മരിച്ച ഭർത്താവിനെ ഇങ്ങനെ കൂടെകൂട്ടുന്നത് നെരിപ്പോടിലും പ്രണയമുള്ളതു കൊണ്ടാണ്

116

സിന്ധു. കെ.വി

‘മിഴിനീർത്തുള്ളികൾ നിൻ തനുനീർ മുത്തുകൾ
തണുവായ് പെയ്തിടും കനവായ് തോർന്നിടും…’

നിറവയറുമായി വളകാപ്പ് നടത്തുന്ന മേഘ്ന രാജ് എന്ന അഭിനേത്രിയുടെയും അവൾക്കൊപ്പം ചടങ്ങിലുടനീളം നിറഞ്ഞു നിന്ന മരിച്ചു പോയ അവളുടെ ഭർത്താവ് കന്നട നടൻ ചിരഞ്ജീവി സർജയുടെയും ചിത്രങ്ങൾ ഇന്നലെ പലവട്ടം സ്ക്രോൾ ചെയ്തുപോയി . സന്തോഷവും സങ്കടവും സമ്മിശ്രമായി വല്ലാതെ മുറുക്കുന്ന ചിത്രങ്ങൾ .പ്രണയം കത്തി നിൽക്കുമ്പോൾ ഒപ്പമുള്ളയാൾ മരിച്ചു പോവുക എന്നതിന് ബാക്കിയാവുന്ന ആൾ ജീവിക്കുക എന്ന അർത്ഥമേയില്ല. നിലച്ച ഹൃദയവുമായി നടന്നു തീരുകയോ മറ്റോ ആണത്. യാന്ത്രികമായ മിടിപ്പുകളിലൂടെയുള്ള ആ ജീവിതയാത്ര ഭയാനകമാണ്. അതിനെ മറികടക്കണമെങ്കിൽ ഇപ്പുറം അത്രയും തീവ്രമായ പ്രണയം ഉണ്ടാവണം . ഒരുമിച്ച നിമിഷങ്ങൾക്ക് ഒരായുസ്സിനെ പകരം വെക്കാവുന്ന മൂല്യമുണ്ടാവണം. പഴകും തോറും തിളങ്ങുന്ന കനലുണ്ടാവണം. അത് ഒരുവളെ എന്തു തന്നെ ചെയ്യിക്കില്ല! ഏത് തീക്കു മീതെയും ചിരിയോടെ നടത്തും.

മേഘ്ന രാജിന്റെ പുഞ്ചിരിയിൽ ആ കനലുണ്ടായിരുന്നു. ശരിയാണ്. പ്രിവിലേജ്ഡ് ആയ ഒരു സ്ത്രീയെക്കുറിച്ച് തന്നെയാണ് ഞാൻ പറയുന്നത്. അവരുടെ ഭർത്താവിന് അയാളെ എന്നും ജീവിപ്പിച്ചു നിർത്താവുന്ന ആരാധക വൃന്ദമുണ്ട്. ഓരോ പ്രായത്തിലും അയാളുടെ പ്രതിമ തീർക്കാവുന്ന സമ്പത്തുണ്ട്. പക്ഷേ ഗർഭിണിയായ അവളുടെ ചുണ്ടിൽ ചിരി വിരിയിക്കാൻ അയാൾ കൊടുത്ത പ്രണയത്തിനേ കഴിയു . ചിരു എന്നത് പ്രണയമന്ത്രമാവുന്നത് അപ്പോഴാണ്.

ഞാനോർത്തത് ലേബർറൂമിനെ കുറിച്ചായിരുന്നു. പുറത്ത് അക്ഷമയോടെ കാത്തുനിൽക്കുന്ന ബന്ധുജനങ്ങളിലേക്ക് അഭിമാനത്തോടെ കുഞ്ഞുമായി ഇറങ്ങിപ്പോകേണ്ടവൾ. അവിടെ ഒന്നാമതായും അവൾക്ക് കാണേണ്ടിയിരുന്നത് തന്റെ കുഞ്ഞിന്റെ അച്ഛനെയാണ്. ആ നിമിഷത്തിലേക്കുള്ള ത്രസിപ്പോടെയാണ് ലേബർ റൂമിൽ ഒരുവളുടെ കിടപ്പ്. ശരിയാണ്. ഞാൻ പ്രിവിലേജ്‌ഡ് ആയ ഒരു സ്ത്രീയെക്കുറിച്ച് തന്നെയാണ് സംസാരിക്കുന്നത്. ഭർത്താവില്ലെങ്കിലും അവളെ സ്നേഹത്താൽ വീർപ്പുമുട്ടിക്കുന്ന വീട്ടുകാർ അവൾക്കുണ്ട്.

ഞാനിന്നലെ ഷിൽനയേയും ഓർത്തു. സുഹൃത്ത് സുധാകരന്റെ ഭാര്യ. അവന്റെ വിയോഗത്തിനു ശേഷവും കുഞ്ഞുങ്ങളെ പെറ്റുപോറ്റി അവനെ ഈ ഭൂമിയിൽ പൂരിപ്പിക്കുന്ന അവന്റെ പെണ്ണിനെ.നായികമാർക്ക് തിരയിലല്ല തീരത്താണ് തീവ്രതയേറുന്നത്. അമ്പരപ്പിക്കുന്ന ഉറപ്പോടെ ജീവിതത്തിലേക്ക് അവർ നടന്നു കയറുന്നതു കാണുമ്പോൾ സ്ത്രീയെന്ന പ്രതിഭാസത്തെക്കുറിച്ച് തന്നെയാണ് ചിന്തിക്കുന്നത്. അങ്ങനെ ചിന്തിക്കുമ്പോൾ സൗകര്യങ്ങളും സാഹചര്യങ്ങളും തീരെയില്ലാത്ത നാട്ടുമ്പുറത്തുകാരിയായ കല്ലുവേച്ചിയും വഴിയോരത്ത് തുണിത്തൊട്ടിലിൽ കുഞ്ഞിനെ ഉറക്കി പണിതുടരുന്ന തമിഴത്തിയായ മല്ലിയും എല്ലാം കേറിവരും. കടത്തേയും കുടുംബത്തേയും ഒപ്പം പോറ്റുന്ന ഏതൊരു പെണ്ണിന്റേയും ചിത്രം തെളിയും. നെരിപ്പോടിൽ പ്രണയുണ്ടെങ്കിൽ മാത്രം തെളിയുന്ന ചില കനലുകളുണ്ട്. പൊള്ളിപ്പോവും !