ക്രെഡിറ്റ് കാർഡ് എന്ന കെണി

87

Siva Kumar

ക്രെഡിറ്റ് കാർഡ് എന്ന കെണി

ക്രെഡിറ്റ് കാർഡ് ഒരു കെണിയാണ് എന്ന് പറഞ്ഞത്, അതിൽ അകപ്പെട്ട് പോയവർ തന്നെയാണ്. സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ടതിന് ശേഷം, ബന്ധപ്പെട്ടവരിൽ ഏകദേശം 80 ശതമാനം പേരുടെയും പ്രശ്നം ക്രെഡിറ്റ് കാർഡ് തന്നെയായിരുന്നു. അവരിൽ ഭൂരിഭാഗവും, തങ്ങൾ ബുദ്ധിപൂർവ്വം / യുക്തിപൂർവ്വം ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവരാണ് എന്ന് മുൻകാലങ്ങളിൽ അഹങ്കരിച്ചവരുമാണ്.

മാത്രമല്ല, നമ്മുടെ ജീവിതച്ചിലവ് അവതാളത്തിലാക്കുന്നതിൽ ക്രെഡിറ്റ് കാർഡിനുള്ള പങ്ക് ഒട്ടും ചെറുതല്ല എന്നു പറയാം.
ക്രെഡിറ്റ് കാർഡ് എന്താണ് എന്നറിയാത്തവരാണ് അതുപയോഗിക്കുന്നവരിൽ, 99% ശതമാനം പേരും എന്നത് അത്ഭുതകരമാണ്. അത് കൊണ്ടാണ് ഒന്നിലധികം ക്രഡിറ്റ് കാർഡുകൾ, ഉപയോഗിക്കാനുള്ള ധൈര്യം അവർ കാണിക്കുന്നത്. 3 മുതൽ 6 വരെ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്ന സാഹസികരുടെ എണ്ണവും ഒട്ടും കുറവല്ല.

ശരാശരി 40 ശതമാനത്തിന് മുകളിൽ പലിശ ഈടാക്കുന്ന, ഒരു ബ്ലേഡ് പദ്ധതിയാണ് ലോകമെങ്ങുമുള്ള ക്രെഡിറ്റ് കാർഡുകൾ എന്ന വസ്തുതയാണ് നമ്മൾ മനസ്സിലാക്കേണ്ടത്. പലിശയുടെ പലിശയും കൂട്ടു പലിശയുമൊക്കെയായി നല്ലൊരു തുക നൽകാനുണ്ടെങ്കിലും, മിനിമം പേയ്മെൻറ് എന്ന നിലയിൽ നിസ്സാരമായ തുക മാത്രം വാങ്ങുന്ന ബാങ്കുകളും, മുതൽ വേണ്ടേ വേണ്ട, പക്ഷേ പലിശ മാത്രം കൃത്യമായി കിട്ടണം, എന്നു പറയുന്ന ബ്ലേഡുകാരനും തമ്മിൽ എന്തു വ്യത്യാസമാണുള്ളത്?
അവസാനം കടം തിരിച്ചടക്കാൻ നിവൃത്തിയില്ലാതാവുമ്പോൾ, മാന്യമായി വസ്ത്രം ധരിച്ച ബാങ്കിന്റെ ഗുണ്ടകൾ പണം പിരിക്കാനിറങ്ങുന്നത് നാട്ടിൽ പതിവ് കാഴ്ചയാണെങ്കിൽ, ഗൾഫിൽ ലോണെടുത്ത് ക്രെഡിറ്റ് കാർഡ് ക്ലോസ്സ് ചെയ്യുകയോ അല്ലെങ്കിൽ ജയിലാവുകയോ ചെയ്യുന്നു എന്നു മാത്രം.

പണം ഉപയോഗപ്പെടുത്തിയതിന് ശേഷം 40 – 50 ദിവസങ്ങൾ കഴിഞ്ഞ് പണം തിരിച്ചടച്ചാൽ മതിയാകും, എന്നുള്ള ആകർഷണത്തിലാണ് മിക്കവരും അബദ്ധത്തിൽ പെടുന്നത് എന്ന് കാണാം. പക്ഷേ സ്ഥിരമായി കാർഡ് ഉപയോഗിക്കുന്നവർക്കിടയിൽ ഇതൊരു മിഥ്യാ ധാരണ മാത്രമാണ്.ഉദാഹരണമായി, എല്ലാ മാസവും 5000 രൂപ ക്രെഡിറ്റ് കാർഡ് ഉപയോഗമുള്ളയാൾക്ക് എല്ലാ മാസവും 5000 രൂപ തിരിച്ചടവുമുണ്ട് എന്നതാണ് യാഥാർത്ഥ്യം, അതായത് 5 വർഷമായി ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചു കൊണ്ടിരിക്കുന്ന ഒരാൾക്ക് ആദ്യത്തെ മാസം മാത്രമേ ഈ പ്രയോജനം ലഭിച്ചിട്ടുള്ളു എന്നതാണ് വാസ്തവം.
എന്താണ് ക്രെഡിറ്റ് കാർഡ്.??

കുറച്ചു കാലം മുൻപ് നടന്ന ഒരു സംഭവം, അടിസ്ഥാന പരമായി ക്രെഡിറ്റ് കാർഡ് എന്താണ് എന്നൊരു ധാരണ നൽകാൻ സഹായിക്കും. പാലക്കാട് ജില്ലയിലെ വ്യവസായ മേഖലയിൽ, മികച്ച സ്ഥിരവരുമാനമുള്ളവർ താമസിക്കുന്ന സ്ഥലത്ത്, തമിഴ്നാട്ടിൽ നിന്നൊരു ബ്ലേഡുകാരൻ ബിസിനസ്സ് ചെയ്യാനെത്തിയിരുന്നു. അവിടെ താമസിക്കുന്ന, കൃത്യമായ വരുമാനമുള്ളവർക്കാർക്കും തന്നെ പ്രതിമാസം പത്ത് ശതമാനം എന്ന കൊള്ളപ്പലിശ നിരക്കിൽ( വാർഷിക പലിശ 120 %) പണം കടം വാങ്ങേണ്ട ഗതികേടുണ്ടായിരുന്നില്ല. എല്ലാ വീടുകളിലും, മാസങ്ങളോളം കയറിയിറങ്ങിയിട്ടും, ഒരാൾ പോലും അയാളുടെ വലയിൽ വീണില്ല.
അവസാനം, ബ്ലേഡുകാരൻ മറ്റൊരു കെണിയൊരുക്കി. അതിനകം പരിചയമായിക്കഴിഞ്ഞ ഒരു വീട്ടിൽ ചെന്ന്, തന്റെ കയ്യിലുള്ള പണം, തിരിച്ചു കൊണ്ടു പോകുന്നത് സുരക്ഷിതമല്ല, എന്ന കാരണം പറഞ്ഞ് അടുത്ത മാസം വരെ സൂക്ഷിക്കാനേൽപ്പിച്ചു.
ശുദ്ധഗതിക്കാരനായ വീട്ടുകാരൻ, പണം വീട്ടിൽ സൂക്ഷിച്ച് അടുത്ത മാസം തിരിച്ചു കൊടുത്തെങ്കിലും, ബ്ലേഡുകാരൻ, ഇപ്പോഴാവശ്യമില്ല എന്നു പറഞ്ഞ് അത് വാങ്ങിയില്ല. മാത്രമല്ല, പണത്തിന് ആവശ്യം വന്നാൽ ഉപയോഗിക്കാമെന്നും, ചിലവഴിച്ച പണം തിരിച്ചു തരാൻ പറ്റിയില്ലെങ്കിൽ മാത്രം പലിശ തന്നാൽ മതിയെന്നും അയാൾ പറഞ്ഞപ്പോൾ വീട്ടുകാരന് സന്തോഷമായി. എന്തെങ്കിലും അത്യാവശ്യം വന്നാൽ അലമാരയിൽ പണമുള്ളത് ഒരു ധൈര്യമാണല്ലോ.

ഇതേ തന്ത്രം ഉപയോഗിച്ച്, പല വീടുകളിലും ബ്ലേഡുകാരൻ പണം നൽകിയിരുന്നു. അതിൽ ചിലർ പണം നിർബന്ധിച്ച് തിരിച്ചേൽപ്പിക്കാൻ ശ്രമിച്ചപ്പോൾ, പണം സൂക്ഷിക്കുന്നതിന് പ്രത്യുപകാരമെന്ന നിലയിൽ കടല, കരിമ്പ്, പഴം തുടങ്ങിയവ വീട്ടുകാർക്ക് സമ്മാനമായി കൊടുക്കാനും തുടങ്ങി.

പലിശയില്ലാതെ പണം ഉപയോഗിക്കാൻ കൊടുത്തതിന് പുറമെ, സൗജന്യങ്ങൾ കൂടെ കിട്ടാൻ തുടങ്ങിയപ്പോൾ പലരും ബ്ലേഡ്കാരൻ ഒരു മണ്ടനാണ് എന്ന് ചിന്തിച്ചു തുടങ്ങി. അലമാരയിൽ പണം ഉള്ളത് കൊണ്ടും, ചിലവഴിച്ചാൽ അടുത്ത മാസം ശമ്പളം കിട്ടുമ്പോൾ കൊടുക്കാം എന്ന ഉറപ്പുള്ളത് കൊണ്ടും, പലരും പണം പല ആവശ്യങ്ങൾക്കും കുറേശ്ശെയായി ഉപയോഗിച്ചു തീർത്തു.
എന്നിരുന്നാലും, എല്ലാവരും ശമ്പളം കിട്ടുമ്പോൾ ബ്ലേഡ്കാരന്റെ പണം കൃത്യമായി തിരിച്ചു കൊടുക്കും. അയാൾ എണ്ണി നോക്കി തന്റെ ബുക്കിൽ എഴുതി വച്ച് അപ്പോൾ തന്നെ തിരിച്ചു കൊടുക്കുകയും ചെയ്യും. ചുരുക്കത്തിൽ, പലിശ കൊടുക്കാതെ, ബ്ലേഡ്കാരന്റെ പണം ബുദ്ധിപൂർവ്വം ഉപയോഗിക്കുന്ന ബുദ്ധിമാൻമാരാണ് തങ്ങളെന്ന്, ഒരോരുത്തരും അഭിമാനത്തോടെ പറഞ്ഞു നടന്നു. പക്ഷേ ബ്ലേഡ്കാരൻ ഉള്ളു കൊണ്ട് ചിരിക്കുകയായിരുന്നു. കാരണം ഇത് വരെ സ്വന്തം പണത്തിൽ ജീവിതച്ചിലവ് നടത്തിയിരുന്ന ആളുകൾ, ഇപ്പോൾ തന്റെ പണത്തിലാണ് ജീവിക്കുന്നത്, അഥവാ പലിശ കിട്ടുന്നില്ലെങ്കിലും തന്നോട് കടക്കാരാണവർ.

ഇനി പെട്ടെന്നൊരു അധിക ചിലവ് അവർക്ക് വന്നാൽ, അടുത്ത മാസം പൈസ മുഴുവനായും തിരിച്ച് തരാൻ അവർക്ക് സാധിക്കില്ല എന്നയാൾക്കറിയാമായിരുന്നു. അതോടെ അവർ കടകെണിയിൽ പെടുമെന്നും അയാൾ കണക്കുകൂട്ടി. ഏതാനും മാസങ്ങൾക്കകം അതുപോലെ തന്നെ സംഭവിച്ചു. പലർക്കും മുഴുവൻ പൈസ തിരിച്ചു കൊടുക്കാൻ സാധിക്കാതെ, ചിലവായ പണത്തിന് പലിശ മാത്രം നൽകേണ്ടി വന്നു.. തുടർന്നുള്ള മാസങ്ങളിൽ വിവിധ വ്യക്തിഗത ചിലവുകൾക്കായി, ബ്ലേഡുകാരന് മാസാദ്യം തിരിച്ചു കൊടുക്കേണ്ടതായ പണം, അവർക്ക് ചിലവഴിക്കേണ്ടി വരികയും, പതിയെ പലിശ മാത്രം കൊടുക്കുന്ന അവസ്ഥയിൽ, അഥവാ കടക്കെണിയിൽ എത്തിപ്പെടുകയും ചെയ്തു.

ധാരാളിത്തത്തോടെ ചിലവഴിക്കാൻ, പണം നൽകി കടക്കെണിയിൽ വീഴ്ത്തുക എന്ന തന്ത്രമാണയാൾ പ്രയോഗിച്ചത്. അടിസ്ഥാനപരമായി ക്രെഡിറ്റ് കാർഡ് ചെയ്യുന്നതും മറ്റൊന്നല്ല.ബ്ലേഡ്കാരൻ കടലയും കരിമ്പും പഴവും നൽകിയത് പോലെ, സിനിമാ ടിക്കറ്റ് മുതൽ ക്യാഷ് ബാക്ക് വരെ നൽകി ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാൻ നമ്മെ പ്രലോഭിപ്പിക്കുന്ന ബാങ്കുകളുമുണ്ട്. പലരും കരുതുന്നത് പോലെ, അത് നമ്മളോടുള്ള സ്നേഹമോ ബഹുമാനമോ കൊണ്ടല്ല, മറിച്ച് ചൂണ്ടയിൽ കൊളുത്തിയ ഇരയാണ് എന്ന് മനസ്സിലാകാത്തവർ ഒരു പാട് പേരുണ്ട്.

അത്യാവശ്യ ആവശ്യങ്ങൾക്ക് ഒരു ക്രെഡിറ്റ് ഉണ്ടാവുന്നത് നല്ലതല്ലേ എന്ന് ചോദിച്ചാൽ അല്ല എന്നു തന്നെയാണുത്തരം. കാരണം, അത്യാവശ്യ ഘട്ടത്തിൽ ഉപയോഗിക്കാൻ ഒന്നോ രണ്ടോ മാസത്തെ വരുമാനം മാറ്റിവയ്ക്കാനാവാത്തവർ, ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നത് തീർച്ചയായും അപകടകരമാണ്.ക്രെഡിറ്റ് കാർഡ് വേണ്ടാത്ത രണ്ടു തരം ആളുകളുണ്ട്.

  1. നിങ്ങൾക്ക് ചിലവഴിക്കാൻ ധാരാളം പണമുണ്ടെങ്കിൽ, ക്രെഡിറ്റ് കാർഡ് എടുത്തു കൊണ്ട്, ബാങ്കിന്റെ കടക്കാരനാവേണ്ട ഗതികേട് നിങ്ങൾക്കില്ല. അതു കൊണ്ട് നിങ്ങൾക്ക് കാർഡ് ആവശ്യമില്ല.
  2. നിങ്ങൾക്ക് ധാരാളിത്തത്തോടെ ചിലവഴിക്കാൻ പണമില്ലെങ്കിൽ, കടം വാങ്ങി ധൂർത്തടിച്ച് കടക്കെണിയിൽ ചെന്നു ചാടേണ്ടതില്ല എന്നും, നിങ്ങൾ കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന പണം ബാങ്കിന് പലിശ കൊടുക്കാനുള്ളതല്ല, എന്നും കരുതുന്നുവെങ്കിൽ നിങ്ങൾക്കും കാർഡ് ആവശ്യമില്ല.
    ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവരിൽ 10 – 20 ശതമാനം വലിയ പരിക്കില്ലാതെ രക്ഷപ്പെടുന്നതായി കണ്ടിട്ടുണ്ട്. കാരണം മറ്റൊന്നുമല്ല, ഭാഗ്യം ഒന്നു മാത്രം. അപകടമോ, ചികിത്സയോ, വിവാഹമോ, വിദ്യാഭ്യാസമോ പോലുള്ള അധിക ചിലവുകൾ വരാത്തത് കൊണ്ടാവാം ഇത്തരക്കാർ രക്ഷപ്പെട്ട് പോവുന്നത്. എങ്കിലും പുലിയുടെ പുറത്ത് യാത്ര ചെയ്യുന്നതിന് സമാനമാണ് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നത്, എന്ന് സാമാന്യമായി പറയാം.
    അതുപോലെ, ക്രെഡിറ്റ് കാർഡിനോട് അഡിക്ഷൻ ഉള്ളവരും ധാരാളമുണ്ട്. കെഡിറ്റ് കാർഡുകൾ കയ്യിലില്ലെങ്കിൽ അസ്വസ്ഥരാവുന്നവരുമുണ്ട്.
    യുക്തി പുർവ്വം ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാൻ ശ്രമിക്കുന്നതാണോ, അതോ ഉപയോഗിക്കാതിരിക്കുന്നതാണോ ബുദ്ധി എന്ന് ചിന്തിക്കുക. തീരുമാനിക്കുക.
    തീരുമാനം നിങ്ങളുടേതാണ്.