കിടക്കുമ്പോള്‍ ലൈറ്റ് ഇട്ട് ഉറങ്ങുന്നവര്‍ ആണോ നിങ്ങള്‍? ഉറങ്ങുന്നതിനു തൊട്ടു മുന്‍പ് അധിക നേരം മൊബൈല്‍ ഫോണോ ടിവിയോ കമ്പ്യൂട്ടറോ ഉപയോഗിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ സൂക്ഷിക്കുക. നിങ്ങളുടെ ഈ ശീലങ്ങള്‍ നിങ്ങളെ പൊണ്ണത്തടിയന്മാര് ആക്കിയേക്കാം. നെതെര്‍ലാന്‍ഡിലെ ലെയ്ടന്‍ യൂണിവേഴ്സിറ്റി മെഡിക്കല്‍ സെന്റര്‍ ഈയിടെ നടത്തിയ ഒരു പഠനത്തില്‍ ആണ് ഈ കാര്യം സൂചിപ്പിച്ചിരിക്കുന്നത്.
സ്വാഭാവികമല്ലാത്ത വെളിച്ച സംവിധാനങ്ങള്‍ നമ്മുടെ ശരീരത്തില്‍ ഉള്ള ബയോളജിക്കല്‍ ക്ലോക്കിനെയും ഊര്‍ജത്തെ വിഘടിപ്പിക്കുന്ന കോശങ്ങളെയും ഒരുപോലെ മോശമായി സ്വാധീനിക്കുന്നുണ്ട് എന്നാണ് ഇവരുടെ പഠനങ്ങള്‍ കണ്ടെത്തിയത്. ഇതുവഴി ഉറക്കം ശരിയാവാതെ വരികയും ശരീരത്തിന്റെ മറ്റു പ്രവര്‍ത്തനങ്ങളെല്ലാം താളം തെറ്റുകയും ചെയ്യുന്നു. അതുപോലെ തന്നെ കൊഴുപ്പ് അടിഞ്ഞു കൂടി ശരീരം തടി വയ്ക്കുകയും ചെയ്യും.
ലോകത്തിലെ മൊത്തം ആളുകളുടെ കണക്ക് എടുത്താല്‍ ഒരു ആഴ്ച ഏകദേശം 20 മണിക്കൂര്‍ ഒരാള്‍ ഓണ്‍ലൈന്‍ ഉണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്. യുവാക്കളുടെ ഇടയില്‍ ഇതില്‍ 27 മണിക്കൂര്‍ വരെ ആണ്. ഇതില്‍ നല്ലൊരു ശതമാനം സമയവും ഉറങ്ങുന്നതിനു മുന്‍പാണ് ആളുകള്‍ ഉപയോഗിക്കുന്നത്. അങ്ങനെ നാം അറിയാതെ തന്നെ നമ്മുടെ ജീവിതത്തിലേയ്ക്ക് ഒരു വില്ലനെ നാം ക്ഷണിച്ചുവരുത്തുകയാണ്. ശ്രദ്ധിക്കുക, ഇനിയെങ്കിലും ഒന്ന് മാറ്റം വരുത്തിയാല്‍ ഭാവി നമുക്ക് സുരക്ഷിതമാക്കാവുന്നതേയുള്ളൂ.