കേരളത്തിലെ അടിമചരിത്രത്തിൽ നിന്നും ചില ഏടുകൾ

360

Chandran Satheesan Sivanandan

കേരളത്തിലെ അടിമചരിത്രത്തിൽ നിന്നും ചില ഏടുകൾ

കേരളത്തിൽ നിലനിന്ന അടിമകച്ചവടത്തിന്റെ വിശദാംശങ്ങളെക്കുറിച്ച് ഏതാണ്ട് എല്ലാ ചരിത്രകാരന്മാരും നിശബ്ദത പാലിക്കുകയോ ,അല്ലെങ്കിൽ ഒന്നുരണ്ടു വാചകങ്ങളിൽ ഒതുക്കുകയോ ആണ് ചെയ്തിട്ടുള്ളത്.വലിയതോതിൽ ഇവിടെനിന്നും ആഫ്രിക്കയിലേക്കും യൂറോപ്പിലേക്കും യൂറോപ്യന്മാർ പുതിയതായി കണ്ടെത്തിയ ദ്വീപുകളിലേക്കും അടിമകളായി കയറ്റിയയ്ക്കപ്പെട്ട ആ പാവം മലയാളികളുടെ ചരിത്രം നമ്മൾ തമസ്ക്കരിച്ചു എന്നു വേണമെങ്കിൽ പറയാം. അതുകൊണ്ടുതന്നെ നമ്മൾ മനഃപൂർവ്വം മറന്ന നമ്മളുടെ പൂർവ്വികരുടെ ചിലചരിത്രശകലങ്ങൾ നമ്മുക്കിവിടെ പങ്കു വെയ്ക്കാം.

ഒരു പിടി വിത്തുമായി തെക്കേആഫ്രിക്കൻ കാടുകയറിയ ഡെയിമൻ(Damon) എന്ന മലയാളി അടിമയുടെ കഥ.

കൊച്ചിയിൽ നിന്നും ഡച്ചുകാർ തെക്കേആഫ്രിക്കയിലേക്ക് കയറ്റി അയയ്ക്കപ്പെട്ട മലയാളി അടിമയായിരുന്നു ഡെയിമൻ(ഡെയിമൻ എന്നത് അയാളുടെ യഥാർത്ഥ പേരല്ല. ഡച്ചുകാർ അയാളെ വിളിക്കാനായി നല്കിയ പേരാണ്). അയാൾ ഒരു കാർഷിക അടിമയായിരുന്നു. തെക്കൻ ആഫ്രിക്കൻ തോട്ടങ്ങളിൽ ജോലി ചെയ്യാനായി കർഷകത്തൊഴിലാളിവൃത്തിയ്ക്കായി അടിമ എന്ന നിലയിൽ കയറ്റി അയയ്ക്കപ്പെട്ടതായിരുന്നു അയാൾ. നമ്മുടെ ഒരു രീതി വെച്ച് തൂമ്പ കൈകൊണ്ടു തൊട്ടിട്ടില്ലാത്ത ഭൂവുടമയെ കർഷകനെന്നും പാടത്തും പറമ്പത്തും തന്റെ കാർഷിക അറിവുകൾ പ്രയോഗിച്ചു പൊന്നുവിളയിക്കുന്നവനെ കർഷകത്തൊഴിലാളി (അന്ന് കാർഷിക അടിമ) എന്നുമാണല്ലോ പറയുന്നത്.1800കളുടെ തുടക്കത്തിൽ തെക്കൻ ആഫ്രിക്കൻ ജീവിതസാഹചര്യങ്ങളും അസ്വാതന്ത്ര്യവുമായി പൊരുത്തപ്പെടാനാതെ ഡെയിമനും മറ്റൊരു മലയാളിസുഹൃത്തും വനാന്തർഭാഗത്തേക്ക് ഒളിച്ചോടി.

കേപ്ടൗണിൽ നിന്നും പ്ളെട്ടൻ ബർഗു ബേയുടെ ഇടതൂർന്ന വനഭാഗത്തേക്കാണവർ പോയത് .കാടിനുള്ളിൽ എത്തി അധികം താമസിയാതെ അവന്റെ സുഹൃത്ത് എങ്ങനെയോ മരണമടഞ്ഞു. സുഹൃത്തിനെ അടക്കിയതിനടുത്തുതന്നെ മരത്തടിയിൽ മറഞ്ഞിരിക്കാവുന്ന ഒരു ഒളിത്താവളം അവനുണ്ടാക്കി.കുറച്ചുനാളുകൾ കാത്തിരുന്നു തന്നെ ആരും തേടിവരുന്നില്ലെന്നുറപ്പാക്കിയ ഡെയിമൻ ഏകദേശം രണ്ടര ഏക്കറോളം ഭൂമി വെട്ടിത്തെളിച്ച് മനോഹരമായ ഒരു കൃഷിത്തോട്ടമുണ്ടാക്കി.ഒളിച്ചോടുമ്പോൾ അവന്റെ കൈയ്യിലുണ്ടായിരുന്ന ഒരു പിടി വിത്തിൽ നിന്നായിരുന്നു ഈ തോട്ടം അവൻ നിർമ്മിച്ചത്.അതിൽ പുകയിലയും,പഴവർഗ്ഗങ്ങളും പച്ചക്കറികളുമുണ്ടായിരുന്നു.തന്റെ കൃഷിയിടത്തിലേക്ക് വെള്ളം എത്തിക്കാനായി പതിനാറുകിലോമീറ്റർ അകലെ നിന്നും ഒരുജലപാത അവനുണ്ടാക്കിയെടുത്തു.ആ സ്ഥലം ഇന്ന് ഡെയിമൻ നീരുറവ(Damon fountain) എന്നറിയപ്പെടുന്നു.

തന്റെ തോട്ടത്തിന്റെ വളത്തിന്റെയാവശ്യത്തിനായി ആനപിണ്ഡവും കാട്ടെരുമച്ചാണകവും മാനുകളുൾപ്പെടെയുള്ള മൃഗങ്ങളുടെ എല്ലുകളും അവൻ ശേഖരിച്ച് വെച്ചിരുന്നു.മൃഗങ്ങളുടെ തോലുകൾ കൊണ്ട് യൂറോപ്യൻ രാഷ്ട്രീയ രീതിയിലുള്ള വസ്ത്രങ്ങൾ അവൻ നിർമ്മിച്ചെടുത്തു.വലിയ കുഴികളും,കിടങ്ങുകളും നിർമ്മിച്ചവൻ മൃഗങ്ങളെ കെണിവെച്ചു പിടിച്ചു ഭക്ഷണത്തിനും വസ്ത്രത്തിനും മറ്റുമുള്ള മാംസവും തോലും കണ്ടെത്തി.പാചകത്തിനായി കളിമൺപാത്രങ്ങൾ അവൻ സ്വയം നിർമ്മിച്ചു. ആറുവർഷം കഴിഞ്ഞ് വെള്ളക്കാർ അവനെ പിടികൂടുമ്പോൾ തന്റെ തോട്ടത്തിൽ നിർമ്മിച്ചുകൊണ്ടിരുന്ന സാമാന്യം നല്ല വീടിന്റെ പണി പൂർത്തിയായിട്ടുണ്ടായിരുന്നില്ല.സത്യത്തിൽ ഡോൾനദിയിലൂടെ യാത്ര ചെയ്യുകയായിരുന്ന സായ്പന്മാരെ കാട്ടിലെ മനോഹരമായ തോട്ടവും വീടും അവനെ കാട്ടിക്കൊടുക്കുകയായിരുന്നു.അവന്റെ അസാധാരണ കഴിവുകളും കാർഷിക അറിവുകളും കണ്ട വെള്ളക്കാർ അവന് കാര്യമായ ശിക്ഷ നല്കിയില്ലെന്നു മാത്രമല്ല1809 ൽ അവനെ സ്വതന്ത്രനാക്കുകയും ചെയ്തു.ഒരു പക്ഷേ 1808 ൽ അവിടെ ഉണ്ടായ അടിമകലാപവും കേപ്ടൗണിലേക്കുനടന്ന പ്രതിഷേധജാഥകളും ഡെയിമന്റെ മോചനത്തിന് കാരണമായിട്ടുണ്ടാകും.കേപ്ടൗണിൽ നിന്നും കുറച്ചകലെയുള്ള ജോർജിൽ കുടുംബസമേതം ജീവിച്ച അദ്ദേഹം അൻപതുവയസ്സിനു മുൻപേ മരണമടഞ്ഞു.

കുപിഡോ(Cupido)യുടെ ദുരന്തകഥ.

നൈജൽ വൊഡന്റെ Slavery in Dutch South Africa എന്ന പുസ്തകത്തിലാണ് കുപിഡോ എന്ന് ഡച്ചുകാർ പേരു നല്കിയിരുന്ന മലയാളി അടിമയുടെ വേദനിപ്പിക്കുന്ന കഥയുള്ളത്.1700കളുടെ ആദ്യപകുതിയിൽ തെക്കേആഫ്രിക്കയിലേക്ക് കയറ്റി അയയ്ക്കപ്പെട്ട കുപിഡോ ഒരു ഡച്ച് കുടുംബത്തിലെ വീട്ടുജോലിക്കാരനായിരുന്നു.തന്റെ ഉറ്റവരിൽ നിന്നും ഉടയവരിൽ നിന്നും അകന്നു അങ്ങകലൊയൊരു നാട്ടിൽ കനത്ത അസ്വാതന്ത്ര്യത്തിൽ ജീവിക്കുന്നതിൽ കടുത്ത ആത്മനിന്ദ അനുഭവിക്കുന്നവനായിരുന്നു അയാൾ.ഒരുനാൾ അയാളുടെ വ്യഥകൾ ക്ഷോഭമായി രൂപപ്പെട്ടു. തന്റെ വേദനകളും പരാതികളും കേൾക്കണമെന്ന് കത്തിചൂണ്ടി മുതലാളിച്ചിയോട് അയാൾ ആവശ്യപ്പെട്ടു. അയാൾ കത്തി ചൂണ്ടിയത് ആ സ്ത്രീയുടെ നേർക്കായിരുന്നില്ല പകരം സ്വന്തം വയറിലേക്കായിരുന്നു.തനിക്ക് പറയാനുള്ളത് കേൾക്കാൻ തയ്യാറായില്ലെങ്കിൽ സ്വയം കുത്തിച്ചാകുമെന്നയാൾ ആക്രോശിച്ചു. 1739 ൽ ഉടമയ്ക്കു നേരെ കത്തി ചൂണ്ടി എന്ന കാരണം പറഞ്ഞ് ഡച്ചുകാർ അയാളെ പിടികൂടി വലിയൊരു ചക്രം കയറ്റി തച്ചുകൊന്നു.ഒരുപക്ഷേ പാരതന്ത്ര്യം മൃതിയേക്കാൾ ഭയാനകം എന്നു കവി പറഞ്ഞത് ഇദ്ദേഹത്തിന്റെ കാര്യത്തിൽ ശരിയാവാം. ആത്മഹത്യ ആഗ്രഹിച്ചവനെ ക്രൂരമായി കൊലചെയ്ത് ഡച്ചുകാർ ആനന്ദം കൊണ്ടു.

ഫിലാണ്ടർ എന്ന അടിമയ്ക്കെതിരെയുള്ള കേസ്.

നിക്കോളാസ് ബോയിജ് എന്ന ഡച്ചു ഉദ്യോഗസ്ഥന്റെ അടിമയായിരുന്നു മലയാളിയായ ഫിലാണ്ടർ. സംഭവം നടക്കുന്നത് കേരളത്തിൽ തന്നെയാണ്.പോർച്ചുഗീസ് -മലയാളി മിശ്രവിഭാഗക്കാരനും ഡച്ചുകമ്പനിക്കുകീഴിൽ ജോലിക്കാരനുമായ ഡിയാഗോ എന്നയാളെ ഫിലാണ്ടർ കുത്തിക്കൊല്ലാൻ ശ്രമിച്ചു എന്നതായിരുന്നു കേസ്. കമ്പനി വകയായ ആലയിൽ പണിചെയ്യവേ ഫിലാണ്ടറും സഹചാരിയും അവരെ ബന്ധിച്ചിരുന്ന വിലങ്ങുമായി ഓടി രക്ഷപ്പെട്ടു.പറവൂരിലുള്ള ഒരു കൊല്ലൻ അവരുടെ വിലങ്ങ് മുറിച്ചു കൊടുത്തു.

കൊച്ചിയിൽ നിന്നും അവരോടിപ്പോയത് തലശ്ശേരിയിലേക്കായിരുന്നു.ഡച്ചുകാർ ഇവരെ കണ്ടുപിടിക്കുന്നതിനായി മലയാളിവംശജനായ ഡിയാഗോയെ അയച്ചു. ഡിയാഗോ തലശ്ശേരിയിൽ ഇവരെ കണ്ടെത്തി.ശിക്ഷയൊന്നുമുണ്ടാവില്ല എന്നുറപ്പു നൽകി ഡിയാഗോ ഇവരെ തിരികെ കൊണ്ടു വന്നു.”തങ്ങളെ ചതിച്ചാൽ തിരിച്ചു പണി തരുമെന്ന് “ഡിയാഗോയോട് ഫിലാണ്ടർ നേരത്തെ സൂചിപ്പിച്ചിരുന്നു. ഡിയാഗോ പറഞ്ഞതുപോലെയായിരുന്നില്ല സംഭവിച്ചത്. അവസരം നോക്കിയിരുന്ന ഫിലാണ്ടർ ഒരിക്കൽ ഡിയാഗോയെ വലിയ മുറിവുണ്ടാകാത്ത രീതിയിൽ കത്തികൊണ്ട് ഒരു കുത്തുകുത്തി.ഇതിനുശിക്ഷയായി ആറുവർഷം നിർബന്ധിത തൊഴിലും ചമ്മട്ടി കൊണ്ടുള്ള അടിയും ഡച്ച് കമ്പനി ശിക്ഷയായി അയാൾക്ക് നല്കി.ഡച്ച് ഉന്നത ഉദ്യോഗസ്ഥന്റെ ഏറ്റവും പ്രിയപ്പെട്ട അടിമയായതിനാൽ ഫിലാണ്ടർക്ക് ലഭിച്ച ചെറിയശിക്ഷയായിരുന്നുവത്രേ അത്.

നാഥനെന്ന അടിമയാക്കാനായി പിടികൂടിക്കൊണ്ടുവരപ്പെട്ട എട്ടുവയസ്സുകാരന്റെ കഥ.

1820 ഡിസംബർ 20ന് മലബാർ ജില്ലാ മജിസ്‌ട്രേറ്റ് കോടതിയിൽ നാഥനെന്ന ബാലൻ കൊടുത്ത മൊഴി ഇങ്ങനെയായിരുന്നു.

” എന്റെ പേര് നാഥൻ,വീട് കരുനാഗപ്പള്ളി, വീട്ടുപേര് കാരാട്ടിൽ,ജാതി തീയ്യ,എട്ടുവയസ്സുണ്ട്.അച്ഛന്റെ പേര് കുഞ്ഞൻ,അമ്മയുടെ പേര് മാണിക്യം.അമ്മാവന്റെ പേര് ചോന്തൻ.”
“ഏതാണ്ട് രണ്ടു മാസം മുൻപ് ഞാൻ പശുവിനെ മേച്ചുകൊണ്ടിരിക്കുമ്പോൾ ബാവ എന്ന പേരുള്ള മാപ്ള(മുസ്‌ലിം) എന്നെ പിടികൂടി വായിൽതുണി തിരുകി ബലമായി ഹസൻ അലിയുടെ അടുത്തെത്തിച്ചു.രാത്രി എന്നെ വള്ളത്തിൽ കയറ്റി ആലപ്പുഴയിൽ നിന്നും ആദ്യം മാഹിയിലേക്കും അവിടെനിന്നും അഞ്ചരക്കണ്ടിയിലേക്കും കൊണ്ടുവന്നു.ആലപ്പുഴയിൽ നിന്നും വരുമ്പോൾ എന്റെ കൂടെ കാളി എന്ന പേരുള്ള ഒരു പെൺകുട്ടിയും രണ്ടു ആൺകുട്ടികളും ഉണ്ടായിരുന്നു. അവരുടെ രണ്ടുപേരുടെയും പേരുകൾ അയ്യപ്പൻ എന്നായിരുന്നു. അഞ്ചരക്കണ്ടിയിൽ വെച്ച് ചെറിയച്ചൻ എന്നു വിളിക്കുന്ന ഫ്രാൻസിസ് ബ്രൗൺ എന്നെ നിർബന്ധിതമായി പുലരോടൊപ്പം ഇരുത്തി ഭക്ഷണം കഴിപ്പിച്ചുഎന്റെ ജാതി മാറ്റി പുലയനാക്കി.ഇത്തരത്തിൽ പിടികൂടി കൊണ്ടുവന്ന എന്റെയൊരു സഹോദരനെ മാഹിയിൽ വെച്ചു ഞാൻ കണ്ടിരുന്നു.എന്നെ ഇങ്ങനെ പിടികൂടി കൊണ്ടുപോയത് എന്റെ അച്ഛനും അമ്മയ്ക്കും അറിയില്ല.”

സമാനമായ സംഭവങ്ങളാണ് നായരായ കണ്ണൻ,തീയ്യജാതിയായ കാളി,രണ്ടു അയ്യപ്പന്മാർ എന്നിവർ കോടതിയെ ബോധിപ്പിച്ചത്.ഈ കൂട്ടികളെല്ലാം പുലയരോടൊപ്പം ഭക്ഷണം കഴിച്ചതിനാൽ സമുദായഭ്രഷ്ട് നേരിടുന്നവരാണ്.അന്നത്തെ കേരളത്തിലെ ഹിന്ദുക്കൾക്കിടയിൽ അശുദ്ധിയെക്കുറിച്ചുള്ള ചിന്താഗതികൾ ക്രിസ്ത്യൻ, മുസ്‌ലിം സമുദായങ്ങൾ നന്നായി മുതലെടുത്തിരുന്നു എന്നു വേണം മനസ്സിലാക്കാൻ .ഇത്തരത്തിൽ നാന്നുറോളം ആളുകളെ അടിമകളായി വിറ്റു എന്ന കുറ്റത്തിന് ബ്രിട്ടീഷുകാർ ഹസൻ അലിയെ ശിക്ഷിക്കുകയുണ്ടായി.മാപ്പിള മുസ്‌ലിങ്ങളും സുറിയാനി ക്രിസ്ത്യനികളും കൊച്ചി രാജാവും അടിമകച്ചവടത്തിൽ പങ്കാളികളായിരുന്നു.താഴ്ന്ന ജാതിയോടൊപ്പം ഭക്ഷണം കഴിച്ചാൽ അയാൾ ആജീവനാന്തം സമൂഹഭ്രഷ്ട് നേരിടേണ്ടി വരുമായിരുന്നു അത് പുലയനായാലും,പറയനായാലും,ബ്രാഹ്മണനായാലും ഇതായിരുന്നു അവസ്ഥ1687ൽ ഡച്ചുകാർക്ക കേരളത്തിൽ മാത്രം 853 അടിമകളുണ്ടായിരുന്നുവത്രേ

.ഇന്ത്യയിൽ നിന്നും ഇത്തരത്തിൽ കയറ്റി അയയ്ക്കപ്പെട്ട ആയിരക്കണക്കിന് അടിമകളിൽ മഹാഭൂരിപക്ഷവും കുട്ടികളായിരുന്നു.ബംഗാളിൽ നിന്നും ഇത്തരത്തിൽ ആയിരക്കണക്കിന് കുട്ടികളെയാണ് ബ്രിട്ടനുകാർ അടിമകച്ചവടം നടത്തിയത് അതിൽ വലിയൊരുശതമാനം മുസ്ലിം കുട്ടികളായിരുന്നു.
“കേരളത്തിലെ അടിമയെ ഒരു ആഗോളച്ചരക്കാക്കി മാറ്റി, അവരുടെ കോളനികളിലേക്ക് കയറ്റുമതി ചെയ്തു എന്നതാണ് പോർച്ചുഗീസ്, ഡച്ച് അധിനിവേശാന്തരം ഉണ്ടായ ഒരു മാറ്റം” എന്ന് കാടും കടലും കടന്ന കേരളത്തിലെ അടിമകൾ എന്ന ലേഖനത്തിൽ വിനിൽ പോൾ അഭിപ്രായപ്പെടുന്നു.1653 ൽ ഡച്ചുകാർ കയറ്റിയയച്ച മേരി എന്നവർ പേരുനല്കിയ ബംഗാളി അടിമയെക്കുറിച്ചാണ് ആദ്യമായി അവർ രേഖപ്പെടുത്തിയിട്ടുള്ളത്.

വിവരശേഖരണം.
https://www.google.co.in/url…
https://www.google.co.in/url…
ഭക്ഷണത്തിന്റെ ജാതിയും ആദ്യത്തെ പന്തിഭോജനവും – വിനിൽ പോൾ(ലേഖനം)
കാടും കടലും കടന്ന കേരളത്തിലെ അടിമകൾ – വിനിൽ പോൾ(ലേഖനം)