എന്താണ് സ്കൾ ബ്രേക്കർ ചലഞ്ച് അഥവാ തലയോട്ടി തകർക്കുന്ന കളി?⭐
അറിവ് തേടുന്ന പാവം പ്രവാസി
സമൂഹമാധ്യമങ്ങളിൽ പടർന്നുപിടിച്ച അപകടകരമായ കളിയാണ് ‘സ്കൾ ബ്രേക്കർ’ ചലഞ്ച്. പേരുപോലെത്തന്നെ തലയോട്ടി തകർന്ന് ഒരുപക്ഷേ ഇത് കുട്ടികളുടെ ജീവനെടുക്കാം. “ഒരാളുടെ ഇരുവശത്തും രണ്ടു പേർനിന്ന് നടുവിൽ നിൽക്കുന്നയാൾ ചാടുമ്പോൾ കാലുവെച്ച് വീഴ്ത്തുന്ന ഒരു കളി” സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.തലയോട്ടിക്കും ,നട്ടെല്ലിനും വരെ ഗുരുതരമായ പരിക്കേൽക്കാവുന്ന ഈ കളി ടിക് ടോക്കിലൂടെ ആണ് പ്രചരിച്ചത്.ഒരു പക്ഷേ, ജീവിതാവസാനം വരെയുള്ള അബോധാവസ്ഥയിലേക്കും, മരണത്തിലേക്കും ഈ കളി എത്തിച്ചേക്കാം. ചലഞ്ചിന്റെ ഭാഗമായി പരിക്കുപറ്റുന്നവരുടെ വീഡിയോകൾ പ്രചരിച്ചിട്ടും കൂടുതൽ പേർ ഇതിന്റെ ഭാഗമായി മാറുകയാണ്. കൗമാരപ്രായക്കാരായ സ്കൂൾവിദ്യാർഥികളാണ് ഈ ക്രൂരവിനോദത്തിൽ കൂടുതലായും പങ്കെടുക്കുന്നത്.
പൈശാചികമായ ഈ ക്രൂരവിനോദം നമ്മുടെ കൗമാരക്കാർ ഏറ്റെടുത്തേക്കുമെന്ന ആശങ്കയിലാണ് പൊതുസമൂഹം.സൈബർ ഇടങ്ങളിലെ കൗതുകങ്ങളോട് വേഗം പ്രതികരിക്കുന്നവരാണ് കൗമാരക്കാരെന്ന് ബ്ലൂവെയ്ൽ ഗെയിമും, കീ കീ ചലഞ്ചും ഉൾപ്പെടെയുള്ളവ തെളിയിക്കുന്നു. ഇവയെക്കാളെല്ലാം അപകടസാധ്യത കൂടിയതാണ് സ്കൾ ബ്രേക്ക് ചലഞ്ച്. നടുവിൽ നിൽക്കുന്നയാൾക്ക് അപകടം സംഭവിക്കുന്നതിനോടൊപ്പം മറ്റുള്ളവരെ ഗുരുതരമായ നിയമക്കുരുക്കുകളിലേക്കും ചലഞ്ച് നയിക്കും. ഇത് വിദ്യാർഥികളുടെ ഭാവിയെ ബാധിക്കാവുന്ന പ്രശ്നമാണ്. പ്രശ്നത്തിന്റെ ഗൗരവം മനസ്സിലാക്കാ തെയുള്ള എടുത്തുചാട്ടം കൗമാരക്കാരെ വെട്ടിലാക്കിയേക്കും.ഇത്തരം പ്രവണതകൾക്കെതിരേ മാതാപിതാക്കളും അധ്യാപകരും ജാഗ്രത പാലിക്കണം.സ്കൂളുകളിൽ കൗമാരക്കാർ ചലഞ്ച് അനുകരിച്ചതിന്റെ ഭാഗമായി ഒട്ടേറെ അപകടങ്ങൾ യൂറോപ്പിലും യു.എസിലും ഇതിനകം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
അപകടകരമായ വീഡിയോകൾ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത് കുറ്റകരമാണ്. ചലഞ്ചിന്റെ ഭാഗമായി ജീവഹാനി സംഭവിച്ചാൽ കൊലക്കുറ്റത്തിനും ഗുരുതരമായ പരിക്കുകൾ സംഭവിച്ചാൽ വധശ്രമത്തിനും നിസ്സാരമായ പരിക്കുകൾക്ക് കുറ്റകരമായ നരഹത്യയ്ക്കും ജാമ്യമില്ലാത്ത വകുപ്പുകളിൽ കേസെടുക്കാവുന്നതാണ്. ഐ.ടി. ആക്ട് പ്രകാരവും ഇത് കുറ്റകരമാണ്. ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പോലീസിന് നേരിട്ടു കേസെടുക്കാനാകും. ഇതിൽ സഹകരിക്കുന്നവരും, പ്രചരിപ്പിക്കുന്നവരും കുറ്റക്കാരായി വരും.
മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റുകയെന്ന ലക്ഷ്യമാണ് ഇത്തരം ചലഞ്ചുകളുടെ ഭാഗമാകാൻ കൗമാരക്കാരെ പ്രേരിപ്പിക്കുന്നത്. മറ്റുള്ളവരെ അനുകരിക്കുന്ന പ്രവണത വളരെക്കൂടുതലുള്ള പ്രായമാണിത്. കുട്ടികൾ വളർന്നെന്ന ചിന്തയിൽ പലപ്പോഴും മാതാപിതാക്കൾ അകൽച്ച കാണിക്കുന്നതാണ് പ്രശ്നങ്ങളിലേക്കു നയിക്കുന്നത്. കുടുതലാളുകളുടെ ഇഷ്ടം പിടിച്ചുപറ്റാനും സുഹൃദ്സംഘങ്ങളിൽ സ്വന്തമായൊരു മേൽവിലാസം ഉണ്ടാക്കിയെടുക്കാനുമുള്ള കുറുക്കുവഴികളായി ഇത്തരം മാർഗങ്ങളെ കുട്ടികൾ തിരഞ്ഞെടുക്കുന്നു. ഇവർക്കാവശ്യമായ പരിഗണനയും, കരുതലും നൽകുകയാണ് ഇത്തരം അപകടങ്ങളിൽനിന്നു രക്ഷിക്കാനുള്ള പോംവഴി.