എന്നെന്നും ഓര്‍ക്കുന്ന ചലച്ചിത്ര ഗാനങ്ങള്‍ പാടിയ തെന്നിന്ത്യയുടെ പ്രിയഗായിക വാണി ജയറാം (77) ഇനി ഓർമ. ചെന്നൈ നുങ്കംപാക്കത്തിലെ വസതിയിൽ വാണിയെ ഇന്ന് (ശനിയാഴ്ച ) മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. രാവിലെ നിലത്തുവീണു കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. രാവിലെ 11 മണിയോടെ വീട്ടുജോലിക്കാരി എത്തി വിളിച്ചപ്പോള്‍ വാതില്‍ തുറക്കാതിരുന്നതിനെ തുടര്‍ന്ന് അവര്‍ അയൽവാസികളെയും ബന്ധുക്കളെയും വിവരം അറിയിച്ചു വരുത്തുകയായിരുന്നു.ബന്ധുക്കള്‍ എത്തി വിളിച്ചിട്ടും വാതില്‍ തുറക്കാതിരുന്നതിനെ തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിച്ചു. പൊലീസ് എത്തി വാതില്‍ തകര്‍ത്ത് വീടിനുള്ളില്‍ കടന്നപ്പോള്‍ വാണി ജയറാമിനെ നിലത്തുവീണ നിലയില്‍ കണ്ടെത്തുകയായിരുന്നു.
കട്ടിലിനു സമീപത്തു കിടന്ന ടീപ്പോയയില്‍ തലയിടിച്ചു വീണതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.നെറ്റിയിൽ മുറിവുണ്ടായിരുന്നു. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി സര്‍ക്കാര്‍ ആശുപത്രിയിലേക്കു മാറ്റി.ഭര്‍ത്താവിന്റെ മരണശേഷം മൂന്നു വര്‍ഷമായി ഒറ്റയ്ക്കായിരുന്നു വാണിയുടെ താമസം. ഈ വർഷം രാജ്യം പത്മഭൂഷൺ നൽകി പ്രിയ ഗായികയെ ആദരിച്ചിരുന്നു.
തമിഴ്നാട്ടിലെ വെല്ലൂരിൽ ജനിച്ചു.സംഗീതജ്ഞയായ അമ്മയിൽ നിന്നാണ് വാണി ജയറാം സംഗീതം പഠിച്ചത്. എട്ടാം വയസ്സിൽ ആകാശവാണി മദ്രാസ് സ്റ്റേഷനിൽ പാടിത്തുടങ്ങി. കടലൂർ ശ്രീനിവാസ അയ്യങ്കാർ, ടി.ആർ. ബാലസുബ്രഹ്മണ്യൻ, ആർ.എസ്. മണി എന്നിവരാണ് കർണാടക സംഗീതത്തിലെ ഗുരുക്കന്മാർ. ഹിന്ദുസ്ഥാനി സംഗീതം പഠിപ്പിച്ചത് ഉസ്താദ് അബ്ദുൽ റഹ്മാൻ ഖാനാണ്.
1971-ൽ വസന്ത് ദേശായിയുടെ സംഗീതത്തിൽ ‘ഗുഡ്ഡി’ എന്ന ചിത്രത്തിലെ ‘ബോലേ രേ പപ്പി’ എന്ന ഗാനത്തിലൂടെ പ്രശസ്തയായി. ഗുഡ്ഡിയിലെ ഗാനത്തിനു അഞ്ച് അവാർഡുകൾ നേടി. ചിത്രഗുപ്ത്, നൗഷാദ് തുടങ്ങിയ പ്രഗല്ഭരുടെ ഗാനങ്ങൾ പാടിയ അവർ ആശാ ഭോസ്‌ലെക്കൊപ്പം ‘പക്കീസ’ എന്ന ചിത്രത്തിൽ ഡ്യുയറ്റ് പാടി. മദൻ മോഹൻ, ഒ.പി. നയ്യാർ, ആർ.ഡി ബർമൻ, കല്യാൺജി ആനന്ദ്ജി, ലക്ഷ്മികാന്ത് പ്യാരേലാൽ, ജയ്‌ദേവ് തുടങ്ങിയവരുടെ സംഗീതത്തിനും ശബ്ദം നല്കി. മുഹമ്മദ് റഫി, മുകേഷ്, മന്നാഡേ എന്നിവരോടൊപ്പം പാടിയ അവർ 1974-ൽ ചെന്നൈയിലേക്ക് തന്റെ താമസം മാറ്റിയതിനുശേഷമാണ് ദക്ഷിണേന്ത്യൻ ഭാഷാചിത്രങ്ങളിലും സജീവമായത്. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം സിനിമകളിൽ പാടിയ അവർ എം.എസ്. വിശ്വനാഥൻ, എം.ബി. ശ്രീനിവാസൻ, കെ.എ. മഹാദേവൻ, എം.കെ. അർജുനൻ, ജെറി അമൽദേവ്, സലിൽ ചൗധരി, ഇളയരാജ, എ.ആർ. റഹ്മാൻ എന്നിവരുടെയൊക്കെ പാട്ടുകൾക്ക് ശബ്ദം നല്കി.’സ്വപ്നം’ എന്ന ചിത്രത്തിലൂടെ സലിൽ ചൗധരിയാണ് വാണി ജയറാമിനെ മലയാളത്തിലേക്ക് കൊണ്ടുവരുന്നത്
മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ അവാർഡ് മൂന്നു തവണ ലഭിച്ചു. മലയാളം, തമിഴ്, ഹിന്ദി, മറാത്തി, തെലുങ്ക്, ബംഗാളി, കന്നഡ, ഗുജറാത്തി, തുടങ്ങി ഇരുപതോളം ഇന്ത്യൻ ഭാഷകളിൽ പതിനായിരത്തിലേറെ പാട്ടുകൾ പാടിയിട്ടുണ്ട്.
വരികളിൽ ആത്മാർത്ഥ സമർപ്പണം കൊടുത്ത ഗായിക (ഗിരീഷ് വർമ്മ ബാലുശ്ശേരി എഴുതിയത് )
ചില പാട്ടുകളുണ്ട്. നമ്മളെത്രയോ പറഞ്ഞുപോയവയിലൊന്നും, ഇഷ്ടഗാനങ്ങളിലൊന്നും വന്നു പോവാത്ത ചിലത്. അവ കൂട്ടത്തിൽ ചേരാതെ മനസ്സിന്റെ കോണിൽ ഒതുങ്ങി നിൽക്കും. പ്രിയമുള്ളവ ഒരൊഴുക്കു പോലെ വന്നു പോവുമ്പോഴും “ഞാനും ഞാനും ” എന്ന് പറഞ്ഞുല്ലസിച്ച് , അവകാശം സ്ഥാപിച്ചു പോലും വന്നു പോകില്ല. പിന്നെ ചില ഏകാന്ത നിമിഷങ്ങളിൽ ഇവർ വരും, മൂളും, എന്നെ മറന്നോ എന്നോർമ്മിപ്പിക്കും. ഇല്ലെന്നു ,പറയും.. വാക്കുകളിൽ , ഈണങ്ങളിൽ മയങ്ങി വീഴും… ഇതോ ആ ഗാനം എന്ന് ചിലർ ചോദിച്ചേക്കാം . ഇതിലെന്തിത്ര പ്രത്യേകത. എനിക്കുണ്ട്… എന്നേ അതിനുത്തരമുളളൂ…
അത്തരം ചില വാണീ ജയറാം ഗാനങ്ങളും ഉണ്ട്… ഏറെ പ്രിയപ്പെട്ടവ….
1976 ൽ ഇറങ്ങിയ ഒരു ചിത്രമാണ് പാൽക്കടൽ . അത്രയൊന്നും പ്രസിദ്ധി നേടാത്ത ചിത്രമെങ്കിലും അതിലും ഹിറ്റ് ഗാനങ്ങൾ ഉണ്ട്.
” കുങ്കുമപൊട്ടിലൂറും കവിതേ നിന്റെ മഞ്ജീരത്തിൻ മൗനനാദം “ശ്രീകുമാരൻ തമ്പിയുടെ വരികൾക്ക് എ ടി ഉമ്മറിന്റെ ശാന്ത സംഗീതം. ഒരു സ്ത്രീ മനസ്സിന്റെ വൈവാഹിക ജീവിതത്തിന്റെ തുടക്കത്തിലേ ചില അസുലഭ മുഹൂർത്തങ്ങൾ പദം വിടർത്തിയ ഗാനം. ആദ്യ വരിയിൽ തന്നെ കവി അവളെ എത്ര ഉയരത്തിൽ ആണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. കുങ്കുമപ്പൊട്ടിലൂറും കവിത ….കല്യാണപ്പന്തലിലെ സുവർണ നിമിഷങ്ങൾ, ആദ്യരാത്രിയിലെ പുളകനിമിഷങ്ങൾ…
ഇതൊക്കെ ഏത്രയോ ഗാനങ്ങളിൽ വന്നു പോയിട്ടുണ്ടെങ്കിലും എനിക്കെന്തോ ഈ പാട്ട് വളരെ പ്രിയമാണ്. വാണീ ജയറാം വരികൾക്ക് കൊടുത്ത ആത്മാർത്ഥ സമർപ്പണം ഒന്ന് കൊണ്ടുകൂടിയാവാം…വാണീ ജയറാം ഗാനങ്ങൾ തരുന്ന ഒരുണർവും , അനുഭൂതിയും ഉണ്ട്. ഗാനത്തിന്റെ ആദ്യ വരിയ്ക്ക് നൽകുന്ന ഒരുറപ്പും, ആലാപനരീതിയും പ്രശംസനീയം തന്നെയാണ്. ആദ്യവരിയിൽ നിന്ന് തന്നെ അവസാന വരി വരെ നമ്മെ കൊണ്ടുപോവും വാണി. അതാണീ വാണീ സ്റ്റൈൽ ..അതിന്റെ ഏറ്റവും വലിയ തെളിവ് തമിഴിൽ നിന്നും നമുക്ക് എടുക്കാൻ കഴിയും… ദീർഘ സുമംഗലി എന്ന ചിത്രത്തിൽ എം എസ് ഈണത്തിൽ പിറന്നു വീണ അതീവ സുന്ദര ഗാനം….
” മല്ലികൈ എൻ മന്നൻ മയങ്കും ..:”
മലയാളത്തിലെ ആദ്യം ഗാനം തന്നെ അതിനൊരുദാഹരണമാണ്.
സൗരയൂഥത്തിൽ വിടർന്നൊരു കല്യാണ ..( സ്വപ്നം )
ചിത്രവർണ്ണ പുഷ്പജാലമൊരുക്കി വച്ചു ( അയലത്തെ സുന്ദരി )
തിരുവോണപ്പുലരിതൻ ( തിരുവോണം )
കാറ്റ് ചെന്ന് കളേബരം തഴുകി ( സമ്മാനം )
ആഷാഢ മാസം ആത്മാവിൽ മോഹം ( യുദ്ധഭൂമി )
നായകാ പാലകാ (ലക്ഷ്മി വിജയം )
സീമന്തരേഖയിൽ ചന്ദനം ചാർത്തിയ (ആശിർവാദം )
എന്നിവയിലൂടെ അനസ്യൂതമായി തുടന്നൊഴുകുകയായിരുന്നു .
അതിങ്ങു 2014 ൽ ഉള്ള പാട്ടിൽ വരെ തുടിച്ചു നിന്നു എന്നതും അത്ഭുതം …
ഓലഞ്ഞാലിൽ കുരുവീ … ( 1983 )
വാണീ ജയറാം ഗാനങ്ങളിലെ എല്ലാത്തിലൂടെയും പോവുന്നില്ല.. ഇഷ്ടഗാനങ്ങൾ ചിലവ മാത്രം….
ചില യുഗ്മ ഗാനങ്ങളുടെ വാണീലയനം നടന്നവ…
വാൽക്കണ്ണെഴുതി വനപുഷ്പം ചൂടി …( പിക്നിക് )
സ്വപ്നഹാരമണിഞ്ഞെത്തും (പിക് പോക്കറ്റ് )
പുഷ്പമംഗല്യ രാത്രിയിൽ ( ആദ്യപാഠം )
തുടിക്കും മനസ്സിലെ കലശങ്ങളിൽ ( അമ്മെ അനുപമേ )
പഞ്ചവർണ്ണ കിളിവാലൻ ( കണ്ണപ്പനുണ്ണി )
കുടുംബം സ്നേഹത്തിൻ പൊന്നമ്പലം ( അഗ്നിപർവതം )
നിമിഷങ്ങൾ പോലും വാചാലമാകും( മനസ്സാവാചാ കർമ്മണാ )
സുരലോക ജാലധാര ഒഴുകിയൊഴുകി ( ഏഴാം കടലിനക്കരെ )
ഏഴാം മാളികമേലെ ( സർപ്പം )
പൊന്നലയിൽ അമ്മാനമാടി ( ദേവദാസി )
ഒന്നാനാം കുന്നിന്മേൽ ( എയർ ഹോസ്റ്റസ് )
കണ്ണിൽ കണ്ണിൽ നോക്കിയിരിക്കാം ( നായാട്ട് )
കാലങ്ങൾ കഴിഞ്ഞപ്പോൾ ,,,, 2016 ലും 18 ലും വീണ്ടുമത് പൂത്തു തളിർത്തു .
പൂക്കൾ പനീർപ്പൂക്കൾ ( ആക്ഷൻ ഹീറോ ബിജു )
പെയ്തലിഞ്ഞ നിമിഷം ( ക്യാപ്റ്റൻ )
ഗായികമാരോടൊപ്പം കൂട്ടുചേർന്നുപോയ അനേകം ഗാനങ്ങൾ ഉണ്ട് വാണീജയറാമിന്റെ സമ്പാദ്യമായി.
ദിവാസ്വപ്നമിന്നെനിക്കൊരു ( മാധുരിയോടൊത്ത് പാൽക്കടലിൽ )
ഹിന്ദോളരാഗത്തിൻ ഓളങ്ങളെ ( ലതാ രാജുവുമൊത്ത് തുറുപ്പുഗുലാനിൽ )
മങ്കമാരെ മയക്കുന്ന കുങ്കുമം ( സുശീലയുമൊത്ത് കണ്ണപ്പനുണ്ണിയിൽ )
ഒരു സ്വപ്നത്തിൻ പവിഴദ്വീപിൽ ( സുശീലയുമൊത്ത് ബീനയിൽ )
ഏതു ഗായകരോടൊത്തായാലും വാണീശബ്ദം വേറിട്ട് നിൽക്കും. ഗായകരിൽ ജയചന്ദ്രൻ വാണീജയറാം ടീം മികച്ചു നിൽക്കുന്നു. രണ്ടു ഭാവഗംഭീരനാദങ്ങൾ !വാക്കുകൾ പാടിയിരുത്തുന്ന ആ വൈഭവം കാരണം വരികൾക്ക് ചെവിയോർക്കേണ്ട കാര്യമില്ല. അന്യഭാഷാ ഗായിക ആയിട്ടും പദങ്ങൾക്ക് വേണ്ട വിധത്തിൽ ഉറപ്പ് കൊടുക്കാൻ ഇവർക്ക് കഴിഞ്ഞിട്ടുണ്ട്. ഇന്നത്തെ ചില മലയാളി ഗായകർ പാടുന്ന പോലെ ” കുരച്ചു കുരച്ചല്ല “.. പാടുന്നത് ശ്രോതാക്കളുടെ മനസ്സിലേക്ക് സൗമ്യമായി എന്നാൽ ഭാവസാന്ദ്രമായി കയറിക്കൂടണം എന്നവർക്കറിയാം. അതുകൊണ്ടും കൂടിയാണല്ലോ ഞാനാദ്യം പറഞ്ഞ ഗാനം എന്റെ മനസ്സിലിന്നും കുടിയിരിക്കുന്നത്…ശങ്കരാഭരണത്തിലെ എസ് പി അത്ഭുതത്തോടൊപ്പം പാടുമ്പോഴും തന്റേതായ നിലനിൽപ്പ് ഒരിക്കലും ചോദ്യം ചെയ്യപ്പെടുന്നുമില്ല…വാണീജയറാം ഗാനങ്ങൾ ഇനിയും കേൾക്കണം… അതിനായി ജന്മങ്ങൾ ഇനിയും വേണം…
” ഏതോ ജന്മകൽപ്പനയിൽ
ഏതോ ജന്മവീഥികളിൽ
ഇന്നും നീ വന്നു … ഒരുനിമിഷം
വീണ്ടും നമ്മളൊന്നായ് .”
**