അബ്ദുസ്സലാം എ.കെ.

പാമ്പ് കടിച്ചതാണെന്ന് കുട്ടികൾ ആണയിട്ടുപറയുമ്പോളും ആണി തറച്ചതാണെന്ന വാദത്തിൽ ഉറച്ചുനിന്ന അദ്ധ്യാപകൻ, സ്വന്തം വാഹനത്തിൽ കുട്ടിയെ അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്. ആണിയാണ് തറച്ചതെങ്കിൽ TT എടുത്ത് മുറിവ് ഡ്രസ്സ് ചെയ്ത് വീട്ടിലെത്തിക്കാം. അതിന് രക്ഷിതാവ് വരുന്നതുവരെ കാത്തിരിക്കേണ്ടതില്ല. ഞങ്ങളുടെ വിദ്യാലയത്തിൽ അങ്ങനെയാണു ചെയ്യാറുള്ളത്. ഞാനറിയുന്ന മറ്റ് വിദ്യാലയങ്ങളിലും അങ്ങനെത്തന്നെയാണ് ചെയ്യാറുള്ളത്. എങ്കിൽ ഡോക്ടറോട് കുട്ടിയ്ക്ക് കാര്യം പറയുവാനും മുറിവ് കണ്ടിട്ട് പാമ്പുകടിയേറ്റതാണെന്ന നിഗമനത്തിലെത്താനും കഴിയുമായിരുന്നു.

ദിവസവേതനക്കാരായ പുതുതലമുറയദ്ധ്യാപകരോട് അവരുടെ ക്ലാസിലെ കുട്ടികൾക്ക് എന്തെങ്കിലും ചെറിയ മുറിവുകൾ പറ്റിയാൽ ആരേയും കാത്തുനില്ക്കാതെ അടുത്തുള്ള ആശുപത്രിയിൽ കൊണ്ടുപോകാനാണ് ഞങ്ങൾ നിർദ്ദശം നല്കിയിട്ടുള്ളത്. നിങ്ങളുടെ സ്വന്തം കുട്ടിയ്ക്ക് ഇത്തരമൊരു അവസ്ഥവന്നാൽ എന്താണോ ചെയ്യാറുള്ളത് അതു ചെയ്യുക. സ്വന്തം കീശയിൽനിന്ന് പണം ചെലവാക്കുകയും അതിനുശേഷം ബില്ല് സ്കൂൾഫണ്ടിൽനിന്ന് ചോദിച്ചുവാങ്ങുകയും ചെയ്യുക. പരിചയക്കുറവുള്ള പുതുതലമുറക്കാർ ചിലപ്പോളെങ്കിലും മറ്റദ്ധ്യാപകരെ കാത്തുനില്ക്കാറുണ്ട്. അത്തരം കാലതാമസംപോലും ഇല്ലാതാക്കാനാണ് ഞങ്ങളുടെ ശ്രമം. സാരമായ എന്തെങ്കിലും പ്രശ്നങ്ങളാണെങ്കിൽ ആശുപത്രിയിൽവെച്ചാണ് ഞങ്ങൾ രക്ഷിതാക്കളെ വിളിക്കാറുള്ളത്.

ആദ്യകാലങ്ങളിൽ ഓട്ടോറിക്ഷയിലായിരുന്നു ഞങ്ങൾ കുട്ടികളെ ആശുപത്രിയിലെത്തിക്കാറുള്ളത്. അദ്ധ്യാപകർ ബൈക്കിൽ വരാൻ തുടങ്ങിയതോടെ ഞങ്ങൾ ഓട്ടോറിക്ഷ ഒഴിവാക്കി. യു.പി.ക്ലാസുകളിൽമാത്രം (ഓടിക്കളിക്കുന്ന പ്രായം) ആയിരത്തോളം കുട്ടികളുള്ള ഒരു സർക്കാർസ്കൂളിന്റെ സാമ്പത്തികസ്ഥിതി ഞങ്ങളെ മോട്ടോർസൈക്കിളിലേക്ക് മാറ്റിക്കയറ്റി. പൂനൂരങ്ങാടിയിലൂടെ പരിക്കുപറ്റിയ കുട്ടിയേയുംകൊണ്ട് ബൈക്കിൽ ഞങ്ങൾ ആശുപത്രിയിലേക്ക് പോകുമ്പോൾ അങ്ങാടിയിലുള്ള ഏതെങ്കിലും ഒരാൾ കുട്ടിയെ തിരിച്ചറിയുകയും അവരുടെ വീട്ടിലേക്ക് വിളിക്കുകയും ചെയ്യും. ഞങ്ങൾ ആശുപത്രിയിലെത്തി മടങ്ങുന്നതിനുമുന്നേ രക്ഷിതാവും ആശുപത്രിയിലെത്തും. മിക്കവാറും കേസുകളിൽ രക്ഷിതാക്കളെ വിളിക്കേണ്ട ഉത്തരവാദിത്തവും നാട്ടുകാരേറ്റെടുത്തിരുന്നു.

രാത്രി മുഴുവൻ മെഡിക്കൽകോളേജിന്റെ കാഷ്വാലിറ്റിയിൽ നിസ്സാരമായ മുറിവുകളുമായി ചില സംശയങ്ങൾകൊണ്ട്മാത്രം രക്ഷിതാക്കളോടൊപ്പം കാത്തിരിക്കേണ്ടിവന്നതിന്റെ ധാരാളം കഥകൾ ഞങ്ങൾ അയവിറക്കാറുണ്ട്. വളർന്നുവലുതായതിനുശേഷം കാണുമ്പോളൊക്കെ ഇത്തരം കാര്യങ്ങൾ അവർ ഞങ്ങളെ ഓർമ്മിപ്പിക്കാറുണ്ട്.

ഞാനിപ്പോൾ ചിന്തിക്കുന്നത് അതൊന്നുമല്ല. ആ അദ്ധ്യാപകർ കുട്ടിയെ യഥാസമയം ആശുപത്രിയിലെത്തിച്ചിരുന്നുവെങ്കിൽ എന്തൊക്കെ സംഭവിക്കുമായിരുന്നുവെന്നാണ്. നിങ്ങളാരെങ്കിലും അങ്ങനെയൊന്ന് മാറിച്ചിന്തിച്ചിട്ടുണ്ടോ..?
ഒരുപക്ഷേ ആദ്യത്തെ ഡോക്ടർക്കു ഇതൊരു പാമ്പുകടി ആണെന്ന് മനസ്സിലായേക്കാം. താലൂക്ക് ആശുപത്രിയിൽ എത്തിക്കാൻ പറഞ്ഞേക്കാം. താലൂക്ക് ആശുപത്രിയിലെ ഡോക്ടർ രക്തം പരിശോധിക്കാൻ പറയും. ആ സമയത്ത് രക്ഷിതാവും അവിടെ എത്തിച്ചേർന്നേക്കാം. ഒരു മണിക്കൂർ സമയം കഴിഞ്ഞ് റിസൾട്ട് വരും. ജൂനിയർഡോക്ടർ ആന്റിവെനത്തിന്റെ റിസ്ക്ക് പറഞ്ഞുകൊടുക്കും. നിശ്ചിത താപനിലയിൽ സൂക്ഷ്മതയോടെ സൂക്ഷിക്കേണ്ട മരുന്നിന്റെ കാര്യക്ഷമതയിൽ വിശ്വാസക്കുറവും പരിചയക്കുറവുമുള്ള ഏതൊരു ജൂനിയർഡോക്ടറേയുംപോലെ കോഴിക്കോട് മെഡിക്കൽകോളേജിലേക്കു റഫർ ചെയ്യും. ആംബുലൻസ് ചീറിപ്പായും. മുടിഞ്ഞ ട്രാഫിക്ബ്ലോക്കിലൂടെ ചുരമിറങ്ങി അടിവാരത്തെത്തിയേക്കാം. അല്ലെങ്കിൽ താമരശ്ശേരി. അങ്ങേയറ്റം കുന്ദമംഗലം. അവിടെവെച്ച് മടങ്ങേണ്ടിവരും. ആ ജൂനിയർഡോക്ടർമാത്രം സംഭവത്തിന്റെ ഉത്തരവാദിയാകും.

എന്തുകൊണ്ടാണ് മുറിവ് കാണുമ്പോൾതന്നെ കടിച്ചത് പാമ്പാണെന്ന് മനസ്സിലാവുന്ന വിദഗ്ദരായ സീനിയർഡോക്ടർമാരും സർവ്വസജ്ജമായ മെഡിക്കൽകോളേജും ഒരു ജില്ലയിൽ ഇല്ലാതിരിക്കുന്നത്..? ചുരമിറങ്ങിവരുന്ന വയനാടൻ ആംബുലൻസുകളുടെ മരണസൈറണുകൾ നിരന്തരം കേട്ടുകൊണ്ടിരിക്കുന്നവരാണ് ഞങ്ങൾ താമരശ്ശേരിക്കാർ. ചുരത്തിലെ ബ്ലോക്കിൽ കുടുങ്ങി തിരിച്ചുപോകേണ്ടിവരുന്ന കഥകൾ ധാരാളം പറയാനുണ്ടാവും വയനാടൻ ആംബുലൻസുകൾക്ക്.

പാമ്പുകടി ഒരു പുതിയ കാര്യമൊന്നുമല്ല. പാമ്പിൽനിന്ന് രക്ഷപ്പെടാൻ വാതിലും ജനലും കുറ്റിയിട്ടsച്ചതുകൊണ്ടോ പൊത്തുകളും മാളങ്ങളും സിമൻറിട്ടതുകൊണ്ടോമാത്രം മതിയാവില്ല. തറയും വാതിലും തമ്മിലുള്ള നേർത്ത ഒരു വിടവ് മതിയാകും പാമ്പുകൾക്ക് കടന്നുവരാൻ. അടക്കാൻ മറന്നുപോവുന്ന ഒരു ജനൽപാളിയോ ഒരു എയർഹോളോ പകൽസമയം തുറന്നിട്ടിരിക്കുന്ന ഒരു വാതിലോ മതിയാകും. നമ്മുടെയൊക്കെ വീടിന്റെ ഉൾവശങ്ങളിൽനിന്ന് പാമ്പുകളെ കണ്ടെത്താറില്ലേ..
പാമ്പുകളും ഭൂമിയുടെ അവകാശികളാണ്. പ്രകൃതിയുടെ ഭാഗമായി നാം ജീവിക്കുന്നിടത്തോളം പാമ്പുകളും നമ്മോടൊപ്പമുണ്ടാവും.

മറ്റു ജില്ലകളിൽ ഇത്തരം മരണങ്ങളുണ്ടാവാത്തത് കൃത്യസമയത്ത് ആശുപത്രിയിൽ എത്തിക്കുന്നതുകൊണ്ടാണ്. ഒന്ന് തിരിച്ചുപറഞ്ഞാൽ കൃത്യസമയത്തിനുള്ളിൽ എത്തിക്കാൻപാകത്തിൽ അടുത്ത് ആശുപത്രിയുള്ളതുകൊണ്ടാണ്. എത്രമാത്രം വേഗതയിൽ ഓടിയാലും ഒന്നോരണ്ടോ മണിക്കൂറുകൾകൊണ്ട് വയനാട്ടുകാർക്ക് കോഴിക്കോട് മെഡിക്കൽകോളേജിലെത്താനാവില്ല. അതിന്റെയിടയിൽ ഇത്തരം മാപ്പർഹിക്കാത്ത കാലതാമസവും യാത്രാതടസ്സവും നേരിട്ടാൽ ആംബുലൻസുകൾക്ക് ചലനമറ്റ ശരീരങ്ങളുമായി മടങ്ങിപ്പോകുകയേ നിർവ്വാഹമുള്ളൂ.
ചർച്ചകൾ ശരിയായ രീതിയിൽ നടക്കട്ടെ..!
ഉപ്പുതിന്നവർ വെള്ളം കുടിച്ചേ മതിയാവൂ.
അതോടൊപ്പം…
അടിയന്തിരഘട്ടങ്ങളിൽ ഉപകരിക്കുന്നതരത്തിൽ മികച്ച ഒരു ആതുരാലയം വയൽനാട്ടിൽ പിറവിയെടുക്കട്ടെ..!

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.