ആരാണ് ജാതിയിൽ ഉയർന്നവർ ?

0
195

ആരാണ് ജാതിയിൽഉയർന്നവർ ?
ജാതിവാൽ പേരിന്റെ പിറകിൽ തൂക്കി ഞെളിഞ്ഞു നടക്കുന്നവരെ നിങ്ങളുടെ ജാതിഔന്നത്യം എവിടെയാണ്,എന്തിലാണ് തെരയേണ്ടത് ?
SM Raj എഴുതുന്നു

താഴെ പറയുന്ന ഒരു കാര്യവും ദലിതർ ചെയ്തിട്ടില്ല എന്നിരിക്കെ എന്തിന്റെ പേരിലാണ് അവർക്ക് ”ജാതി അപകർഷത” ആണെന്നും സ്വയം ഞങ്ങൾ മുന്തിയവർ ആണെന്നും സവർണ്ണർ എന്ന് ”സ്വയം വിചാരിക്കുന്നവർ ” പറയുന്നത് .
ദലിതർ ഏതെങ്കിലും സവർണ്ണ സ്ത്രീയെ അവരൊരു സവർണ്ണ സ്ത്രീയതുകൊണ്ട് മാത്രം ബലാൽക്കാരം ചെയ്തിട്ടുണ്ടോ .ദലിതർ എപ്പോഴെങ്കിലും ഒരു സവർണ്ണ ഹിന്ദുവിനോട് അയാൾ സവർണ്ണൻ ആയതുകൊണ്ട് മാത്രം തീട്ടം കോരണമെന്ന് പറഞ്ഞിട്ടുണ്ടോ .ദലിതർ എന്നെങ്കിലും ഏതെങ്കിലും സവർണനെ കൊണ്ട് അയാളൊരു സവർണ്ണൻ ആയതുകൊണ്ട് മാത്രം സ്വന്തം മൂത്രം കുടിപ്പിച്ചിട്ടുണ്ടോ .എന്നെങ്കിലും ദലിതർ ഏതെങ്കിലും സവർണ്ണൻ നാട്ടുനനച്ച് ഉണ്ടാക്കിയത് തന്റേതെന്ന് പറഞ്ഞ് യാതൊരു ഉളുപ്പുമില്ലാതെ തട്ടിയെടുത്ത് പള്ള നിറച്ചിട്ടുണ്ടോ . ഏതെങ്കിലും ദലിതർ എന്നെങ്കിലും സവർണ്ണരുടെ ഭൂമി അവർ സവർണ്ണർ ആയതുകൊണ്ട് മാത്രം തട്ടിയെടുത്ത് സ്വന്തമാക്കി വെച്ചിട്ടുണ്ടോ .ഏതെങ്കിലും ദലിതർ ഏതെങ്കിലും സവർണ്ണരോട് നാളെ മുതൽ തുണിയുടുക്കാതെ നഗ്നരായി നടക്കണമെന്ന് എന്നെങ്കിലും പറഞ്ഞിട്ടുണ്ടോ .ഏതെങ്കിലും സവർണ്ണരോട് പൊതുവഴികൾ ഉപയോഗിക്കരുതെന്നോ ,പൊതുപൈപ്പുകളിൽ നിന്നോ പൊതു കിണറിൽ നിന്നോ വെള്ളമെടുക്കരുത് എന്ന് എന്നെങ്കിലും ദലിതർ പറഞ്ഞിട്ടുണ്ടോ . ഏതെങ്കിലും സവർണ്ണനോട് സ്വന്തമായി ഗ്ളാസ് കൊണ്ടുവന്നാലേ എൻ്റെ കടയിൽ നിന്നും ചായകുടിക്കാൻ പറ്റൂ എന്ന് ഏതെങ്കിലും ദലിതർ പറഞ്ഞിട്ടുണ്ടോ .നിനക്ക്‌ എൻ്റെ കൂടെ ഈ വരിയിൽ നിൽക്കാൻ പറ്റില്ല എന്ന് എപ്പോഴെങ്കിലും ഒരു സവർണ്ണനോട് ദലിതർ പറഞ്ഞിട്ടുണ്ടോ . ഏതെങ്കിലും പുഴയിലോ കുളത്തിലോ ഇറങ്ങരുതെന്ന് ഏതെങ്കിലും സവർണ്ണനോട് ദലിതർ പറഞ്ഞിട്ടുണ്ടോ .ഏതെങ്കിലും സവർണ്ണനോട് ഞങ്ങടെ വീട്ടിലോ പറമ്പിലോ നിങ്ങൾക്ക് കയറാൻ പറ്റില്ല എന്ന് ഏതെങ്കിലും ദലിതർ പറഞ്ഞിട്ടുണ്ടോ .കല്യാണത്തിനോ അല്ലെങ്കിൽ മറ്റൊരു ചടങ്ങിനോ തങ്ങളുടെ വീട്ടിലേക്ക് ക്ഷണിച്ച ഏതെങ്കിലും സവർണനെ മുറ്റത്ത് കുഴികുത്തി ദലിതർ തിന്നാൻ കൊടുത്തിട്ടുണ്ടോ . ഏതെങ്കിലും സവർണ്ണന് ദലിതർ എച്ചിലിലയിൽ സദ്യ വിളമ്പിയിട്ടുണ്ടോ . ഏതെങ്കിലും സവർണ്ണ കുട്ടി ഞങ്ങടെ ഒപ്പം ഇരിക്കരുത് ഞങ്ങൾക്കൊപ്പം ഭക്ഷണം കഴിക്കരുതെന്ന് എന്നെങ്കിലും ദലിത് കുട്ടികൾ പറഞ്ഞിട്ടുണ്ടോ .

ഓഫീസിൽ വെച്ചിരിക്കുന്ന കുടിവെള്ളത്തിൽ നിന്നും സവർണ്ണർ വെള്ളം കുടിക്കരുത് .വെള്ളം വേണമെങ്കിൽ വീട്ടിൽ നിന്നും കൊണ്ടുവന്ന് കുടിച്ചോണം എന്ന് ഏതെങ്കിലും സർക്കാർ ഓഫീസിൽ ജോലി ചെയ്യുന്ന സവർണ്ണനോട് ദലിതർ പറയുന്നുണ്ടോ .ദലിതരുടെ വീട്ടിൽ കയറുന്നതിന് മുൻപ് തലമുടി ചപ്രച്ചിപ്ര ഇളക്കിയിടണം അല്ലെങ്കിൽ ദലിതരുടെ കാൽ കഴുകി വന്ദിക്കണം എന്ന് അവർ ഏതെങ്കിലും സവർണ്ണരോട് പറഞ്ഞിട്ടുണ്ടോ .തങ്ങളുടെ വീട്ടിലെ കല്യാണത്തിന് ജാതിയുടെ പേരിൽ സവർണ്ണരെ ദലിതർ ക്ഷണിക്കാതിരിക്കുകയോ വരുന്ന സവർണ്ണർ അവർ തിന്ന പാത്രം കഴുകിവയ്ക്കണം എന്ന് നിർബന്ധിക്കാറുണ്ടോ ,അങ്ങനെ ചെയ്യാതെ പോയാൽ അവരുടെ വീട്ടിൽ പോയി തല്ലാറുണ്ടോ .ഏതെങ്കിലും സവർണ്ണ കുട്ടിയോട് ജാതിയുടെപേരിൽ ക്ലാസിൽ പുറകിലെ ബെഞ്ചിലോ അല്ലെങ്കിൽ പുറകിൽ തറയിലോ ഇരിക്കാൻ ഏതെങ്കിലും ദലിത് അധ്യാപകൻ പറഞ്ഞിട്ടുണ്ടോ .ഏതെങ്കിലും സവർണ്ണ കുട്ടിയോട് ജാതിയുടെ പേരിൽ മൂത്രപ്പുരയും കക്കൂസും കഴുകി വൃത്തിയാക്കാനും സ്‌കൂൾ പരിസരം തൂത്ത് വൃത്തിയാക്കാനും ഏതെങ്കിലും ദലിത് അധ്യാപകർ ആവശ്യപ്പെട്ടിട്ടുണ്ടോ .ഏതെങ്കിലും ഒരു സവർണ്ണ കുട്ടിയെ ജാതിയുടെ പേരിൽ സ്‌കൂളിൽ ചേർക്കാതെ പുറത്ത് നിർത്താൻ ഏതെങ്കിലും ദലിത് അദ്ധ്യാപകൻ ശ്രമിച്ചിട്ടുണ്ടോ .ഏതെങ്കിലും സവർണ്ണ കുട്ടിയെ ജാതിയുടെ പേരിൽ വസ്ത്രം ധരിക്കുന്നതിൽ നിന്നോ അല്ലെങ്കിൽ നിറമുള്ള ,വൃത്തിയുള്ള ,പുതിയ വസ്ത്രം ധരിക്കുന്നതിൽ നിന്നും അല്ലെങ്കിൽ ചെരിപ്പ് ധരിക്കുന്നതിൽ നിന്നും അല്ലെങ്കിൽ സൈക്കിൾ ഉപയോഗിക്കുന്നതിൽ നിന്നും അല്ലെങ്കിൽ സ്വന്തമായി മൊബൈൽ ഉപയോഗിക്കുന്നതിൽ നിന്നും ഏതെങ്കിലും ദലിത് അധ്യാപകർ വിലക്കിയിട്ടുണ്ടോ .

ഏതെങ്കിലും സവർണ്ണനോട് തങ്ങളുടെ കടയിൽ കയറരുതെന്നോ ഇനി അഥവാ കയറിയിൽ ഒരു സാധനത്തിലും തൊട്ടുപോയേക്കരുതെന്നോ , തൊട്ടാൽ തല്ലി തലപൊട്ടിക്കും എന്ന് പറയുകമാത്രമല്ല അങ്ങനെ ചെയ്യുകയും ചെയ്യുന്ന ഏതെങ്കിലും ദലിതരെ ആരെങ്കിലും കണ്ടിട്ടുണ്ടോ . ഞങ്ങളുടെ കല്യാണത്തിന് നിങ്ങൾ വന്നാൽ സ്വന്തമായി പത്രം കൊണ്ടുവന്നോണം എന്ന് ഏതെങ്കിലും സവർണ്ണനോട് ദലിതർ പറയുന്നുണ്ടോ .സവർണ്ണ സ്ത്രീകൾ സാരിയുടുക്കാൻ പാടില്ല അഥവാ ഉടുത്താൽ മുട്ടിനൊപ്പം മാത്രമേ ഉടുക്കാൻ പാടുള്ളൂ ,സ്വർണ്ണം ധരിക്കാൻ പാടില്ല ,ദലിതരെ കണ്ടാൽ കൈകൂപ്പി വണങ്ങണം ,ദൂരെ മാറി നിൽക്കണം കൈകൾ തൂക്കിയിട്ട് നില്ക്കാൻ പാടില്ല എന്ന് ദലിതർ ആവശ്യപ്പെടുന്നുണ്ടോ .ഏതെങ്കിലും സവർണ്ണ കുട്ടിയോട് പുറകിലെ ബെഞ്ചിൽ പോയിരിക്കാനോ അല്ലെങ്കിൽ തറയിൽ ഇരിക്കാനോ ദലിത് അധ്യാപകർ പറയുന്നുണ്ടോ .സവർണ്ണർ തങ്ങളുടെ ഗ്രാമത്തിലേക്ക് വരരുത് ,വന്നാൽ ചെരുപ്പ് ധരിക്കാൻ പാടില്ല ,ഞങ്ങളുടെ വീട്ടിൽ കയറാൻ പാടില്ല എന്നൊക്കെ ദലിതർ പറയാറുണ്ടോ .

ഗ്രാമത്തിൽ ചാകുന്ന മൃഗങ്ങളുടെ ശരീരം നീക്കണമെന്നോ ,തെരുവുകൾ തൂത്ത് വൃത്തിയാക്കണമെന്നോ ,തീട്ടം കോരണമെന്നോ സവർണ്ണരോട് ദളിതർ ആവശ്യപ്പെടുന്നുണ്ടോ .സവർണ്ണരുടെ മുടിവെട്ടില്ലെന്നോ അവരുടെ തുണി കഴുകില്ലെന്നോ അവർക്കായി സേവനങ്ങൾ ചെയ്യില്ലെന്നോ ദലിതർ പറയുന്നുണ്ടോ .സവർണ്ണർ അമ്പലത്തിൽ കയറരുത് ,അമ്പല തറയിൽ ഇരിക്കരുത്,ബസ്റ്റോപ്പിൽ ഇരിക്കരുത് ,സർക്കാർ ഓഫീസിൽ കയറരുത് കോടതിയിൽ കയറരുത് എന്നൊക്കെ ദലിതർ പറയുന്നുണ്ടോ .റേഷൻ കടയിൽ സാധനം വാങ്ങാൻ വന്നാൽ സഞ്ചിയും പൈസയും ദൂരെ വെച്ച് മാറി നിന്നോളണം എന്ന് സവർണ്ണരോട് ദലിതർ പറയുന്നുണ്ടോ .ഞങ്ങളുടെ വീട്ടിൽ മരണമുണ്ടായാൽ ഗ്രാമത്തിലെ മുഴുവൻ വീട്ടിലും പോയി ചെണ്ടകൊട്ടി അറിയിക്കണം എന്ന് ദലിതർ സവർണ്ണരോട് പറയുന്നുണ്ടോ .ദലിതർ കൃഷിയിടത്തിലേക്ക് പ്രവേശിച്ചിട്ട് മാത്രം സവർണ്ണർ കയറിയാൽ മതി ,ദലിതർ പൂജ നടത്തുമ്പോൾ സവർണ്ണർ ദൂരെ മാറിനിൽക്കണം എന്ന് ദലിതർ പറയുന്നുണ്ടോ .സവർണ്ണർക്ക് ഒരു വില അല്ലെങ്കിൽ ഒരു പാട്ടം മറ്റുള്ളവർക്ക് മറ്റൊരു വില എന്ന് ദലിതർ പറയുന്നുണ്ടോ .പോസ്റ്റ് ഓഫീസിൽ കയറരുത് ,നിങ്ങടെ കത്തുകൾ ഞങ്ങൾ വീട്ടിൽ വന്ന് കൊടുക്കില്ല എന്ന് ദലിതർ സവർണ്ണരോട് പറയാറുണ്ടോ .നിങ്ങളെ തൊട്ട് ഞാൻ പരിശോധിക്കില്ല എന്ന് ദലിത് ഡോക്ടർ സവർണ്ണരോട് പറയാറുണ്ടോ.
ഞങ്ങൾ കയറിയിട്ട് മാത്രം നിങ്ങൾ ബസ്സിൽ കയറിയാൽ മതി ,പുറകിലെ സീറ്റിൽ മാത്രം ഇരിക്കാൻ പാടുള്ളൂ എന്ന് സവർണ്ണരോട് ദലിതർ പറയാറുണ്ടോ .നിങ്ങൾ ഞങ്ങൾക്കൊപ്പം ഇരിക്കരുതെന്ന് ദലിതർ സവർണ്ണരോട് പറയുന്നുണ്ടോ .നിങ്ങൾ ഞങ്ങൾ പറയുന്ന സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യണം ,അല്ലെങ്കിൽ വോട്ടെ ചെയ്യണ്ട എന്ന് സവർണ്ണരോട് ദലിതർ പറയുന്നുണ്ടോ .ദലിത് പഞ്ചായത്ത് മെമ്പറുടെ മുൻപിൽ സവർണ്ണ പഞ്ചായത്ത് പ്രസിഡന്റ് ഇരിക്കരുത് എന്നോ അല്ലെങ്കിൽ പഞ്ചായത്ത് ഓഫീസിൽ പ്രവേശിക്കുകയോ സർക്കാർ രേഖകളിൽ തൊടുകയോ ചെയ്യരുതെന്ന് ദലിതർ സവർണ്ണരോട് പറയുന്നില്ല .പോളിങ് ബൂത്തിൽ ദലിതർക്കൊപ്പം സവർണ്ണർ നിൽക്കരുതെന്നോ ഞങ്ങൾ വോട്ട് ചെയ്തിട്ട് മാത്രം നിങ്ങൾ വോട്ടു ചെയ്‌താൽ മതിയെന്ന് ദലിതർ സവർണ്ണരോട് പറയുന്നില്ല .ഞങ്ങളുടെ ക്ഷേത്രങ്ങളിൽ സവർണ്ണർ പ്രവേശിക്കരുതെന്നോ ,ഞങ്ങളുടെ മതപരമായ ജാഥകളിൽ നിങ്ങൾ പങ്കെടുക്കരുതെന്നോ ,നിങ്ങളുടെ ജാഥകൾ ഞങ്ങളുടെ ഗ്രാമത്തിലൂടെ പോകരുതെന്നോ ദലിതർ സവർണ്ണരോട് ആവശ്യപ്പെടുന്നില്ല .ഗ്രാമത്തിലെ സ്ത്രീകളുടെ സ്വയം സഹായ ഗ്രൂപ്പുകളിൽ സവർണ്ണ സ്ത്രീകൾ പങ്കെടുക്കേണ്ട ,അഥവാ പങ്കെടുത്താൽ തന്നെ ഞങ്ങൾക്കൊപ്പം ഇരിക്കേണ്ട എന്ന് ദലിതർ സവർണ്ണ സ്ത്രീകളോട് പറയാറില്ല .

മുകളിൽ പറഞ്ഞ മുഴുവൻ കാര്യങ്ങളും ചെയ്യുന്നത് സവർണ്ണർ എന്ന് പറയുന്ന ആളുകളാണ് .അങ്ങേയറ്റം അമാന്യവും മനുഷ്യത്വഹീനവും വൃത്തി കെട്ടതുമായ ഇത്തരം കാര്യങ്ങൾ മുഴുവൻ ചെയ്യുന്ന ആളുകൾ സ്വയം തങ്ങളെ സാംസ്കാരികമായി ”മുന്നോക്കർ ”എന്ന് വിളിക്കുന്നതിന്റെ യുക്തിയില്ലായ്മ തിരിച്ചറിയാത്ത സവർണ്ണരാണ് മറ്റുള്ളവരെ കീഴാളർ അസ്‌പൃശ്യർ എന്നൊക്കെ വിളിക്കുന്നത് .ജാതിവാദിയായ ഒരാൾ സാംസ്‌കാരിക അമേധ്യത്തിൽ മുങ്ങിയ നികൃഷ്ടൻ ആണ് .അവരോളം നാറ്റമോ വൃത്തികേടോ തോട്ടിപ്പണി എടുക്കുന്ന ആളുകൾക്കില്ല . ജാതിയെ അയിത്തത്തെ അസ്‌പൃശ്യതയെ പ്രശ്നവൽക്കരിക്കുന്ന ആളുകളുടെ മേൽ ജാതി അപകർഷത ആരോപിക്കുന്നവർ സ്വയം ചിന്തിക്കുക .ആർക്കാണ് സ്വന്തം പ്രവർത്തിയിൽ ലജ്ജിക്കേണ്ടതും അപമാനിക്കേണ്ടതും എന്ന് .