സ്‌നേക് വൈന്‍ എന്താണ്? ഇതിന്റെ ഉപയോഗമെന്ത് ?

അറിവ് തേടുന്ന പാവം പ്രവാസി

സാധാരണരീതിയില്‍ നിര്‍മിക്കുന്ന വൈനു കളുടെ അതേ ചേരുവകള്‍ തന്നെയാണ് സ്‌നേക് വൈനിലും ഉപയോഗിക്കുന്നത്. ഒരു വ്യത്യാസം മാത്രം- വൈനിനുള്ള പഴച്ചാറും മറ്റും ഇട്ടുവച്ചിരിക്കുന്ന ഭരണിയിലേക്ക് ജീവനുള്ള ഒരു വിഷപ്പാമ്പിനെക്കൂടി ഇട്ടുവയ്ക്കുന്നു.ഇങ്ങനെ വിഷപ്പാമ്പിന്റെ ചാറുകൂടി ചേരുമ്പോള്‍ വീര്യം ഇരട്ടിക്കുന്നു. ഈ വൈനുകള്‍ക്ക് ആവശ്യക്കാരേറെയാണ്. ചിലയിടങ്ങളില്‍ പാമ്പുകള്‍ക്ക് ഒപ്പം തേള്‍, പഴുതാര തുടങ്ങി വിഷമുള്ള ജീവികളെയും സ്‌നേക് വൈന്‍ നിര്‍മാണത്തിനായി ഉപയോഗിക്കുന്ന പതിവുണ്ട്. വിചിത്രഭക്ഷണങ്ങള്‍ക്കു പേരുകേട്ട ചൈനയില്‍ തന്നെയാണ് സ്‌നേക് വൈനിന്റെയും ജനനം. 1040- 770 ബിസി കാലഘട്ടത്തില്‍ പടിഞ്ഞാറന്‍ ചൈന ഭരിച്ചിരുന്ന സൗ വംശജരുടെ കാലത്താണ് സ്നേക് വൈന്‍ ചൈനയില്‍ വ്യാപകമായതെന്നാണ് ചരിത്രകാരന്മാരുടെ അനുമാനം.

 ഔഷധമെന്നരീതിയിലും, ശരീര പുഷ്ടിക്കും, ഊര്‍ജസ്വലതയ്ക്കും ഉതകുന്ന പാനീയം എന്ന രീതിയിലുമാണ് ചൈനക്കാര്‍ അന്നു സ്‌നേക് വൈന്‍ ഉപയോഗിച്ചിരുന്നത്. പിന്നീട് വിയറ്റ്‌നാം, തായ്‌വാന്‍ തുടങ്ങിയ രാജ്യങ്ങളിലും സ്‌നേക് വൈന്‍ പ്രചാരം നേടി.നിയമ വിരുദ്ധമായി ഇന്ത്യയിലെ ഗോവയിലെ പല ഭാഗങ്ങളിലും ‌സ്‌നേക് വൈന്‍ വില്‍പനയും,ഉപയോഗവും നടക്കുന്നുണ്ട് .പ്രധാനമായും രണ്ടുതരത്തിലാണ് സ്‌നേക് വൈനുകള്‍ നിര്‍മിക്കപ്പെടുന്നത്.

✨സ്റ്റീപ് വൈന്‍ : ധാന്യങ്ങഴോ, പഴച്ചാറോ നിറച്ചുവച്ചിരിക്കുന്ന ഒരു ഭരണിയിലേക്ക് ശരാശരി വലുപ്പമുള്ള ഒരു വിഷപ്പാമ്പിനെ മുഴുവനായും ഇറക്കി വയ്ക്കുന്നു. സാധാരണ വൈന്‍പോലെ മാസങ്ങളോ, ചിലപ്പോള്‍ വര്‍ഷങ്ങളോ പഴകാന്‍ അനുവദിക്കുന്നു. ഭരണിക്കുളളിലെ മര്‍ദവും, പഴച്ചാറിന്റെ ഉഷ്മാവും ചേരുമ്പോള്‍ പാമ്പും അതിന്റെ വിഷസഞ്ചിയും പതിയെ ഉരുകി വൈനിലേക്ക് ദ്രവിച്ചു ചേരുന്നു. വൈനിലെ എഥനോ ളിന്റെയും, ആല്‍ക്കഹോളിന്റെയും സാന്നിധ്യം ഇങ്ങനെ അലിഞ്ഞുചേരുന്ന പാമ്പിന്‍ വിഷത്തിന്റെ വീര്യം നിലനിര്‍ത്തുകയും എന്നാല്‍ വിഷാംശം ഇല്ലാതാക്കുകയും ചെയ്യും എന്നു പറയപ്പെടുന്നു. എന്നാൽ വിഷത്തിന്റെ വീര്യംമൂലം കുടിക്കുന്നയാള്‍ മരണപ്പെടുന്ന സന്ദർഭങ്ങളുണ്ടായപ്പോൾ സ്‌നേക് വൈന്‍ നിയമവിരുദ്ധമായി പല രാജ്യങ്ങളും പ്രഖ്യാപിച്ചു.

✨മിക്‌സ് വൈന്‍:സ്റ്റീപ് വൈനില്‍നിന്നു വ്യത്യസ്തമായി വിഷപ്പാമ്പിന്റെ ചാറെടുത്തശേഷം മുന്‍പു തയാറാക്കിവച്ച സാധാരണ വൈനിലേക്ക് ഇതു ചേര്‍ക്കുകയും ഉടനടി സേവിക്കുകയും ചെയ്യുന്നു. ചാറെടുക്കുന്നതായി പാമ്പിനെ ജീവനോടെ പുഴുങ്ങിയെടുക്കുന്ന പതിവുണ്ട്. കൂടാതെ ചില പ്രദേശങ്ങളില്‍ വിഷപ്പാമ്പിന്റെ കുടലുകീറി ആ രക്തം വൈനില്‍ ചേര്‍ത്തു കഴിക്കുന്ന പതിവും ഉള്ളതായി പറയപ്പെടുന്നു. എന്നാല്‍ വിഷം എങ്ങനെ നിര്‍വീര്യമാക്കപ്പെടുന്നു എന്ന കാര്യത്തില്‍ യാതൊരു ശാസ്ത്രീയവശവും അവകാശപ്പെടാനില്ലാത്ത സാഹചര്യത്തില്‍ ഇതിന്റെ ഉപയോഗം അങ്ങേയറ്റം അപകടകരമാണ്.

പ്രാചീന ചൈനീസ് മരുന്നുകളില്‍ ഏറ്റവും പ്രസിദ്ധമായ ഔഷധക്കൂട്ടാണ് പാമ്പിന്‍ വിഷം. വിഷബാധ, ലൈംഗികശേഷി വര്‍ധിപ്പിക്കല്‍, യൗവനം നിലനിര്‍ത്തല്‍ ,മുടികൊഴിച്ചില്‍, ക്ഷീണം, വിളര്‍ച്ച തുടങ്ങി നിരവധി ആവശ്യങ്ങള്‍ക്കായി ചൈനക്കാര്‍ പാമ്പ് ഉള്‍പ്പെടെയുള്ള ജീവികളുടെ വിഷം ഉപയോഗിച്ചുവരുന്നു. എന്നാല്‍ ആധുനിക വൈദ്യശാസ്ത്രം സ്‌നേക് വൈനിനെ ഇതുവരെ അംഗീകരിച്ചിട്ടില്ല. മറിച്ച് മാരകമായ ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകുമെന്നു മുന്നറിയിപ്പും നൽകുന്നു.പാമ്പിനെ ഉപയോഗിച്ചുള്ള വിവിധതരം ഭക്ഷണവിഭവങ്ങള്‍ക്കു പേരുകേട്ട സ്ഥലമാണ് ഹോങ്കോങിലെ ഷീ വോങ് ലാം എന്ന പ്രദേശം. ലോകത്തെ വിവിധങ്ങളായ വിഷമുള്ളതും, ഇല്ലാത്തതുമായ പാമ്പുകളുടെ കലവറയാണ് ഇവിടങ്ങളിലെ റസ്റ്റോറന്‌റുകള്‍.ചില്ലുപാത്രങ്ങളില്‍ ജീവനോടെ സൂക്ഷിച്ചിരിക്കുന്ന പാമ്പുകളെ നമ്മള്‍ തിരഞ്ഞെടുക്കുന്നതനുസ രിച്ച് ചുട്ടോ, കറിവച്ചോ, ന്യൂഡില്‍സ് പരുവത്തിലോ അല്ലെങ്കില്‍ നമ്മള്‍ ആവശ്യപ്പെടുന്ന പാചകരീതിയിൽ ഇവിടെ വിളമ്പും. കൂടെ കുടിക്കാന്‍ ഒന്നാന്തരം സ്‌നേക് വൈനും. വിഷപ്പാമ്പുകളെ ഇത്തരത്തില്‍ ഭക്ഷണ ത്തിനായി ഉപയോഗിക്കുന്നത് ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്കു കാരണമാകുമെന്നു ചൂണ്ടിക്കാട്ടി സ്ഥലത്തെ പല സംഘടനകളും പ്രതിഷേധിച്ചെങ്കിലും വിനോദ സഞ്ചാരികളെ ലക്ഷ്യംവച്ച് ഇന്നും ഇവിടങ്ങളില്‍ ഇത്തരം ഭക്ഷണശാലകള്‍ സജീവമായി പ്രവര്‍ത്തിക്കുന്നു.

വാൽ കഷ്ണം
2013 ൽ ചൈനയിലെ ഹൈലോങ്ജിയാങ് പ്രവിശ്യയില്‍ താമസിക്കുന്ന ഒരു വീട്ടമ്മയ്ക്ക് സ്‌നേക് വൈന്‍ കുടിക്കാന്‍ മോഹം. ഉടന്‍തന്നെ അടുത്തുള്ള റസ്റ്റോറന്‌റില്‍ നിന്നു സാധനം വാങ്ങി. കൊതിയോടെ ഭരണി തുറന്നതും അകത്തെ പാമ്പ് പുറത്തേക്കു ചാടി. മൂന്നരമാസത്തോളം അകത്തിരുന്നു മുഷിഞ്ഞ പാമ്പ് ആദ്യം കണ്ട വീട്ടമ്മയുടെ കഴുത്തിനു തന്നെ കടിച്ചു. തക്കസമയത്ത് ആശുപത്രിയില്‍ എത്തിച്ചതുകൊണ്ടു മാത്രമാണ് അന്നവര്‍ രക്ഷപ്പെട്ടത്. പിന്നീട് ജീവനോടെ വൈനിലേക്ക് ഇടുന്ന പാമ്പുകളുടെ കാര്യത്തില്‍ വൈന്‍ നിര്‍മാതാക്കള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താന്‍ തുടങ്ങിയത്രേ

You May Also Like

ഹൈജംപിലെ ഫോസ്ബറി ഫ്ലോപ്പ് എന്താണ് ?

ഹൈജംപിൽ ഇന്നു മിക്ക അത്‌ലറ്റുകളും പിന്തുടരുന്ന ശൈലിയാണു ഫോസ്‌ബറി ഫ്‌ളോപ്പ്.

ഇണചേരലിനൊടുവിൽ മരണം

ഒരു തവണ ബീജം പുറന്തള്ളുമ്പോൾ 18% ഊർജമാണ് നഷ്ടപ്പെടുന്നത്. അതിനാൽത്തന്നെ ചെറിയ പാമ്പുകൾക്ക്ഇണചേരലിനൊടുവിൽ അകാലചരമമാണു വിധി

വിവിധ രാജ്യങ്ങളിലെ വ്യത്യസ്തമാർന്ന പുതുവര്‍ഷ ആചാരങ്ങള്‍ എന്തെല്ലാം ?

ലോകത്തിൽ ആദ്യമായി പുതുവർഷം ആഘോഷിച്ചത് മൊസൊപ്പൊട്ടേമിയക്കാർ ആണെന്ന് കരുതപ്പെടുന്നു. ബി.സി. 2000-ത്തിൽ ആയിരുന്നു ആഘോഷം.

ഇന്ത്യയിലെ ട്രെയിനുകളിലെ ഫാനുകളും , ലൈറ്റുകളും , മറ്റ് ചാർജിംഗ് പോയിന്റുകളും എല്ലാം 110 വോൾട്ട് കറൻ്റ് ആയിരിക്കുന്നതെന്ത് കൊണ്ട് ?

ഇന്ത്യയിലെ ട്രെയിനുകളിലെ ഫാനുകളും , ലൈറ്റുകളും , മറ്റ് ചാർജിംഗ് പോയിന്റുകളും എല്ലാം 110 വോൾട്ട്…