടെ ആണ് തന്റെ പത്തൊൻപതാം വയസ്സിൽ വിജയലക്ഷ്മി സിനിമയിലെത്തുന്നത് .

പുതിയ ചിത്രത്തിനു നായികയെത്തേടി കോടമ്പാക്കത്തെത്തിയ ആന്റണി ഈസ്റ്റ്മാന് യാദൃശ്ചികമായി കണ്ട കറുത്ത് മെലിഞ്ഞ വിജയലക്ഷ്മിയുടെ ചിത്രങ്ങൾ ആദ്യം ഇഷ്ടമായില്ലെങ്കിലും പിന്നീട് അവരുടെ കണ്ണൂകളിൽ കണ്ട തീക്ഷ്ണമായ ആകർഷണവും വശ്യമായ ചിരിയുമൊക്കെ തന്റെ നായികയായി തീരുമാനിക്കാൻ കാരണമാവുകയായിരുന്നു. വിജയലക്ഷ്മിയെന്ന പേരു മാറ്റി സിനിമക്ക് വേണ്ടി സ്മിത എന്ന പേരു കൊടുത്തതും ആന്റണിയാണ്. ഇണയേത്തേടിയുടെ ഷൂട്ടിംഗ് നടക്കുമ്പോൾത്തന്നെ സ്മിതയേത്തേടി വിനുചക്രവർത്തിയുടെ ‘വണ്ടിചക്രമെന്ന’ ചിത്രവുമെത്തി.

നാടോടികളുടെ കഥ പറഞ്ഞ ആ ചിത്രത്തിൽ പിൽക്കാലത്ത് സൂപ്പർസ്റ്റാറായ നടൻ സൂര്യയുടെ അച്ഛൻ ശിവകുമാറായിരുന്നു നായകൻ. ‘വണ്ടിച്ചക്ര’ത്തിലെ ‘വാ മച്ചാ വാ വണ്ണാറപ്പേട്ടേ” എന്ന ഗാനരംഗം സ്മിതയെ വളരെ ശ്രദ്ധേയയാക്കി. വണ്ടിചക്രം സൂപ്പർഹിറ്റായതോടെ അതിലെ കഥാപാത്രത്തിന്റെ പേരായ സിൽക്ക് എന്ന പേര് സ്മിത കൂടെക്കൂട്ടി ‘സിൽക്ക് സ്മിത’ എന്ന് തുടർന്ന് അറിയപ്പെടാനും തുടങ്ങി. വണ്ടിച്ചക്രത്തിന്റെ വിജയത്തേത്തുടർന്ന് അടുത്ത മൂന്ന് വർഷങ്ങളിൽ ഇരുന്നൂറോളം ചിത്രങ്ങളിൽ സ്മിത വേഷമിട്ടു. ദക്ഷിണേന്ത്യൻ സിനിമയുടെ ആദ്യത്തെ ഗ്ലാമർ ഗേൾ എന്ന് അറിയപ്പെട്ട സ്മിതയുടെ നൃത്ത രംഗങ്ങൾക്ക് സൂപ്പർസിനിമാനടിമാരേക്കാൾ കൂടുതൽ പ്രതിഫലം ലഭ്യമായിരുന്നു.

നൃത്തം പ്രൊഫഷണലായി അഭ്യസിച്ചിരുന്നില്ലെങ്കിലും ഗ്ലാമർ രംഗങ്ങളിലെ സിൽക്കിന്റെ ഡാൻസുകളും സാന്നിധ്യവും സിനിമകളുടെ വിജയങ്ങൾക്ക് അഭിവാജ്യഘടകങ്ങളായി മാറി. ‘സിൽക്ക് സിൽക്ക് സിൽക്ക്’ എന്ന് സ്മിത മൂന്ന് റോളുകളിൽ അഭിനയിച്ച സിനിമയും രംഗത്തെത്തി.ശിവാജി ഗണേശൻ, കമലഹാസൻ, രജനീകാന്ത് , ചിരഞ്ജീവി തുടങ്ങിയ മുൻനിരനായകന്മാരുടെ സിനിമകൾ പോലും സിൽക്കിന്റെ ഡേറ്റുകൾക്കൊപ്പിച്ച് ചിത്രീകരണം മാറ്റാൻ കാരണമായി. പത്ത് വർഷം കൊണ്ട് അഞ്ഞൂറിലേറെ ചിത്രങ്ങളിൽ സ്മിത പല രൂപങ്ങളിലും ഭാവങ്ങളിലും വേഷമിട്ടു.

പുതിയ ഗ്ലാമർ നർത്തകിമാരുടെ വരവ് സ്മിത സിനിമാ നിർമ്മാണത്തിലേക്ക് കൂടി തിരിഞ്ഞു. എന്നാൽ ആദ്യം നിർമ്മിച്ച രണ്ട് ചിത്രങ്ങളും വൻപരാജയങ്ങളായി മാറി. മൂന്നാമത്തെ സിനിമയിൽ രക്ഷപെടുമെന്ന് കരുതി 20 കോടിയോളം രൂപ കടത്തിലായെങ്കിലും മൂന്നാം സിനിമ പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല.
‘സബാഷ്’ എന്ന ചിത്രമാണ് സ്മിതയുടേതായി അവസാനമായി റിലീസായത്. ബോക്സോഫീസിൽ കാര്യമായ ചലനങ്ങളൊന്നും അതിന് സൃഷ്ടിക്കാനായില്ല. അവസനമായി വന്ന ഓഫറുകളിലെ മിക്ക സിനിമകൾക്കും ഇതേ അവസ്ഥയായിരുന്നു.

ഒരു യുവസംവിധായകൻ സ്മിതയെ വിവാഹം കഴിക്കാമെന്ന് വാക്കുപറഞ്ഞ് വഞ്ചിക്കപ്പെട്ടു. ഈ പ്രണയ തകർച്ച സ്മിതയെ നിരാശയുടെ പടുകുഴിയിലേക്കെത്തിച്ചു. വീണ്ടും തന്റെ ആദ്യകാല ജീവിതത്തിലേക്കും പട്ടിണിയിലേക്കും ചെന്നെത്തുമോ എന്ന് സ്മിത ഭയന്നു. കടുത്ത മാനസിക സമ്മർദ്ദത്തിലായ സ്മിത മദ്യപാനത്തിലേക്ക് വഴുതി വീണു. 1996 സെപ്റ്റംബർ 23 ന് തന്റെ 36 ആം വയസ്സിൽ ചെന്നെയിൽ സാലിഗ്രാമിലുള്ള തന്റെ ഫ്ലാറ്റിൽ വെച്ച് അവർ ആത്മഹത്യ ചെയ്തു. സിൽക്കിന്റെ ജീവിതത്തെ അവലംബിച്ച് വിദ്യാ ബാലനെ നായികയാക്കി ഡേർട്ടി പിക്ചർ എന്ന ചിത്രം മിലൻ ലുത്രിയ സംവിധാനം ചെയ്ത് 2011ൽ പുറത്തിറങ്ങിയിരുന്നു.

Leave a Reply
You May Also Like

രൺബീർ കപൂറിന്റെ ‘ആനിമൽ’ 900 കോടിയിലേക്ക് കുതിക്കുന്നു

രൺബീർ കപൂർ നായകനായ ‘അനിമൽ’ 17 ദിവസം കൊണ്ട് 835 കോടി രൂപ കളക്ഷൻ നേടിയതായി…

യുവാക്കൾക്കിടയിൽ പ്രശസ്തമായ, സണ്ണി ലിയോണിന്റെ ഏറ്റവും ചൂടേറിയ ചിത്രങ്ങൾ

കരഞ്ജിത്ത് കൗർ വോഹൃ എന്ന സണ്ണി ലിയോണി 1981 മെയ് 13 നാണ് ജനിച്ചത്. മുൻ…

“എനിക്ക് വേണ്ടി ഒരു സിനിമ ചെയ്യേണ്ടിവന്നാൽ താങ്കൾ പ്രതിഫലം മേടിക്കുമോ ?” വികാരാധീനനായി സൽമാൻ

മലയാളത്തിൽ കളക്ഷൻ റെക്കോർഡുകൾ തിരുത്തിക്കുറിച്ച ലൂസിഫറിന്റെ ഏറ്റവും വലിയ പ്രത്യകത അത് പൃഥ്വിരാജ് സംവിധാനം ചെയ്ത…

ജാൻവി കപൂർ കേന്ദ്ര കഥാപാത്രമായ ഹെലൻ ഹിന്ദി റീമേക്ക് ‘മിലി’ ഒഫീഷ്യൽ ട്രെയിലർ

ജാൻവി കപൂർ കേന്ദ്ര കഥാപാത്രമായ ഹെലൻ ഹിന്ദി റീമേക്ക് ‘മിലി’ ഒഫീഷ്യൽ ട്രെയിലർ. നവംബർ 4…