ലൂസി കളപ്പുര വിജയിക്കുയോ തോല്ക്കുകയോ എന്തുമാകട്ടെ, ഇതൊരു സമരമാണ്

321

Siva Sada എഴുതുന്നു 

പി.അയ്യനേത്തിന്റെ പ്രശസ്തമായ ഒരു നോവൽ ഉണ്ട്, “തിരുശേഷിപ്പ് “!

കത്തോലിക്കാ കന്യാസ്ത്രീമഠങ്ങളും വൈദീക സെമിനാരികളും അരമനകളും പൊതുസമൂഹത്തിൽ നിന്നും അകന്നു നിന്ന പതിറ്റാണ്ടു മുന്നേയുള്ള കാലത്തെ ഒരു സാഹിത്യ കൃതി. അനുസരണത്തിന്റേയും
ബ്രഹ്മചര്യത്തിന്റേയും കടുത്ത ശിക്ഷാനടപടികളുടേയും കടുത്ത ഇരുമ്പു മറകൾ നിലനിന്ന മിണ്ടാമഠങ്ങളിൽ  ഒരു കന്യാസ്ത്രി നേരിടുന്ന സഭാ ക്രൗര്യങ്ങളാണ് തിരുശേഷിപ്പിന്റെ അന്ത:സത്ത!

Siva Sada
Siva Sada

എന്നാൽ സഭകളുടെ ഇരട്ടത്താപ്പും ദുർന്നടപ്പും നോവൽ വെളിവാക്കുന്നു.വളരെ മുമ്പ് വായിച്ച കൃതിയാണ്! ഏതാണ്ട് 35-40 വർഷം മുമ്പ്! . അതിലെ ഒരു ശിക്ഷാ നടപടി ഇപ്പോഴും ഓർമ്മയുണ്ട്. കുറ്റാരോപിതയായ സിസ്റ്റർ മദറിന്റെ ശിക്ഷ ഏറ്റു വാങ്ങുന്ന രംഗം! അറുപതോളം കന്യാസ്ത്രിമാർ ഒന്നിച്ചു അത്താഴം കഴിക്കാൻ ഇരിക്കേ, ശിക്ഷിക്കപ്പെട്ട കന്യാസ്ത്രി അവരുടെ മുന്നിൽ എത്തുന്നു. സൂപ്പും റൊട്ടിയുമാണ് അത്താഴത്തിലെ ആദ്യ വിഭവങ്ങൾ! സൂപ്പ് കോരിക്കഴിക്കുന്നസ്പൂണിൽ ഓരോ സിസ്റ്റർമാരും കുടിച്ചതിന്റെ ബാക്കി അല്പം എച്ചിലായിക്കരുതി ശിക്ഷിക്കപ്പെട്ട സിസ്റ്ററിന്റെ പാത്രത്തിലേക്ക് ഒഴിക്കുന്നു. സിസ്റ്റർമാർകടിച്ച ഓരോ അപ്പക്കഷ്ണത്തിന്റെയുംമിച്ചമായ ചെറു കഷ്ണവും മറ്റൊരു പാത്രത്തിൽ സിസ്റ്റർ ഏറ്റുവാങ്ങുന്നു.

അങ്ങനെ മുഴുവൻ പേരുടേയും കുടിച്ച ബാക്കിയും കടിച്ച ബാക്കിയും എല്ലാവർക്കും മുന്നിൽമുട്ടുകുത്തി നിന്ന് പാനം ചെയ്യുന്നു ഭക്ഷിക്കുന്നു. നോവലിലെ നായികയായ കന്യാസ്ത്രീ നിശ്ശബ്ദം എല്ലാം സഹിച്ച്
മുഴുവൻ എച്ചിലായ സൂപ്പും റൊട്ടിയും കഴിക്കുന്ന രംഗം അത്ഭുതത്തോടും അമർഷത്തോടെയുമാണ് വായിച്ചത്. കത്തോലിക്കാപൗരോഹിത്യത്തിന്റെ ജീർണ്ണതകൾ പല രീതിയിൽ അവതരിപ്പിച്ച സാഹിത്യ കൃതികൾ പിന്നീട് പലതും വായിച്ചു. ഏഥൽ ലിലിയൻ വോയ്നിച്ചിന്റെ “കാട്ടുകടന്നൽ ” സിസ്റ്റർ ജെസ്മിയുടെ “ആമേൻ “,  സെബാസ്റ്റ്യൻ പള്ളിത്തോട് എഴുതിയ “ആഞ്ഞൂസ് ദേയി ” , കെ.പി.ഷിബുവിന്റെ ഒരു വൈദീകറെ തുറന്ന് പറച്ചിലുകൾ…അങ്ങനെ പലതും.

സഭകളെ നിശ്ശബ്ദമായും സഹിച്ചും തുറന്നെതിർത്തും കലഹിച്ചും പലതുണ്ട് സമീപകാലത്ത്.സിസ്റ്റർ ലൂസി കളപ്പുര എന്ന പുതിയ പ്രതിഷേധം ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി സഭയിൽ ,കോൻഗ്രിഷേനിൽ
തുടർന്നു കൊണ്ടു തന്നെ തന്റെ വിയോജിപ്പുകളെ ഉയർത്തി ഇതുവരെയില്ലാത്ത സമരമുഖമാണ് അവർ തുറക്കുന്നത്. എന്റെ പല സുഹൃത്തുക്കളും ലൂസികളപ്പുരയെ എതിർത്തും അനുകൂലിച്ചും എഴുതിക്കണ്ടു.
വൃത വസ്ത്രം ഊരിസഭ വിടാനും ഉപദേശിച്ചു കണ്ടു. ചാനലുകളിലെ അവരുടെ നിലപാടുകളിൽ പലരും വിമ്മിഷ്ടപ്പെട്ടു കണ്ടു.

ഇഷ്ടമില്ലെങ്കിൽ പ്രതിഷേധമെങ്കിൽ സഭയോകോൺഗ്രിഗേഷനോ വിട്ടു വരുന്നതാണ് പതിവ്. സൗകര്യവും സുഖവും അതാണ് ! സിസ്റ്റർ ജെസ്മി ആ പാതയാണ് സ്വീകരിച്ചത്! പക്ഷേ ലൂസി കളപ്പുര അവിടെ നിന്നു കൊണ്ടു തന്നെ ലഭ്യമായ നിയമ- നീതി പരിരക്ഷകൾ ഉപയോഗിച്ചു സാമൂഹിക നീതിയും വ്യക്തിസ്വാതന്ത്ര്യവും ദൈവീക വിളിയിലെ പാരമ്പര്യവും ഒക്കെ പൊതു സമൂഹത്തിനു മുമ്പിൽ ചർച്ചാ വിഷയമാക്കുന്നു.

ഇതിലെ തെറ്റും ശരിയും ന്യായാന്യായങ്ങളും എന്തുമാകട്ടെ !  ലൂസി കളപ്പുര വിജയിക്കയോ തോല്ക്കുകയോ എന്തുമാകട്ടെ ! ഇതൊരു സമരമാണു്. 7034 പേരുള്ള സന്യസ്ത സഭയിൽ
ഒരൊറ്റയാൾ പോരാളി ! പോരാട്ടങ്ങൾ എല്ലാം വിജയിക്കുകയില്ല! ചരിത്രമതാണ്. എന്നാൽ പരാജയപ്പെടുന്ന
സമരങ്ങളും സമൂഹത്തിൽ പ്രത്യക്ഷവും പരോക്ഷവുമായ ചില വെളിപാടുകളും വെളിപ്പെടുത്തലുകളും
നല്കുന്നുണ്ട്. സിസ്റ്റർ ലൂസി കളപ്പുര ഒരു നിയോഗ വഴിയിലാവും വ്രത ജീവിതം ഭംഗിയും പാരമ്പര്യവും നിലനിർത്തട്ടെ !

പക്ഷേ മനുഷ്യ പക്ഷത്ത് അതിനെ നോക്കിക്കാണുന്ന മറു ഭാഗവും ഉണ്ട് എന്ന് മറക്കരുത്! കത്തോലിക്കാ സഭകളുടെ ചരിത്രം അതിന്റെ മികവുറ്റ തെളിവുകളും! അവയൊന്നും പരാമർശിക്കാതെ തന്നെ കാലത്തിന്റെ സാമൂഹിക വിളി കേൾക്കുന്നവർ അവിടെ മറ്റെവിടെയുമെന്ന പോലെ ഉയർന്നു വരുന്നുണ്ട്. രണ്ടായിരമാണ്ട് മുമ്പ് ഒരാൾ ഒരു മനുഷ്യൻ  അവയ്ക്കെല്ലാം തുടക്കവും കുറിച്ചിട്ടുണ്ട്! അവനോ തിരുശേഷിപ്പും!

സമരങ്ങൾ എല്ലാം ജയിക്കാൻ ഉള്ളതു മാത്രമല്ല!എന്നാൽ പോരാട്ടങ്ങൾ എല്ലാം മാറ്റങ്ങൾക്കുള്ള ദിശാഗതികളാണ്. അപ്രകാരം സിസ്റ്റർ ലൂസി കളപ്പുരയും അവരുടെ സൗമ്യവും ദൃഢവുമായ
നിലപാടുകളും!