രക്തത്തിലലിഞ്ഞ പ്രണയം… സിൽക്ക് സ്മിത

125
Fasil Shajahan
രക്തത്തിലലിഞ്ഞ പ്രണയം… സിൽക്ക് സ്മിത…
പ്രത്യേകമായൊരു ദിനമൊന്നുമില്ലാതെ വാലന്റൈന് ദിനം തെക്കോട്ടും വടക്കോട്ടും അലഞ്ഞു നടന്നിരുന്ന ആയിരത്തി തൊള്ളായിരത്തി എണ്പതുകളില് ആണ് ഞാൻ എട്ടാം ക്ലാസിലെത്തുന്നത്.
പ്രണയത്തെ കുറിച്ച് വലിയ ഐഡിയ ഒന്നും ആയില്ല. എട്ടിലും ഒന്പതിലും തോറ്റ് പത്താം ക്ലാസ്സിൽ പൂവിട്ടു പുര നിറഞ്ഞു നില്ക്കുന്ന സീനിയന് പുംഗവന്മാര് ആണ് എന്താണ് പ്രേമം, എങ്ങിനെയാണ് പ്രേമം എന്നൊക്കെ കാണിച്ചു തന്നു മാതൃകയാവുന്നത്.
എന്റെ കയ്യക്ഷരം സുന്ദരമാണ്. അതു കൊണ്ടു നിസാറും മജീദും വിനോദനും ഒക്കെ എന്നെ കൊണ്ടാണ് കത്ത് എഴുതിക്കുക. ഐ ലാവ് യൂ ഒക്കെ ഒരു വൻസംഭവമാണ് എന്നൊക്കെ പറഞ്ഞു തന്നത് അവരാണ്.. പെണ്ണുങ്ങൾ അതു കണ്ടാൽ അടിതെറ്റി വീഴുമത്രേ!
ശാഹിദ , ഹസീന, ജിഷ , പിന്നെ ഉറുദു ക്ലാസിലെത്തുമ്പോള് കാണുന്ന ഉമൈബ…. എന്റെ ജീവിതത്തില് ഞാന് ആദ്യമായി കണ്ട രാജകുമാരികള് ഇവരൊക്കെയായിരുന്നു. കാരണം വേറെ ഒന്നുമല്ല, ഇവര്ക്കൊക്കെയും പ്രേമം ഉണ്ടായിരുന്നു.
പ്രണയ-പ്രേമ വിദ്യാഭ്യാസ പരിശീലന ക്ലാസുകൾ ഇങ്ങിനെ തുടർന്നു കൊണ്ടിരിക്കെ, ഒരിക്കല് മജീദ്‌ ഒരു ചിത്രം കൊണ്ടു വന്നു. സില്ക്ക് സ്മിത എന്നാണു ആ പടത്തിലുള്ള പെണ്ണിൻ്റെ പേര് എന്നും പറഞ്ഞു തന്നു.
ഹോര്മോണുകളുടെ പ്രവര്ത്തനം ആരംഭിച്ചു കഴിഞ്ഞ പ്രായമായതിനാല് എനിക്കും അത് വളരെ ആകര്ഷകമായി തോന്നി. അന്നുവരെയും ദർശിക്കാത്ത ഒരു അനുഭൂതി അവരുടെ പൊക്കിളിൽ ഞാൻ അനുഭവിച്ചു.
സിൽക്കിൻ്റെ വിശേഷമൊക്കെ അവര് പറയുന്നത് കേട്ടപ്പോള് ആലീസിന്റെ വണ്ടര് വേള്ഡില് വീണ പോലെ വിസ്മയത്തോടെയും വിജ്രംഭിതനായും ഞാനതെല്ലാം കേട്ടു നിന്നു. മമ്മൂട്ടിയൊക്കെ അവരെ കെട്ടിപ്പിടിച്ച് ഡാൻസ് ചെയ്തിട്ടുണ്ടത്രേ!
ഞാനാ ചിത്രം കയ്യിലെടുത്തു നോക്കി. എനിക്ക് സിൽക്കിനോട് ഇശ്ശിരി പ്രേമമൊക്കെ തോന്നുന്നത് ഞാൻ ഫീൽ ചെയ്തു.
പെട്ടെന്നാണ് ദാമോദരന് മാഷും ലൈലാമ്മ ടീച്ചറും കൂടി രംഗപ്രവേശം ചെയ്തത്.
കൂട്ടുകാരെല്ലാം ഒട്ടിച്ചു വെച്ച സ്റ്റിക്കര് പോലെ ചുമരിൽ പറ്റി നിന്നു. അവരുടെ മുഖത്തു മുഴുവന് കള്ള ലക്ഷണം.
ഞാനും സില്ക്ക് സ്മിതയും ബെഞ്ചിൽ നിന്നും ചാടി എഴുന്നേറ്റു നിന്നു. എന്റെ മുഖത്ത് തൂക്കു മരത്തിനു മുന്നില് നില്ക്കുന്ന കുറ്റവാളിയുടെ ഭാവം.
”ന്താടാ ഒരു കള്ളാ ലക്ഷണം…”
ദാമോദരന് മാഷാണ്… അദ്ദേഹത്തിൻ്റെ പാതി നരച്ച മീശ വിറക്കുന്നുണ്ട്..
ഏയ്‌… ഒന്നൂല്ല…. വിനോദനും നിസാറുമൊക്കെ സ്കൂട്ടായി…
“ന്താടാ കയ്യില്…”
ലൈലാമ്മ ടീച്ചറാണ്… അവരുടെ കണ്ണൊക്കെ ഉരുണ്ട് ഭൂഗോളത്തേക്കാൾ വലുതായി..
ഞാന് ഉരുകി ഉരുകി ഐസായി…. ദേഹത്തുള്ള രക്തം മുഴുവന് വറ്റി വിളറി..
ദാമോദരന് മാഷ്‌ അതാ അടുത്തടുത്തു വരുന്നു. ഞാന് നിന്നു വിറച്ചു. കൈയ്യിലെ കടലാസു ചുരുട്ടി പിറകില് പിടിച്ചു…
ലൈലാമ്മ ടീച്ചര് കൈക്ക് കടന്നു പിടിച്ചു. ചുരുട്ടിപ്പിടിച്ച കടലാസും ഞാനും ദാമോദരന് മാഷും തമ്മില് മല്പ്പിടുത്തമായി…
ജീവിതം പോകുന്ന കേസാണ്. അന്നൊക്കെ എന്തിനായിരുന്നു ഇത്രയും ഭയന്നതു എന്നറിയില്ല… ചുരുട്ടിപ്പിടിച്ച കടലാസ് നേരെ എന്റെ വായിലേയ്ക്ക്…. നിമിഷ നേരം കൊണ്ടു വയറ്റിലേയ്ക്കും.
സില്ക്കിന്റെ പിരമിഡു പോലെ കൂര്ത്ത അമ്മിഞ്ഞയും കൊഴുത്തുരുണ്ട ഇരു നിതംബങ്ങളും തൊണ്ടയില് കുരുങ്ങിയിട്ടാണോ എന്നറിയില്ല, ശ്വാസം മുട്ടി കണ്ണില് നിന്നും വെള്ളം ചാടി. കുറേ ചുമച്ചു.
തെളിവു നശിപ്പിച്ചു എന്ന കുറ്റം ചാർത്തി വിചാരണത്തടവുകാരനായി ലൈലാമ്മ ടീച്ചർ എന്നെ ക്ലാസിൽ നിന്നും പുറത്താക്കി. തൊണ്ടിമുതലും തെളിവും ഇല്ലെന്നു പറഞ്ഞു സുപ്രീം കോടതി ഹെഡ്മാമാസ്റ്റർ കുങ്കർ മാഷ് എന്നെ വീണ്ടും അകത്താക്കി.
എന്തായാലും സില്ക്ക് സ്മിത എന്റെ രക്തത്തിലെ ഓരോ തുള്ളിയിലും അലിഞ്ഞു ചേർന്നു. ബാക്കി വന്ന വിരഹം പിറ്റേന്ന് ടോയിലറ്റിലേയ്ക്കും പോയി….