കണ്ണിലെ തീനാളം, മനസിനു ചിതയൊരുക്കിയോ ?

ആർ. ഗോപാലകൃഷ്ണൻ

‘സിൽക്ക് സ്മിത’ ഒരു അഭിനേത്രിയായി അംഗീകരിക്കപ്പെട്ടത് അവരുടെ മരണ ശേഷം മാത്രമാണ്. അവരെപ്പറ്റി കവിതയുണ്ടായതും, ലേഖനങ്ങള്‍ ഉണ്ടായതും മാധ്യമങ്ങള്‍ അവരെ വാഴ്ത്തിയതും അവരെപ്പറ്റി പഠനങ്ങള്‍ വന്നതുമൊക്കെ മരണ ശേഷമാണ്. സിൽക്ക് സ്മിതയുടെ 27-ാം ചരമവാർഷിക ദിനം, ഇന്ന്. സ്മരണാഞ്ജലികൾ!

കറുത്തു മെലിഞ്ഞ ആ പെണ്‍കുട്ടിയുടെ കണ്ണുകളില്‍ അപാരമായ വശ്യത കണ്ട് സംവിധായകാരായ‍ ആൻ്റണി ഈസ്റ്റ്മാനും വിനു ചക്രവർത്തിയുമാണ് (നടനും എഴുത്തുകാരനും കൂടിയാണ് വിനു) സ്മിതയെ സിനിമയിലേക്ക് കൊണ്ടു വന്നത്. വശ്യമായ തൻ്റെ കണ്ണുകള്‍ കൊണ്ട് ഈ അഭിനേത്രി ആരാധകരുടെയും ആകർഷണം നേടി.സിൽക്ക് സ്മിത എന്ന പേരിൽ അറിയറിയപ്പെട്ടിരുന്ന വിജയലക്ഷ്മി. ഇരുന്നൂറിലധികം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ സിനിമകൾകൂടാതെ ചില ബോളിവുഡ് സിനിമകളിലും വേഷമിട്ടു. ബോളിവുഡിൽ‍ വരെ ശ്രദ്ധിക്കപ്പെട്ട ഈ നടിയുടെ സാന്നിധ്യം കൊണ്ടുമാത്രം സിനിമ വിജയിച്ച് പണക്കാരായ ഒരുപാട് പേരുണ്ട്.

ആന്ധ്രാപ്രദേശിൽ ഏളൂർ-നടുത്ത ‘തേവാളി’ (ലി?) എന്ന ഗ്രാമത്തിൽ ഒരു പാവപ്പെട്ട കുടുംബത്തിൽ 1960 ഡിസംബർ 2-നാണു ‘വിജയലക്ഷ്മി’ എന്ന പേരുണ്ടായിരുന്ന സ്മിത ജനിച്ചത്. കുട്ടിക്കാലത്ത് തന്നെ അച്ഛനുപേക്ഷിച്ച് പോയിരുന്നതിനാൽ അമ്മ സരസമ്മയോടും അനുജനോടുമൊപ്പമാണ് ദരിദ്രമായ കുടുംബപശ്ചാത്തലത്തിൽ വിജയലക്ഷ്മി ബാല്യകാലം ചിലവഴിച്ചത്. നാലാം ക്ലാസ്സിൽ പഠനമുപേക്ഷിക്കേണ്ടി വന്നു. അമ്മ കൂലിപ്പണിക്ക് പോകുമ്പോൾ അനുജനേയും വിജയലക്ഷ്മിയേയും അയൽക്കാരിയായ (അതോ, അമ്മായിയോ?) അന്നപൂർണ്ണിമ്മാളുടെ അടുത്താക്കും. സിനിമാ പ്രേമിയായിരുന്ന അന്നപൂർണ്ണിമ്മാളുടെ സിനിമാക്കാഴ്ചകളാണ് വിജയലക്ഷ്മിക്ക് മദിരാശി എന്ന പട്ടണവും അവിടുത്തെ സിനിമയുടെ അത്ഭുതലോകത്തേക്കുറിച്ച് അറിയാനും അവിടെത്തിപ്പെട്ടാൽ കഷ്ടപ്പാടുകൾ മാറാൻ സാധ്യതയുണ്ട് എന്നുമൊക്കെ മനസിലാകാൻ കാരണമായത്.

കൗമാരത്തിയപ്പോഴേക്കും സ്മിതയുടെ വിവാഹം കഴിഞ്ഞുവെങ്കിലും ദാരിദ്ര്യത്തിന് മാറ്റമുണ്ടായില്ല. താമസിയാതെ പതിനാറാം വയസ്സിൽ അന്നപൂർണ്ണിമ്മാൾക്കൊപ്പം വിജയലക്ഷ്മി മദിരാശിയിലേക്കെത്തപ്പെട്ടു. 1977-ൽ മദ്രാസിലെത്തിയ വിജയലക്ഷ്മി ‘അപർണ്ണ’യെന്ന ബി ഗ്രേഡ് നടിയുടെ വീട്ടുജോലിക്കാരിയായും ‘ടച്ചപ്പ്’ ഗേളുമായി മാറി. മദ്രാസിലെ മുരുകൻ കോവിലിനടുത്ത അപർണ്ണയുടെ വീടിന്റെ ഒരു മൂലക്ക് താമസവുമായി.’നീലത്താമര’ (1979) എന്ന തൻ്റെ സിനിയ്ക്കു നായികയായി ഈ വിജയലക്ഷ്മി പരിഗണിക്കപ്പെട്ടതാണെന്നു ഒരിക്കൽ എം ടി എഴുതിയത് ഓർക്കുന്നു; അതിലെ നായികയായ നിഷ്കളങ്കയായ പെൺകുട്ടിക്ക് ‘ഈ തീഷ്‌ണമായ കണ്ണുകൾ’ പറ്റാത്തതുകൊണ്ട് പിന്നീട് അംബികയെ കാസ്റ്റ് ചെയ്തു.

‘വിജയലക്ഷ്മി’ എന്ന തൻ്റെ ആദ്യ നാമം ആദ്യ സിനിമക്കായി ചെറുപ്പത്തിലേതന്നെ, ‘സ്മിത’ എന്നാക്കി. 1979-ൽ മലയാളിയായ ആൻ്റണി ഈസ്റ്റ്മാൻ സംവിധാനം ചെയ്ത ‘ഇണയെത്തേടി’യിലൂടെ ആണ് തൻ്റെ പത്തൊൻപതാം വയസ്സിൽ വിജയലക്ഷ്മി സിനിമയിലെത്തുന്നത്. ഈ സിനിമയുടെ നിർമാണ പങ്കളികളിൽ ഒരാളായ പരേതനായ രാജീവ് (എറണാകുളം ‘മിർനർവാ’ സ്റ്റുഡിയോ ഉടമ) ഇതിനെക്കുറിച്ചു ചില കാര്യങ്ങൾ പറഞ്ഞു കേട്ടിട്ടുണ്ട്. പുതിയ ചിത്രത്തിനു നായികയെത്തേടി കോടമ്പാക്കത്തെത്തിയ ആൻ്റണി ഈസ്റ്റ്മാന് യാദൃശ്ചികമായി കണ്ട കറുത്ത് മെലിഞ്ഞ വിജയലക്ഷ്മിയുടെ ചിത്രങ്ങൾ ആദ്യം ഇഷ്ടമായില്ലെങ്കിലും, പിന്നീട് അവരുടെ കണ്ണൂകളിൽ കണ്ട തീക്ഷ്ണമായ ആകർഷണവും വശ്യമായ ചിരിയുമൊക്കെ തൻ്റെ നായികയായി തീരുമാനിക്കാൻ കാരണമാവുകയായിരുന്നു. വിജയലക്ഷ്മിയെന്ന പേരു മാറ്റി സിനിമക്ക് വേണ്ടി ‘സ്മിത’ എന്ന പേരു കൊടുത്തതും ആൻ്റണിയാണ്.

‘ഇണയേത്തേടി’യുടെ ഷൂട്ടിംഗ് നടക്കുമ്പോൾത്തന്നെ സ്മിതയേത്തേടി വിനു ചക്രവർത്തിയുടെ (വിനു ചക്രവർ‍ത്തിയുടെ രചനയിൽ‍ കെ വിജയൻ‍ സംവിധാനം ചെയ്ത) ‘വണ്ടിചക്ര’മെന്ന ചിത്രവുമെത്തി. നാടോടികളുടെ കഥ പറഞ്ഞ ആ ചിത്രത്തിൽ പിൽക്കാലത്ത് സൂപ്പർസ്റ്റാറായ നടൻ സൂര്യയുടെ അച്ഛൻ ശിവകുമാറായിരുന്നു നായകൻ. തമിഴിലെ ആദ്യ ചിത്രമായ ‘വണ്ടിച്ചക്ര’ത്തിൽ സിൽക്ക് എന്ന ഒരു ബാർ ഡാൻസറുടെ വേഷമായിരുന്നു സ്മിതയ്ക്ക്. ‘വണ്ടിച്ചക്ര’ത്തിലെ “വാ മച്ചാ വാ വണ്ണാറപ്പേട്ടേ” എന്ന ഗാനരംഗം സ്മിതയെ വളരെ ശ്രദ്ധേയയാക്കി.

‘വണ്ടിചക്രം’ സൂപ്പർ ഹിറ്റായതോടെ അതിലെ കഥാപാത്രത്തിന്റെ പേരായ ‘സിൽക്ക്’ എന്ന പേര് സ്മിത കൂടെക്കൂട്ടി ‘സിൽക്ക് സ്മിത’ എന്ന് തുടർന്ന് അറിയപ്പെടാനും ഇത് കാരണമായി. ‘സില്‍ക്ക്’ എന്നല്ല, അവളുടെ പേര് ‘സിലുക്ക്’ എന്നാണ് വിനു ചക്രവർ‍ത്തി പറയുന്നത്.’വണ്ടിച്ചക്ര’ത്തിന്റെ വിജയത്തേത്തുടർന്ന് അടുത്ത മൂന്ന് വർഷങ്ങളിൽ ഇരുന്നൂറോളം ചിത്രങ്ങളിൽ സ്മിത വേഷമിട്ടു. ദക്ഷിണേന്ത്യൻ സിനിമയുടെ ‘ഗ്ലാമർ ഗേൾ’ എന്ന് അറിയപ്പെട്ട സ്മിതയുടെ നൃത്ത രംഗങ്ങൾക്ക് സൂപ്പർ സിനിമാ നടിമാരേക്കാൾ കൂടുതൽ പ്രതിഫലം ലഭ്യമായിരുന്നു. നൃത്തം പ്രൊഫഷണലായി അഭ്യസിച്ചിരുന്നില്ലെങ്കിലും ഗ്ലാമർ രംഗങ്ങളിലെ സിൽക്കിന്റെ ഡാൻസുകളും സാന്നിധ്യവും സിനിമകളുടെ വിജയങ്ങൾക്ക് അഭിവാജ്യഘടകങ്ങളായി മാറി.
അതിനുശേഷമാണ് ‘സിൽക്ക് സ്മിത’ എന്ന ഇവരെ കേന്ദ്രമാക്കി ‘പടച്ച’ച്ചെടുത്ത ‘സിലുക്ക്‌ സിലുക്ക്‌ സിലുക്ക്‌’ എന്ന സിനിമയിലെ അഭിനയവും കൂടിയായപ്പോൾ സ്മിതയ്ക് ‘സിൽക്ക്‌’ എന്ന പേരു ഉറച്ചു. (ഈ സിനിമക്ക് ശേഷമാണു ഈ പേരു വീണതു എന്നൊരു അഭിപ്രായം കേട്ടിട്ടുണ്ടെങ്കിലും അത് ശരിയല്ല.)

‘മൂന്നാം പിറ’ (1982) എന്ന സിനിമയിലെ ‘ധീര’മായ വേഷവും, ‘വശ്യമായ’ നൃത്തവും സ്മിതയെ പ്രശസ്തിയിലേക്കുയർത്തി. തുടർന്നുള്ള പതിനഞ്ച് വർഷത്തോളം സിൽക്ക് സ്മിത, തെന്നിന്ത്യൻ മസാല പടങ്ങളിൽ അഭിനയിച്ചു. അക്കാലത്ത് സിൽക്കിന്റെ അത്ര പ്രശസ്തിയുള്ള മറ്റൊരു മാദക നടിയും ദക്ഷിണേന്ത്യയിൽ ഉണ്ടായിരുന്നില്ല. സില്‍ക്ക് സ്മിത പരമാവധി ‘ഉപയോഗിക്കാൻ’ പാകത്തിനുള്ള ‘കഥ’യും ‘നൃത്ത’ രംഗങ്ങളും ഒരുക്കി, തെന്നിന്ത്യൻ സിനിമാ കച്ചവടം പൊടിപൊടിച്ചു… അതിലൊന്ന്, മലയാളത്തിൽ ക്യാപ്റ്റൻ രാജു നായകനായ ഒരു ‘റിപ്പർ സ്റ്റോറി’ (‘രതിലയം’ -1983- സംവിധാനം: പി. ചന്ദ്രകുമാർ / നിർമ്മാണം: മധു) ആണ്. അവസാനകാലം വരെ അത്തരം സിനിമകൾ ഉണ്ടായിക്കൊണ്ടിരുന്നു… ‘ജന്റിൽമാൻ സെക്യൂരിറ്റി’ (1994- ജെ. വില്യംസ്) എന്ന സിനിമയും സിൽക്ക് സ്മിതയുടെ ഗ്ലാമർ ഉപയോഗിക്കാനായി മെനഞ്ഞെടുത്ത ഒന്നായിരുന്നു.ശിവാജി ഗണേശൻ, കമലഹാസൻ, രജനീകാന്ത് , ചിരഞ്ജീവി തുടങ്ങിയ മുൻനിരനായകന്മാരുടെ സിനിമകൾ പോലും സിൽക്കിന്റെ ഡേറ്റുകൾക്കൊപ്പിച്ച് ചിത്രീകരണം മാറ്റാൻ കാരണമായി. പത്ത് വർഷം കൊണ്ട് അഞ്ഞൂറിലേറെ ചിത്രങ്ങളിൽ സ്മിത പല രൂപങ്ങളിലും ഭാവങ്ങളിലും വേഷമിട്ടു.
———-
‘അഥർവം’ (1989):
“പുഴയോരത്തില്‍ പൂത്തോണിയെത്തീലാ…”

———–
പുതിയ ഗ്ലാമർ നർത്തകിമാരുടെ വരവ് സ്മിതയേ സിനിമാ നിർമ്മാണത്തിലേക്ക് കൂടി തിരിക്കുവാൻ കാരണക്കാരിയാക്കി. എന്നാൽ ആദ്യം നിർമ്മിച്ച രണ്ട് ചിത്രങ്ങളും വൻപരാജയങ്ങളായി മാറി. മൂന്നാമത്തെ സിനിമയിൽ രക്ഷപെടുമെന്ന് കരുതി 20 കോടിയോളം രൂപ കടത്തിലായെങ്കിലും മൂന്നാം സിനിമ പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല.

‘സബാഷ്’ എന്ന ചിത്രമാണ് സ്മിതയുടേതായി അവസാനമായി റിലീസായത്. ബോക്സോഫീസിൽ കാര്യമായ ചലനങ്ങളൊന്നും അതിന് സൃഷ്ടിക്കാനായില്ല. അവസനമായി വന്ന ഓഫറുകളിലെ മിക്ക സിനിമകൾക്കും ഇതേ അവസ്ഥയായിരുന്നു. ഒരു യുവസംവിധായകൻ സ്മിതയേ വിവാഹം കഴിക്കാമെന്ന് വാക്കുപറഞ്ഞ് വഞ്ചിക്കുകയായിരുന്നു എന്ന് വാർത്തകളുഉണ്ടായിരുന്നു.എന്നാൽ ഇത്തരം സിനിമക്ക് സില്‍ക്ക് സ്മിതയുടെ ശരീരത്തെ മാത്രം മതിയായിരുന്നു. സിനിമാ ‘വ്യവസായം’ സിൽക്കിനെ ആഘോഷിച്ചപ്പോൾ‍ ‘ജീവിതം’ അവരെ ഒറ്റപ്പെടുത്തി. സിൽക്കിന്റെ ശരീരത്തെ ആഘോഷിച്ച സിനിമാ വ്യവസായം തന്നെ അവരെ ‘അശ്ലീല’മെന്ന് പറഞ്ഞ് ജീവിതത്തിൽ‍ നിന്ന് മാറ്റിനിർ‍ത്തി.

ഒടുവിൽ ചെന്നൈയിലെ ഫ്‌ളാറ്റിൽ അവരെ മരിച്ച നിലയിൽ‍ കണ്ടെത്തി; 1996 സെപ്റ്റംബർ 23-ന് മുപ്പത്തിയാറാം വയസ്സിൽ സിൽക്ക് ആത്മഹത്യ ചെയ്തു! ആ മരണത്തോടു പോലും സിനിമാ ലോകം ‘അയിത്തം’ കാണിച്ചു. അന്ന് ചെന്നൈയിലുണ്ടായിരുന്ന സൂപ്പർ സ്റ്റാറുകൾ സിൽ‍ക്കിന്റെ സംസ്‌കാരച്ചടങ്ങിൽ‍ പങ്കെടുത്തില്ല എന്നാണ് ഓർമ്മ. ചെന്നൈയിൽ‍ ആത്മഹത്യചെയ്ത സ്മിതയുടെ മൃതദേഹം ഏറ്റുവാങ്ങാനോ അവരെ അവസാനമായി ഒന്നു കാണാനോ ഇവരാരും പോയിട്ടില്ല. അവരെ ചെന്നുകണ്ടാൽ‍ ‘കപടമാന്യത’ നശിച്ചുപോകുമെന്ന ഭീതിയായിരിക്കാം ഇതിനു പിന്നിൽ‍.

സിൽക്ക് സ്മിത മാനസിക വിഷാദാവസ്ഥയിൽ പലപ്പോഴും നിപതിച്ചിരുന്നു എന്നും മോചനത്തിനായി തൻറെ ഉപദേശങ്ങൾ തേടാറുണ്ട് എന്നും പരേതനായ മനഃശാസ്ത്രജ്ഞൻ കെ. എസ്. ഡേവിഡ് പറഞ്ഞിട്ടുണ്ട്…
സിൽക്ക് സ്മിതയുടെ മരണശേഷം മലയാളത്തിൽ എഴുതപ്പെട്ട കവിതകളുടെ സമാഹാരമാണു ‘വിശുദ്ധസ്മിത’യ്ക്ക്. ‘ഡേർട്ടി പിക്ചർ’ (2011) എന്ന ബോളിവുഡ് സിനിമ, സിൽക്ക് സ്മിതയുടെ ജീവിത കഥയാണ് ഇതിവൃത്തമായി സ്വീകരിച്ചെത്തുന്നു അവകാശപ്പെടുന്നു…. വിദ്യാ ബാലനെ നായികയാക്കി ‘ഡേർട്ടിപിക്ചർ’ എന്ന ഈ ചിത്രം സംവിധാനം ചെയ്തത് മിലൻ ലുത്രിയ ആണ്. ഇത് ഇന്ത്യയിലും പുറത്തുമുള്ള നിരവധി ‘സ്മിത’മാരുടെ കഥയായും കാണാം.ഈ അഭിനേത്രിക്കു ഉണ്ടായിരുന്ന സവിശേഷമായ വശ്യതയും കണ്ണിൽ ജ്വലിച്ചിരുന്ന തീനാളവും അവരെ മറ്റുള്ള ഗ്ലാമർ നടികളിൽ ഇന്ന് വ്യത്യസ്തയാക്കി

ആർ. ഗോപാലകൃഷ്ണൻ | 2020 സെപ്റ്റംബർ 23
………………………………….
കടപ്പാട്: P K Sreenivasan രചിച്ച ‘കോടമ്പാക്കം ബ്ലാക്ക് & വൈറ്റ്’ എന്ന പുസ്തകം

You May Also Like

ഷോട്ട് ഡ്രസ്സ് ധരിക്കുന്നത് തനിക്ക് ബുദ്ധിമുട്ടുള്ള കാര്യമാണ് എന്ന് സ്വാസിക

ടെലിവിഷന്‍ സീരിയലുകളിലൂടെ പ്രേക്ഷകരുടെ മനസ്സു കീഴടക്കിയ താരമാണ് സ്വാസിക. മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്ത ദത്തുപുത്രി…

മോഹൻലാലിന്റെ കരിയറിലെ ഐക്കണിക് കാരക്ടറായ സാഗർ ഏലിയാസ് ജാക്കി ഉദയം കൊണ്ടിട്ട് 36 വർഷം പിന്നിടുന്നു

bineesh k achuthan എന്നെ അറിയാവുന്നവരോട് ഞാൻ പണ്ടേ പറഞ്ഞിട്ടുണ്ട് ” Narcotics is dirty…

എന്താണ് സമാറ, ആരാണ് ആൻ്റണി ?

എന്താണ് സമാറ, ആരാണ് ആൻ്റണി ? ഉത്തരം നാളെ ! റഹ്മാൻ നായകനായ സയൻസ് ഫിക്ഷൻ…

വിശാൽ നായകനായ ‘ലാത്തി’ഒഫീഷ്യൽ ടീസർ

വിശാൽ നായകനായ ‘ലാത്തി’ഒഫീഷ്യൽ ടീസർ. വിനോദ് കുമാർ സംവിധാനം ചെയ്ത ചിത്രത്തിന് യുവൻ ശങ്കർ രാജയാണ്…