സ്‌നൂപി ( Snoopy ) എന്ന പാവയ്ക്ക് ബഹിരാകാശത്ത് എന്ത് കാര്യം?⭐
അറിവ് തേടുന്ന പാവം പ്രവാസി
👉ബഹിരാകാശത്ത് പോവുന്ന ഒരു വസ്തു അവിടെ എത്തി എന്നറിയുന്നത് ഭാരം കുറഞ്ഞ് നിലത്തു നിന്ന് പൊന്തി പറക്കുമ്പോഴാണ് . ഇതിനെ സീറോ ഗ്രാവിറ്റി ഇന്‍ഡിക്കേറ്റര്‍ എന്നു പറയുന്നു.ബഹിരാകാശ യാത്രകളില്‍ യാത്രികരെയും , ഭൂമിയിലുള്ളവരെയും ബഹിരാകാശത്തെത്തി എന്ന് അറിയിക്കുന്നതിനായി നാസ ഉപയോഗിക്കുന്ന ഭാരം കുറഞ്ഞ പാവയാണ് സ്‌നൂപി . സീറോ ഗ്രാവിറ്റി ഇന്‍ഡിക്കേറ്റര്‍ എന്ന പണിയെടുക്കുന്ന സ്നൂപി ഒരു പൂപ്പിയായ കാര്‍ട്ടൂണ്‍ കഥാപാത്രമാണ്. വാഹനം ബഹിരാകാശത്ത് എത്തുന്ന വിവരം അറിയിക്കുന്നത് സ്നൂപിയായിരിക്കും.
അമേരിക്കന്‍ കാര്‍ട്ടൂണിസ്റ്റായ ചാള്‍സ് എം ഷുല്‍സ് ആണ് ആദ്യമായി സ്നൂപിയെ വരക്കുന്നത്. ഷുള്‍സിന്റെ പീനട്ട്‌സ് എന്ന കോമിക് സ്ട്രിപ്പിലെ നരവംശജീവിയായ ബീഗിള്‍ ആണ് സ്‌നൂപ്പി. എല്ലാ പീനട്ട്‌സ് സിനിമകളിലും , ടെലിവിഷന്‍ സ്‌പെഷ്യലുകളിലും ഇത് കാണാം. 1950 ഒക്ടോബര്‍ 4-ന് അരങ്ങേറ്റം കുറിച്ചതു മുതല്‍ കോമിക് സ്ട്രിപ്പിലെ ഏറ്റവും തിരിച്ചറിയാവുന്നതും , പ്രതീകാത്മകവുമായ കഥാപാത്രങ്ങളിലൊന്നായി സ്‌നൂപ്പി മാറി , ചില രാജ്യങ്ങളില്‍ ചാര്‍ലി ബ്രൗണിനെക്കാള്‍ പ്രശസ്തയായി. സ്നൂപ്പിയുടെ യഥാര്‍ത്ഥ ഡ്രോയിംഗുകള്‍ ഷുള്‍സിന്റെ കുട്ടിക്കാലത്തെ നായ്ക്കളിലൊന്നായ സ്‌പൈക്കില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണ്.
യുഎസ് ബഹിരാകാശ യാത്രകളുടെ പരിപാടികളില്‍ ധാരാളം തവണ സ്നൂപി ഭാഗമായിട്ടുണ്ട്. അപ്പോളോ 10 ദൗത്യത്തിലെ ലൂണാര്‍ മൊഡ്യൂളിന്റെ പേര് തന്നെ സ്നൂപ്പി എന്നായിരുന്നു. പിന്നീട്, നാസ സ്നൂപിയുടെ പേരില്‍ ഒരു അവാര്‍ഡും ഏര്‍പ്പെടുത്തി. ബെസ്റ്റ് പെര്‍ഫോമര്‍ ഇന്‍ നാസ- എന്ന സെഗ്മെന്റില്‍ “സില്‍വര്‍ സ്നൂപി അവാര്‍ഡ് “.സില്‍വര്‍ സ്നൂപി അവാര്‍ഡ് എന്ന പേരിലുള്ള ഈ അവാര്‍ഡ് മികവു തെളിയിക്കുന്ന നാസയിലെ ജീവനക്കാര്‍ക്കും , കരാറുകാര്‍ക്കും വേണ്ടിയുള്ളതായിരുന്നു.
ഓരോ വര്‍ഷവും ആകെയുള്ളവരില്‍ ഒരു ശതമാനത്തിന് നല്‍കിയിരുന്ന സില്‍വര്‍ സ്‌നൂപി അവാര്‍ഡിന് വലിയ പ്രാധാന്യം നാസ നല്‍കിയിട്ടുണ്ട്. സ്‌നൂപിയുടെ ഒരു പാവയ്ക്കൊപ്പം ബഹിരാകാശത്ത് പോയി വന്ന വെള്ളി പിന്‍ കൂടി ചേര്‍ന്നതായിരുന്നു പുരസ്‌കാരം. അമേരിക്കയില്‍ നേഴ്‌സറി മുതല്‍ അഞ്ചാം ക്ലാസ് വരെ പല പാഠഭാഗങ്ങളിലും നാസയുടെ സ്‌നൂപിയെക്കുറിച്ച് പറയുന്നുണ്ട്. അമേരിക്കയുടെ ബഹിരാകാശ നേട്ടങ്ങള്‍ വരും തലമുറയിലേക്ക് കൈമാറുന്നതില്‍ സ്‌നൂപിക്കുള്ള പങ്ക് ചെറുതല്ലെന്ന് ചുരുക്കം. മക്‌ഡൊണാള്‍ഡിന്റെ കുട്ടികള്‍ക്കായുള്ള ഹാപ്പി മീലിലും , താങ്‌സ്ഗിവിങ് ഡേ പരേഡ് ബലൂണിലുമെല്ലാം സ്‌നൂപി നിറ സാന്നിധ്യമാവാറുണ്ട്.
ഇപ്പോഴിതാ ആര്‍ട്ടിമിസ് പദ്ധതിയുടെ ഭാഗമായുള്ള മനുഷ്യരില്ലാത്ത ദൗത്യത്തിന്റെ ഭാഗമായി സ്‌നൂപി ബഹിരാകാശത്തേക്ക് പറക്കുന്നു. ഓറിയോണ്‍ ക്യാപ്സ്യൂള്‍ വഴിയാണ് സ്‌നൂപി ബഹിരാകാശത്തേക്ക് പോവുന്നത്. സ്പേസ് ലോഞ്ച് സിസ്റ്റം റോക്കറ്റിലാണ് ആര്‍ട്ടിമിസ് ദൗത്യം വിഭാവനം ചെയ്തിരിക്കുന്നത്. ഈ ഓറിയോണ്‍ കാപ്‌സ്യുള്‍ വഴിയാണ് ഭാവിയില്‍ മനുഷ്യരെ ചന്ദ്രനിലേക്ക് വിടാന്‍ നാസ പരിപാടി തയ്യാറാക്കിയിരിക്കുന്നതും. എന്തായാലും സ്‌നൂപി ഇപ്പോള്‍ ഹീറോ ആയി മാറി കഴിഞ്ഞു.
സീറോ ഗ്രാവിറ്റിയിലെത്തിയെന്ന് ലോകത്തെ അറിയിക്കാന്‍ ഒരുങ്ങുകയാണ് സ്നൂപി. അതേസമയം, മനുഷ്യരില്ലെങ്കിലും അര്‍ട്ടൂറോ കാംപോസ് എന്ന പേരിലുള്ള ഡമ്മിയും , ആര്‍ട്ടിമിസ് 1ന്റെ ഭാഗമായി സ്‌നൂപിക്കൊപ്പം പോകും. കൃത്യ സമയത്ത് മുന്നറിയിപ്പ് നല്‍കിക്കൊണ്ട് അപ്പോളോ 13 ദൗത്യത്തെ രക്ഷിച്ച നാസയിലെ എൻജിനീയറാണ് അര്‍ട്ടൂറോ കാംപോസ്. ഓറഞ്ച് നിറത്തിലുള്ള ബഹിരാകാശ സ്യൂട്ടും , ഗ്ലൗവും ,ബൂട്ടും ധരിച്ചുകൊണ്ടായിരിക്കും സ്‌നൂപി ആര്‍ട്ടിമിസ് 1 ദൗത്യത്തിന്റെ ഭാഗമാവുക.പ്രത്യേകം സെന്‍സറുകളോ , ക്യാമറയോ മറ്റെന്തെങ്കിലും ഇലക്ട്രോണിക് ഉപകരണങ്ങളോ സ്‌നൂപിയിലുണ്ടാവില്ല. സീറോ ഗ്രാവിറ്റിയിലെത്തിയെന്ന് സ്വയം പറന്നു നടന്ന് ലോകത്തെ അറിയിക്കുക എന്ന ലളിതവും , സുപ്രധാനവുമായ ദൗത്യം നിര്‍വഹിക്കാന്‍ സ്‌നൂപിക്ക് ഇതൊന്നിന്റേയും ആവശ്യമില്ലെന്നതാണ് വസ്തുത.