മാടപ്പള്ളി ക്ഷേത്രത്തിലെ സപ്താഹത്തിന് അതിഥിയായി എത്തിയ നാഗം, ‘നാഗ ശലഭം’ ആയി മാറിയത്രെ

311

 

ഇന്ന് രാവിലത്തെ വാട്ട്സാപ്പ് കണി “മാടപ്പള്ളി ക്ഷേത്രത്തിലെ സപ്താഹത്തിന് അതിഥിയായി എത്തിയ നാഗം, ‘നാഗ ശലഭം’ ആയി മാറി എന്ന വാർത്തയാണ്. ശലഭത്തെ കാണാൻ ആയിരങ്ങൾ ഒഴുകിയെത്തുന്നു.” വീഡിയോയും അതിനോടനുബന്ധിച്ച ചെറിയ ഒരു കുറിപ്പും ഉണ്ടായിരുന്നു. തിങ്കളാഴ്ച ഒരു പ്രമുഖ ചാനലിൽ ഈ അദ്‌ഭുത പ്രതിഭാസത്തെ പറ്റി പ്രത്യേക പരിപാടിയും ഉണ്ടത്രേ.
സംഭവം ഇങ്ങനെയാവാം നാഗം അതിലെ വന്നു അതിന്റെ മാളത്തിലേക്ക് പോയിക്കാണും. നാഗശലഭം വേറെ വഴിക്കും വന്നു. അത്രേ ഉള്ളൂ.

ഭക്ത ജനങ്ങളുടെ അറിവിലേക്ക്:
നാഗ ശലഭത്തിന് നാഗവുമായോ, സപ്താഹവുമായോ, ക്ഷേത്രവും ആയോ യാതൊരു ബന്ധവും ഇല്ല.
എന്താണ് നാഗ ശലഭം? ഇത് മാടപ്പള്ളി ക്ഷേത്രത്തിൽ മാത്രം ആദ്യമായി പ്രത്യക്ഷപ്പെട്ടത് ആണോ?
അറ്റ്‌ലസ് മോത്തിന്റ ശാസ്ത്രീയ നാമം Attacus atlas എന്നാണ്. ഇവയുടെ ചിറകുകളിൽ നോക്കിയാൽ ‘അറ്റ്ലസ് (ഭൂപടം)’ പോലെ ഇരിക്കുന്നത് കൊണ്ടാവണം ഇവയെ അറ്റ്‌ലസ് മോത്ത് എന്ന് വിളിക്കുന്നത്. ഗ്രീക്ക് മിത്തോളജിയിലെ അറ്റ്ലസ് ദൈവത്തിൽ നിന്നുമാണ് ‘അറ്റ്‌ലസ് മോത്ത്’ എന്ന പേരു വന്നത് എന്ന് കരുത്തപ്പെടുന്നവരും ഉണ്ട്. ചിറകിന്റെ അറ്റം നോക്കിയാൽ പാമ്പിന്റെ മുഖം പോലെ ഇരിക്കുന്നതിനാലാവണം ഇതിനെ മലയാളത്തിൽ നാഗ ശലഭം എന്ന് വിളിക്കുന്നത്.

ഇവയുടെ ആയുസ്സ് ഒരാഴ്ച മുതൽ രണ്ടാഴ്ച വരെയാണ്. മടപ്പള്ളിയിൽ മാത്രമല്ല, ഇന്ത്യയുടെ പല ഭാംഗങ്ങളിലും, ജപ്പാൻ, തായ്‌വാൻ, ഇൻഡോനേഷ്യ, മലേഷ്യ, തായ്‌ലൻഡ് തുടങ്ങിയ രാജ്യങ്ങളിലും ഇവയെ കാണപ്പെടാറുണ്ട്. നാഗം ഒരിക്കലും ശലഭം ആയി മാറില്ല എന്ന് അവിടെ കൂടുന്ന ഭക്തജനങ്ങളോട് സപ്താഹം നടത്തുന്ന സ്വാമിജി ദയവായി പറഞ്ഞു കൊടുക്കണം. പറഞ്ഞു വന്നത് നാഗശലഭത്തിന്, നാഗവും ആയും, സ്വാമിജിയുടെ സപ്താഹവുമായി ഒരു ബന്ധവും ഇല്ല എന്നാണ്.

സൂര്യ TV ഇങ്ങനെയൊരു പ്രോഗ്രാം തിങ്കളാഴ്ച ടെലികാസ്റ് ചെയ്യാൻ പ്ലാൻ ഉണ്ടെങ്കിൽ ദയവായി അത് അന്ധവിശ്വാസം പടർത്തുന്ന രീതിയിൽ ആവരുത്. ദയവായി അതിൽ ശാസ്ത്രീയത ഉൾപ്പെടുത്തി നാഗ ശലഭം എന്താണ് എന്ന് പൊതു (ഭക്ത) ജനങ്ങൾക്ക് ലളിതമായി വിവരിച്ചു കൊടുക്കുന്ന രീതിയിൽ ആവണം എന്നൊരു അപേക്ഷ കൂടിയുണ്ട്.  കൂടുതൽ വായനയ്ക്ക്

Wasserthal, L. T. (1982). Antagonism between haemolymph transport and tracheal ventilation in an insect wing (Attacus atlas L.). Journal of comparative physiology, 147(1), 27-40.
Maida, R., & Ziesmann, J. (2001). Female Attacus atlas respond to pheromones of Antheraea polyphemus: A comparative electrophysiological and biochemical study. Chemical senses, 26(1), 17-24.]
Desmawita, B. K., Fuah, A. M., & Ekastuti, D. R. (2013). Intensification of Wild Silkworm Attacus atlas Rearing (Lepidoptera: Saturniidae). Media Peternakan, 36(3), 159.