ഒന്നും മിണ്ടാതെ എല്ലാം അനുസരിച്ചും സഹിച്ചും ജീവിക്കുന്നവളാണോ നിങ്ങളുടെ ഭാര്യ

648

ഒന്നും മിണ്ടാതെ അനുസരിച്ചും സഹിച്ചും ജീവിക്കുന്നവൾ ആണ് നിങ്ങളുടെ ഭാര്യ എന്ന് നിങ്ങൾ കരുതുന്നുണ്ടെങ്കിൽ ഒന്ന് മനസിലാക്കിക്കോ…അവരുടെ മനസ്സിൽ ഒരു തെരു നായുടെ സ്ഥാനം പോലും നിങ്ങൾക്ക് കാണില്ല.നിവൃത്തികേട് കൊണ്ട്, ഇറങ്ങി പോകാൻ സ്ഥലം ഇല്ലാത്തത് കൊണ്ട്, സമൂഹത്തിനെ ഭയന്നിട് യാതൊരു പ്രതീക്ഷകളും ഇല്ലാതെ ജീവിതത്തെ തള്ളി നീക്കുക ആണ് അവർ (Bindu Sarojini)

Siyar Manuraj എഴുതുന്നത് വായിക്കാം 

വിവാഹിതരാകാൻ പോകുന്നവർക്കും ,വിവാഹം കഴിച്ച് മനംമടുത്ത് കാശിക്ക് പോകാൻ തീരുമാനിച്ചിട്ടുള്ളവർക്കും .

ഡീ ചായ ,അല്ലെങ്കിൽ എന്റെ പാന്റ് എന്ന് പറയുമ്പോഴേക്കും ഈസോപ്പ് കഥയിലെ ഭൂതത്തേക്കാൾ വേഗത്തിൽ അതൊക്കെ മുന്നിൽ എത്തിക്കുന്ന ഭാര്യ ,ഭർത്താവ് എന്ത് പറഞ്ഞാലും ചേട്ടൻ പറഞ്ഞതല്ലേ എന്ന മട്ടിൽ അക്ഷരം പ്രതി അനുസരിക്കുന്ന ഭാര്യ ,ഇടയ്ക്കൊക്കെ പുളിച്ച തെറി പറഞ്ഞാലും നല്ല തല്ല് വെച്ച് തന്നാലും ചേട്ടൻ സ്നേഹമുള്ളൊനാ എന്ന് പറയുന്ന ഭാര്യ ,ഭാര്യയുടെ ചത്തുപോയ തന്തയേയും അവളുടെ
വീട്ടുകാരേയും ദിവസം നാലുവട്ടമെങ്കിലും തെറിപറഞ്ഞാലും ,സ്വന്തം
മോൻ ഒരൽപം പിഴച്ചു പോയതുപോലും ചത്തുപോയ നിന്റെ തന്തയുടെ കുഴപ്പമാണെന്ന് പറഞ്ഞാലും അതൊക്കെയും ക്ഷമിച്ച് ചേട്ടന്റെ ചായയ്ക്ക് ഇത്തിരികൂടി മധുരം ഇടട്ടെ ചേട്ടാ എന്ന് ചോദിക്കുന്ന ഭാര്യ ,കഷ്ടപ്പെട്ട് ഭാര്യ ഉണ്ടാക്കിയ ചോറും കറിയും വർഷങ്ങളായി തിന്നാണ് കഴിയുന്നതെങ്കിലും വായിൽ വെക്കാൻ പറ്റുന്ന വല്ലതും തിന്നണമെങ്കിൽ വല്ല ഹോട്ടലിലും പോകണമെന്ന് ഇടയ്ക്കിടെപറയുന്ന ഭർത്താവിനെ പ്രണയപൂർവ്വം കടാക്ഷിക്കുന്ന ഭാര്യ മിക്ക പുരുഷന്മാരുടേയും സ്വപ്നമാണ് .താനെന്ത് പറഞ്ഞാലും അതൊക്കെ അനുസരിക്കുന്ന, മറുത്തൊരക്ഷരം പോലും പറയാത്ത ഒരു ഭാര്യ മിക്ക പുരുഷന്മാരുടെ മോഹമാണ് .

ഇങ്ങനെ കരുതുന്ന ആരെങ്കിലും ഉണ്ടെങ്കിൽ ഞാനവരോട് ഉറപ്പിച്ചു പറയുന്നു ‘ഒന്നും മിണ്ടാതെ എല്ലാം അനുസരിച്ചും സഹിച്ചും ‘നിങ്ങളുടെ ഭാര്യ നിങ്ങൾക്കൊപ്പം ജീവിക്കുന്നുണ്ടാകും ,എന്നാൽ അവർ നിങ്ങളെ സ്നേഹിക്കുന്നുണ്ടോ എന്ന കാര്യത്തിന്റെ അടയാളമായി ആ അനുസരണയെ നിങ്ങൾ കാണുന്നുവെങ്കിൽ മിക്കവാറും നിങ്ങളുടെ തോന്നൽ ഒരു വെറും തോന്നൽ മാത്രമായിരിക്കും. നൂറ്റാണ്ടുകളോളം അടിമകളെ കൊണ്ടാണ് ലോകത്തെല്ലായിടത്തും ജന്മിത്വം തഴച്ചു വളർന്നത്.തമ്പ്രാനെ ഓർത്ത് കരയുന്ന അടിമ ,തമ്പ്രാന്റെ തല്ലാണ് തല്ലെന്ന് പറയുന്ന അടിമ കഥകളിലും ജന്മിയുടെ ആത്മകഥയിലും മാത്രമേ കാണൂ .എല്ലാ ദിവസവും തല്ലുന്ന ഭർത്താവിനേയും ദൈവത്തെ പോലെ കരുതി പൂജിക്കുന്ന ഭാര്യമാർ ഉണ്ടെങ്കിൽ അവർക്കിരിക്കട്ടെ ജീവിതത്തിലെ ഓസ്കാർ .പോകാൻ മറ്റൊരിടവും ഇല്ലാത്തതിനാൽ മാത്രമാണവർ നിങ്ങൾക്കൊപ്പം നിൽക്കുന്നതെന്ന സത്യം അവരൊരിക്കലും തുറന്നുപറയാൻ പോകുന്നില്ല എന്നാലത് സ്വയം മനസിലാക്കാൻ കഴിയാത്ത വിഡ്ഢികളായി പുരുഷന്മാർ ജീവിതം തുലയ്ക്കരുത് .തെരുവിലെ കുത്തൻ പട്ടിയുടെ സ്ഥാനം പോലും അവരുടെ മനസ്സിൽ നിങ്ങൾക്ക് ഉണ്ടായിരിക്കില്ല എന്ന് മറക്കരുത് .