അത് പ്രാപ്യമാക്കാനനുവദിക്കാത്ത നമ്മുടെ വിദ്യാഭ്യാസസമ്പ്രദായം അതിനുത്തരവാദി തന്നെയാണ്

17

 Smitha Rajesh

വളാഞ്ചേരി ഇരിമ്പിളിയത്തിന്റെ മരുമകളായി വന്ന്, നിർമ്മലമായ ആ ഗ്രാമാന്തരീക്ഷത്തെ ഒന്നെടുത്തോമനിക്കാൻ തോന്നിയവളാണ് ഞാൻ. ഇത്രമാത്രം ശാന്തമായ പച്ചപ്പടർപ്പുകളെ, ഊയലാടുന്ന വള്ളിക്കൂട്ടങ്ങളെ, ഇല്ലിപ്പടികളെയൊക്കെക്കണ്ട് വിസ്മയിച്ച ഒരു ബഹളക്കാരിയുമാണ് അന്നേ ഞാൻ! തൂതപ്പുഴവക്കത്തേക്ക് തണുതെന്നലേറ്റ് കൈകോർത്തുകൊണ്ട് ഞങ്ങൾ പോയിരുന്ന ആ സായന്തനങ്ങളെ ഇപ്പോൾ ഓർമ്മവരുന്നു..❤ഇരുവശമുള്ള മുൾവേലികൾക്കപ്പുറം ശീമക്കൊന്ന, മൈലാഞ്ചി, കമ്യൂണിസ്റ്റ് പച്ച, പുളി, അരളി, മാവ്, ചെമ്പരത്തി, കോളാമ്പി …. ഇത്യാദി ഹരിതഭംഗികളൊക്കെ യഥേഷ്ടമാസ്വദിച്ച് …പുളി, മാവ്, അരളി കരിയിലകളെ ചവിട്ടിപ്പറത്തി .

ഒരു പ്രേമപ്പാട്ടിനെ ചുണ്ടത്തങ്ങനെ ആലോലമാട്ടിക്കൊണ്ട്.വീട്ടുകാർക്കും നാട്ടുകാർക്കും പ്രിയംവദയായി,ഏറ്റം ആഹ്ലാദഭരിതയായ വധുവായി ഞാനവിടെക്കഴിഞ്ഞുകൂടി.ഇരിമ്പിളിയത്തിന് മൊത്തം ഒരായൂർവ്വേദമണമാണെന്ന് അന്നൊക്കെ എനിക്കു തോന്നിയിരുന്നു .. പെരുമകേട്ട പാരമ്പര്യവൈദ്യന്മാരുടെ കൂടി നാടാണത് !എന്തുമാത്രം നന്മയുള്ള ജനങ്ങളാണെന്ന്, പരിചയപ്പെട്ട ഓരോരുത്തരെ കണ്ടും അറിഞ്ഞും പതിയപ്പതിയെ ബോധ്യപ്പെടുകയും ചെയ്തു… ഒരു വയ്യായ്ക വന്നാൽ, ഒരു കൂരയിലെ അടുപ്പത്ത് തീ പുകയാഞ്ഞാൽ, ഒരു പൂച്ച പെറ്റാൽ, ഒരു പുത്തൻ സാരിയെടുത്താൽ, ഒരു കല്യാണം കുറിച്ചാൽ, അതിന്റേതായ ഒരുക്കങ്ങൾ തുടങ്ങിയാൽ, ഒരു പ്രസവം നടന്നാൽ, ഒരു മുറ്റപ്പണി നടന്നാൽ… എന്തിന്? ആദ്യായിട്ടുള്ള പെണ്ണുകാണൽച്ചടങ്ങിന് ചായ കൂട്ടാൻ വരെ അവിടെ, മുസ്ലീങ്ങളും ഹിന്ദുക്കളുമടങ്ങിയ നാട്ടുകാരുടെ സജീവ സ്നേഹസാന്നിദ്ധ്യമുണ്ടായിരുന്നു … ഇപ്പോളുമതേ!.

അപ്പോൾ അങ്ങനെ സ്നേഹസൗഹാർദ്ദമുള്ള ഒരു നാട്ടിലാണ് ദേവികയെന്ന ഒമ്പതാം ക്ലാസ്സുകാരി പെൺകുട്ടി തീ കൊളുത്തി ആത്മഹത്യ ചെയ്തിരിക്കുന്നത്!😥പഠിത്തത്തിൽ മിടുമിടുക്കിയായ ദേവിക, സ്ക്കൂളിന്റേയും നാടിന്റെ തന്നെയും കണ്ണിലുണ്ണിയായിരുന്നത്രേ!. കേടായ ടി വി യെപ്പറ്റിയും ഓൺലൈൻ ക്ലാസ്സ് ലഭ്യമാകാത്ത സാഹചര്യത്തെപ്പറ്റിയും അവൾ സങ്കടത്തോടെ വീട്ടുകാരോടും പ്രിയപ്പെട്ട അദ്ധ്യാപകരോടും സൂചിപ്പിച്ചിരുന്നുവത്രേ! വേണ്ടപ്പെട്ട അദ്ധ്യാപകരും ഹെഡ്ടീച്ചറും ചേർന്ന് ദേവികയോടും അവളുടെ മാതാപിതാക്കളോടും അതിലൊട്ടും ആശങ്ക വേണ്ടതില്ലെന്നും ഇത് കേവലം ട്രയൽ ക്ലാസ്സാണെന്നും ഈ ക്ലാസ്സുകൾ ഇനിയുമാവർത്തിക്കുമെന്നും ടി.വിക്കാര്യം തീർച്ചയായും പരിഹരിച്ചുതരുമെന്നും കൂടി ഉറപ്പുനല്കിയിരുന്നു .. (അച്ഛനുമമ്മയും അത് സമ്മതിക്കുന്നുമുണ്ട്.) സാമ്പത്തികമായി ഏറെ പിന്നോക്കാവസ്ഥയിലുള്ളവർക്ക് പഠനത്തിനുവേണ്ടി സാമ്പത്തികസഹായം ലഭ്യമാക്കാനുതകുന്ന BRC ലിസ്റ്റിൽ പതിനാറാമത്തെ പേര് ദേവികയുടേതുമായിരുന്നു!

നല്ലവരായ നാട്ടുകാരുടെ സർവ്വ പിന്തുണകൾ കൂടി ആ കുട്ടിക്കുണ്ടായിരുന്നു .എന്നിട്ടും ബുദ്ധിമതിയായ ആ പെൺകുട്ടി ആത്മഹത്യ ചെയ്തതെന്തേ?ഈയവസരത്തിൽ, ആത്മാഹുതിയിലൂടെ ലോകത്തോട് വിടപറഞ്ഞ, മദ്രാസ് ഐ ഐ ടി യിലെ വിദ്യാർത്ഥിനിയും സമ്പന്നയും മുമ്പ് പ്രവാസിബാലികയും കൂടിയായിരുന്ന ഫാത്തിമാ ലത്തീഫിനേയും കൂടെ പരാമർശിക്കേണ്ടതുണ്ട് എന്നുതോന്നുന്നു..
പ്രവാസിക്കുട്ടികളെക്കുറിച്ച് എനിക്ക് പൊതുവായൊരു കാഴ്ചപ്പാടുണ്ട്. എന്നാൽ ഏവരും ഇങ്ങനെത്തന്നെയാണ് എന്നർത്ഥവുമാക്കരുത്.Cockroach, Spider, Lizard…. ഇത്യാദിയെക്കാണുമ്പോൾ … “ഡാഡാ” ന്നും വിളിച്ച് ചീറിക്കരയുന്ന ഒരു തരം ജീവിവർഗ്ഗത്തിൽ ഇവരെപ്പെടുത്താം.. ശക്തമായ മഴയെ ഇവർക്ക് ഭയമാണ്!ഗസ്റ്റുകൾ വരുന്നതോ കൂടുതൽ സമയമവർ ഫ്ലാറ്റിൽ ചെലവഴിക്കുന്നതോ അസഹ്യം!ഡാഡ, മമ്മ, ബ്രോ / സിസ് ….ഇവരിലേക്ക് മാത്രം അവർ കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നു. സ്ക്കൂളിൽ ഫ്രണ്ട്സ് ഉണ്ടെങ്കിലും ഒരുതരം പ്ലാസ്റ്റിക്സൗഹൃദമെന്നേ അതിനെ പറയാവൂ. അത്ര പ്രസക്തമല്ലാത്ത ഏതൊരു ആവശ്യംകൂടെ ഇവർക്ക് പേരന്റ്സ് താമസിയാതെ നിറവേറ്റിക്കൊടുക്കുന്നുമുണ്ട്. അത് ഫുഡിന്റെ, ഐസ്ക്രീം ബ്രാൻറിന്റെ, ചോക്ക്ലേറ്റിന്റെ, പോകേണ്ട റെസ്റ്റോറന്റിന്റെ, മാളിന്റെ, ഡ്രസ്സിന്റെ, ആഢംബരവസ്തുവിന്റെതന്നെ കാര്യമാകട്ടെ – അതങ്ങു പറഞ്ഞപോലെ സമയംകളയാതെ സാധിച്ചുകൊടുക്കുകയാണ്.( എന്നെയതിനു കിട്ടില്ലാട്ടോ.)കുഞ്ഞുങ്ങൾ അച്ഛനമ്മമാരുടെ സാമ്പത്തികപരാധീനതകളറിയുന്നില്ല, വീട്ടുജോലിയിൽ ആവും വിധത്തിൽ അവർ പങ്കാളികളാകുന്നുമില്ല.എന്നാലവർക്ക് , ഏത് രാജ്യക്കാരോടും പച്ചവെള്ളം പോലെ നല്ല ഇംഗ്ലീഷ് പറയാനറിയാം… ഡാൻസറിയാം…പാട്ടറിയാം. .. ചിത്രം വരയ്ക്കാനും നന്നായി പഠിക്കാനുമറിയാം .

എന്നാൽ ഒരേയൊരു കാര്യം മാത്രം അവരുടെ വിദ്യാഭ്യാസം അവർക്കു നല്‌കുന്നില്ല .. അത് മിസ്സിംഗാണ് – അതിന്റെ പേരാണ് ‘ഇമോഷണൽ ഇൻറലിജൻസ് ‘! ഏത് വെയിലത്തും തളരാതെ, ഏത് പ്രതിസന്ധികളേയും ധൈര്യപൂർവ്വം നേരിട്ട് അഥവാ പൊരുതിത്തോല്പിച്ച് ശുഭപ്രതീക്ഷയോടെ അതിജീവിക്കേണ്ടതുണ്ട് എന്ന ഏറ്റം മഹത്തായ വിദ്യ അവർക്ക് ലഭിക്കുന്നില്ല എന്നുതന്നെ വേണം പറയാൻ. പ്രൈമറിക്ലാസ്സുമുതലേ, ഈ ഇമോഷണൽ ഇൻറലിജൻസ് , കുഞ്ഞുങ്ങൾക്ക് പ്രാപ്‌തമാക്കാനുതകുന്ന ഒരു പഠനത്തിന് തുടക്കമിടണം എന്നുതന്നെ എന്റെ പക്ഷം. അല്ലെങ്കിൽ സ്വന്തം കുടുംബത്തിൽ നിന്നുതന്നെ, പ്രത്യേകിച്ചും നമ്മുടെയൊക്കെയും പ്രഥമ അദ്ധ്യാപികയായ അമ്മയിൽനിന്നും കുഞ്ഞുങ്ങൾക്കിത് സ്വായത്തമാക്കാനാകണം .. സ്വയംപര്യാപ്തതയുടെ, പ്രായോഗികതയുടെ, ആത്മധൈര്യത്തിന്റെ ബാലപാഠങ്ങൾ കൂടി മാതൃമൊഴികളായി ഇവ്വിധം കുഞ്ഞുകർണ്ണങ്ങളിലേക്കെത്തേണ്ടതുണ്ട്.ചെവിയുടെ വലുപ്പം കൂടുന്തോറും മാതൃമൊഴികൾക്ക് കൂടുതൽ കാമ്പും കാതലുമുണ്ടാകണം.ആത്മഹത്യകൾക്കു പിറകെയുള്ള രാഷ്ട്രീയ,വർഗ്ഗീയ, ആഭ്യന്തരകാര്യങ്ങളിലേക്ക് ഞാൻ കടക്കുന്നില്ല .. ഇമോഷണൽ ഇന്റലിജൻസ് ,നിങ്ങളുടെ കുട്ടിക്ക് യഥാക്രമം ലഭ്യമായിട്ടുണ്ടെങ്കിൽ – ഇതിനെയൊക്കെ തരണം ചെയ്യാനാവുമെന്നുതന്നെ എന്റെ വിശ്വാസം! Lack of imotional intelligence ആണ് പ്രവാസിവിദ്യാർത്ഥികൾ നേരിടുന്ന മഹാമാരിയും!.

നമ്മെയൊക്കെ വ്യസനത്തിലാഴ്ത്തിക്കൊണ്ട് കടന്നുപോയ, ഇരിമ്പിളിയം മങ്കേരിയിലെ ദേവികക്കുട്ടിയിലും ഞാനത് പ്രകടമായി കാണുന്നുണ്ട്. വിദ്യാഭ്യാസമില്ലാത്ത കുടുംബത്തിന് അവൾക്കത് സാധ്യമാക്കാൻ ഒരുപക്ഷേ സാധിച്ചില്ലായിരിക്കും.. എന്നാൽ അത് പ്രാപ്യമാക്കാനനുവദിക്കാത്ത നമ്മുടെ വിദ്യാഭ്യാസസമ്പ്രദായം അതിനുത്തരവാദി തന്നെയാണ്.കവി കടമ്മനിട്ടയുടെ ‘കോഴി’യെപ്പോലുള്ള ഒരമ്മയോ ഒരദ്ധ്യാപികയോ നമ്മുടെ കുഞ്ഞുങ്ങൾക്കുണ്ടാകേണ്ടതുണ്ട്.പ്രതിബന്ധങ്ങളോട് കൊത്തിപ്പോരാടി, പറന്ന് സുരക്ഷിതമായൊരിടം തേടാൻ ഓരോ കുഞ്ഞിനുമാകട്ടെ!കണ്ണുതുറന്നു കാണാനും കാതു കൂർപ്പിച്ച് കേൾക്കാനും വായിക്കാനും പഠിക്കാനും ചിന്തിക്കാനും അന്ധമായി അനുകരിക്കാതിരിക്കാനും സ്വപ്നം കാണാനും കൂടി നമ്മുടെ കുഞ്ഞുങ്ങൾ പഠിക്കേണ്ടതുണ്ട്..
അതിനൊരുൾക്കണ്ണുണ്ടാക്കിക്കൊടുക്കുക വിദ്യാഭ്യാസത്തിന്റെ ആത്യന്തികലക്ഷ്യവുമാകണം.കോഴിയമ്മ തന്റെ മക്കളെ പഠിപ്പിച്ചതുപോലെ,”കണ്ണിലെപ്പൊഴും കത്തിജ്ജ്വലിക്കും ഉൾക്കണ്ണുവേണമണയാത്ത കണ്ണ് !”കുഞ്ഞേ, മാപ്പ്! നിനക്കത് പകർന്നുതരാൻ ഞങ്ങൾ മറന്നുപോയിരിക്കുന്നു .

Advertisements