എങ്ങനെയാണ് ഓമനക്കുട്ടൻ കൊള്ളക്കാരൻ ആയത്, മാദ്ധ്യമങ്ങൾ വെറും നികൃഷ്ടജീവികളുടേതായി

274
Siva Sada എഴുതുന്നു 

ഇന്നലെ വരെ
സഖാവ്ഓമനക്കുട്ടൻ
നാട്ടിൻ പുറത്തെഒരു സാധാരണ പൊതുപ്രവർത്തകൻ മാത്രം!

ഒരൊറ്റ നാൾ കൊണ്ട്
കൊടിയ അഴിമതിക്കാരനും
നിന്ദ്യനുമായി
മാദ്ധ്യമങ്ങളുടെ പുത്തൻ ഇര!

എഴുപത് രൂപ ദുരിതാശ്വാസ ക്യാമ്പിൽ നിന്നും പിരിച്ച്
കുപ്രസിദ്ധൻ!

ഇടതുപക്ഷ പ്രവർത്തകനായ
ചേർത്തല തെക്ക് പഞ്ചായത്തിലെ കണ്ണികാട്ടുകാരൻ!

കൈയ്യോടെ പിടികൂടി
വീറോടെ സമൂഹമദ്ധ്യത്തിൽ തുറന്നു കാട്ടിയ പല മാദ്ധ്യമങ്ങളും
ക്ഷമാപണം ചെയ്തു തുടങ്ങി.

അവരുടെ തെറ്റ് തിരുത്തിത്തുടങ്ങി.

സഖാവ് ഓമനക്കുട്ടന്റെ പാർട്ടി
അദ്ദേഹത്തെ കൈയ്യോടെ സസ്പെൻറ് ചെയ്തു പാർട്ടിയുടെ മാനം കാത്തു !

ഒട്ടും മോശായില്ലഅവരും!

ഉത്തരവാദപ്പെട്ട റെവന്യു വകുപ്പും
തഹസിൽദാർതന്നെയും പോലീസിൽ പരാതിപ്പെട്ട് ജാമ്യമില്ലാ വകുപ്പിൽ കേസാക്കി അവരുടെ പങ്കും നിർവ്വഹിച്ചു.

വഞ്ചനാക്കുറ്റം!
കുറച്ചില്ല ഗൗരവം തെല്ലും !

ഒത്തിരി സാമൂഹിക ഘടകങ്ങൾ ഈ ഒരൊറ്റ സംഭവത്തിൽ അടങ്ങിയിട്ടുണ്ട്. !

അതൊന്നും ഇപ്പോൾ പറയുന്നില്ല
ഇപ്പോഴത്തെ പ്രശ്നത്തിലേക്ക് തന്നെ വരാം.

ചേർത്തല തെക്ക് ദുരിതാശ്വാസ ക്യാമ്പിലെ പിരിവി്നെപ്പറ്റി
എന്റെ സുഹൃത്തുക്കളായ പലരും ഇട്ട പോസ്റ്റുകളും പ്രതികരണങ്ങളും
ചിലരുടെ അന്വേഷണങ്ങളും കൊണ്ടാണ് ഈ പോസ്റ്റ് എഴുതുന്നത്!

ഒരു വിശദീകരണം സഹിതം!

ചേർത്തല താലൂക്ക്
കരപ്പുറം ദേശം ആണ് !

അറബിക്കടലിനും വേമ്പനാട്ടു കായലിനും ഇടയ്ക്കുള്ള തീരദേശം!

ആലപ്പുഴ ജില്ലയിൽ വനം ഇല്ല !
നദികളും!
പമ്പയുടെ നിപാത സ്ഥലം ആണ് വേമ്പനാട് എന്നു മാത്രം!

കുന്നോ മലയോ ഇല്ല.
കടൽ വച്ച ഒന്നാം തരം സമതലം!

ഇവിടുത്തെ പ്രളയവും വെള്ളപ്പൊക്കവും മറ്റിടങ്ങളിലേത് പോലെയല്ല!

പാടവും തോടും കുളവും നിറഞ്ഞ് കവിഞ്ഞ്മുറ്റത്തും പറമ്പിലും വെള്ളം കയറി വീട് വാസയോഗ്യമല്ലാതാവുന്നതാണു് പ്രധാന ദുരിതം!

തീരദേശത്ത് കടൽക്ഷോഭം വരുമ്പോഴും ഇങ്ങനെ അഭയ കേന്ദ്രങ്ങളെ ആളുകൾ ആശ്രയിക്കും!

അപ്പോൾ തൊട്ടടുത്തുള്ള
സ്കൂൾ, പഞ്ചായത്ത് ഹാൾ തുടങ്ങിയ ഇടങ്ങളിൽ ആളുകൾ സുരക്ഷിതമായിരിക്കാൻ അഭയം തേടും.

മറ്റിടങ്ങളിലെപ്പോലെ
മണ്ണിടിച്ചിലും ഉരുൾപൊട്ടലും
നദി കരകവിയലും തുടങ്ങിയ അപകടങ്ങൾ ഒട്ടും ഇല്ല!

മഴക്കെടുതിയിൽ
പണിയോ കൂലിയോ ഇല്ലാതെ ദുരിതത്തിലാവുന്നവരാണ്
വെള്ളക്കെട്ടാൽ വീട് വാസയോഗ്യമല്ലാതാവുമ്പോൾ ഇങ്ങനെ ദുരിതാശ്വാസ കേന്ദ്രങ്ങളിൽ എത്തുന്നത്!

ഇവർക്ക്
ആഹാരവും കിടക്കാനും പ്രാഥമിക ആവശ്യ ങ്ങൾക്കുള്ള സൗകര്യവുംആണ്
പ്രധാന ആവശ്യം !

ചേർത്തല താലൂക്കിൽ
ഇത്തരം അഭയകേന്ദ്രങ്ങൾ
നിരവധിയുണ്ട് അനേക വർഷങ്ങളായി.

ഇവിടെ ക്യാമ്പ് ആരംഭിക്കുക
ദുരിതമനുഭവിക്കുന്നവരും അവരുടെ അഭ്യുദയകാംക്ഷികളുമൊക്കെയായിട്ടാവും!

റെവന്യു പഞ്ചായത്ത് അധികാരികളൊക്കെ വിവരം അറിഞ്ഞ് വന്ന് വേണ്ട സഹായങ്ങൾ ചെയ്യാറാണ് പതിവ്.

രാഷ്ട്രീയ പാർട്ടി പ്രവർത്തകരും
പൊതു പ്രവർത്തകരും
ക്യാമ്പ് അന്തേവാസികളും ഒക്കെ ചേർന്നാണ് എല്ലാം ചെയ്യുക!

ചേർത്തല തെക്കിലെ കുറുപ്പൻകുളങ്ങരയിലെ ദുരിതാശ്വാസ കേന്ദ്രവും
ഇങ്ങനെ തന്നെയാണ് ഇക്കുറിയും ആരംഭിച്ചത്!

കേരളത്തിലെ മറ്റു ദേശങ്ങളിലെ പ്രളയ ദുരിത ക്യാമ്പുകളേപ്പോലെ ചേർത്തല താലൂക്കിലെ ആശ്വാസ കേന്ദ്രങ്ങളെ കാണരുത്.

വർഷങ്ങളായി
ഇത്തരം ക്യാമ്പ് നടത്തിപ്പുകൾ നേരിട്ടറിയാവുന്ന ആൾ എന്ന നിലയിലാണ് ഇത് പറയുന്നത് !

ഒരു ക്യാമ്പിലേക്ക്
ആവശ്യമായ പാചകപ്പുര പാത്രങ്ങൾ, ഇന്ധനം, ഷെഡ്
കറൻറ് ,ശുദ്ധജലം
പലവ്യഞ്ജനങ്ങൾ ഒക്കെ
യുദ്ധകാലാടിസ്ഥാനത്തിൽ അവിടത്തെ സാദ്ധ്യതയ്ക്കനുസരിച്ചാണ് സംഘടിപ്പിക്കുക.

പിരിവിട്ടും സംഭാവനയായി സ്വീകരിച്ചും ഒക്കെ ഇത് ചെയ്യും

മിക്കവാറും അതാതിടത്തെ രാഷ്ട്രീയ പ്രവർത്തകരാവും
അത് ചെയ്യുക!

ഓമനക്കുട്ടനും അതേ ചെയ്തുള്ളു.
അദ്ദേഹമാകട്ടെ ആ ക്യാമ്പിൽ അന്തേവാസിയും ആണ്.

ഇത്രയും എഴുതിയത്
മലബാറിലെയടക്കം ചങ്ങാതിമാർ
ചോദിച്ച സംശയങ്ങൾ മാറ്റാനാണ്.

ചേർത്തല പോലൊരിടത്തെ രാഷ്ടീയ പ്രബുദ്ധമായ മണ്ണിൽ
ദുരിതാശ്വാസ ക്യാമ്പിൽ
പിരിവും അഴിമതിയുമോ?
എന്ന മൗലീക ചോദ്യത്തിനുള്ള വിശദീകരണം!

ഇത്തവണയും നിരവധി ക്യാമ്പുകൾ ചേർത്തലയിൽ ഉണ്ടായി.

കാര്യ വിവരമോ സാമൂഹ്യബോധമോ ഇല്ലാത്ത
രാഷ്ട്രീയ മാനം നോക്കികളായ ചിലരുടെ അമിതാവേശമോ കുബുദ്ധിയോ ഏറ്റെടുത്ത
പ്രമുഖ മാദ്ധ്യമങ്ങൾ
എത്രമേൽ അഴുകി ദുർഗന്ധം പരത്തി ഈ വിഷയത്തെ ഊതിപ്പെരുക്കി!?

മാദ്ധ്യമങ്ങൾ
വെറും നികൃഷ്ടജീവികളുടേതായി വീണ്ടും!

ഉത്തരവാദപ്പെട്ട
തഹസിൽദാർ
ഓമനക്കുട്ടനെതിരെ പോലീസിൽ വഞ്ചനാക്കുറ്റത്തിന് പരാതി കൊടുത്തു.

വഞ്ചനയും ജന വിരുദ്ധതയും
റെവന്യു വകുപ്പല്ലേ കാട്ടിയത്!?

പഞ്ചായത്തിനും ഉത്തരവാദിത്തക്കുറവ് ഉണ്ടായി.

ജനപ്രതിനിധികളും ഇക്കൂട്ടത്തിലുണ്ടല്ലോ?

മന്ത്രി പി.തിലോത്തമന്റെ
മണ്ഡലം എന്നതേക്കാൾ അദ്ദേഹത്തിൻറെ സ്വന്തം ഗ്രാമ പഞ്ചായത്ത് എന്നതും പറയേണ്ടതുണ്ട്.

ഇതിനും പുറമേയാണ്
ഓമനക്കുട്ടനെ പാർട്ടിയിൽ നിന്നും സസ്പെൻറ് ചെയ്ത അദ്ദേഹത്തിന്റെ പാർട്ടി നേതൃത്വത്തിന്റെ വെളിവില്ലായ്മ !

കാര്യങ്ങൾ പ്രസക്തമായി മനസ്സിലാക്കാതെ
കള്ള മാദ്ധ്യമ വാർത്തകളെ ഏറ്റുപിടിച്ചോ പാർട്ടിയും?!

എന്തൊരു ദുർവ്വിധിയായിപ്പോയി
ഝടുതിയിൽ ഓമനക്കുട്ടനെതിരെ!

കാര്യങ്ങൾ മൊത്തത്തിൽ തിരിഞ്ഞു വരികയാണ്.
മാറിക്കഴിഞ്ഞു നിലപാടുകൾ!

പ്രളയകാല ആശ്വാസപ്രവർത്തനങ്ങളെ ഏറ്റെടുത്ത എന്റെ ധാരാളം സുഹൃത്തുക്കൾ
പിരിവ് വാർത്തയിൽ ക്ഷോഭിച്ചു പ്രതികരിച്ചു കണ്ടു.

അവരൊക്കെ കാര്യങ്ങൾ മനസിലാക്കിയിട്ടുണ്ടാവും ഇതിനകം എന്ന് പ്രത്യാശിക്കുന്നു.

വാർത്തകൾക്ക്
ഇരകളും
പ്രസ്ഥാനങ്ങൾക്ക് ബലിയാടുകളും മതി.

വാർത്തയിൽ നിറഞ്ഞ
ചേർത്തല തെക്ക് ദുരിതാശ്വാസ ക്യാമ്പ് അന്തേവാസികളിലേറെയും
പട്ടികജാതിക്കാരായ സാധാരണക്കാരായ കൂലിപ്പണിക്കാരാണ്.

സഖാവ് ഓമനക്കുട്ടൻ
അവരിൽ ഒരാൾ!

ദുരിതാശ്വാസ ക്യാമ്പും നാടും
നാട്ടാരും വകതിരിവുള്ളവരും

ശുദ്ധാത്മാവായ
ഓമനക്കുട്ടൻ എന്ന
മനുഷ്യനൊപ്പം!

മറ്റൊന്നും പറയാനില്ല ഇപ്പോൾ!
പറയാനുള്ളതെല്ലാം
കഠിനമായവ തന്നെ!

നമ്മൾ എന്നും മനുഷ്യ പക്ഷത്ത്!

ആയതിനാൽ
സ: ഓമനക്കുട്ടനൊപ്പം!

ആരൊക്കെ എതിരായാലും!

ശുഭരാത്രി
പ്രിയ സഹോദരാ!
ഹൃദയാഭിവാദനങ്ങൾ!

ഒരുകക്ഷിരാഷ്ട്രീയ വിധേയത്തവും ഇല്ലാത്ത
നിങ്ങളെ നേരിൽ അറിയാത്ത
ഒരു സാധാരണക്കാരൻ!