ബ്രാഹ്മണ്യത്തിന്റെ മുഷിഞ്ഞുനാറിയ പൂണൂൽ കൊണ്ട് തളച്ചിടാൻ മാത്രം മെരുക്കമുള്ള ഇണക്കമുള്ള ഗോമാതാവല്ല ഇന്ത്യ

183

Siyar Manuraj

“ബ്രാഹ്മണ്യത്തിന്റെ മുഷിഞ്ഞുനാറിയ പൂണൂൽ കൊണ്ട് തളച്ചിടാൻ മാത്രം മെരുക്കമുള്ള ഇണക്കമുള്ള ഗോമാതാവല്ല ഇന്ത്യയെന്ന് സവർണ്ണ സംഘി സാംസ്‌കാരിക ഭാരതവാദികളെ പഠിപ്പിക്കാനുള്ള അവസരമാണ് പൗരത്വ ഭേദഗതി ബിൽ പ്രക്ഷോഭങ്ങൾ .ഇന്ത്യ എരുമകളുടേയും പോത്തുകളുടേയും കൂടിയാണ് എന്നവർ തിരിച്ചറിയുക തന്നെ വേണം .

പൗരത്വ(ഭേദഗതി)ബില്ലിനെതിരായി ”ഹർത്താൽ ” അല്ല നടത്തേണ്ടത് മറിച്ച് കേരളത്തിന്റെ മുക്കിലും മൂലയിലും ഉള്ള മുഴുവൻ ആളുകളോടും എന്താണ് ഈ ബില്ലിലൂടെ സംഘപരിവാർ ശക്തികൾ ലക്ഷ്യമിടുന്നതെന്ന് ഉറക്കെ പറയുന്ന ആയിരകണക്കിന് ചെറുതും വലുതുമായ രാഷ്ട്രീയ സംവാദങ്ങളാണ് വേണ്ടത് .ഇന്ത്യയെന്നാൽ മുഷുഞ്ഞുനാറിയ പൂണൂൽ കൊണ്ട് കെട്ടിയിടാൻ മാത്രം വലുപ്പവും വൈവിധ്യവുമുള്ള ഒരു ആർഷഭാരതസംഘിദേശം മാത്രമാണെന്ന സവർണ്ണ സംഘി ബോധത്തെ ചോദ്യം ചെയ്യാനുള്ള ഉപാധിയായി ഈ സംവാദം മാറും .അല്ലാത്ത പക്ഷം ചിലപ്പോൾ സംഘിയും ജനാധിപത്യവാദിയും ലിബറൽ കമ്യൂണിസ്റ്റുകളും ഒന്നിച്ചിരുന്നു വെള്ളമടിച്ച് ബീഫും കഴിച്ച് ഹർത്താൽ ഒഴിവുദിവസത്തെ കളിയായി മാറ്റിക്കളയും .

ഇന്ത്യൻ ജനസംഖ്യയിലെ ഒരു ചെറു ന്യൂനപക്ഷം മാത്രമായ സവർണ്ണ സംഘികളുടെ ജാതി ബോധത്തിലുറച്ച ഭാവനയിൽ രൂപം കൊണ്ട രാഷ്ട്രീയ വൈകൃത സങ്കല്പങ്ങൾ മാത്രമാണ് ഗോമാതാവും ഭാരതമാതാവും പൂണൂൽ ഭാരതവുമൊക്കെ .യഥാർത്ഥ ഇന്ത്യ അതിന് വെളിയിലാണ്. ആയിരകണക്കിന് ദലിത് ആദിവാസി പിന്നോക്ക ഹിന്ദു ജാതികളിലായി കിടക്കുന്ന ഏതാണ്ട് എൺപത് ശതമാനം വരുന്ന ഹിന്ദു ജനതയുടെ ഒരു വലിയ ലോകം സവർണ്ണ സംഘികളുടെ പൂണൂൽ ഭാരതത്തിന്‌ വെളിയിൽ കിടക്കുന്നുണ്ട് .അവരുടെ ലോകം ഉള്ളിയും ബീഫും ഒക്കെ തിന്നുന്ന ഇടങ്ങളാണ് .അവരുടെ ലോകം അയിത്തവും അസ്‌പൃശ്യതയും സ്ഥാപനവൽക്കരിച്ച അധികാരങ്ങളുടേതല്ല .എന്നാൽ അയിത്തവും അസ്‌പൃശ്യതയും പരസ്പരം പാലിക്കലാണ് നിങ്ങളുടെ ഹിന്ദുത്വ സ്വത്വത്തിന്റെ അടിസ്ഥാനമെന്ന ബ്രഹ്മണ്യ പാഠത്തെ വിമർശനമില്ലാതെ അന്ധമായി സ്വീകരിക്കുന്നതിലൂടെ സാംസ്കാരികമായി സ്വജീവിതത്തിൽ പാലിക്കുന്നതിലൂടെ ബ്രാഹ്മണ്യത്തിന്റെ സാമൂഹ്യ വൈകൃതങ്ങളുടെ ഇരകളും പ്രചാരകരുമായി ഇവർ മാറുന്നു .ഒരേ സമയം ജാതിലോകത്തിൽ ഇരയും വേട്ടക്കാരനുമായി ജീവിക്കുന്നവരാണ് ആദിവാസി ദലിത് പിന്നോക്കജാതികൾ .ഇരയുടെ ദൈന്യതയെ വേട്ടക്കാരന്റെ ക്രൗര്യം കൊണ്ട് മറികടക്കാൻ കഴിയുന്ന ഇടമാണ് ജാതിയും ഉപജാതിയും പുലർത്തുന്ന അയിത്ത അസ്‌പൃശ്യ ലോകം .ബ്രാഹ്മണ്യത്തിന് ഇന്നും ഈ ഇടങ്ങളെ നിലനിർത്താൻ കഴിയുന്നു എന്നിടത്താണ് ജാതിയും അയിത്തവും അസ്‌പൃശ്യതയും ഹിന്ദുത്വത്തിന്റെ സുസ്ഥിര സാമൂഹ്യ വ്യവസ്ഥയായി (sustainable social system )നിലനിൽക്കുന്നത് .ഈ നാറിപ്പൂഴുത്ത സാമൂഹ്യ യാഥാർഥ്യത്തെ രാഷ്ട്രീയമായി ചോദ്യം ചെയ്യാനുള്ള അസുലഭ അവസരമാണ് ഇന്ത്യയിലെ ജനങ്ങൾക്ക് പൗരത്വ ഭേദഗതി ബിൽ നൽകിയിട്ടുള്ളത് .പാർലിമെന്റ് ജനങ്ങളുടേതാണ് .അത് പട്ടാളത്തെ കൊണ്ട് സംരക്ഷിക്കാമെന്നാണ് സംഘികൾ കരുതുന്നതെങ്കിൽ ജനാധിപത്യത്തിന്റെ ജനകീയ ശക്തിയെപറ്റി അവർക്കുള്ള അറിവ് തുലോം കുറവാണ് .വേദവും ഇതിഹാസവും മനുസ്മൃതിയും കൗടില്യന്റെ അർത്ഥശാസ്ത്രവും അല്ല ജനാധിപത്യ ഇന്ത്യയുടെ അടിസ്ഥാനം .അതിന്റെ മൂല്യബോധം പകർന്നത് മതങ്ങളും ജാതികളും ദൈവങ്ങളുമല്ല .

ശ്രേണിബദ്ധമായ അയിത്തവും അസ്‌പൃശ്യതയും അധികാര
ഘടനയുമാണ് സവർണ്ണ ഹിന്ദുമതത്തിന്റെ തത്വം .അതിനുവെളിയിൽ സവർണ്ണ ഹിന്ദുമതത്തിന് ഒരു സാംസ്‌കാരിക പിണ്ണാക്കുമില്ല .അതിഥി ദേവോ ഭവ ,വസുദൈവക കുടുംബം എന്നതൊക്കെ ഇന്ത്യയിലെ കീഴാളജനതകളുടെ മൂല്യബോധമാണ് .അവരത് ജീവിതത്തിൽ പാലിച്ചപ്പോൾ ബ്രഹ്മണ്യത്തെ തലയിൽ ചുമക്കുന്ന സവർണ്ണർ അത് പുസ്തകത്തിലെ പൊള്ളയായ വരികൾ മാത്രമാക്കി ചുരുക്കിയ ചരിത്രമാണ് നമുക്ക് മുൻപിലുള്ളത് .അയിത്തവും അസ്‌പൃശ്യതയും ജീവിതവ്രതമായി സ്വീകരിക്കുന്ന സവർണ്ണ ഹിന്ദുവിന് എന്ത് അഥിതി ദേവോ ഭവ .സവർണ്ണ ഹിന്ദുത്വത്തിന്റെ സാമൂഹ്യവൈകൃതമായ അയിത്തവും അസ്‌പൃശ്യതയും അവർ അങ്ങേയറ്റം രൂക്ഷമായി പിന്നോക്ക ഹിന്ദു ആദിവാസി ദലിതരിലേക്ക് പ്രയോഗിക്കുമ്പോൾ തന്നെ സവർണ്ണ ഹിന്ദുത്വത്തിന്റെ കൂടാരത്തിൽ തങ്ങൾക്കും ഇടമുണ്ടെന്ന തോന്നൽ ആദിവാസി ദലിതരിൽ ഉണ്ടാക്കാൻ അവർ വളരെ ബോധപൂർവ്വം ഉണ്ടാക്കുന്ന വ്യാജചരിത്ര നിർമ്മിതിയാണ് മുസ്‌ലിം ക്രിസ്ത്യൻ വിരോധം .അതായത് സവർണ്ണ ഹിന്ദുത്വത്തിനകത്ത് ഇരയാക്കപ്പെടുമ്പോഴും ക്രിസ്ത്യൻ മുസ്‌ലിം വിരോധം പുലർത്തുകവഴി ആദിവാസി ദളിത് ജനതയിലേക്ക് ബ്രഹ്‌മണ്യത്തിന്റെ ക്രൗര്യ വേട്ടക്കാരൻ സ്വത്വത്തെയാണ് സവർണ്ണ ഹിന്ദുത്വം കുത്തിവയ്ക്കുന്നത് .മുസ്‌ലിം ക്രിസ്ത്യൻ വിരോധം രക്തത്തിൽ അലിയുന്നതോടെ ദലിതത്വം നൽകുന്ന ദൈന്യതകളെ മനശ്ശാസ്ത്രപരമായി മറികടക്കാനുള്ള സാംസ്കാരിക ഊർജ്ജം ദലിത് ആദിവാസികൾക്ക് ലഭിക്കുന്നുവെന്നത് ഇന്ത്യയിൽ നടന്ന എല്ലാ ഹിന്ദു മുസ്‌ലിം ക്രിസ്ത്യൻ കലാപങ്ങളും അടിവരയിട്ട് പറയുന്നുണ്ട് .ചരിത്രപരമായി ദലിത് ആദിവാസി പിന്നോക്ക ഹിന്ദുക്കൾ ഇന്നും തുടരുന്ന ഈ സാംസ്‌കാരിക രാഷ്ട്രീയ മണ്ടത്തരത്തെ മറികടക്കാനുള്ള ഒരു ആശയധാര ഉണർത്താൻ പൗരത്വ ബിൽ പ്രക്ഷോഭങ്ങൾ കാരണമാകുമെന്ന് പ്രത്യാശിക്കുന്നു .

വാൽക്കഷണം

മേവാനിയെ നിങ്ങൾക്ക് സസ്‌പെൻഡ് ചെയ്യാൻ കഴിയും .എന്നാൽ ഓർത്തോളൂ മുഴുവൻ സംഘി വിരുദ്ധ ജനങ്ങളേയും സസ്‌പെൻഡ് ചെയ്യാൻ നിങ്ങളുടെ മനുസ്മൃതിയല്ല ഇവിടെ കാര്യങ്ങൾ നിശ്ചയിക്കുന്നത് .കോടതികൾ ഭരണഘടനയെ കൈവിട്ടാലും ജനങ്ങൾ കൈവിടരുത് .”