ഈരാറ്റുപേട്ടയില്‍ നടന്ന ‘നഗരോത്സവം’ പരിപാടിക്കിടെ ഗായിക സജിലി സലീം പാടിക്കൊണ്ടിരിക്കെ മാപ്പിളപ്പാട്ട് പാടിയില്ലെങ്കില്‍ അടിച്ചോടിക്കുമെന്ന് ഭീഷണിപ്പെടുത്തിയാള്‍ക്ക് വേദിയിൽ വെച്ചുതന്നെ മറുപടി നല്കി ഗായിക . ഗായകനായിരുന്ന കണ്ണൂർ സലീമിന്റെ മകളാണ് സജിലി സലീം. പരിപാടിക്കിടെ പാട്ടുകള്‍ പാടിക്കൊണ്ടിരിക്കുന്നതിനിടെയാണ് കാണികളില്‍ നിന്നൊരാൾ മാപ്പിളപ്പാട്ട് പാടിയില്ലെങ്കില്‍ അടിച്ചോടിക്കുമെന്ന് വിളിച്ചുപറഞ്ഞ് ഭീഷണിപ്പെടുത്തിയത്. ഇതുകേട്ട സജിലി പാട്ട് നിര്‍ത്തി അങ്ങനെ പറഞ്ഞയാളോട് വേദിയിലേക്ക് കയറി വരാന്‍ ആവശ്യപ്പെട്ടു. ആരോടും ഇത്തരമൊരു സമീപനം നല്ലതല്ലെന്ന് ഗായിക അയാളോട് പറഞ്ഞു. ഗായിക സജ്ല സലീം കേൾവിക്കാരന്റെ ഭീഷണിപ്പെടുത്തലിനോട് പ്രതികരിക്കുന്ന വീഡിയോ സമൂഹ്യ മാധ്യമങ്ങളിൽ വൈറലാവുകയാണ്
‘സംഗീതപരിപാടി അവതരിപ്പിക്കാൻ വേണ്ടി ക്ഷണിച്ചപ്പോൾ മാപ്പിളപ്പാട്ട് മാത്രം മതിയെന്നു പറഞ്ഞിരുന്നില്ല. അതുകൊണ്ടുതന്നെ എല്ലാ പാട്ടുകളും ഇടകലർത്തിയാണു പാടുന്നത്. എല്ലാത്തരം പാട്ടുകളും കേൾക്കാൻ ഇഷ്ടമുള്ളവർ തന്നെയാണല്ലോ ഇവിടെ പരിപാടി കാണാൻ വന്നിരിക്കുന്നത്. അപ്പോൾ പാട്ട് പാടിയാല്‍ അടിച്ചോടിക്കുമെന്നു പറയുന്നത് ഞങ്ങൾക്കു വലിയ ഇൻസൽട്ട് ആണ്. ഇതിനെതിരെ പ്രതികരിച്ചില്ലെങ്കിൽ ഒന്നമല്ലാതായിപ്പോകും. അതുകൊണ്ടാണ് ഞാനിത് സ്റ്റേജിൽ വച്ചു തന്നെ പറയുന്നത്. ഇത് പറയാതിരിക്കാൻ പറ്റില്ല. കുറേ നേരമായി ഇക്കാര്യം കേട്ടുകൊണ്ടിരിക്കുകയാണ്. ആരോടും ഇങ്ങനെയൊരു പെരുമാറ്റം പാടില്ല. നിങ്ങളെ ആസ്വദിപ്പിക്കാൻ വേണ്ടിയാണ് ഞങ്ങൾ പാട്ടു പാടുന്നത്’, സജില സലിം പറഞ്ഞു.