Entertainment
ചില സിനിമകളിലെ മുഴുവൻ പാട്ടുകളും നമുക്ക് ഇഷ്ടപ്പെടും, അതാണ് സീതാരാമത്തിലെ പാട്ടുകൾ

സീതാരാമത്തിലെ പാട്ടുകൾ
Sachin Sudhakar
ചില സിനിമകളിലെ മുഴുവൻ പാട്ടുകളും നമുക്ക് ഇഷ്ടപ്പെടും. ആ പാട്ടുകൾ നമ്മൾ വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹിക്കും. പ്രത്യേകിച്ച് മെലഡി ടച്ച് ഉള്ള പാട്ടുകൾ. ഉദാഹരണം പറഞ്ഞാൽ അനാർക്കലിയിലെ പാട്ടുകൾ, ജോസഫിലെ പാട്ടുകൾ അങ്ങനെ അങ്ങനെ. അതുപോലെ എനിക്ക് ഇഷ്ടപ്പെട്ട ഒരു സിനിമ – സംഗീത ആൽബമാണ് “സീതാരാമം “. ഇതുവരെ ഇറങ്ങിയ എല്ലാ ഗാനങ്ങളും വളരെ മനോഹരമാണ്. പഴയകാലഘട്ടത്തെ അനുസ്മരിപ്പിക്കും വിധം ഒരു ക്ളാസിക് സ്വഭാവം നിലനിർത്തുന്ന തരം പാട്ടുകൾ. വിശാൽ ചന്ദ്ര ശേഖർ ആണ് സംഗീത സംവിധായകൻ.
• “പെൺപൂവേ ഇതളണിയുമോ ചാരെ”
ആദ്യം പുറത്തിറങ്ങിയ ഗാനം. ഗാനരചയിതാവ് അരുൺ ആലാട്ട് എഴുതിയ വരികൾ ശരത് സാറും, നിത്യ മാമനും ചേർന്ന് ആലപിച്ചിരിക്കുന്നു. എന്നും ഓർമ്മിക്കപ്പെടും വിധം ഒരു ഗൃഹാതുരത്വം നിലനിർത്തുന്ന സംഗീതമായി എനിക്ക് അനുഭവപ്പെട്ടു. അതാണ് പെൺപൂവേ എന്ന് തുടങ്ങുന്ന ഗാനം.
•”ആരോമൽ പൂവ് പോലെന്നിൽ”
രണ്ടാമതായി ഇറങ്ങിയ പാട്ട്. ഗാനരചയിതാവ് വിനായക് ശശികുമാറിന്റെ വരികൾ, ആലാപനം – സൂരജ് സന്തോഷ് . പ്രണയാതുരവും, ഒരു Retro – Style അനുഭവവും സമ്മാനിക്കുന്ന സംഗീതം. കുട്ടികളുടെ ആ കോറസ് കൂടി ചേരുമ്പോൾ പാട്ടിന്റെ സൗന്ദര്യം ഒന്ന് വേറെ തന്നെയാണ്. കേൾക്കുന്ന നമുക്കും എന്തെന്ന് ഇല്ലാത്ത ഒരു ആനന്ദം തോന്നും.
•”കണ്ണിൽ കണ്ണിൽ കനവലിഞ്ഞ”
അരുൺ ആലാട്ടിന്റെ വരികൾക്ക് ഹരിശങ്കറും , സിന്ദുരിയും ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ഒരു ഹിന്ദുസ്ഥാനി സംഗീതത്തിന്റെ പ്രതീതിയാണ് ഈ സംഗീതം നൽകുന്നത്. തബലയും വീണയും ചേർന്ന് നൽകുന്ന താളലഹരി ഹൃദ്യമായ ഒരു അനുഭവം സമ്മാനിക്കുന്നു.
•”തിരികെ വാ”
വിനായക് ശശികുമാർ എഴുതിയ വരികൾ വേർപിരിയലിന്റെ ദുഃഖം നിഴലിക്കുന്നതും, ഓർമ്മകളിലേക്ക് തിരികെ കൊണ്ടുപോകും വിധം വേദന ഉളവാക്കുന്ന ഒരു സംഗീതമായി ആണ് തോന്നിയത്. കാപ്പിൽ കപിലനും ആനീ ആമിയും ചേർന്ന് ആലപിച്ചിരിക്കുന്ന ഈ ഗാനം ഒരു പാശ്ചാത്യ സംഗീതം കേൾക്കുന്ന അനുഭവം സമ്മാനിക്കുന്നു.
സാധാരണ തെലുങ്ക് സിനിമകളിലെ പാട്ടുകൾ മൊഴിമാറ്റം നടത്തി ഇറക്കുമ്പോൾ ആരും അങ്ങനെ ഗൗനിക്കാറില്ല.എന്നാൽ ഈ അടുത്ത കാലത്ത് ഇറങ്ങിയ ചിത്രങ്ങളിലെ മൊഴിമാറ്റം നടത്തിയ പാട്ടുകൾ മിക്കതും ഒന്നിന് ഒന്ന് മിച്ചമാണ്. സീതാരാമത്തിലും അത് അങ്ങനെ തന്നെ. മലയാളം വരികൾ എഴുതിയ ഗാനരചയിതാക്കൾ അതിൽ പ്രശംസ അർഹിക്കുന്നു.
എല്ലാത്തിനും ഉപരി സംഗീത സംവിധാനം നിർവഹിച്ച വിശാൽ ചന്ദ്രശേഖർ . അദ്ദേഹത്തിന്റെ നല്ലൊരു സിനി – ആൽബം . കാലഘട്ടത്തിന് (സിനിമ) അനുസരിച്ചുള്ള പാട്ടുകൾ ആണ് മിക്കതും. അത് വീണ്ടും വീണ്ടും കേൾക്കുവാൻ തോന്നിപ്പിക്കും വിധം നല്ല ഈണങ്ങൾ നൽകി ചിട്ടപ്പെടുത്തിയ അദ്ദേഹത്തിന് ഒരു നല്ല കൈയ്യടി നൽകാം.
652 total views, 4 views today