Trans മലയാളി സമൂഹം കണ്ടിരിക്കേണ്ട മികച്ച മൂവി!!!

0
275
Smitha Xavier
Trans മലയാളി സമൂഹം കണ്ടിരിക്കേണ്ട മികച്ച മൂവി !
കൂട്ടുകാർ മുൻവിധികളില്ലാതെ കാണാൻ വേണ്ടിയാണ് first show കണ്ടിറങ്ങിയെങ്കിലും പ്രത്യേകിച്ചൊന്നും പറയാതെ വിട്ടത്. ഇപ്പോൾ തലങ്ങും വിലങ്ങും reviews ഇറങ്ങുന്ന സ്ഥിതിക്ക്‌, ആദ്യ കാഴ്ചയിൽ എന്റെ മനസ്സിലൂടെ കടന്നുപോയ ചിന്തകൾ പങ്കുവയ്ക്കുകയാണ്.
തുടക്കത്തിൽ തന്നെ പറയട്ടെ, ധാരാളം വായിക്കുകയും കുറച്ചൊക്കെ എഴുതുകയും ചെയ്യുന്ന ഏതൊരാളും വസ്തുവിനെയോ വസ്തുതയെയോ അതിന്റെ അകക്കാമ്പിൽ നിന്ന്‌ പുറത്തേക്കാണ് വീക്ഷിക്കാറ്. അല്ലാത്തവരെ സംബന്ധിച്ചിടത്തോളം അത്‌ പുറന്തോടിൽ മാത്രമായി ഒതുങ്ങുന്നു. അനുഭവങ്ങളിൽ നൈമിഷികമായി കണ്ണിചേരുകയും കണ്ണടച്ച് കടന്നുപോവുകയും ചെയ്യുക എന്നത്‌ ബഹുസ്വരമായ ഇന്നിന്റെ അന്തരീക്ഷത്തിൽ അധികം ഊർജ്ജനഷ്ടമില്ലാതെ കാലം കഴിക്കാനുള്ള എളുപ്പവഴികൂടിയാണ്.
Trans എന്ന ടൈറ്റിൽ നാളുകൾക്കുമുന്നേ കേൾക്കാൻ തുടങ്ങിയതാണ്. അപ്പോഴെല്ലാം ഫ്രാൻസ് കാഫ്ക 1915 ഇൽ എഴുതിയ നോവെല്ല ‘la metamortosi’ (രൂപാന്തരീകരണം) മനസ്സിലേക്ക് ഇരച്ചുകയറി വരും. ഒരു transformation! ഫഹദിന്റെ മൂവി ആയതുകൊണ്ട് മാറ്റം ബാഹ്യമല്ല തികച്ചും ആന്തരികം തന്നെയായിരിക്കുമെന്ന് പ്രതീക്ഷയർപ്പിച്ച് കാത്തിരുന്നു.
പ്രതീക്ഷ തെറ്റിയില്ല. കാഫ്കയുടെ ഗ്രിഗോർ സാംസ വീണ്ടും കയറിവന്നു. ഒരു പുലർച്ചെ ഉണർന്നെണീക്കുമ്പോൾ ക്ഷുദ്രകീടമായി പരിണമിക്കുന്ന കഥാപാത്രം. പുതിയ അവസ്ഥയോടു പൊരുത്തപ്പെടാനാവാതെ സ്വന്തം വ്യക്തിത്വം അന്വേഷിക്കുന്നതിന്റെ ദൈന്യത വായനക്കാരനെ ഭ്രാന്തിന്റെ അതിര്വരമ്പിലെത്തിക്കുന്നു!
ഫഹദിന്റെ വിജു പ്രസാദ്, ജഗതി ഏതാനും സീനുകളിൽ അവതരിപ്പിച്ച് മനംകവർന്ന praise the lord, ഹല്ലേലൂയ്യയുടെ മുഴുനീള പകർത്തെഴുത്തായിരുന്നു. ആദ്യപകുതി ഒരു പരിവർത്തനത്തിന്റെ പ്രത്യാശ നൽകി ഉണർവോടെ മുന്നേറി. സ്‌ക്രീനിൽ നിന്ന്‌ ഭ്രാന്തിന്റെ തരികൾ പ്രേക്ഷകരിലേക്കും പകരുന്നിടത്ത് ഇടവേള !!!
ലൗ വരച്ച കോഫി നുകർന്ന് കാരാമൽ പോപ്കോണും ചവച്ച്, കണ്ടതിന്റെ തുടർച്ചയ്ക്കും ത്രസിപ്പിക്കുന്ന ക്ലൈമാക്സിനുമായി ആവേശനിർഭരമായ കാത്തിരിപ്പ്! ചുണ്ടിൽ എരിയുന്ന സിഗരറ്റും കിടിലം ലുക്കുമായി പോസ്റ്ററിൽ മനംകവർന്ന നസ്രിയയെ കാണാനുള്ള ഉൾത്തുടിപ്പ് വേറെ! ജീവിതത്തിൽ പ്രാപ്യമല്ലാത്തത് കണ്ടും വായിച്ചും ആത്മരതിയടയുന്ന സഹൃദയ താദാത്മ്യപ്പെടലോഫീലിയ തലയ്ക്കു പിടിച്ച് ഇളക്കാൻ തുടങ്ങിയ നിമിഷങ്ങൾ !!!
തുടർച്ച കാത്തിരുന്നിടത്ത് ആവർത്തന വിരസതയായിരുന്നു ഫലം. കണ്ടതിന്റെ തന്നെ ഉച്ചസ്ഥായി! മതം എന്ന സ്ഥാപനം വെറും കച്ചവടമല്ലെന്നും ആഗോള മാഫിയയുടെ കയ്യിലെ തുറുപ്പ് ചീട്ടാണെന്നും വേദപുസ്തകം തുറന്നുവച്ച് ഉറക്കെ വായിക്കുകയാണ്. സഹസ്രാബ്ധങ്ങളായി കുത്തിവയ്ക്കപ്പെട്ട പാപബോധത്തിൽ നിന്നും മോചനം സാധ്യമല്ലാത്ത വിശ്വസിസമൂഹം കഴുത തന്നെ! കഴുതകൾ കേൾക്കാൻ ഉന്മാദത്തിന്റെ സംഗീതം ഉറക്കെയുറക്കെ പാടി അവരെ മയക്കത്തിലാക്കുന്ന നവീനത്വം അവകാശപ്പെടാവുന്ന ഷോട്ടുകൾ.
നസ്രിയയുടെ എൻട്രി തരക്കേടില്ല. Cute and smart ആയ നസ്രിയയിൽ നിന്ന്‌ തികച്ചും bold ആയ കഥാപാത്രം മറനീക്കി പുറത്തുചാടുന്നത് കാത്തു കാത്തിരുന്നു കോട്ടുവായിടേണ്ടിവന്നു.
സ്ത്രീ ഉപഭോഗവസ്തു എന്നതിനപ്പുറം തികച്ചും അപ്രസക്തമായ – ചില ആണിടങ്ങളുടെ ഓർമ്മപ്പെടുത്തൽ മാത്രമായി എസ്ഥേർ ലോപ്പസ് ചുരുങ്ങുന്നു. പോസ്റ്ററിനും crowd pulling നും വേണ്ടിമാത്രം സൃഷ്ടിക്കപ്പെട്ട അവശകഥാപാത്രം.
തുടക്കം മുതൽ ഒടുക്കം വരെ എല്ലാം ഫഹദ് മയം. അതിൽ അലോസരപ്പെടാൻ ഒന്നുമില്ല. ഒരേയിരിപ്പിന് ഒന്നല്ല ഒൻപത് സിനിമകളെ ഒറ്റയ്‌ക്ക് കൊണ്ടുപോകാൻ range ഉള്ള അപാര അഭിനേതാവാണ് ഫഹദ്. അതിന്റെ സാധ്യതകളും ഉപയോഗിക്കപ്പെടാതെ പോകുന്നു.
വിനായകന്റെ തോമസ് കുട്ടിക്ക്‌ തികച്ചും അപ്രാപ്യമായ ഒരിടത്തേക്ക് അയാളെ വലിച്ചിഴച്ച് കൊണ്ടുപോയി പരിസമാപ്തി കുറിക്കുന്നിടത്ത്, സ്‌ക്രീനിൽ കണ്ട ആയിരക്കണക്കിന് വിശ്വാസികളാണോ ശ്വാസമെടുക്കാതെ സിനിമ കണ്ടിരുന്ന പ്രേക്ഷകരാണോ കഴുത എന്ന ആശയക്കുഴപ്പം അവശേഷിക്കുന്നു.
അറിയാം ഓരോ സർഗ്ഗവൃത്തിയും നീണ്ടകാലത്തെ ഈറ്റുനോവിന്റെ വെളിച്ചപ്പെടലാണ്. അത്‌ സിനിമ എന്ന മാധ്യമത്തിലാവുമ്പോൾ അനേകം പേരുടെ അധ്വാനത്തിന്റെയും ധ്യാനാത്മകതയുടെയും വിളവെടുപ്പ് കൂടിയാണ്. മാധ്യമം ഏതുമായിക്കോട്ടെ, അത്‌ വായിക്കുന്നവരിൽ/ കാണുന്നവരിൽ ഒരു ചിതറപ്പെടലിന്റെയും അടുക്കിവയ്ക്കലിന്റെയും പരിവർത്തനം സൃഷ്ടിക്കാത്തിടത്തോളം ആദാമിന്റെ ആപ്പിൾ പോലെ തൊണ്ടയിൽ കുടുങ്ങും. അകത്തേക്കിറങ്ങില്ല. ഇവിടെ ഒരു ചിതറപ്പെടൽ നടക്കുന്നു. ചേർത്തുവയ്ക്കൽ സംഭവിക്കുന്നില്ല.
കഥയെഴുതിയ വിന്സന്റിനോട് ഒരു വാക്ക്, ഇടയ്ക്കെങ്കിലും എഴുത്തുകാരന്റെ ഓവർ കോട്ട് അഴിച്ചുമാറ്റി പ്രേക്ഷകന്റെ കസേരയിലിരുന്ന് കഥാസന്ദർഭങ്ങൾ രൂപപ്പെടുത്തിയിരുന്നെങ്കിൽ ‘അലക്ഷ്യമായി നിറുത്തിയിട്ട് ‘ പോയ ഫീൽ ഇല്ലാതെ ഞങ്ങൾക്ക് തീയേറ്റർ വിടാമായിരുന്നു.
ഇറങ്ങിയ ദിവസംതന്നെ മലയാളസിനിമയുടെ പ്രതീക്ഷയായ ഒരു നടന്റെ സിനിമയുടെ കുറവുകൾ നിരത്താൻ താത്പര്യമേ ഇല്ലായിരുന്നു. ഒരാഴ്ചകഴിഞ്ഞ് എഴുതാൻ മനസ്സിൽ കുറിച്ചിറങ്ങിയ വാചകങ്ങൾ പിടിവിട്ട് വഴുതിവീണതാണ്.
അതുകൊണ്ട് എടുത്തുപറയട്ടെ #trans കാണപ്പെടേണ്ട ഒരു സിനിമയാണ്. ഉദാത്തവും വ്യപസ്ഥാപിതവുമായി സമൂഹത്തിൽ വേരുപടർത്തിയിരിക്കുന്ന മതം എന്ന സ്ഥാപനത്തിന്റെ പൊളിച്ചെഴുത്ത് തീവ്രമായി നിർവ്വഹിച്ചിരിക്കുന്നു. ബാക്കി ഈ കുറിപ്പിൽ സൂചിപ്പിച്ചതെല്ലാം ഒരു വായനക്കാരിയുടെ കാലിഡോസ്കോപ്പിക് നീരീക്ഷണം മാത്രമാണ്.
ആഗോളീകരണത്തിന്റെ ബ്രോഡ് സ്‌പെക്ട്രത്തിലേക്ക് അനുനിമിഷം വികാസം പ്രാപിക്കുന്ന നവമുതലാളിത്തത്തിന്റെ ഏറ്റവും ലളിതവും അനായാസവുമായ ചൂഷണോപാധിയാണ് വിശ്വാസം എന്ന് ശക്തമായി ബോധ്യപ്പെടുത്താൻ trans നു കഴിയുന്നു. മികച്ച ദൃശ്യാനുഭവം എന്ന നിലയിലും trans പൂർണ്ണവിജയമാണ്.