ഒരാളു വീണുകിടന്നാൽ, ഒരു കൈ കൊടുത്തെണീപ്പിക്കുവാനും കൈവിരലുപിടിച്ച് നടത്തിപ്പിക്കുവാനും ഞങ്ങൾ ജാതിനോക്കാറില്ല

31

Smitha Rajesh

മലപ്പുറം ഡാ!!!
സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് ഗർഭിണിയായ ആന ചരിഞ്ഞ സംഭവത്തില്‍ അതിയായ ദുഃഖവും മനുഷ്യരുടേതു മാത്രമല്ലാ,മറ്റു ജീവജാലങ്ങളുടേതു കൂടിയാണീ ലോകമെന്ന തിരിച്ചറിവില്ലായ്മ പകർന്ന ചില പാളിച്ചകളിലുള്ള ധാർമ്മികരോഷവും രേഖപ്പെടുത്തുന്നതിനൊപ്പം ചില കാര്യങ്ങളുംകൂടെ ഇവിടെ പറയണമെന്നു കരുതുകയാണ്.

ആനക്കെതിരായ അതിക്രമം യഥാര്‍ത്ഥത്തില്‍ പാലക്കാട്ജില്ലയിലെ മണ്ണാര്‍ക്കാട് ഫോറസ്റ്റ് ഡിവിഷന് കീഴില്‍ കോട്ടോപ്പാടം പഞ്ചായത്തിലെ അമ്പലപ്പാറ എന്ന സ്ഥലത്താണ് നടന്നിട്ടുള്ളത്. അതേസമയം ഗര്‍ഭിണിയായ ആനയ്ക്ക് അറിഞ്ഞുകൊണ്ടല്ലാ സ്ഫോടകവസ്തു നിറച്ച് നല്‍കിയതെന്നും കൈതച്ചക്കാകര്‍ഷകര്‍ വന്യമൃഗങ്ങള്‍ക്കെതിരെ സ്ഥാപിച്ച പ്രതിരോധസംവിധാനത്തില്‍ നിന്നാണ് അപകടം സംഭവിച്ചതെന്നും അധികൃതര്‍ അറിയിച്ചുകഴിഞ്ഞിരിക്കുന്നു.. ആനയ്ക്ക് സംഭവിച്ച ദുരന്തത്തില്‍ വര്‍ഗ്ഗീയമായ ഒരു കാരണവുമില്ലെന്നും പൊലീസും വനംവകുപ്പും കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അറിയാൻ കഴിഞ്ഞിട്ടുമുണ്ട്. ദുരന്തം സംഭവിച്ചതറിഞ്ഞയുടൻതന്നെ ആനയെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും രക്ഷാശ്രമം വിഫലമായിമാറുകയായിരുന്നു😔.ആന ചരിഞ്ഞ ദിവസത്തെക്കുറിച്ചും വ്യാജപ്രചരണം നടന്നുകൊണ്ടിരിക്കുന്നുണ്ട്. എന്നാൽ, വാസ്തവത്തിൽ ഇക്കഴിഞ്ഞ മാസം 27ാം തീയ്യതിയാണ് ആന ചരിഞ്ഞത്.

അതിനോടനുബന്ധമായി, സംഭവം നടന്നത്‌ മലപ്പുറം ജില്ലയ്ക്കുള്ളിലാണെന്ന് തെറ്റിദ്ധരിച്ചുകൊണ്ട്, മലപ്പുറം വർഗ്ഗവിദ്വേഷപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് കുപ്രസിദ്ധി കേട്ട ജില്ലയാണെന്ന ആരോപണങ്ങളാണ് ഇപ്പോൾ ദേശീയവൃത്തങ്ങളിൽ നിന്നും ഉയർന്നുകേൾക്കുന്നത്.മലപ്പുറംജില്ല ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പേരുകേട്ട സ്ഥലമാണെന്നും മലപ്പുറത്തുകാര്‍ റോഡിലേക്ക് വിഷം എറിഞ്ഞ് 300 മുതല്‍ 400 വരെ പക്ഷികളേയും നായ്ക്കളേയും ഒറ്റയടിക്ക് കൊന്നിട്ടുണ്ടെന്നുമടങ്ങുന്ന വംശീയ വിദ്വേഷപ്രചരണമാണ് ട്വിറ്ററിലും ദേശീയവാര്‍ത്താഏജന്‍സിയായ എ.എന്‍.ഐക്ക് നല്‍കിയ അഭിമുഖത്തിലും ശ്രീമതി. മേനകാഗാന്ധി നടത്തിയത്. മേനകാഗാന്ധിയുടെ ഈ പരാമര്‍ശത്തിനെതിരെ വ്യാപകപ്രതിഷേധമിപ്പോൾ ഉയരുന്നുണ്ടെങ്കിലും ചില കുഞ്ഞുവലിയകാര്യങ്ങൾ, ഞങ്ങൾ മലപ്പുറം ജില്ലക്കാരെങ്കിലും…. ഓരെ ഓർമ്മിപ്പിക്കാതെങ്ങനെ?ല്ലേ? “മർത്ത്യനെ അവന്റേതാം മാർഗ്ഗത്തിൽ ചേർക്കാൻ പുത്തനാമൊരു പള്ളി തീർക്കാൻ ” ഒരുങ്ങിയവരാണ് ഞങ്ങള് മലപ്പുറത്തുകാരെന്ന് ങ്ങക്കറിയ്വോ കൂട്ടരേ?
എന്നാലതെവിടെ തീർത്തു ?

” പൊള്ളുമാ മണൽക്കാട്ടിലല്ല,
മാളികപ്പുറത്തല്ല, മാനവഹൃദയത്തിൽ!”…..❤
നോക്കണേ പൂരം!

ഞങ്ങൾ തോളോടുതോൾ ചേർന്നുനിന്നുകൊണ്ട്, ജിഹാദിയും കാഫിറുമായി കൂറും പെരുമയും വച്ചുപോറ്റിക്കൊണ്ട്, സുഖദുഃഖങ്ങൾ ഒരുപോലെ പങ്കിടാൻ ഒപ്പം തോളിൽക്കൈയിട്ടു നടന്നുകൊണ്ട്,മലപ്പുറത്തിന്റെ സ്വന്തം നൈസ്പത്തിരിയും പോത്തിറച്ചിയും തരിക്കഞ്ഞിയും അരീരപ്പലഹാരവും പിന്നെ കേയ്ക്കും വെള്ളപ്പവും താറാവുറോസ്റ്റും അച്ചപ്പവും കുഴലപ്പവും ഏറ്റുവാങ്ങി പകരം ഉണ്ണിയപ്പവും കായനുറുക്കും ശർക്കരയുപ്പേരിയും ചക്കവറുത്തതും പരിപ്പുപ്രഥമനും സന്തോഷത്തോടെ തിരിച്ചു കൈമാറി ഭുജിച്ചുകൊണ്ട്, യാതൊരുവിധ സ്പർദ്ധയുമില്ലാതെ ഉളളതുകൊണ്ടോണം / പെരുന്നാൾ / ക്രിസ്തുമസ് പോലെ കഴിഞ്ഞുകൂടുന്നോരാണെന്നറിയുമ്പോൾ.

ഒരാളു വീണുകിടന്നാൽ, ഒരു കൈ കൊടുത്തെണീപ്പിക്കുവാനും കൈവിരലുപിടിച്ച് നടത്തിപ്പിക്കുവാനും ഞങ്ങൾ ജാതിനോക്കാറില്ല, അടിവസ്ത്രമഴിപ്പിച്ച് സുന്നത്ത് ബോധ്യപ്പെടുത്താറുമില്ലാ എന്നൊക്കെ അറിയുമ്പോൾ .ഞങ്ങൾ പച്ചമനുഷ്യരും മനുഷ്യസ്നേഹികളുമാണെന്ന് അശനിപാതം പോലെ കേട്ടറിയുമ്പോൾ ….

ങ്ങക്കങ്ങ്ട് പൊള്ളിപ്പിടയ്ണ് ണ്ടല്ലേ?
അയിന്റൊക്കെ ഈർഷ്യ ങ്ങക്ക്ണ്ടല്ലേ?
അങ്ങനെ ഞങ്ങളെ തമ്മിലടിപ്പിക്കാൻ ങ്ങള് കൊറേ പുളിക്കും.
ന്നാലും നടക്കൂലാട്ടോ..
ഇത് കേരളാ മ്പ്രാക്കളേ! ഞങ്ങടെ കൊമ്പുള്ള കേരളം!!🌹
ങ്ങക്കറിയ്വോന്നറിയില്യാ..
സമൂഹത്തിലെ പാവപ്പെട്ട തൊഴിലാളികൾക്കൊപ്പം – പണ്ട് …
ജീവിതത്തിന്റെ ചതുപ്പുനിലങ്ങളിൽ,
പാദരക്ഷ ധരിക്കാതെ, നെഞ്ചത്തുശിരും ആത്മവിശ്വാസവുമേന്തി വലംകൈയിൽ അരിവാളും ഇടംകൈമുഷ്ടി പൊക്കി ഇങ്ക്വിലാബും വിളിച്ച്, ഞങ്ങടെ പൊന്നുസഖാവ് കൃഷ്ണപ്പിള്ളയെപ്പോലുള്ള പൂർവ്വവിപ്ലവസൂരികളുടെ പ്രയത്നഫലമായി…..
ഈ കേരളക്കരയാകെ മാറ്റിമറിച്ച….
ആ ചുവചുവപ്പൻ പുലരികളുടെ സ്വാധീനത്താൽ …
ഏത് കുടിലകുന്നായ്മവർഗ്ഗീയദുശ്ശക്തികൾക്കും ഞങ്ങടെ സ്വന്തം മലയാളക്കരയുടെ ഏഴയലത്തുപോലും സ്പർശിക്കാനാവാതെ,
അതിന്റെ ഉന്നതമായ ഏകാകാശത്തോളമുയർന്ന്… ഞങ്ങൾക്കൊക്കെ നിത്യം കാവലാളും സംരക്ഷകനുമായി…
പാറിപ്പറക്കുന്ന ഒരു ” ചെങ്കൊടി “യുടെ ഉജ്ജ്വലചരിത്രമുള്ളത് … ങ്ങളെ …
ങ്ങളെ അങ്ങ്ട് നീറ്റിപ്പിക്കുന്നല്ലേ ???
ഇത്തരം വിഷവാക്കുകൾ (താഴെ വീഡിയോ ഉണ്ട് ) പാറ്റാതിരിക്കാനെങ്കിലും
കുറഞ്ഞപക്ഷം, ‘മോന്തകോണക’മൊന്ന്ധരിച്ചാലും !..
കൊമ്പുള്ള കേരളത്തിൽനിന്നും
മലപ്പുറം ഡാ!!..