പ്രിയപ്പെട്ട ചങ്ങാതിമാരെ നിങ്ങൾ ശാന്തിവനം വരെ പോകണം…ആ ക്രൂരത ഒന്നു കാണണം

0
548

Sneha Liji എഴുതുന്നു

ഇത് ശാന്തിവനം
ഇന്നലെ ഞാനും ബിന്ദുചേച്ചിയും അവിടെയൊന്ന് പോയിരുന്നു. നമുക്ക് സ്വപ്നം കാണാൻ കൂടി പറ്റാത്ത ഒരു ഗംഭീര വീട്ടുവളപ്പാണവിടെ ഞങ്ങൾ കണ്ടത്.. തറവാട് ഭാഗിച്ച് കിട്ടിയ ഭൂമി (രണ്ട് ഏക്കർ താഴെ) പ്രധാന റോഡിനടുത്ത് നമ്മുടെ കയ്യിലാണെങ്കിൽ എന്തു ചെയ്യുമായിരുന്നു!!….കോടികൾ ആസ്തിയുണ്ടാക്കി നമ്മൾ ജീവിക്കുമായിരുന്ന ജീവിതമല്ല മീന ചേച്ചിയും ഒരു കൊച്ചു മോളും അവിടെ ജീവിച്ചത്… അവരെ അങ്ങനെ ജീവിക്കാൻ അനുവദിക്കുക.. അവിടെ അതിക്രമിച്ച് കയറാൻ എടുക്കുന്ന സ്വാതന്ത്ര്യം എന്തുകൊണ്ട് ഉണ്ടായി?…

 

Sneha Liji
Sneha Liji

ടവർ പണിഞ്ഞ് ഉയർത്തുന്നത് അവരുടെ അടുക്കളപ്പുറത്താണ് എന്ന് പറഞ്ഞാൽ നമുക്ക് വിശ്വസിക്കാൻ പ്രയാസമാണ്…. പ്രിയപ്പെട്ട ചങ്ങാതിമാരെ നിങ്ങൾ അവിടെ വരെ ഒന്ന് പോകണം… ആ ക്രൂരത ഒന്നു കാണണം….

കാടും ജൈവസമ്പത്തും നില നിർത്തി കൊണ്ട് ഒരു പഴയ ഓട് മേഞ്ഞ വീട്ടിൽ ജീവിച്ചു വന്ന മീന ചേച്ചി ഇന്ന് ഇവിടത്തെകോടതിയിലും സർക്കാരിന്റെ മുന്നിലും കേസും അപേക്ഷയുമായി പൊരുതി കഴിയേണ്ടി വരുന്നത് എന്തുകൊണ്ടാണ്?

ഒരു സമ്മത കുറിപ്പു പോലുമില്ലാതെ സ്വകാര്യ വ്യക്തിയുടെ സ്വത്തിന്മേൽ കൈവെക്കാൻ ഈ കമ്പനി മുതലാളിമാർക്ക് സാധിക്കുന്നുവെങ്കിൽ എന്തിനീ ജീവിതം നിശബ്ദമായി നമ്മൾ ജീവിച്ച് തീർക്കണം!

ശാന്തിവനത്തിലേക്ക് കയറി ചെല്ലുമ്പോ ഇരുവശങ്ങളിലും വളളിയിൽ തൂക്കിയിട്ടിരിക്കുന്ന ഒരു പാട് ചിത്രങ്ങൾ കാണാം… 2 വർഷം മുമ്പ് ചിൻസ് എന്ന wild photographer അവിടെ കയറി എടുത്ത ചിത്രങ്ങളാണ്.. നിരവധി കൊച്ചു പക്ഷികൾ പൂമ്പാറ്റകൾ പുഴുക്കൾ ഓന്തുകൾ പാമ്പുകൾ തുടങ്ങി അതിസുന്ദരമായ ആ ചിത്രങ്ങൾ ശാന്തിവന സംരക്ഷണ സമരം അറിഞ്ഞപ്പോ കൊണ്ടു കൊടുത്തതാണ്.. കാലങ്ങൾക്ക് മുമ്പേ രക്തസാക്ഷികളുടെ ചിത്രം ഒരുക്കി വെച്ചതു പോലെ നമ്മുടെ ഉള്ളം തകർക്കുന്ന ചിത്രങ്ങൾ… ഇതെല്ലാം തകർത്ത് ഒരു കുടുംബത്തെ ഓടിച്ച് വിട്ട് നമ്മൾ എന്ത് വികസനമാണ് നേടാൻ പോകുന്നത്? ആരുടെ വികസനമാണ് അവിടെ നടപ്പിലാക്കാൻ പോകുന്നത്?

ഒരു പരിസ്ഥിതി ദിനം കൂടി വരുന്നു.. ഫണ്ടുകൾ മുടക്കി സ്റ്റേജും ആരവവും ഉയർത്തി MLA മാർക്കും മന്ത്രിമാർക്കും മൈക്ക് ഒരുക്കി അവരുടെ ഉദ്ദാരണ പ്രസംഗം കേട്ട് ഒരു തണ്ട് ചെടിയുടെ കവറുമായി കുട്ടികളെ വീട്ടിലേക്ക് വിടുന്ന ഏർപ്പാടുണ്ടല്ലോ…. ഇത്തവണ അതൊക്കെ മാറ്റിവെച്ച് നമ്മുടെ കുഞ്ഞുങ്ങളെ ശാന്തി വനത്തിലെത്തിക്കുക… എങ്ങനെയാണ് പ്രകൃതിയെ സ്നേഹിക്കേണ്ടതെന്ന് അവർക്ക് കാണിച്ചു കൊടുക്കാം.. KSEB കയ്യേറ്റം മൂലം തകർന്ന് കിടക്കുന്ന അവിടെത്തെ ചുറ്റുപാടുകൾ കാണിച്ചു കൊടുക്കാം.. എനിക്കും നിങ്ങൾക്കും ധിക്കാരങ്ങൾക്ക് മുന്നിൽ പ്രതികരിക്കാൻ കഴിയാതെ പോയെങ്കിൽ അങ്ങനെ വിഢികളായി ഇനി വരുന്ന തലമുറ ആകാതിരിക്കട്ടെ…

പ്രിയ ചങ്ങാതിമാരെ വീണ്ടും പറയാണ്… നിങ്ങൾ ഒന്ന് ശാന്തി വനത്തിൽ പോകണം.. പറവൂർ_ വഴികുളങ്ങര സ്റ്റോപ്പിൽ ബസ് ഇറങ്ങിയാൽ നടക്കാവുന്ന ദൂരത്തിൽ റോഡിനോട് ചേർന്ന് ശാന്തിവനത്തിൽ എത്താം… എ സി റൂമിലേക്ക് കേറും പോലെ ഒരു തണുപ്പ് നിങ്ങളെ സ്വീകരിക്കും.. ചീവിടുകളും ചെറിയ കിളികളും നിങ്ങളെ സന്തോഷിപ്പിക്കും… നിങ്ങൾക്ക് കഥകൾ പറഞ്ഞ് തരാൻ വേറെയും ചിലതുണ്ടവിടെ….താങ്ങാനാവാത്ത ഒരു ഭാരം ചങ്കിൽ എടുത്ത് നിങ്ങൾ അവിടെന്ന് തിരിച്ചു പോരുമെങ്കിൽ നമുക്ക് കൈകോർത്ത് പിടിക്കാം….

“വികസനം വേണം.. വിനാശം വേണ്ട” എന്ന് ഉറക്കെ പറയാം…..

ശാന്തി വനം സംരക്ഷിക്കപ്പെടട്ടെ