രാജ്യത്തെ ടെലിഫോണ്‍ ഉപഭോക്താക്കളില്‍ പലരും ഇപ്പോള്‍ സ്മാര്‍ട്ട്‌ഫോണിനെ സ്നേഹിക്കുന്നവരും ആണ്. ആപ്പിള്‍ ഐഫോണും സാംസംഗ് ഗാലക്സി എസ് ത്രീയോ വാങ്ങാന്‍ കാശില്ലാത്തവര്‍ ഇന്ത്യന്‍ നിര്‍മ്മിതമോ അല്ലെങ്കില്‍ ചൈനീസ് സ്മാര്‍ട്ട്‌ ഫോണെങ്കിലും വാങ്ങി തൃപ്തിപ്പെടുന്നവര്‍ ആണല്ലോ. അതായത് കീശക്ക് കനം കൂടി വരുമ്പോള്‍ ഒരു മനുഷ്യന്‍ ആദ്യം വാങ്ങുന്ന സംഗതി ആണ് ആന്‍ഡ്രോയിഡ് പോലുള്ള സ്മാര്‍ട്ട്‌ഫോണുകള്‍. എന്നാല്‍, ഈ സ്മാര്‍ട്ട് ഫോണ്‍ പ്രണയം നിങ്ങളെ അകാലത്തില്‍ വൃദ്ധരാക്കുമെന്നും ലൈംഗിക ബലഹീനത തുടങ്ങിയ ഗുരുതരമായ രോഗാവസ്ഥകളിലേക്ക് കൈപിടിച്ച് നടത്തുമെന്നും പറഞ്ഞാല്‍ അക്കാര്യം ഒന്ന് ശ്രദ്ധിക്കുക തന്നെ വേണം.

മിക്കവാറും യുവാക്കളും കുട്ടികളും ആണ് സ്മാര്‍ട്ട്‌ ഫോണിന്റെ ഉപഭോക്താക്കള്‍. യുവമനസ്സുള്ള വൃദ്ധരുടെ കയ്യിലും ഇപ്പോള്‍ വീതിയും നീളവും കൂടിയ ഫോണുകള്‍ ആണ് കാണാന്‍ കഴിയുക, അവര്‍ക്കതില്‍ ഫോണ്‍ എങ്ങിനെ ചെയ്യാം എന്നറിയുമെന്നല്ലാതെ വേറൊരു ചുക്കും അറിയില്ലെങ്കിലും. എന്നാല്‍ മുകളില്‍ പറഞ്ഞ പോലെ ഇതെല്ലം ഉപയോഗിക്കുന്നതിന് ഒരു പരിധി വേണം എന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്.

സ്മാര്‍ട്ട്‌ ഫോണ്‍ ആവശ്യക്കാര്‍ ഇന്ത്യയില്‍ കൂടുന്നതിനനുസരിച്ചു ഇവരുടെ ആരോഗ്യ പ്രശ്നങ്ങളും കൂടുന്നു എന്നാണ് മെഡിക്കല്‍ രംഗത്തെ വിദഗ്ദര്‍ ചൂണ്ടി കാണിക്കുന്നത്. പത്തു ലക്ഷത്തോളം ആളുകളാണ് ഇന്ത്യയില്‍ സ്മാര്‍ട്ട്‌ ഫോണ്‍ ഉപഭോക്താക്കള്‍ ആയുള്ളത്. ഇവരില്‍ പലരും ദിവസം ശരാശരി ഒമ്പത്-പത്തു മണിക്കൂര്‍ വീതം ഫോണിലേക്ക് തുറിച്ചു നോക്കുന്നവര്‍ ആണ്, ഒരു ആവശ്യവുമില്ലെങ്കിലും. ഐഫോണ്‍ അല്ലെങ്കില്‍ ബ്ലാക്ക്ബെറി പോലുള്ളവയുടെ ഉപയോഗം കാഴ്ച കുറയുന്നതിനും കണ്ണിനു ചുറ്റും ചുളിവുകള്‍ രൂപം കൊള്ളുന്നതിനും കാരണമാവുന്നതായി വിദഗ്ദര്‍ പറയുന്നു.

കൂടാതെ ഒരു കാരണവും ഇല്ലാതെ സ്മാര്‍ട്ട്‌ ഫോണ്‍ സ്ക്രീനിലേക്ക് തുറിച്ചു നോക്കുന്നത് തങ്ങളുടെ ത്വക്കിന്റെ തിളക്കം തന്നെ നഷ്ടപ്പെടാന്‍ ഇടയക്കുമെത്രേ.

സ്മാര്‍ട്ട്‌ ഫോണിലെ കൂടിയ റേഡിയേഷന്‍ ഉണ്ടാക്കുന്ന അപകടങ്ങള്‍

ഇത്രയും പറഞ്ഞത് ത്വക്കിന്റെ മാത്രം കാര്യം. ഇനി പറയാനുള്ളത് സ്മാര്‍ട്ട്‌ഫോണിലൂടെയുള്ള അധിക റേഡിയേഷന്റെ കാര്യമാണ്. സാധാരണ ഫോണുകളെക്കാള്‍ 2.5 മടങ്ങ് കൂടുതല്‍ റേഡിയേഷനാണ് ഇവ പുറപ്പെടുവിക്കുന്നത്. ഇത് ബ്രയിന്‍ ട്യൂമര്‍, അകാല വാര്‍ദ്ധക്യം, ലൈംഗിക ബലഹീനത എന്നിവയ്ക്കും കാരണമായേക്കാമെന്നാണ് വിദഗ്ധ ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നത്.

വൈദ്യശാസ്ത്ര രംഗത്തെ വിദഗ്ദരെ പോലെ തന്നെ സ്മാര്‍ട്ട്‌ ഫോണ്‍ കമ്പനികളും ഈ അപകടത്തെ കുറിച്ച് മുന്നറിയിപ്പ്‌ നല്‍കാറുണ്ട്. സാധാരണയായി ബ്ലാക്ക്ബെറി അവരുടെ മൊബൈലുകള്‍ 26mm അകലത്തില്‍ ഉപയോഗിക്കുവാന്‍ ആണ് നിഷ്കര്‍ഷിക്കാറുള്ളത്. ആപ്പിളാവട്ടെ 16mm ഉം. ഇതൊക്കെ ആയിട്ടും നമ്മുടെ സ്വന്തം സ്മാര്‍ട്ട്‌ ഫോണ്‍ ഉപഭോക്താക്കള്‍ ആളുകളെ കാണിക്കുവാന്‍ ആയിട്ട് ഇരുപത്തിനാലു മണിക്കൂറും അത് ചെവിയില്‍ വെച്ചു തന്നെ നടക്കാറ്.

Advertisements