കൃപാസനം പത്രത്തെക്കുറിച്ചു അന്ധവിശ്വാസികൾ ന്യായീകരണം തുടങ്ങി

0
896

ആളുകളെ പറ്റിക്കുന്ന ആത്മീയ കേന്ദ്രങ്ങൾ എല്ലാ മതക്കാർക്കും ഉണ്ട്. സുധാമണിയുടെ ‘ആലിംഗന’ചികിത്സയും കാന്തപുരത്തിന്റെ ‘വിശുദ്ധ മുടിയും’ ‘കൃപാസനം’ എന്ന കോമഡി പത്രവും ഈ നാടിൻറെ അധഃപതനത്തിന്റെ പ്രതീകങ്ങൾ ആണ്. അന്ധവിശ്വാസ രോഗം ബാധിച്ച ആയിരങ്ങളാണ് രോഗശാന്തിക്കും മറ്റുമായി ഇത്തരം ഇടങ്ങളിൽ അനുദിനം എത്തുന്നത്. ഉറഞ്ഞുതുള്ളലും ആടിമറിയലും വിഡിയോയിൽ കാണുമ്പൊൾ നമ്മെ പൊട്ടിച്ചിരിപ്പിക്കുന്നു. ഇത്തരം ആഭാസങ്ങൾക്കെതിരെ പുരോഗമന മനസുകൾ സമയാസമയം പ്രതികരിക്കാറുണ്ട് എങ്കിലും അതൊക്കെ നിഷ്പ്രഭമാണ്. ഇപ്പോൾ അന്ധവിശ്വാസികളുടെ ചില പ്രതിനിധികൾ ഇമ്മാതിരി അലവലാതിത്തരങ്ങൾക്കു അനുകൂലമായി ന്യായീകണങ്ങളും തുടങ്ങി. നാടിനെ നശിപ്പിച്ചേ അടങ്ങൂ . സിപ്‌സൺ ആന്റണി എന്നൊരാളിന്റെ ന്യായീകണ പോസ്റ്റ് വായിക്കൂ ചിരിക്കാം

Sipson Antony

കൃപാസനം പത്രം ദോശമാവില്‍ അരച്ച് കൊടുത്ത് മകളെ തീറ്റിച്ചതിന്റെ പേരില്‍ ഛര്‍ദ്ദിപിടിപെട്ട് ചേര്‍ത്തലയിലെ ഏതോ ഒരാശുപത്രിയില്‍ കഴിയുന്ന ഒരമ്മയെയും മകളെയും കുറിച്ച് ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ പ്രേഷകരുള്ള ഓണ്‍ലൈന്‍ വാര്‍ത്താ ചാനലുകളായ കര്‍മ്മാ ന്യൂസിലൂടെയും, മറുനാടനിലൂടെയും കേട്ടപ്പോള്‍ ഉള്‍പൊളകം കൊണ്ട് ചറാപറാന്ന് കമന്റും ലൈക്കുമിട്ട് ഒരു ഷെയറും കൂടി ചെയ്തപ്പോള്‍ കുറെപ്പേര്‍ക്ക് നല്ലൊരു ആശ്വാസം കിട്ടീട്ടുണ്ട്. പ്രത്യേകിച്ച് അപ്പന്‍ ക്രിസ്ത്യാനിയായതുകൊണ്ട് മാത്രം ക്രിസ്ത്യാനിയായ ചിലര്‍ക്ക്. ഇതൊക്കെ ഇങ്ങനെ കേട്ടപാതി കേള്‍ക്കാത്തപാതി എയറിലേക്കിങ്ങനെ പടച്ചുവിടുമ്പോള്‍ എങ്ങനെയാണ് പ്രകൃതിദുരന്തം വരാതിരിക്കുന്നത്. ഇതിലൊരു സത്യാവസ്ഥയില്ലേ. എവിടെ? ചേര്‍ത്തലയിലുള്ള ആ അമ്മയും മകളും, അവര്‍ക്കു മുന്നില്‍ വരാന്‍ പേടിയാണെങ്കില്‍ അവരെ ചികിത്സിക്കുന്ന ഡോക്ടറെക്കൊണ്ട് പറയിച്ചുകൂടെ സത്യാവസ്ഥ, അതല്ലേ… അല്ലേ. യഥാര്‍ത്ഥ (മാമാ) മാധ്യമപ്രവര്‍ത്തനം. സോറി മാധ്യമപ്രവര്‍ത്തനം.

Sipson Antony
Sipson Antony

ജീവിതത്തില്‍ എല്ലാ പ്രതീക്ഷയും അസ്തമിച്ചുപോയ മനുഷ്യരെ നിങ്ങള്‍ സുഖിമാന്മാര്‍ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ? പോട്ടെ അവരെ ഒന്നു കേട്ടിരുന്നിട്ടുണ്ടോ? ജീവിതത്തിലെ പരുക്കന്‍ യഥാര്‍ത്ഥ്യങ്ങളുമായി കൂട്ടിമുട്ടി ഉള്ളുപൊള്ളിപ്പോയ കൊറെ മനുഷ്യന്മാരാണ് ചങ്ങായി അവിടെ വരണത്. അതിന് ഞങ്ങളുടെ ദൈവവചനത്തില്‍ നിന്നുള്ള പ്രതിവിധി, തെറ്റുകള്‍ തിരുത്തി വിശുദ്ധിയിലും സ്‌നേഹത്തിലും ജീവിക്കാനുള്ള പ്രേരണ കൊടുക്കലാണ് കൃപാസനത്തില്‍ നടക്കുന്നത്. അതിനെയാണ് ഉടമ്പടി പ്രാര്‍ത്ഥനയെന്നു പറയുന്നത്. ഉദാഹരണത്തിന് കുമ്പസാരിക്കുക, ബൈബിള്‍ വായിക്കുക, ആരെയെങ്കിലും ദ്രോഹിച്ചിട്ടുണ്ടെങ്കില്‍ അവരോട് ക്ഷമ ചോദിക്കുക, വി.ബലിയില്‍ പങ്കെടുത്ത് പ്രാര്‍ത്ഥിക്കുക അങ്ങനെ ചില്ലറ കാര്യങ്ങള്‍… സംശയമുള്ളവര്‍ക്ക് യുട്യൂബില്‍ അവിടെ നടക്കുന്ന സാക്ഷ്യം കേള്‍ക്കാവുന്നതാണ്. അല്ലാതെ കൃപാസനം പത്രം വാങ്ങി പൊടിച്ച് വറുത്ത് ചായയിലോ ചമ്മന്തിയിലോ സേവിച്ചാല്‍ സകല പ്രശ്‌നങ്ങളും മാറുന്ന് അവിടെ പ്രസംഗിച്ചിട്ടുമില്ല. പഠിപ്പിച്ചിട്ടുമില്ല. ഇതിന് പണവും വാങ്ങാറില്ല എന്നാണ് എന്റെ അറിവ്.

അടുത്ത ആരോപണം അച്ചന്‍ പാവപ്പെട്ട മത്സ്യത്തൊഴിലാളികളെ പറ്റിക്കുന്നുവെന്നാണ്. ഈ കഴിഞ്ഞ വെള്ളപ്പൊക്കത്തില്‍ കൈവെച്ചാല്‍ മുറിയുന്നത്ര ഒഴുക്കുള്ള വെള്ളത്തില്‍ സഹോദരങ്ങളെ രക്ഷിക്കാന്‍ വള്ളവും എന്‍ജിനുമായെത്തിയത് കൈക്കരുത്തിന്റെ മാത്രം ബലത്തിലല്ല, തലക്കകത്ത് നല്ല ആള്‍താമസമുള്ളതുകൊണ്ടുതന്നെയാണ്. അവരെയാണ് അച്ചന്‍ പറ്റിക്കാന്‍ നോക്കിയെന്നു പറയുന്നത്. പറ്റിക്കാന്‍ അങ്ങോട്ടു ചെല്ല്…. വി.പി അച്ചന്‍ തീരത്തിന്റെ അപ്പോസ്തലന്‍ തന്നെയാണ് ഒരു സംശയവുമില്ല.

വിമർശകർ യേശുക്രിസ്തുവിന്റെ കാലത്ത് ജനിക്കാതിരുന്നത് എത്രയോ നന്നായി. ഇല്ലെങ്കിൽ ചെളിയിൽ തുപ്പി അതുകുഴച്ച് അന്ധനെ സുഖപ്പെടുത്തിയതിന്റെ പേരിൽ കേസുകൊടുത്തേനെ.

വി.പി അച്ചനോ, കൃപാസനത്തിനോ എന്തെങ്കിലും തെറ്റുപറ്റിയിട്ടുണ്ടെങ്കില്‍ തിരുത്താന്‍ ആലപ്പുഴയ്ക്ക് രണ്ട് പിതാക്കന്മാരും ഇതിനെക്കുറിച്ച് കൃത്യമായി ബോധ്യമുള്ള അച്ചന്മാരും ഞങ്ങള്‍ക്കുണ്ട്. യഥാസമയം അവരത് ചെയ്തുകൊള്ളും.

വാല്‍ക്കഷ്ണം : രോഗശാന്തിയും പ്രാര്‍ത്ഥനയും എന്നു കേള്‍ക്കുമ്പോള്‍ കുരുപൊട്ടുന്ന ദേ ദിതുപോലുള്ള ചങ്ങാതിമാരോട്: നിഷ്‌ക്കളങ്കമായ വിശ്വാസം ഉള്ളവര്‍ക്ക് മാത്രം ദൈവം കരുതുന്ന സമ്മാനമാണ് രോഗശാന്തി.